പരവൂര്‍ :ഓണം അടുത്തതോടെ ലേബലുകൾ ഇല്ലാത്ത പായ്ക്കറ്റ് ഭക്ഷ്യ ഉൽപ്പന്നങ്ങൾ വ്യാപകമായി വില്പന നടത്തുന്നു. ബേക്കറി സാധനങ്ങളും നിത്യപയോഗസാധനങ്ങളുമാണ് പായ്ക്കറ്റിനുള്ളിലാക്കി ലേബലുകൾ ഒട്ടിക്കാതെ വില്പന നടത്തിവരുന്നത്. \
പരവൂര്‍ നഗരത്തിലും വിവിധ പഞ്ചായത്തുകളിലുമാണ് ഇത്തരം ഭക്ഷ്യസാധനങ്ങൾ കടകളിൽ വിറ്റഴിയുന്നത്.
ഭക്ഷ്യസാധനങ്ങൾ ഉൽപ്പാദിപ്പിക്കപ്പെടുന്ന വ്യക്തികളുടെയോ സ്ഥാപനത്തിന്റെയോ പേര് വെളിപ്പെടുത്താതെയും, ഇത് എന്ന് വരെ ഉപയോഗിക്കാം എന്നുള്ള വർഷവും തീയതിയും ഇല്ലാതെയാണ് പായ്ക്കറ്റുകൾ ഇറങ്ങുന്നത്.
പായ്ക്കറ്റ് സാധനങ്ങളിൽ ഉല്പാകന്റെ പേര്, രജി.നമ്പർ, തയ്യാറാക്കിയ തീയതി, എന്നുവരെ ഉപയോഗിക്കാം, വില, അളവ് എന്നിവ രേഖപ്പെടുത്തേണ്ടതാണ്. എന്നാൽ ലേബലുകൾ ഇല്ലാതെ വിവിധയിനം ചിപ്സുകൾ, ഉണ്ണിയപ്പം, കടലകൾ, ചെറിയ കേക്കുകൾ തുടങ്ങിയവയാണ് കൂടുതലായി കണ്ടുവരുന്നത്. വേണ്ടത്ര ഗുണനിലവാരം ഇല്ലാത്ത ഭക്ഷ്യസാധനങ്ങളാണ് ഈ തരത്തിൽ ലേബലുകളില്ലാതെ വ്യാപാരസ്ഥാപനങ്ങളിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. പഴകിയ എണ്ണയും മറ്റും ഉപയോഗിച്ചാണ് പായ്ക്കറ്റ് ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നത്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ചില പായ്ക്കറ്റുനുള്ളിൽ പേരിനുമാത്രം വ്യക്തമല്ലാത്ത ചെറിയ ലേബൽ കാണാം.കുട്ടികളും മുതിർന്നവരും ഭക്ഷ്യസാധനങ്ങൾ വാങ്ങിക്കുകയും അത് ഉപയോഗിച്ചുകഴിഞ്ഞാലുടൻ ചില അസ്വസ്ഥതകൾ അനുഭവപ്പെടുന്നതായും പറയുന്നു. ബസ് സ്റ്റാൻഡുകളും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ചുള്ള ചെറിയ ചെറിയ കടകളിലാണ് ഇത്തരം പായ്ക്കറ്റ് ഉല്പന്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. സാധനങ്ങൾ വാങ്ങാനെത്തുന്നവർ ലേബലുകളോ മറ്റോ നോക്കാതെയാണ് പായ്ക്കറ്റ് ഉല്പന്നങ്ങൾ വാങ്ങിക്കൊണ്ടുപോകുന്നത്. ആരോഗ്യവകുപ്പ് വേണ്ടത്ര അനേ്വഷണമോ പരിശോധനയോ നടത്തുന്നില്ല. പ്ലാസ്റ്റിക് നിരോധനം നിലനിൽക്കുമ്പോഴും ചിപ്സുകളടക്കമുള്ള ഭക്ഷ്യസാധനങ്ങൾ പ്ലാസ്റ്റിക് കവറുകളിലാണ് വ്യാപാരസ്ഥാപനങ്ങളിൽ എത്തുന്നത്.
No comments:
Post a Comment