Monday, 27 August 2018

ധീരസൈനികരും തിരസൈനികരും

തോരാതെ മഴപെയ്യുകയായിരുന്ന മണിക്കൂറുകളില്‍ മൂന്നരക്കോടിയോളം വരുന്ന ജനങ്ങളില്‍ വലിയൊരു വിഭാഗത്തെ പ്രളയം വന്ന് മരണത്തിലേക്ക് മുട്ടിവിളിക്കുകയായിരുന്നു. ഭരണാധികാരികള്‍ അശക്തരാവുകയും ഭരണസംവിധാനം അലങ്കോലപ്പെടുകയും ചെയ്ത നശിക്കപ്പെട്ട ദിനങ്ങളില്‍ രക്ഷകരായെത്തിയവരില്‍ ധീരസൈനികരും തീരസൈനികരുമുണ്ടായിരുന്നു. കരനാവികവ്യോമസേനകള്‍ക്ക് പുറമെ തീരദേശ സേനയും ദേശീയ ദുരന്തനിവാരണ സേനയും രക്ഷാദൗത്യത്തിന് കൈകോര്‍ത്തു. കടലലകളുടെ കരുത്തുറഞ്ഞ മനസ്സും ശരീരവുമുള്ള മത്സ്യത്തൊഴിലാളികളുടെ ധീരത പ്രളയത്തിനും മീതെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. ഇനിയുള്ളകാലം നന്ദിയോടെ സ്മരിക്കേണ്ട ആ മഹാദൗത്യത്തെക്കുറിച്ച്..

രണ്ടാഴ്ചയോളം നീണ്ട പ്രളയത്തിന്റെ ദുരിതക്കാഴ്ചകളില്‍നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു അത്. ഒരു കൂറ്റന്‍ കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ 'താങ്ക്‌സ്' എന്നെഴുതിയതിന്റെ ആകാശക്കാഴ്ച. വെള്ളത്താല്‍ ചുറ്റപ്പെട്ട് ജീവിതത്തിനും മരണത്തിനുമിടയില്‍ കഴിഞ്ഞ രണ്ട് വനിതകളെ ഈ വീട്ടില്‍നിന്ന് ഹെലികോപ്ടര്‍ വഴി രക്ഷിച്ച നാവികസേനയെ നന്ദിയറിയിക്കുകയായിരുന്നു.

ദിവസങ്ങളോളം മരണതാണ്ഡവമാടിയ മഴയില്‍ കടല്‍പോലെ നിറഞ്ഞുകവിഞ്ഞ അണക്കെട്ടുകള്‍ ഏതാണ്ട് ഒരേസമയത്ത് വേണ്ടത്ര മുന്നൊരുക്കമില്ലാതെ തുറന്നുവിട്ടതാണ് കേരളത്തെ രണ്ട് നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ പ്രളയത്തില്‍ മുക്കിയത്. 353 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. 40,000 ഹെക്ടറില്‍ കൃഷിനാശം സംഭവിച്ചു. 26,000 ലേറെ വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നു. പൊതുമരാമത്ത് വകുപ്പിന്റെ മാത്രം 16,000 കിലോമീറ്റര്‍ റോഡും 130-ലേറെ പാലങ്ങളും ഒലിച്ചുപോയി. ചെറിയ നഗരങ്ങളെയും ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്ന 82,000 ഗ്രാമീണ റോഡുകളും അപ്രത്യക്ഷമായി. അക്ഷരാര്‍ത്ഥത്തില്‍ കേരളത്തെ കടലെടുക്കുന്ന പ്രതീതി.

ഐഎസ്ആര്‍ഒയുടെ അഞ്ച് ഉപഗ്രഹങ്ങള്‍ ശരിയായ വിവരങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'ഡിവിഷന്‍ സപ്പോര്‍ട്ട് സെന്റര്‍' ഇതില്‍നിന്ന് ആവശ്യമുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് എത്തിച്ചു. ഇന്ത്യയുടെ സായുധസേനകള്‍ക്ക് ഇത്രയും മതിയായിരുന്നു. ബോട്ടുകള്‍, ഹെലികോപ്റ്ററുകള്‍ തുടങ്ങിയവ ഉപയോഗിച്ചും അല്ലാതെയും കരവ്യോമനാവിക സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. 

എല്ലാ ബന്ധങ്ങളുമറ്റ് ഒറ്റപ്പെട്ട് പോയവരുടേയും, വീടുകളുടെ മുകള്‍നിലകളിലും മേല്‍ക്കൂരകളിലും കുടുങ്ങിക്കിടക്കുന്നവരുടേയും അടുത്തേക്ക് എത്തിച്ചേരാന്‍ സൈനികര്‍ ഒട്ടും താമസിച്ചില്ല. ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി കേഴുകയായിരുന്നവര്‍ക്ക് അവ നല്‍കി. മോട്ടോര്‍ ഘടിപ്പിച്ച 300 ബോട്ടുകളാണ് സേനകള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചത്. നൂറ് കണക്കിന് മെഡിക്കല്‍ സംഘങ്ങളെ അണിനിരത്തി.

ഹെലികോപ്ടറില്‍ പറന്നുചെന്ന നാവികസേനാംഗങ്ങള്‍ താഴേക്ക് തൂങ്ങിയിറങ്ങി വീടുകളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ ശ്വാസമടക്കിപ്പിടിച്ചാണ് ജനങ്ങള്‍ കണ്ടത്. 70 ബോട്ടുകളിലായി 58 രക്ഷാസംഘങ്ങളെയാണ് നാവികസേന പ്രളയബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചത്. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുന്നതില്‍ റബ്ബറൈസ്ഡ് ബോട്ടുകളും അതിലെ മുങ്ങല്‍ വിദഗ്ദ്ധരും വലിയ പങ്ക് വഹിച്ചു. വെള്ളം കയറിയ പ്രദേശങ്ങളില്‍നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കുന്നതിനായി മൂന്ന് സൈനിക വിഭാഗങ്ങളും ചേര്‍ന്ന് മോട്ടോര്‍ ഘടിപ്പിച്ച 339 ബോട്ടുകളും മോട്ടോര്‍ ഘടിപ്പിക്കാത്ത 24 ബോട്ടുകളും, വാടകയ്‌ക്കെടുത്ത 21 ബോട്ടുകളുമാണ് ഉപയോഗിച്ചത്.

വിവിധയിടങ്ങളില്‍നിന്ന് രക്ഷിച്ചുകൊണ്ടുവന്ന180 പേര്‍ക്കായി കൊച്ചിയിലെ നേവല്‍ബേസില്‍ ഒരു ദുരിതാശ്വാസ ക്യാമ്പുതന്നെ സജ്ജീകരിച്ചു. ഇവര്‍ക്കായി മൊബൈല്‍ ഫോണുകള്‍, നിശാവസ്ത്രം ഉള്‍പ്പെടെയുള്ളവ നല്‍കി. 24 മണിക്കൂറും വൈദ്യസേവനം ലഭ്യമാക്കി. വെള്ളക്കുപ്പികളും ഭക്ഷണപ്പൊതികളും ഹെലികോപ്ടറുകളില്‍ കൊണ്ടുപോയി പ്രളയബാധിതപ്രദേശങ്ങളില്‍ വിതരണം ചെയ്തു. വൈദ്യശുശ്രൂഷകര്‍ക്കൊപ്പം മരുന്നുകള്‍, സാനിറ്ററി നാപ്കിനുകള്‍ തുടങ്ങിയവ യുദ്ധകാലാടിസ്ഥാനത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചു. നൂറുകണക്കിന് മെഡിക്കല്‍ ക്യാമ്പുകളാണ് സംഘടിപ്പിച്ചത്.

പ്രളയബാധിത പ്രദേശങ്ങളില്‍നിന്ന് രക്ഷിച്ചുകൊണ്ടുവന്നവര്‍ക്കായി സേനാംഗങ്ങള്‍തന്നെ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിച്ചു. 30,000ലേറെ ആളുകളെയാണ് ഇങ്ങനെ പാര്‍പ്പിച്ചത്. നാവികസേനയുടെ 40 സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ഗര്‍ഭിണിയായ ഒരു വനിതയെ അരമണിക്കൂറെടുത്താണ് രക്ഷിച്ചത്. തൃശൂരിലൊരിടത്ത് ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാന്‍ ഒരു തൂക്കുപാലം തന്നെ നാവികസേന നിര്‍മിച്ചു. 38 ഉള്‍പ്രദേശങ്ങളിലായി 13 താല്‍ക്കാലിക പാലങ്ങള്‍ കരസേനയും നിര്‍മിച്ചു. 22 വിദേശ വിനോദസഞ്ചാരികളടക്കം 3627 പേരെ ഇതുവഴി രക്ഷിക്കാന്‍ കഴിഞ്ഞു. എറണാകുളം ജില്ലയിലെ കാലടി, ആലുവ പ്രദേശങ്ങളിലായി കരസേനയുടെ 120 പേരടങ്ങുന്ന എഞ്ചിനീയറിങ് സംഘം രക്ഷാപ്രവര്‍ത്തനം നടത്തി.

വെള്ളം കയറിയ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടുപോയവരെയും, വീടുകളില്‍ കുടുങ്ങിക്കിടക്കുന്നവരേയും അതിസാഹസികമായി രക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കുന്നതില്‍ വ്യോമസേനാംഗങ്ങളും വലിയ പങ്കുവഹിച്ചു. തീരദേശ സേന 10 ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ടീമിനെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി വിന്യസിച്ചു. തീരദേശ സേന രക്ഷിച്ചവരില്‍ ആലുവയ്ക്കടുത്ത് കടുങ്ങല്ലൂരിലുള്ള പത്ത് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. ദേശീയ ദുരന്തനിവാരണ സേനയിലെ(എന്‍ഡിആര്‍എഫ്)അംഗങ്ങളും പ്രശംസനീയമായ പങ്കാണ് രക്ഷാപ്രവര്‍ത്തനത്തില്‍ വഹിച്ചത്.

പ്രളയക്കെടുതി നേരിടുന്നതില്‍  എന്‍ഡിആര്‍എഫ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 42 പേരടങ്ങുന്ന 58 ടീമാണ് എത്തിയത്. ''ഇത്രയധികം എന്‍ഡിആര്‍എ അംഗങ്ങള്‍ ഒരേസമയം ഒരു സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത് ആദ്യമാണ്. 2014-ല്‍ ഒഡീഷയില്‍ ഹുദ് ഹുദ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോഴാണ് ഏറ്റവും കൂടുതല്‍ യൂണിറ്റിനെ എന്‍ഡിആര്‍എഫ് ഉപയോഗിച്ചത്. അപ്പോള്‍ പോലും 51 യൂണിറ്റുകളേ രക്ഷാപ്രവര്‍ത്തനം നടത്തിയുള്ളൂ. കേരളത്തില്‍ 18,077 പേരെയാണ് വീടുകളില്‍നിന്ന് രക്ഷിച്ചെടുത്തത്. ഇവരില്‍ 500-ലേറെ  പേര്‍ മരണമുഖത്തായിരുന്നു. പത്ത് മൃതദേഹങ്ങളും കണ്ടത്തി. ജനങ്ങളുടെ സഹകരണമാണ് ജീവഹാനി കുറയാന്‍ കാരണം'' എന്‍ഡിആര്‍എഫിന്റെ ചെന്നൈ യൂണിറ്റിലെ ഡെപ്യൂട്ടി കമാന്റര്‍ ജി.വി. ജയന്റെ വാക്കുകളില്‍ ഒരു മഹാപ്രയത്‌നത്തിന്റെ ചിത്രമുണ്ട്. ഇതുപോലൊരു പ്രളയം കേരളം കണ്ടിട്ടില്ലാത്തതുപോലെ സൈനികരിറങ്ങിയുള്ള ഇത്തരമൊരു രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനവും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പുതുമയുള്ളതാണ്.

സര്‍വീസ് ബിഫോര്‍ സെല്‍ഫ് (തനിക്ക് മുന്‍പേ സേവനം), ശംനോ വരുണ (സമുദ്രദേവനായ വരുണന്‍ ഞങ്ങളെ അനുഗ്രഹിക്കട്ടെ), നഭഃസ്പര്‍ശം ദീപ്തം (ആകാശത്തെ സ്പര്‍ശിക്കുന്ന പ്രകാശം) എന്നിങ്ങനെയാണ് യഥാക്രമം കരനാവികവ്യോമസേനകളുടെ ആപ്തവാക്യങ്ങള്‍. ശത്രുക്കളോട് നേര്‍ക്കുനേര്‍ വീറോടെ പൊരുതാന്‍ മാത്രമല്ല, ആപത്തിലകപ്പെടുന്ന സ്വന്തം ജനതയെ അത്യന്തം സാഹസികമായി രക്ഷിച്ചെടുക്കാനും നമ്മുടെ ധീരസൈനികര്‍ സ്വയം സമര്‍പ്പിക്കപ്പെടുന്നു. ഈ സമര്‍പ്പണത്തിന്റെ മഹാമാതൃകയാണ് പ്രളയക്കെടുതിയലകപ്പെട്ട കേരളത്തിന്റെ മണ്ണിലും വിണ്ണിലും ഇന്ത്യന്‍ സേനാംഗങ്ങള്‍ കാഴ്ചവച്ചത്.

No comments:

Post a Comment