പേമാരിയിലും വെള്ളപ്പൊക്കത്തിലും തകർന്നടിഞ്ഞ റോഡുകളിലൂടെയാണ് കേരളീയരുടെ ഇപ്പോഴത്തെ സഞ്ചാരം. മഴയ്ക്കു ശമനമുണ്ടാവുകയും വെള്ളക്കെട്ട് ഒഴിയുകയും ചെയ്തപ്പോഴാണ് റോഡുകളുടെ യഥാർത്ഥ സ്ഥിതി അറിയുന്നത്. ഏതു കാലാവസ്ഥയെയും പ്രതിരോധിക്കാൻ കെല്പുള്ള റോഡുകൾക്ക് കുഴപ്പമൊന്നുമില്ലെങ്കിലും ദേശീയ പാതകൾ ഉൾപ്പെടെ ഒട്ടുമിക്ക നിരത്തുകളും തകർന്നു തരിപ്പണമായ നിലയിലാണ്. പ്രാഥമിക കണക്കനുസരിച്ച് എണ്ണായിരത്തോളം കിലോമീറ്റർ റോഡ് അടിയന്തരമായി പുതുക്കിപ്പണിയേണ്ട അവസ്ഥയിലാണ്. ഗ്രാമീണ റോഡുകളുടെയും നഗര പ്രദേശങ്ങളിലെ ഇടറോഡുകളുടെയും കണക്ക് ഇതിൽ വരുന്നില്ല. പെരുമഴക്കാലത്തിനു മുൻപുതന്നെ തകർന്നുകിടക്കുന്നവയാണ് അവയിലധികവും.
മരാമത്തു വകുപ്പിനെ സംബന്ധിച്ചിടത്തോളം എടുത്താൽ പൊങ്ങാത്തത്ര ഭാരമാണ് കാലവർഷം അടിച്ചേല്പിച്ചിരിക്കുന്നത്. ഭീമമായ ചെലവു മാത്രമല്ല പ്രശ്നം. സമയബന്ധിതമായി റോഡുകൾ സഞ്ചാരയോഗ്യമാക്കുക എന്നതും വലിയ വെല്ലുവിളി തന്നെയാണ്. വിദഗ്ദ്ധന്മാരുടെ എസ്റ്റിമേറ്റ് പ്രകാരം എണ്ണായിരം കിലോമീറ്റർ റോഡുകളുടെ പുനരുദ്ധാരണത്തിന് 2700 കോടി രൂപയെങ്കിലും വേണ്ടിവരും. ബഡ്ജറ്റ് വിഹിതത്തിൽ നല്ലൊരു ഭാഗം ഇതിനകം തന്നെ ചെലവഴിച്ചതിനാൽ റോഡ് പണിക്ക് പണം വേറെ കണ്ടെത്തേണ്ടിവരും. ആലപ്പുഴ ജില്ലയിൽ മാത്രം റോഡ് നന്നാക്കാൻ അഞ്ഞൂറു കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണു പ്രാഥമിക കണക്ക്. മൂന്നാഴ്ച നീണ്ടുനിന്ന മഴയിലും വെള്ളപ്പൊക്കത്തിലും അവിടെ തകർന്നടിയാത്ത ഒറ്റ റോഡുപോലുമില്ല. തുടർച്ചയായി രൂപം കൊണ്ട വെള്ളക്കെട്ടാണ് പല റോഡുകളുടെയും അന്തകനായത്. ചെറിയ കുഴികൾ തൊട്ട് വലിയ ഗർത്തങ്ങൾ വരെ ഒട്ടുമിക്ക റോഡുകളിലും കാണാം. കുഴി അടയ്ക്കാനായി മാത്രം സർക്കാർ 230 കോടി രൂപ ഈയിടെ അനുവദിച്ചിരുന്നു. അടുത്താഴ്ച എത്തുന്ന കേന്ദ്ര സംഘത്തിന്റെ പര്യടന ശേഷമാകും മഴക്കെടുതികൾക്കുള്ള കേന്ദ്ര സഹായത്തിന്റെ തോത് നിശ്ചയിക്കുക. മുൻകാല അനുഭവങ്ങൾ വച്ചു നോക്കിയാൽ അമിത പ്രതീക്ഷയൊന്നും വച്ചുപുലർത്തേണ്ടതില്ല. ഇതിനകം ഓഖി ധനസഹായത്തിൽ മിച്ചമുള്ളതു ചേർത്ത് ഇരുനൂറു കോടിയോളം രൂപ കേന്ദ്രം നൽകിയതായാണു കണക്ക്. എന്നാൽ നാശനഷ്ടങ്ങളുടെ വലിപ്പം നോക്കിയാൽ ഇതിന്റെ പത്തു മടങ്ങെങ്കിലും ലഭിക്കാൻ സംസ്ഥാനത്തിന് അർഹതയുണ്ട്. സമാനതകളില്ലാത്ത കെടുതികളാണ് സംസ്ഥാനം നേരിടേണ്ടിവന്നിരിക്കുന്നതെന്ന് നേരത്തെ സംസ്ഥാനം സന്ദർശിച്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു അഭിപ്രായപ്പെട്ടത് മറക്കാറായിട്ടില്ല. മന്ത്രി ഡൽഹിക്കു മടങ്ങിയശേഷം എത്രയോ ദിവസം മഴയും പ്രളയവും നീണ്ടുനിന്നു. മന്ത്രി എല്ലാ ദുരിതമേഖലകളും സന്ദർശിച്ചതുമില്ല. കേന്ദ്ര സംഘം എത്തുമ്പോൾ ജനങ്ങളും കാർഷിക മേഖലയും നേരിടേണ്ടിവന്ന കെടുതികളത്രയും ബോദ്ധ്യപ്പെടുത്താൻ കഴിയണം. ഓട്ടപ്രദക്ഷിണം നടത്തി മടങ്ങിപ്പോകാൻ അവസരമുണ്ടാക്കരുത്.
തകർന്ന റോഡുകളുടെ നവീകരണത്തിന് കേന്ദ്ര സഹായം എത്ര കണ്ടു ലഭ്യമാകുമെന്ന് നിശ്ചയമില്ല. ഇത്തരം വിഷയങ്ങളിൽ മാനദണ്ഡ പ്രകാരമായിരിക്കും സഹായം അനുവദിക്കാറുള്ളത്. കേന്ദ്ര സഹായം കിട്ടിയാലുമില്ലെങ്കിലും തകർന്ന റോഡുകളെ ഇപ്പോഴത്തെ അവസ്ഥയിൽ തുടരാൻ അനുവദിച്ചുകൂടാത്തതാണ്. സുഗമമായ ഗതാഗതം ഉറപ്പുവരുത്തേണ്ടത് പരമപ്രധാനമാണ്. ആവശ്യമായ ഫണ്ട് കണ്ടെത്താൻ പുതിയ വഴികൾ തേടണം. ഇതിനായി സെസ് പോലുള്ള വരുമാന മാർഗങ്ങളെക്കുറിച്ച് ആലോചിക്കാവുന്നതാണ്. ഇതര വകുപ്പുകളിൽ ചെലവഴിക്കപ്പെടാതെ കിടക്കുന്ന വിഹിതത്തിന്റെ ഒരു ഭാഗമെങ്കിലും റോഡ് നവീകരണത്തിനായി പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിന് സാങ്കേതിക തടസങ്ങളുണ്ടെങ്കിൽ അത് ഇല്ലാതാക്കാൻ വഴി തേടാവുന്നതേയുള്ളൂ. സർക്കാർ വിചാരിച്ചാൽ എല്ലാറ്റിനും പരിഹാരമുണ്ടാക്കാനാകും. ഗതാഗത നിയമലംഘന കേസുകളിൽ പിഴയായി പിരിച്ചെടുക്കുന്ന കോടിക്കണക്കിന് രൂപ റോഡ് സുരക്ഷയ്ക്കായി വിനിയോഗിക്കണമെന്നാണു വയ്പ്. എന്നാൽ ചെറിയൊരു ഭാഗം പോലും റോഡിന്റെ ആവശ്യത്തിനായി മുടക്കാറില്ല. തകർന്നു കിടക്കുന്ന റോഡുകൾ നന്നാക്കാൻ ഈ തുകയും പ്രയോജനപ്പെടുത്താവുന്നതാണ്. പത്തനംതിട്ട, കൊല്ലം, തൃശൂർ ജില്ലകളിലും റോഡുകളുടെ അറ്റകുറ്റപ്പണിക്ക് ഗണ്യമായ തോതിൽ പണം ചെലവഴിക്കേണ്ട സ്ഥിതിയാണുള്ളത്. മലബാറാണ് താരതമ്യേന രക്ഷപ്പെട്ടു നിൽക്കുന്നത്. എന്നാൽ മഴക്കാലത്തിനു മുമ്പുതന്നെ വടക്കൻ ജില്ലകളിൽ പലേടത്തും റോഡുകളുടെ അവസ്ഥ പരിതാപകരമായിരുന്നു.
രണ്ടുമാസം കഴിഞ്ഞെത്തുന്ന തുലാവർഷം ഏതു രൂപത്തിലാകുമെന്ന് ഇപ്പോൾ പ്രവചിക്കുക വയ്യ. അതുകൂടി കഴിഞ്ഞു മതി റോഡ് പണി എന്നു വിചാരിച്ചാൽ കാര്യങ്ങൾ കൂടുതൽ മോശമാകും. വെയിൽ നോക്കി യുദ്ധകാലാടിസ്ഥാനത്തിൽ റോഡുകൾ നന്നാക്കാൻ മരാമത്തുകാർ രംഗത്തിറങ്ങണം.
No comments:
Post a Comment