ചാത്തന്നൂർ : ഓയൂര്‍ മേഖലയില്‍ സ്വകാര്യ ബസുകള്‍ വൈകുന്നേരങ്ങളില്‍ വിദ്യാര്‍ഥികളെ പെരുവഴിയില്‍ ഇറക്കിവിടുന്നതായി പരാതി. ചാത്തന്നൂര്‍-ഇത്തിക്കര-ഓയൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ വൈകുന്നേരം അഞ്ച് കഴിഞ്ഞുള്ള ട്രിപ്പുകള്‍ മുടക്കുന്നതോടെയാണ് വിദ്യാര്‍ഥികള്‍ പെരുവഴിയിലാകുന്നത്.
ചാത്തന്നൂരില്‍നിന്ന് ഇത്തിക്കര-കുരിശുംമൂട്-ഓയൂര്‍ വഴി കൊട്ടാരക്കരയ്ക്ക് പോകേണ്ടുന്ന സ്വകാര്യ ബസുകളാണ് ഓയൂരിലെത്താതെ കുരിശുംമൂട്ടില്‍ എത്തി പൂയപ്പള്ളിയില്‍ സര്‍വീസ് അവസാനിപ്പിക്കുന്നത്. ബസുകള്‍ സര്‍വീസ് അവസാനിപ്പിക്കുന്നതോടെ സ്കൂളും കോളേജും വിട്ട് ട്യൂഷന് കഴിഞ്ഞുവരുന്ന വിദ്യാര്‍ഥികളാണ് ഏറെ ബുദ്ധിമുട്ടുന്നത്. കുരിശുംമൂട്ടില്‍ ഇറക്കിവിടുന്ന വിദ്യാര്‍ഥികള്‍ ഓയൂര്‍, ആയൂര്‍ ഭാഗത്തേക്ക് മറ്റ് ബസുകളെയോ ഓട്ടോ റിക്ഷകളെയോ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. ആറുമണി കഴിഞ്ഞാല്‍ കണ്‍െസഷന്‍ നല്‍കില്ല എന്നുള്ളതുകൊണ്ട് കൂടുതല്‍ തുക നല്കി യാത്ര ചെയ്യേണ്ടിവരുന്നത് നിര്‍ധനരായ വിദ്യാര്‍ഥികളെ ഏറെ വലയ്ക്കുന്നുണ്ട്. മാത്രമല്ല ഓയൂരില്‍നിന്ന് കൊട്ടാരക്കരയ്ക്കും തിരികെയും രാത്രിയില്‍ അവസാന ട്രിപ്പ് മുടക്കുന്നതോടെ മറ്റ് യാത്രക്കാരും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ടിവരുന്നതിലൂടെ വന്‍ സാമ്പത്തികനഷ്ടമാണ് ഉണ്ടാകുന്നത്. ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് പരിശോധന നടത്തി അവസാന ട്രിപ്പ് നടത്തുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്നും ബസുടമകള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
No comments:
Post a Comment