Tuesday, 7 August 2018

കേരളകോൺഗ്രസ്‌ തുണ്ടുകളുടെ ലയനം

കേരളത്തിന്റെ ശാപമായി നിൽക്കുന്ന പാർട്ടിയായ കേരളകോൺഗ്രസിന്റെ പിള്ള വിഭാഗത്തിന്റെ അനിഷേധ്യ നേതാക്കളായ കൊട്ടാരക്കര കീഴൂട്ട് തറവാട്ടിലെ ആനക്കൊട്ടിലിൽ ജീവിച്ച ഗജരാജ സിംഹങ്ങളോട് പോയി പറയെടുപ്പാനേ എന്ന് കല്പിച്ചാൽ പോയി പണി നോക്കെടാ എന്ന് പറഞ്ഞേ ശീലമുള്ളൂ. അതറിയാത്തയാളൊന്നുമല്ല ഈ ഊള  സ്‌കറിയ തോമസ്.
ഒരു കഷണം കേരള കോൺഗ്രസിനെ സദാപി പോക്കറ്റിലിട്ട് നടക്കുന്ന ത്യാഗിവര്യൻ സ്‌കറിയാച്ചനോട് മഹാസാധു ആയത് കൊണ്ട് മാത്രം പിണറായി സഖാവിന് അനുകമ്പ തോന്നി എ.കെ.ജി സെന്ററിനകത്ത് ഒരു കസേര കൊടുത്തതായിരുന്നു. കീഴൂട്ട് തറവാടിന്റെ മഹത്വം മ.സാ.പി. സഖാവിന് അറിയാത്തതല്ല. പാകത്തിനൊരു കസേര കീഴൂട്ടുകാർക്ക് കൊടുക്കാൻ തൽക്കാലം എ.കെ.ജി സെന്ററിലില്ലാത്തത് കൊണ്ട് പുറത്ത് നിറുത്തേണ്ടി വന്നുവെന്ന് മാത്രം.
വാളകത്തെ കീഴൂട്ട് രാമൻ പിള്ള മകൻ ബാലൻപിള്ളയുടെ നില്പ് കണ്ട് സ്കറിയാച്ചൻ വല്ലാതങ്ങ് തെറ്റിദ്ധരിച്ചിരിക്കുന്നു... പോക്കറ്റിലൊരു കഷണം കേരള കോൺഗ്രസും കൊണ്ട് എ.കെ.ജി സെന്ററിൽ കാലുംനീട്ടിയിരിക്കാൻ കസേര കിട്ടിയതിന്റെ ചൊരുക്കാണോ അത്?
ബാലൻപിള്ളയ്ക്ക് ഇതൊക്കെ വെറും കീഴൂട്ടിലെ കുട്ടിയാനയുടെ വാലിന്റെ ചെറുരോമം മാത്രം. ബാലൻപിള്ളയുടെ പോക്കറ്റിലുമുണ്ടല്ലോ ഒരു കഷണം കേ.കോ.
കീഴൂട്ട് തറവാട്ടിൽ തലയെടുപ്പുള്ള കൊമ്പന്മാരെ വളർത്തിയ ബാലൻപിള്ളയ്ക്കുണ്ടോ കേരള കോൺഗ്രസെന്ന മദയാനയെ കൊണ്ടുനടക്കാൻ പേടി.... പോരാത്തതിന് കേരള കോൺഗ്രസ് ഉണ്ടാക്കിയതേ ഈ ബാലൻപിള്ളയാണ്. അങ്ങനെയുള്ള ബാലൻപിള്ളയോട് ധിക്കാരം മൂത്ത സ്കറിയാച്ചൻ വന്ന് ലയിക്കാൻ പറഞ്ഞാൽ നടക്കുന്ന കാര്യമാണോ. ഉപ്പ് വെള്ളത്തിലേ ലയിക്കൂ. വെള്ളം ചെന്ന് ഉപ്പിൽ ലയിക്കില്ല.
അതുകൊണ്ടാണ് ബാലൻപിള്ള- സ്കറിയാച്ചൻ ലയനം ഇങ്ങിനി വരാത്തവണ്ണം മാഞ്ഞുപോയി എന്ന് ധരിക്കേണ്ട. സ്കറിയാച്ചൻ വന്ന് ലയിച്ച് ബാലൻപിള്ള മകൻ ഗണേശപിള്ള മന്ത്രിയാകുന്ന ആ നല്ല നാളെക്കായി പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാവുന്നതേയുള്ളൂ. ബാലൻപിള്ള തറവാട്ട് കാരണവരും സ്കറിയാച്ചൻ കാര്യസ്ഥനുമായി കാലം കഴിക്കേണ്ടി വരുമോയെന്ന് ചോദിച്ചാൽ സ്കറിയാച്ചന് മൂത്രശങ്ക കലശലാവും....
എന്നതിനാൽ തൽക്കാലം അതേക്കുറിച്ച് ആലോചിച്ച് സമയം കളയേണ്ട എന്നാണ് പിണറായി സഖാവിന്റെ കല്പന.....

No comments:

Post a Comment