Saturday, 26 August 2023

ഓണരസത്രം കെങ്കേമമായി

ഓണരസത്രം കെങ്കേമമായി

ചാത്തന്നൂർ :ശാസ്ത്രീയ പാചകത്തിന്റെയും പാചക പഠനത്തിന്റെയും , വീട്ടുപാചകത്തിലെ കൂട്ടുത്തരവാദിത്തത്തിന്റെയും പ്രാധാന്യം രക്ഷിതാക്കളെയും സമൂഹത്തെയും ബോധ്യപ്പെടുത്താനുള്ള   ഒരവസരം കൂടി ഓണം തുറന്നിടുന്നുണ്ട്  എന്ന സന്ദേശം പകർന്നുകൊണ്ടാണ്
 കോയിപ്പാട് എൽ പി എസിൽ ഇത്തവണ  ഓണം ആഘോഷിച്ചത്. 
ഓണ രസതന്ത്രത്തിന്റെ ഭാഗമായുള്ള പാചകോത്സവം 
 രക്ഷിതാക്കൾ പത്ത് ടീമായി തിരിഞ്ഞാണ് പങ്കാളിത്തം ശ്രദ്ധേയമാക്കിയത്. 
ഉപയോഗിച്ചതെല്ലാം തന്നെ നാടൻ പച്ചക്കറികൾ.  രക്ഷിതാക്കൾ  തയ്യാറാക്കിയ പയർ, ചീര, അഗസ്തിപ്പൂവ്, പച്ചക്കായ തോരനുകൾ അതീവ ഹൃദ്യമായിരുന്നു.
 സാമ്പാർ മെഴുക്കു പെരട്ടി, കടുമാങ്ങ, സാലഡ് തുടങ്ങിയവയും രുചിയിൽ മുന്നിൽ തന്നെ ആയിരുന്നു. രക്ഷിതാക്കൾ എല്ലാം ചെയ്ത് ഒരുക്കിയത് തൽസമയമായി
ട്ടായിരുന്നു.
റിട്ട ഹെൽത്ത് ഇൻസ്പെക്ടറും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയിലെ വിദ്യാഭ്യാസ വിചക്ഷണനുമായ കെ പ്രസാദിന്റെ നേതൃത്വത്തിൽ അധ്യാപകരടക്കമുള്ള ഒരു ജഡ്ജിങ് പാനൽ പ്രത്യേകം പ്രവർത്തിച്ചിരുന്ന വിഭവങ്ങളും പാചക രീതിയും ഗ്രേഡ് ചെയ്തു. തുടർന്ന് നടന്ന ബോധവൽക്കരണ ക്ലാസിലൂടെ പാചകത്തിലെ രസതന്ത്രം ബോധ്യപ്പെടുകയും കൂടുതൽ അറിവ് പകരുകയും തിരിച്ചറിവുകളിലേക്ക് നയിക്കുകയും ചെയ്തു. കടുക് താളിക്കുമ്പോഴും ഉപ്പിടുമ്പോഴും പച്ചക്കറി അരിയുമ്പോഴും വിറ്റാമിനുകൾ ,അയഡിൻ  തുടങ്ങിയ ഘടകങ്ങൾ നഷ്ടപ്പെടുന്നതെങ്ങനെ? എണ്ണയുടെ ആവർത്തന ഉപയോഗം, ആവർത്തിച്ചുള്ള ചൂടാക്കൽ, തുടങ്ങിയ അശാസ്ത്രീയതകൾ കൃത്യം കൃത്യമായിത്തന്നെ ബോധ്യപ്പെടുത്തി. ഓണത്തിന്റെ രസതന്ത്രം വിദ്യാലയം അർത്ഥവത്താക്കിയതിനു പിന്നിൽ മറ്റൊന്നുകൂടി യുണ്ടായിരുന്നു.  പാചകോത്സവത്തിൽ രക്ഷിതാക്കൾ തയ്യാറക്കിയ വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഗംഭീര ഓണസദ്യയാണ് പിന്നീട് അരങ്ങേറിയത്. കലാ-കായിക പരിപാടികളും അനുബന്ധമായി ഓണക്കളികളായി ചടങ്ങ് കൊഴുപ്പിച്ചു. പാചകമത്സരത്തിൽ ശിവദേവ്, ശിവജി എന്നീ കുട്ടികളുടെ അമ്മൂമ്മയായ  ശ്രീമതി യമുനയാണ് വിജയിയായത്. 
ഇന്ധനവും സമയവും ലാഭിച്ച് ചോറ് വേവിക്കാനുള്ള  ചൂടാറാപ്പെട്ടി  ഒന്നാം സമ്മാനമായി നൽകി. അതും ഒരു  വേറിട്ട അനുഭവമായി. മത്സരത്തിൽ പങ്കെടുത്ത എല്ലാ രക്ഷിതാക്കൾക്കും പ്രോത്സാഹന സമ്മാനവും ഉണ്ടായിരുന്നു.  
ഒന്നാം ക്ലാസിലെ മണവും മധുരവും രണ്ടാം ക്ലാസിലെ അറിഞ്ഞു കഴിക്കാം , മൂന്നാം ക്ലാസിലെ രുചിയോടെ കരുത്തോടെ, നാലാം ക്ലാസിലെ താളും തകരയും എന്നീ പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തി നടത്തിയ പ്രവർത്തനം വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും മികച്ച ഒരു അക്കാദമിക അനുഭവവുമായി. പ്രഥമാധ്യാപിക കനകലത, അധ്യപകരായ സൈജ, നിധി, പ്രേമലത, ലേജു, വാർഡ് മെമ്പർ ഷൈനി ജോയ്,  വിദ്യാലയ വികസനസമിതി കൺവീനർ മോഹൻലാൽ , വികസന സമിതി  അംഗമായ രാധാകൃഷ്ണൻ , അനിൽ , സോഫി, അഫ്സാന , പ്രസാദ്, രാജശേഖരൻ , ജയചന്ദ്രൻ പി ടി എ പ്രസിഡണ്ട് ശരണ്യ, ചാത്തനൂർ ബി പി സി ആശ, ജീവനക്കാരായ ഗിരിജ, വസന്തകുമാരി , രാജേശ്വരി  എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഫോട്ടോ: പാചക മത്സരത്തിൽ വിജയിയായ ശിവദേവിൻ്റെയും ശിവജിയുടെയും അമ്മൂമ്മ യമുന  ,വാർഡ് മെമ്പർ ഷൈനി ജോയിയിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങിയപ്പോൾ

No comments:

Post a Comment