#കാടാമ്പുഴ ഭഗവതിക്ഷേത്രം
മലപ്പുറം ജില്ലയിൽ കോട്ടക്കലിനടുത്ത് മാറാക്കര പഞ്ചായത്തിൽ, കാടാമ്പുഴയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കാടാമ്പുഴ ശ്രീ ഭഗവതിക്ഷേത്രം. ആദിപരാശക്തിയെ കിരാതരൂപത്തിലുള്ള പാർവ്വതി ആയി ഇവിടെ ആരാധിയ്ക്കുന്നു. ഇവിടെ വിഗ്രഹപ്രതിഷ്ഠയില്ല ഒരു കുഴിയുടെ മുകളിലുള്ള കണ്ണാടി മാത്രമാണ് പ്രതിഷ്ഠ. ശ്രീകോവിലിന് മേൽക്കൂരയില്ല. "കാടാമ്പുഴയമ്മ" എന്ന പേരിൽ ഭഗവതി അറിയപ്പെടുന്നുണ്ട്. ഇവിടത്തെ 'പൂമൂടൽ', 'മുട്ടറുക്കൽ' എന്നീ വഴിപാടുകൾ പ്രസിദ്ധമാണ്. ഇവ നടത്തി പ്രാർഥിച്ചാൽ തടസ്സങ്ങൾ മാറി ആഗ്രഹസാഫല്യം ഉണ്ടാകുമെന്നാണ് വിശ്വാസം. വൃശ്ചികമാസത്തിലെ തൃക്കാർത്തിക ഒഴികെ ഉത്സവമോ മറ്റാഘോഷങ്ങളോ ക്ഷേത്രത്തിൽ നടത്തപ്പെടുന്നില്ല. എന്നാൽ എല്ലാ വർഷവും ധനുമാസത്തിലെ (ഡിസംബർ അവസാന ആഴ്ച) ഋഗ്വേദലക്ഷാർച്ചനയും അതോടനുബന്ധിച്ച് കഥകളി ഉൾപ്പെടെയുള്ള കലാപരിപാടികളും നടക്കുന്നു. നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. ഉപദേവതകളായി ശ്രീ ഗണപതി (അദൃശ്യസങ്കല്പം), ശ്രീ ശാസ്താവ്, ശ്രീ നാഗദൈവങ്ങൾ എന്നിവർ ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്നു. മലബാർ ദേവസ്വം ബോർഡിൻറെ കീഴിലാണ് ക്ഷേത്രഭരണം നടത്തിപ്പോരുന്നത്. മലബാർ ദേവസ്വം ബോർഡിൻറെ കീഴിലുള്ള 1340 ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണിത്.
കാടാമ്പുഴ ക്ഷേത്രത്തിന്റെ ഉത്ഭവകാലം വ്യക്തമായി അറിയാൻ രേഖകളില്ല. മുട്ടറുക്കൽ തുടങ്ങിയ ആചാരങ്ങൾ ഉള്ളതിനാൽ ഇത് ഒരു ജൈന-ബുദ്ധ ക്ഷേത്രമായിരുന്നെന്നും അതിനുശേഷം ശങ്കരാചാര്യരുടെ കാലത്ത് ഹൈന്ദവ ക്ഷേത്രമായി പരിവർത്തനം ചെയ്തതായും കണക്കാക്കാം.
പാശുപതാസ്ത്രം സമ്പാദിക്കാൻ അർജ്ജുനൻ പരമശിവനെ ധ്യാനിച്ചു. എന്നാൽ അർജ്ജുനന്റെ അഹങ്കാരം അടങ്ങിയ ശേഷമേ ദിവ്യായുധം നല്കിയിട്ട് ഫലമുള്ളു എന്ന് ശ്രീ പരമശിവൻ തീരുമാനിക്കുകയും അതിനുവേണ്ടി ശ്രീപരമശിവനും ശ്രീ പാർവ്വതിയും കാട്ടാളവേഷത്തിൽ അർജ്ജുനൻ തപസ്സു ചെയ്യുന്ന സ്ഥലത്ത് എത്തുകയും ചെയ്തു. ദുര്യോധനൻ മൂകാസുരൻ എന്ന അസുരനെ, അർജ്ജുനന്റെ തപസ്സ് മുടക്കുവാൻ വേണ്ടി , പന്നിയുടെ വേഷത്തിൽ പറഞ്ഞയച്ചു. ഇതു കണ്ടുനിന്ന ശ്രീപരമശിവൻ പന്നിയെ അമ്പെയ്തു. ഉപദ്രവിയ്ക്കാൻ വന്ന പന്നിയെ അർജ്ജുനനും അമ്പെയ്തു വീഴ്ത്തി. പന്നിയെ കൊന്ന അവകാശവാദവുമായി ശ്രീപരമശിവനും അർജ്ജുനനും തമ്മിൽ യുദ്ധമായി. അമ്പുകളേറ്റ് ശ്രീപരമശിവന്റെ ശരീരം കീറിമുറിഞ്ഞപ്പോൾ ശ്രീ പാർവ്വതി അർജ്ജുനനെ ശപിച്ചു - എയ്യുന്ന ശരങ്ങൾ പുഷ്പങ്ങളായി വർഷിക്കട്ടെ. കാട്ടാളവേഷത്തിൽ വന്നിരിക്കുന്നതു ശ്രീപരമ ശിവനും ശ്രീ പാർവ്വതിയുമാണെന്ന് മനസ്സിലാക്കിയ അർജ്ജുനൻ സാഷ്ടാംഗം പ്രണമിച്ച് മാപ്പപേക്ഷിച്ചു. ശ്രീപരമശിവനും ശ്രീ പാർവ്വതിയും സന്തുഷ്ടരായി പാശുപതാസ്ത്രം സമ്മാനിച്ചു. ആ കാട്ടാളസ്ത്രീയുടെ ഭാവമാണ് കാടാമ്പുഴ ഭഗവതിയ്ക്ക്. അർജ്ജുനബാണങ്ങൾ പൂക്കളായി വർഷിച്ചതിന്റെ സ്മരണയ്ക്കായി പ്രതിഷ്ഠയ്ക്കു ശേഷം ശ്രീ ശങ്കരാചാര്യരാണ് പൂമൂടൽ ചടങ്ങ് ആരംഭിച്ചത് എന്നാണ് ഐതിഹ്യം.
ക്ഷേത്രത്തിൽ ദേവീപ്രതിഷ്ഠ നടത്തിയത് ശ്രീ ശങ്കരാചാര്യരാണെന്ന് വിശ്വസിക്കപ്പെടുന്നു. കിരാതപാർവ്വതീദേവിയുടെ ഉഗ്രഭാവം കുറയ്ക്കുവാൻ വേണ്ടി പ്രതിഷ്ഠാവേളയിൽ സുദർശനമന്ത്രവും നരസിംഹമന്ത്രവും ജപിച്ചു പ്രീതിപ്പെടുത്തുകയും ദേവിയുടെ അമിതതേജസ്സിനെ നിയന്ത്രിച്ച് ശ്രീകോവിലിന്റെ മദ്ധ്യത്തിൽ കാണുന്ന ദ്വാരത്തിലേക്ക് സന്നിവേശിപ്പിച്ച് ശാന്തസ്വരൂപിണി ആക്കിത്തീർക്കുകയും ചെയ്തു എന്നാണു വിശ്വാസം. ദേവി ഒരിക്കലും ഉഗ്രസ്വരൂപിണി ആകാതിരിക്കാൻ സുദർശനത്തേയും നരസിംഹത്തേയും ദേവിക്ക് അഭിമുഖമായി പ്രതിഷ്ഠിച്ചു എന്നാണു ഐതിഹ്യം.
വിഗ്രഹമില്ല എന്നത് ഒരു പ്രത്യേകത ആണ് , പടിഞ്ഞാറോട്ടാണ് ദർശനം. കിരാതപാർവ്വതിസങ്കല്പമാണ് പ്രധാനമെങ്കിലും വനദുർഗ്ഗാഭാവവും ദേവിയ്ക്കുണ്ട്. അതിനാൽ ശ്രീകോവിലിന് മേൽക്കൂരയില്ല.
ഒരേ വിഗ്രഹത്തിൽ തെക്കോട്ട് ദർശനമായി ശ്രീ നരസിംഹമൂർത്തിയെയും വടക്കോട്ട് ദർശനമായി ശ്രീ സുദർശനമൂർത്തിയെയും ശ്രീകോവിന്റെ മുന്നിൽ ഉയർന്നുകാണുന്ന തറയിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ദേവിയ്ക്കൊപ്പം അദൃശ്യസാന്നിദ്ധ്യമായി ശ്രീ ഗണപതിയുടെ സങ്കല്പവുമുണ്ട്. ശ്രീകോവിലിന്റെ വടക്കുഭാഗത്ത് ശ്രീ നാഗകന്യകയുടെയും തെക്കുഭാഗത്ത് ശ്രീ പൂർണ്ണാപുഷ്കലാസമേതനായ ശ്രീ ശാസ്താവിന്റെ യും പ്രതിഷ്ഠകളുണ്ട്.
ക്ഷേത്രത്തിൽ നിന്ന് അല്പം പടിഞ്ഞാറുമാറി മാടമ്പിയാർക്കാവ് എന്ന പേരിൽ ഒരു ചെറിയ ശിവക്ഷേത്രവുമുണ്ട്. കിരാതമൂർത്തിയായ ശ്രീപരമ ശിവനാണ് ഇവിടെ മുഖ്യപ്രതിഷ്ഠ. ദേവിയ്ക്കൊപ്പം ഇവിടെയെത്തിയ ശ്രീപരമശിവനാണ് ഇതെന്ന് വിശ്വസിച്ചുവരുന്നു. കൂടാതെ ശ്രീകൃഷ്ണൻ, ശ്രീ ഭദ്രകാളി, ശ്രീ നാഗദൈവങ്ങൾ, ശ്രീ ശാസ്താവ്, ശ്രീ ഗണപതി എന്നിവരും പ്രതിഷ്ഠകളായുണ്ട്. എല്ലാവരും കിഴക്കോട്ട് ദർശനമായാണ് കുടികൊള്ളുന്നത്.
ദിവസേന മൂന്ന് പൂജയുണ്ട്. ഉച്ചപൂജയ്ക്കു മുമ്പ് പൂമൂടൽ. മൂന്നാമത്തെ പൂജ അസ്തമയത്തിനു മുമ്പ് കഴിയണം എന്നാണ് ചിട്ട. തന്ത്രം അണ്ടലാടി മനയ്ക്കാണ്
മുട്ടറുക്കൽ
പ്രധാന വഴിപാട് “മുട്ടറുക്കൽ‘ ആണ്. ശ്രീകോവിലിന് മുന്നിലെ ഒരു കല്ലിൽ ശാന്തിക്കാരൻ നാളികേരമുടച്ച് നടത്തുന്നതാണ് ഈ വഴിപാട്. കേരളത്തിൽ ഏറ്റവും കൂടുതൽ മുട്ടറുക്കൽ നടക്കുന്നത് കാടാമ്പുഴയിലാണ് ,പുറത്തുനിന്നും നാളികേരം വാങ്ങി തേങ്ങ മുക്കാൻ പ്രത്യേകം പണി കഴിപ്പിച്ച ടാങ്കിൽ മുക്കിയാണ് ഭക്തൻ ക്ഷേത്രത്തിനുള്ളിൽ കടക്കേണ്ടത്. നാളും, പേരും, മുട്ടറുക്കൽ എന്തിനോ അതും പറഞ്ഞ് ശാന്തിക്കാരൻ ശ്രീകോവിലിൽ നാളികേരം ഉടയ്ക്കുന്നു. ഉടയ്ക്കുന്നതനുസരിച്ച് ശരിയായോ, ദോഷം തീർന്നോ എന്നു മനസ്സിലാക്കുന്നു. നാളികേരത്തിന്റെ രണ്ട് മുറികളും വഴിപാടുകാരനു തന്നെ നൽകുന്നു. ഭൂമിമുട്ട്, ഗൃഹമുട്ട്, വിദ്യാമുട്ട്, മംഗലമുട്ട്, സന്താനമുട്ട്, ശത്രുമുട്ട്, വാഹനമുട്ട് എന്ന് പല മുട്ടറുക്കൽ വഴിപാട് നടത്തുന്നുണ്ട്
പൂമൂടൽ
മറ്റൊരു വഴിപാടാണ് പൂമൂടൽ. ഒരു ദിവസം ഒരാൾക്കു മാത്രമേ ഈ വഴിപാട് നടത്തുകയുള്ളു. ദേവിക്ക് ആദ്യ പൂമൂടൽ നിർവഹിച്ചത് ശ്രീ ശങ്കരാചാര്യരാണെന്നാണ് ഐതിഹ്യം. കാട്ടുച്ചെത്തി പൂക്കൾ കൊണ്ടാണു പൂമൂടൽ. അതുകൊണ്ട് ക്ഷേത്രത്തിൽ ചെത്തിപ്പൂവിന് പ്രാധാന്യമേറെയുണ്ട്. ഉച്ചപൂജ സമയത്താണ് പൂമൂടൽ നടത്തുന്നത്.
No comments:
Post a Comment