കൊട്ടിയം : കുട്ടിക്കട കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 2294-ാം നമ്പർ മയ്യനാട് സർവീസ് സഹകരണ ബാങ്കിൽ സെക്രട്ടറിയും ചില ഭരണ സമിതി അംഗങ്ങളും ചേർന്ന് വ്യാജരേഖകൾ ചമച്ച് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ സെക്രട്ടറിയടക്കം മൂന്നു ജീവനക്കാരെ സസ്പെൻറ് ചെയ്തു.ബാങ്ക് സെക്രട്ടറിയും സി.പി.എം.അക്കരത്തോടം ബ്രാഞ്ച് സെക്രട്ടറിയുമായ രാധാകൃഷ്ണൻ, അക്കൗണ്ടൻ്റ് സിത്ത്, ഡ്രൈവറും സി.പി.എം. ധവളക്കുഴി ബ്രാഞ്ച് സെക്രട്ടറിയുമായ സിജോ മൈക്കിൾ എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്.സഹകരണ സംഘം ജോയിൻ്റ് രജിസ്റ്റാറുടെ ഉത്തരവ് പ്രകാരം സഹകരണ സംഘം അസി. രജിസ്റ്റാർ കാര്യാലയത്തിലെ സീനിയർ ഇൻസ്പെക്ടർ നടത്തിയ അന്വേഷണത്തിൽ ഇവർ കുറ്റക്കാരാണന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.ബാങ്ക് സെക്രട്ടറിയും ഏതാനും ജീവനക്കാരും ചേർന്ന് ബന്ധുക്കൾക്ക് വഴിവിട്ട് വായ്പകൾ നൽകിയതിൽ ബാങ്കിന് കോടികളുടെ സാമ്പത്തിക നഷ്ടമുണ്ടായതായാണ് കണ്ടെത്തിയത്.തുശ്ചമായ വിലയ്ക്ക് വാങ്ങിയ ചതുപ്പ് ഭൂമി വ്യാജ വാല്യുവേഷൻ റിപ്പോർട്ടുണ്ടാക്കി ബാങ്കിൽ ഈട് വച്ച് ലക്ഷങ്ങൾ തട്ടിയെടുത്തതായാണ് അന്വേഷണത്തിൽ വെളിവായത്. വായ്പാ തട്ടിപ്പിൽ മയ്യനാട്ടെ പ്രമുഖ സി.പി.എം, ഡി.വൈ.എഫ്.ഐ.നേതാക്കൾക്ക് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടും പാർട്ടി അച്ചടക്ക നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. ബാങ്ക് സെക്രട്ടറി രാധാകൃഷ്ണൻ തൻ്റെ ഔദ്യോഗിക അധികാരം ദുരുപയോഗപ്പെടുത്തി ബന്ധുക്കൾക്ക് വഴിവിട്ട് വായ്പ നൽകുകയായിരുന്നു. സെക്രട്ടറിയുടെ ഭാര്യ നിഷ, ഭാര്യ സഹോദരൻ ഡി.വൈ.എഫ്.ഐ. മയ്യനാട് മേഖല സെക്രട്ടറിയും,കൊട്ടിയം ഏര്യാ കമ്മിറ്റി ട്രഷററും, സി.പി.എം. മയ്യനാട് ലോക്കൽ കമ്മിറ്റി അംഗവുമായ ആർ.രവി രാജ്, ഇവരുടെ ബന്ധു സി.ഗീത എന്നിവർ ചേർന്ന് ചതുപ്പ് ഭൂമി ഈട് വച്ച് വായ്പയെടുത്തതിൻ്റെ ബാധ്യത 5496408 രൂപയോളമുണ്ട്.ഇതിനൊപ്പമുള്ള ബാക്കി ചതുപ്പ് ഈട് വച്ച് സുനിൽകുമാർ, അഭിനന്ദ്, നീന, പ്രമോദ് കുമാർ എന്നിവർഎടുത്ത വായ്പയുടെ ബാധ്യത 64,07688 രൂപയായി വർദ്ധിച്ചു.
സംഘം സെക്രട്ടറിയും ഏതാനും ഭരണ സമിതി അംഗങ്ങളും ചേർന്ന് നടത്തിയ വായ്പ തട്ടിപ്പ് കണ്ടെത്തി ജന്മഭൂമി വാർത്ത പ്രസിദ്ധീകരിച്ചതോടെ വലിയ പ്രതിഷേധമുയർന്നു.ഇതിനെ തുടർന്ന് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സഹകരണ സംഘം ജോയിൻ്റ് രജിസ്ട്രാർ 2021 സെപ്റ്റംബർ 15 നാണ് ഉത്തരവായത്. സഹകരണ സംഘം അസി. രജിസ്ട്രാർ കാര്യാലയത്തിലെ സീനിയർ ഇൻസ്പെപെക്ടർ എം.ജി.അരുൺ ആണ് കേരള സഹകരണ നിയമവകുപ്പ് 66 (1) പ്രകാരം അന്വേഷണം നടത്തിയത്.സർക്കാർ രേഖകളിൽ വെറ്റ്ലാലാൻ്റ് ആയി രേഖപ്പെടുത്തിയിട്ടുള്ള വസ്തു ഈട് വച്ച് വ്യാജവാലുവേഷൻ റിപ്പോർട്ടിലൂടെ അധിക നിരക്കിൽ കമ്പോള വില നിശ്ചയിച്ച് ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയെടുത്തതായാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ജാമ്യ വസ്തുവിന് ഒരു ആറിന് 2855 രൂപ വിലയുള്ളതും ഫെയർ വാല്യൂ നിരക്ക് വെറ്റ്ലാലാൻ്റിന് ഒരു ആർ ന് 40000 രൂപ സർക്കാർ നിശ്ചയിച്ചിട്ടുള്ളതുമാണ്.ഈ വസ്തുവിന് ഒരു ആർ ന് 9.76 ലക്ഷം വിലവച്ച് 92 ലക്ഷത്തിൻ്റെ കമ്പോള വില നിശ്ചയിച്ച് നൽകിയ റിപ്പാർട്ടിലാണ് സെക്രട്ടറിയുടെ ഭാര്യയ്ക്കും ബന്ധുക്കൾക്കുമായി 2018 ജനുവരി 25ന് കൂടിയ ഭരണസമിതി വായ്പ അനുവദിച്ചത്.ഇതിനൊപ്പം ചേർന്നു കിടക്കുന്ന ബാക്കി വസ്തുവിന് 1.12 ആർ വസ്തുവിന് 12 .50 ലക്ഷം കമ്പോള വില നിശ്ചയിച്ച് നൽകിയ റിപ്പോർട്ടിൽ 2017 ഒക്ടോബർ 31 ന് കൂടിയ ഭരണസമിതി നാലുപേർക്കായി 40 ലക്ഷവും വായ്പ നൽകി.
ബന്ധുക്കളുടെ പേരിൽ വായ്പ അനുവദിച്ചെങ്കിലും തുക സെക്രട്ടറിയുടെ പേരിലുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്ക് വന്നതായും ഈ തുക മയ്യനാട് ആർ.സി. ബാങ്കിൽ നിന്നും മാറ്റിയെടുത്തിട്ടുള്ളതായും അന്വേഷണത്തിൽ കണ്ടെത്തി.
രാധാകൃഷ്ണൻ ഭാര്യയ്ക്കും ബന്ധുക്കൾക്കും വായ്പ അനുവദിക്കുന്നതിന് സംഘം ഭരണ സമിതിയുമായി ചേർന്ന് ജാമ്യ വസ്തുവിന് അധിക നിരക്കിൽ കമ്പോള വില നിശ്ചയിച്ച് വായ്പ എടുക്കുന്നതിന് സഹായിച്ചിട്ടുള്ളതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
No comments:
Post a Comment