Monday, 13 August 2018

ഇ പ്രകൃതിഷോഭം നമ്മൾ വരുത്തി വച്ചത്

അഭൂത് പൂർവമായ ജലസമൃദ്ധി അക്ഷരാർത്ഥത്തിൽ കേരളത്തെ ശ്വാസംമുട്ടിക്കുകയാണിപ്പോൾ. ദിവസങ്ങളായി തുടരുന്ന പേമാരിയും വെള്ളപ്പൊക്കവും സൃഷ്ടിച്ച ദുരിതത്തിൽ നിന്ന് മോചിതമായ ജില്ലകൾ ഇല്ലെന്നുതന്നെ പറയാം. തുടക്കത്തിൽ രക്ഷപ്പെട്ടുനിന്ന തലസ്ഥാന ജില്ലയാണ് ഏറ്റവും ഒടുവിൽ രൂക്ഷമായ മഴക്കെടുതികൾ നേരിടേണ്ടിവന്നിരിക്കുന്നത്. തിങ്കളാഴ്ച രാത്രി തുടങ്ങിയ പേമാരി ചൊവ്വാഴ്ച ഉച്ചവരെ നീണ്ടതോടെ നാടും നഗരവും അപ്പാടെ വെള്ളത്തിൽ മുങ്ങി. ഒട്ടുമിക്ക ജില്ലകളിലും മഴ തുടരുകയാണ്. ദുരിതബാധിതരെ സഹായിക്കാൻ സർക്കാർ ആവുംവിധം ഏർപ്പാടുകൾ ചെയ്യുന്നുണ്ടെന്നുള്ളതുമാത്രമാണ് ഏക ആശ്വാസം. എന്നാൽ നാശനഷ്ടങ്ങളുടെ വൈപുല്യത്തിനനുസരണമായി സഹായം എല്ലാ ദിക്കിലും ഒരേപോലെ എത്തുന്നില്ല. മദ്ധ്യകേരളത്തിൽ രണ്ടാഴ്ചയ്ക്കുമുമ്പേ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ പലതും ഇപ്പോഴും തുടരേണ്ടിവരുന്നത് അന്തേവാസികൾക്ക് സ്വന്തം വീടുകളിലേക്ക് മടങ്ങാനാവാത്ത സാഹചര്യം നിലനിൽക്കുന്നതുകൊണ്ടാണ്. ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളിലെ സ്ഥിതിഒട്ടുംതന്നെ മെച്ചപ്പെട്ടിട്ടില്ല. കഴുത്തറ്റം വെള്ളം ഇപ്പോഴും അവിടങ്ങളിൽ കാണാം. വെള്ളംമുഴുവൻ ഒഴിഞ്ഞുപോയാലും വീടുകളും പരിസരങ്ങളും പഴയ നിലയിലാക്കിയെടുക്കാൻ ഏറെ ദിവസങ്ങൾ വേണ്ടിവരും. അടിയന്തര സഹായം കൊണ്ട് നേരിടാവുന്നതല്ല അവരുടെ ആവശ്യങ്ങൾ. വസ്തുവകകൾക്കും കൃഷിക്കുമുണ്ടായ നാശത്തിന് അർഹമായ സഹായം തന്നെ ലഭ്യമാക്കണം.

പേമാരിയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിനൊപ്പം അണക്കെട്ടുകളിൽ നിന്ന്തുറന്നുവിടുന്ന വെള്ളം കൂടിയായപ്പോൾ സംസ്ഥാനം ഒട്ടാകെ മുങ്ങിക്കുളിച്ചുനിൽക്കുന്ന അവസ്ഥയിലാണിപ്പോൾ. ചെറുതും വലുതുമായ 78 അണക്കെട്ടുകളിൽ ഇരുപത്തഞ്ചെണ്ണവും തുറന്ന നിലയിലാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കി പെരിയാറിന്റെ തീരങ്ങളിൽ കഴിയുന്നവരിൽ ഭീതിയും ആശങ്കയും ജനിപ്പിച്ച് ഏത് സമയത്തും തുറക്കാൻ സജ്ജമായി നിൽക്കുകയാണ്. ആശങ്കയും പരിഭ്രമവും വേണ്ടെന്ന് സർക്കാരും വിദഗ്ദ്ധന്മാരുമൊക്കെ ആവർത്തിച്ച് ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും അത്രവേഗം ഒഴിഞ്ഞുപോകുന്നതല്ല ജനമനസുകളിൽകടന്നുകൂടിയിട്ടുള്ള ആശങ്ക. ഇടുക്കി തുറന്നുവിടേണ്ട സാഹചര്യം വന്നാൽ വെള്ളം ഏതെല്ലാം വഴിക്കാകും പാഞ്ഞെത്തുക എന്ന് തീർച്ചയില്ലാത്തതാണ് ഭീതിക്കുള്ള പ്രധാന കാരണം. ഒാറഞ്ച് മുന്നറിയിപ്പിനൊപ്പം പരീക്ഷണാർത്ഥം ഷട്ടർ ഉയർത്തി വെള്ളം തുറന്നുവിടുമെന്നാണ് നേരത്തെ പറഞ്ഞുകേട്ടിരുന്നത്. എന്നാൽ തീരുമാനം പലകുറി മാറ്റേണ്ടിവന്നത് അപകടഭീഷണി ഒഴിയുമെന്ന പ്രതീക്ഷയിലാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ അളവുകുറഞ്ഞതും ആശ്വാസത്തിന് വക നൽകുന്നതായി. ഏതായാലും ഷട്ടറുകൾ തുറക്കേണ്ടിവരുമെന്നുതന്നെയാണ് ഏറ്റവും ഒടുവിൽ പുറത്തുവന്നിട്ടുള്ള വിവരം. ഏത് സ്ഥിതിയും നേരിടാൻ വേണ്ട സകല ഏർപ്പാടുകളും പൂർത്തിയാക്കിയിട്ടുണ്ടെന്നാണ് അധികൃതർ നൽകുന്ന ഉറപ്പ്. അനാവശ്യമായ ഭീതി സൃഷ്ടിക്കാതെ ജനങ്ങളും ഉത്തരവാദിത്വബോധത്തോടെ പെരുമാറേണ്ട സന്ദർഭമാണിത്. സാമൂഹ്യമാദ്ധ്യമങ്ങൾ വഴിയുള്ള സന്ദേശപ്രളയം യഥാർത്ഥ പ്രളയത്തെക്കാൾ ദുരിതം വിതയ്ക്കുന്നുണ്ടെന്നുള്ളത് വിസ്മരിക്കാനാവില്ല. സംയമനവും വിവേകവും ഏറെ പ്രകടിപ്പിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.

പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോൾ അതിന്റെ കെടുതികളും പ്രയാസങ്ങളും കുറയ്ക്കാൻ സർക്കാർ സംവിധാനങ്ങൾ ഒരുക്കാറുണ്ടെങ്കിലും ജനങ്ങൾ തന്നെയാകും പലപ്പോഴും ദുർവഹമായ ആ ഭാരം വഹിക്കേണ്ടിവരുന്നത്. സമൂഹത്തിന്റെ കൈത്താങ്ങ് ഇത്തരം സന്ദർഭങ്ങളിലാണ് ദുരിതബാധിതർക്ക് ഏറെ ആശ്രയമാകുന്നത്. കെടുതികളും നാശനഷ്ടങ്ങളും വിലയിരുത്താൻ കേന്ദ്രത്തിൽനിന്ന് വിദഗ്ദ്ധസംഘം ഉടൻ എത്തുമെന്ന് ആശ്വസിപ്പിച്ച് കേന്ദ്രമന്ത്രി മടങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞു. കേന്ദ്രസംഘം ഇനിയും എത്തിയിട്ടില്ല. അവർ എത്തി നാശനഷ്ടം തിട്ടപ്പെടുത്തിയാലേ കേന്ദ്ര സഹായത്തിന്റെ തോത് നിശ്ചയിക്കുകയുള്ളൂ. സഹായം നീണ്ടുപോകുന്തോറും ജനങ്ങളുടെ ദുരിതവും കൂടുകയാണ്. യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് ഇത്തരം ദുരിതകാലത്ത് ആവശ്യം.
പേമാരിയും തുടർന്നുണ്ടായ വെള്ളക്കെട്ടും സംസ്ഥാനത്തൊട്ടാകെ ഒട്ടുമിക്ക റോഡുകളുടെയും കഥ കഴിച്ചുഎന്നുപറയാം. ഇവ പുനരുദ്ധരിക്കാൻ വലിയ മുതൽമുടക്ക് വേണ്ടിവരും. റോഡുകളുണ്ടായിരുന്നിടത്ത് കുറച്ചു കല്ലുകൾ മാത്രം ശേഷിച്ച അനവധി റോഡുകളുണ്ട്. മലയോരപ്രദേശങ്ങളിലും ഗ്രാമങ്ങളിലും അധികൃതരുടെ കണ്ണെത്താൻ എത്രകാലമെടുക്കുമെന്ന് തീർച്ചയില്ല. ഇൗ പെരുമഴക്കാലത്ത് നേട്ടമുണ്ടായത് വൈദ്യുതിബോർഡിന് മാത്രമാണ്. വൈദ്യുതി ഉത്പാദനം പരമാവധി ഉയരത്തിലെത്തിച്ചതുവഴി കോടിക്കണക്കിന് രൂപയാണ് നേടാനാവുന്നത്. കാറ്റിലും മഴയിലും പ്രസരണ ലൈനുകൾക്കും ഉപകരണങ്ങൾക്കുമുണ്ടായ കേടുപാടുകൾക്ക് ഇതിന്റെ ഒരുഭാഗം മുടക്കേണ്ടിവന്നാൽപോലും വലിയ ലാഭമാണ് ഉണ്ടാകാൻ പോകുന്നത്.
നഗരാസൂത്രണത്തിലും പരിസ്ഥിതി സംരക്ഷണത്തിലും നേരിടുന്ന വെല്ലുവിളികൾ മറയില്ലാതെ തുറന്നുകാട്ടാൻ ഇൗ ദുരിതമഴക്കാലം ഒരിക്കൽകൂടി അവസരം ഒരുക്കി. നഗരങ്ങളിലെ വെള്ളക്കെട്ടിനും തീരാദുരിതത്തിനും പ്രധാന കാരണം ഒാടകളിലും കനാലുകളിലുംമറ്റും അടിഞ്ഞുകൂടിയ പ്ളാസ്റ്റിക് അവശിഷ്ടങ്ങളാണ്. മാലിന്യ നിർമ്മാർജ്ജനത്തിൽ തദ്ദേശ സ്ഥാപനങ്ങൾ കാണിക്കുന്ന ഉദാസീനതയുടെ പരിണിത ഫലമാണ് വെള്ളക്കെട്ടായി നഗരങ്ങളെയും പട്ടണങ്ങളെയും ശ്വാസംമുട്ടിക്കുന്നത്. അനുഭവങ്ങളിൽ നിന്ന് ഒരു പാഠവും പഠിക്കുകയില്ലെന്ന് വ്രതമാക്കിയവരോട് എന്തുപറഞ്ഞിട്ടും കാര്യമില്ല. ജലനിർഗമനവഴികൾ തടസമില്ലാതെ നിലനിറുത്തേണ്ടതിന്റെ പ്രാധാന്യം ജനങ്ങളും തിരിച്ചറിയേണ്ടതുണ്ട്.

No comments:

Post a Comment