Sunday, 23 June 2024

കൊട്ടിയൂർ വിശേഷം

#കൊട്ടിയൂർ വിശേഷം :-

കൊട്ടിയൂരുത്സവത്തെ പറ്റി അധികം അറിയാത്ത ചില കാര്യങ്ങൾ പറയാം. 

ചന്ദ്രശേഖരൻ എന്ന പേരിൽ മാത്രം അക്കരെ സന്നിധിയിൽ അറിയപ്പെടുന്ന ചിലതുണ്ട്. 

ചന്ദ്രശേഖരൻ എന്ന ആന

പെരുമാളിന്റെ തിടമ്പേറ്റുന്ന ആനയെ ചന്ദ്രശേഖരൻ എന്ന്‌ മാത്രമേ വിളിക്കാറുള്ളൂ.  കാലാകാലങ്ങൾ മാറി വരുന്ന ദേവസ്വം ആനയ്ക്ക് ചന്ദ്രശേഖരൻ എന്നാണ് പേര് ചൊല്ലി വിളിച്ചിരുന്നത്.  വളരെ മുൻപുണ്ടായിരുന്ന ചന്ദ്രശേഖരനെ പറ്റി ഒരു കഥ കേട്ടിട്ടുണ്ട്.  ഒരു ഉത്സവകാലത്ത്, ചന്ദ്രശേഖരനെ തളച്ചിരുന്ന ഇടത്ത് നിന്നും ചങ്ങല പൊട്ടിച്ചു കാട്ടിലേക്ക് പോയത്രേ.  ശീവേലി സമയം ആയപ്പോ സ്ഥാനീകർ എല്ലാം വിഷമാവസ്ഥയിൽ ആയെന്നും ആ  സമയം  ചന്ദ്രശേഖരൻ കാട്ടിൽ നിന്നും ഇറങ്ങി വന്നു. അവനെ വച്ച് ശീവേലി  എഴുന്നെള്ളിപ്പ് കഴിഞ്ഞപ്പോൾ, വീണ്ടും അതാ യഥാർത്ഥ ചന്ദ്രശേഖരൻ വരുന്നു. ശീവേലിയിൽ എഴുന്നള്ളിച്ച ആന ഒരു കാട്ടാന ആയിരുന്നു എന്നും,  ഭഗവാൻ തന്നെ വന്നതാണെന്നും കഥയിൽ പറയപ്പെടുന്നു. ദേവന്റെ  ആന ചന്ദ്രശേഖരനെ കൂടാതെ ദേവിയുടെ തിടമ്പേറ്റുന്ന മറ്റൊരു ആനയും ഉണ്ട്.

ചന്ദ്രശേഖരൻ മാവ്

ഇക്കരെ കൊട്ടിയൂരിൽ വാവലിയുടെ കരയിൽ ഉണ്ടായിരുന്ന മാവാണ് ചന്ദ്രശേഖരൻ മാവ്. തൃക്കലശാട്ടിനു ശേഷം സ്വയംഭൂ മൂടുന്നത് അഷ്ടബന്ധം ഉപയോഗിച്ചാണ്. അഷ്ടബന്ധം ഉണ്ടാക്കാൻ ഉള്ള മണ്ണ് ശേഖരിച്ചിരുന്നത് ചന്ദ്രശേഖരൻ മാവിന്റെ ചുവട്ടിൽ  നിന്നും ആയിരുന്നു.നെയ്യാട്ട നാളിൽ നാളം തുറക്കുമ്പോൾ അഷ്ടബന്ധം പ്രസാദമായി ഭക്തർക്ക് ലഭിക്കും. ഇതു ഔഷധ ശക്തിയുള്ള ഒരു പ്രസാദം ആയി കരുതപ്പെടുന്നു. മാവ് ഇപ്പോൾ ഇല്ലെങ്കിലും,  ചന്ദ്രശേഖരൻ മാക്കൂൽ എന്നറിയപ്പെടുന്ന അതേ സ്ഥാനത്തു നിന്നും ആണ് ഇപ്പോഴും മണ്ണ് ശേഖരിക്കുന്നത്. 

ചന്ദ്രശേഖരൻ തെരു

വൈശോഖോത്സവത്തിനായുള്ള വിളക്കുതിരികൾ തയ്യാറാക്കി കൊണ്ടുവരുന്നത് പതിനെട്ടര തെരുകളിൽ നിന്നാണ്. അവയിൽ പ്രധാനമായ തെരുവാണ് ചന്ദ്രശേഖരൻ തെരു.

ചന്ദ്രശേഖരൻ സേർ

ഉത്സവത്തിലെ നിവേദ്യത്തിനുള്ള അരി അളക്കാനുള്ള അളവ് സേർ ആണ് ചന്ദ്രശേഖരൻ സേർ. ഇത് കൂടാതെ അമ്മാറക്കൽ സ്ഥാനത്ത് പായസം നിവേദിക്കുന്നതും ഈ സേറിൽ ആണെന്നുള്ള പ്രത്യേകത ഉണ്ട്.

ചന്ദ്രശേഖരൻ തട്ട്

നിവേദ്യത്തിനുള്ള അരി അളന്ന് ചെരിയാനുള്ള ചെമ്പ് തട്ടാണ് ചന്ദ്രശേഖരൻ തട്ട്.

ചന്ദ്രശേഖരൻ ചട്ടുകം

നിവേദ്യം മറ്റ് പാത്രങ്ങളിലേക്ക് മാറ്റാനുള്ള ചെമ്പ് ചട്ടുകമാണ് ചന്ദ്രശേഖരൻ ചട്ടുകം

ചന്ദ്രശേഖരൻ കുടുക്ക

ഉത്സവത്തിന്റെ അവസാന നാളുകളിൽ നടക്കുന്ന ഗൂഢപൂജയായ കലപൂജകൾക്കായി നല്ലൂരിൽ നിന്നും കൊണ്ടു വരുന്ന മൺകലങ്ങൾ ആണ് ചന്ദ്രശേഖരൻ കുടുക്ക.

No comments:

Post a Comment