Saturday, 22 June 2024

പഞ്ചാക്ഷരീമന്ത്രം , പഞ്ചാക്ഷര സ്തോത്രം ഇവ ജപിക്കുന്നത് ശ്രേഷ്ഠം.

#പഞ്ചാക്ഷരീമന്ത്രം , പഞ്ചാക്ഷര സ്തോത്രം ഇവ ജപിക്കുന്നത് ശ്രേഷ്ഠം.🙏🙏🙏

പ്രദോഷ സന്ധ്യയിൽ  ഭഗവാൻ ശിവശങ്കരൻ   നടരാജഭാവത്തിൽ പാർവതീ ദേവിയുടെ മുന്നിൽ ആനന്ദനടനമാടും. പ്രപഞ്ച കേന്ദ്രമായി കരുതപ്പെടുന്ന കൈലാസത്തില്‍ സകലദേവതകളും സന്നിഹിതരായിരിക്കും സർവദോഷങ്ങളെയും നീക്കുന്ന പ്രദോഷസമയത്ത് ഭസ്മധാരണത്തോടെ പഞ്ചാക്ഷരീമന്ത്രം ( ഓം നമഃ ശിവായ ) ജപിച്ച് ശിവക്ഷേത്രദർശനം നടത്തിയാൽ  കൈലാസത്തിൽ എത്തി ദേവതാഗണങ്ങളോടൊപ്പം സത്സംഗത്തിൽ പങ്കെടുത്ത സായൂജ്യം ലഭിക്കുമെന്നാണ് വിശ്വാസം.

ഭഗവാന് ഏറ്റവും പ്രിയങ്കരമായ കൂവളത്തിലയാൽ അർച്ചന, മാല എന്നീ വഴിപാടുകൾ വിശേഷ ഫലം തരും. ക്ഷേത്രദർശനം സാധ്യമല്ലെങ്കിൽ പ്രദോഷ സന്ധ്യയിൽ നിലവിളക്കിനു മുന്നിലിരുന്നു കഴിയുവാവുന്നത്ര തവണ പഞ്ചാക്ഷരീമന്ത്രം , പഞ്ചാക്ഷര സ്തോത്രം ഇവ  ജപിക്കുന്നത് ശ്രേഷ്ഠം .അർഥം മനസ്സിലാക്കി ഭഗവൽ രൂപം മനസ്സിൽ ധ്യാനിച്ചുകൊണ്ടാവണം സ്തോത്രം ജപിക്കേണ്ടത്.

നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരാഗായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ 
തസ്മൈ ന-കാരായ നമഃശിവായ

(നാഗത്തെ മാലയായി ധരിച്ചവനും മൂന്നു കണ്ണോടു കൂടിയവനും  ശരീരം മുഴുവൻ ഭസ്മം ധരിച്ചവനും  മഹേശ്വരനും നാശമില്ലാത്തവനും ശുദ്ധനും ദിക്കുകളെ അംബരമാക്കുന്നവനും   നകാര -ഭൂമി- രൂപിയുമായ ശിവനെ നമിക്കുന്നു. )

മന്ദാകിനീസലിലചന്ദന ചർച്ചിതായ 
നന്ദീശ്വര പ്രമഥനാഥ മഹേശ്വരായ
മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ
തസ്മൈ മ-കാരായ നമഃശിവായ  

(ഒഴുകുന്ന ഗംഗാജലത്താലും ചന്ദനത്താലും അലങ്കരിക്കപ്പെട്ടവനും നന്ദികേശ്വരന്റെയും പ്രമഥന്മാരുടെ നാഥനും മഹേശ്വരനും മന്ദാരം തുടങ്ങിയ പുഷ്പങ്ങളാൽ പൂജിതനും മകാര- ജലം- രൂപിയുമായ ശിവനെ നമിക്കുന്നു.)

ശിവായ ഗൗരീവദനാരവിന്ദ-
സൂര്യായ ദക്ഷാധ്വരനാശകായ
ശ്രീനീലകണ്ഠായ വൃഷധ്വജായ 
തസ്മൈ ശി-കാരായ നമഃശിവായ

 (മംഗള സ്വരൂപനും പാർവതീ ദേവിയുടെ മുഖമാകുന്ന താമരയ്ക്ക് സൂര്യനായവനും ദക്ഷയാഗം മുടക്കിയവനും ഐശ്വര്യമായ നീലകണ്ഠത്തോട്  കൂടിയവനും വൃഷഭത്തെ കൊടിയടയാളമാക്കിയവനും ശികാര -അഗ്‌നി- രൂപിയുമായ ശിവനെ നമിക്കുന്നു.)

വസിഷ്ഠ കുംഭോത്ഭവ ഗൗതമാര്യ- 
മുനീന്ദ്രദേവാർച്ചിതശേഖരായ
ചന്ദ്രാർക്കവൈശ്വാനര ലോചനായ 
തസ്മൈ വ-കാരായ നമഃശിവായ

(വസിഷ്ഠൻ , അഗസ്ത്യൻ , ഗൗതമൻ എന്നീ മുനിമാരാലും ദേവന്മാരാലും പൂജിക്കപ്പെടുന്നവനും ചന്ദ്രൻ , സൂര്യൻ , അഗ്നി എന്നിങ്ങനെ മൂന്നു കണ്ണുകളോടു കൂടിയവനും വകാര- വായു- രൂപിയുമായ ശിവനെ നമിക്കുന്നു )

യക്ഷസ്വരൂപായ ജടാധരായ
പിനാകഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ 
തസ്മൈ യ-കാരായ നമഃശിവായ.

(യക്ഷസ്വരൂപത്തെ ധരിച്ചിരിക്കുന്ന ജടയോടു കൂടിയവനും പിനാകം കൈകളിലേന്തിയവനും സനാതനായവനും ദിവ്യനും ദേവനും ദിഗംബരനും യകാര - ആകാശം- രൂപിയുമായ ശിവനെ നമിക്കുന്നു.) 

ഉപവാസത്തോടെയോ ഒരിക്കലോടെയോ പ്രദോഷവ്രതം അനുഷ്ഠിച്ചാൽ ദാരിദ്ര്യമുക്തി, കീർത്തി, സദ്സന്താനലബ്ധി, ശത്രുനാശം, ആയുസ്സ്, ഐശ്വര്യം, സർവ പാപനാശം എന്നിവയാണ് ഫലങ്ങൾ. വിധിപ്രകാരം പ്രദോഷം അനുഷ്ഠിച്ചാൽ സത്‌ഫലം  കൈവരുമെന്നാണ് വിശ്വാസം.

ഓം ഉമാമഹേശ്വരായ നമഃ

No comments:

Post a Comment