കൊല്ലം: തട്ടിപ്പിന്റെ പുതിയ തന്ത്രവുമായി കുട്ടി 'പിച്ചക്കാര്' നഗരത്തിലിറങ്ങി. തോളില്‍ സഞ്ചിയും തൂക്കി ഏതോ മുന്തിയ സ്കൂളില്‍ പഠിക്കുന്ന ലുക്കോടെ അവര്‍ ഒറ്റയ്ക്കും കൂട്ടായും നിങ്ങളെ സമീപിക്കും. 'ചേട്ടാ.. സാര്‍... ഒരു ഇരുപതു രൂപ തരുമോ...പേഴ്സ് കളഞ്ഞുപോയി...' എന്നായിരിക്കും ഇവര്‍ ചോദിക്കുക. കണ്ടാല്‍ നല്ല വീട്ടിലെ പിള്ളേരെന്നു കരുതി പത്തും ഇരുപതും ചിലപ്പോള്‍ അമ്പതും കൊടുത്ത് അവരെ സന്തോഷത്തോടെ യാത്രയാക്കും. ഒറ്റ ചോദ്യത്തില്‍ പണം കിട്ടിയ പെരുത്ത സന്തോഷത്തോടെ അവരും ഒന്നുമറിയാത്തതുപോലെ മടങ്ങും.
പിന്നീട് സംഘം ഒത്തുചേര്‍ന്നു പണം തിട്ടപ്പെടുത്തി വീതിച്ചെടുക്കും. റെയില്‍വേ സ്റ്റേഷന് പരിസരത്തും ഷോപ്പിങ് മാളുകള്‍ക്കു മുന്നിലും ഇവരെ കാണാം. പുതിയൊരു തട്ടിപ്പിന്റെ ന്യൂ ജനറേഷന് തന്ത്രമാണിവരുടേത്. മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരം രൂപവരെ സംഘടിപ്പിക്കുന്നതാണ് ഈ തട്ടിപ്പ്. യഥാര്‍ഥത്തില്‍ ഇവര്‍ വിദ്യാര്‍ഥികള്‍ തന്നെയാണോയെന്ന കാര്യത്തിലും സംശയമുണ്ട്. സിനിമാ കാണാനും ബിരിയാണി വിഴുങ്ങാനും അല്‍പ്പം ബിയറും വൈനും മോന്താനും കൈ നനയാതെ പണം സമ്പാദിക്കുന്നവരാണിവര്‍. നഗരത്തില്‍ വരുന്ന പലരും ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്.
ചെറിയ തുകകളാണു പലര്‍ക്കും നഷ്ടപ്പെടുന്നതെങ്കില്‍ ഇവര്‍ക്കു ലഭിക്കുന്നതാകട്ടെ പലരില്‍നിന്നായി വലിയൊരു തുകയും. ഇങ്ങനെ നിമിഷനേരത്തിനുള്ളില്‍ സമ്പാദിക്കുന്ന പണം കഞ്ചാവിനും മയക്കുമരുന്നിനും ഉപയോഗിക്കുന്നതായും സംശയിക്കുന്നു. ഈ ന്യൂ ജനറേഷന് കുട്ടി 'പിച്ചക്കാര്' ഇനി നിങ്ങളെ സമീപിക്കുമ്പോള്‍, ചെറിയ തുകയായാലും തട്ടിപ്പിനിരയാകുന്ന നാണക്കേടോര്‍ത്തു സങ്കടപ്പെടേണ്ടെങ്ങില് ജാഗ്രതൈ.
No comments:
Post a Comment