Thursday, 3 August 2023

അന്യസംസ്ഥാന തൊഴിലാളികളെ പാർപ്പിക്കുന്ന ലേബർ ക്യാമ്പുകൾ കൂണുകൾ പോലെ നാടാകെ നിരന്നിട്ടും അധികൃതർക്ക് നടപടികളൊന്നുമില്ല

കൊട്ടിയം : അന്യസംസ്ഥാന തൊഴിലാളികളെ പാർപ്പിക്കുന്ന ലേബർ ക്യാമ്പുകൾ കൂണുകൾ പോലെ നാടാകെ നിരന്നിട്ടും അധികൃതർക്ക് നടപടികളൊന്നുമില്ല. ഇവിടങ്ങളിൽ താമസിക്കുന്നവരെ സംബന്ധിച്ച വിവരങ്ങളൊന്നും അധികൃതരുടെ കൈവശമില്ലാ എന്നത് സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നാട്ടുകാരിൽ ഭീതി ഉളവാക്കുന്നു.
                 മയ്യനാട്, ആദിച്ചനല്ലൂർ, തൃക്കോവിൽവട്ടം, നെടുമ്പന പഞ്ചായത്തുകളിലായി അഞ്ഞൂറിലേറെ ലേബർ ക്യാമ്പുകൾ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. ഇരുപത്തി അയ്യായിരത്തിലേറെ അന്യസംസ്ഥാന തൊഴിലാളികൾ ഈ പഞ്ചായത്തുകളിൽ മാത്രമുണ്ടെന്ന് ഉദ്യോഗസ്ഥർ തന്നെ രഹസ്യമായി പറയുന്നു.മാനുഷികമായ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെയാണ് ലേബർ ക്യാമ്പുകളിൽ ഭൂരിപക്ഷവും.ഏറെയും ജനസാന്ദ്രത കൂടിയ മേഖലകളിലാണ് താനും.പരിസരവാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. നിരവധി പരാതികൾ അധികൃതർക്ക് നൽകിയിട്ടും നടപടികളൊന്നും ഇന്നുവരെ ഉണ്ടായിട്ടില്ല.ഡങ്കിപ്പനി മുതൽ മലേറിയ വരെ ഇവിടങ്ങളിൽ പടർന്നു പിടിയ്ക്കുന്നു.രാഷ്ട്രീയ സ്വാധീനം കാരണം ഉദ്യോഗസ്ഥർക്ക് അനധികൃത ക്യാമ്പുകൾക്കെതിരെ നടപടികളെടുക്കാനും കഴിയില്ല. അന്യസംസ്ഥാന തൊഴിലാളികൾക്ക് കിടക്കാനിടം നൽകി മാസം തോറും ലക്ഷങ്ങൾ സമ്പാദിക്കുന്നവർ നിരവധി. യാതൊരു മാനദണ്ഡവുമില്ലാതെ അനധികൃതമായുള്ള ക്യാമ്പുകൾ കാരണം പഞ്ചായത്തുകൾക്ക് നഷ്ടമാകുന്നതും ലക്ഷങ്ങൾ തന്നെ.
                                                       കൊവിഡ് കാലത്ത് അതിഥി തൊഴിലാളികളായി കണ്ട് ക്യാമ്പുകളെക്കുറിച്ച് വിവരശേഖരണം നടത്തുകയും ഭക്ഷ്യധാന്യ വിതരണം നടത്തുകയും ചെയ്തിരുന്നു. കോ വിഡ് കഴിഞ്ഞതോടെ ക്യാമ്പുകളിലുണ്ടായിരുന്ന പലരും നാട്ടിലേക്ക് പോകുകയും പുതുതായി പലരും എത്തുകയും ചെയ്തു.കഴിഞ്ഞ ഏതാനും വർഷം മുമ്പ് പൊലീസ് സ്റ്റേഷനുകളിൽ ഇവരെ സംബന്ധിച്ചുള്ള വിവരങ്ങൾ ഉണ്ടായിരുന്നു.ഇവർ ജോലി നോക്കുന്ന സ്ഥാപനങ്ങളിലെ ഉടമകൾ അന്തർ സംസ്ഥാന തൊഴിലാളികളുടെ ഐ.ഡി.കാർഡിൻ്റെ പകർപ്പും ഫോട്ടോയും സ്റ്റേഷനിൽ നൽകണമായിരുന്നു. ആദ്യമൊക്കെ രജിസ്ട്രേഷൻ ഫലപ്രദമായി നടന്നെങ്കിലും പിന്നിട് മുടങ്ങിപ്പോകുകയായിരുന്നു.അന്തർ സംസ്ഥാന തൊഴിലാളികളെ കൂടാതെ അയൽ രാജ്യങ്ങളിൽ നിന്നുള്ളവരും ക്യാമ്പുകളിൽ കഴിയുന്നെണ്ടാണ് പറയുന്നത്. കുറ്റകൃത്യങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് പൊലീസ് ഇവരെ അന്വേഷിച്ചിറങ്ങുന്നത്. സർക്കാർ വക മദ്യവിൽപ്പനശാലകളിൽ നിന്നും മദ്യം വാങ്ങി ചില്ലറ വിൽപ്പന നടത്തുന്നവരും, നിരോധിത പുകയില ഉൽപ്പന്നങ്ങളും, മയക്കുമരുന്നും നാട്ടിൽ നിന്നും കൊണ്ടുവന്ന് വിൽപ്പന നടത്തുന്നവർ വരെ അന്തർ സംസ്ഥാന തൊഴിലാളികൾക്കിടയിലുണ്ടെന്നാണ് പറയുന്നത്. കണ്ണനല്ലൂർ പോലീസ് ഇത്തരത്തിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
 ആരോഗ്യവകുപ്പ് അധികൃതർക്കും ഇവരുടെ ക്യാമ്പുകളെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നുമില്ല. ഇതിനാൽ ക്യാമ്പുകളിൽ പരിശോധന നടത്താനോ ശുചീകരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ നിർദ്ദേശം നൽകുന്നതിനോ ആരോഗ്യ വകുപ്പിന് കഴിയുന്നില്ല. പല യിടത്തും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ക്യാമ്പുകളുടെ പ്രവർത്തനം.അന്തർ സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലെ ദുരിത ജീവിതം കണ്ടെത്തി ആരോഗ്യ വകുപ്പ് അധികൃതർ പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്താലും റിപ്പോർട്ടുകൾ പുറം ലോകം കാണാറില്ല. കൂണുപോലെ മുളച്ചുപൊങ്ങുന്ന അന്തർ സംസ്ഥാന തൊഴിലാളി ക്യാമ്പുകളെക്കുറിച്ചും, താമസക്കാരെക്കുറിച്ചും, അവരുടെ തൊഴിലിനെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുവാൻ അധികൃതർ തയ്യാറാകണമെന്നാണ് ആലുവാ സംഭവത്തോടെ ഉയർന്നു വരുന്നത്. 

No comments:

Post a Comment