ചാത്തന്നൂർ: നാട് ഓണത്തിരക്കിലമർന്നപ്പോൾ മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന മാഫിയാ സംഘം സജീവമായി. കഴിഞ്ഞ ദിവസം ചാത്തന്നൂരിലെയും മൈലക്കാട്ടേയും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ലക്ഷങ്ങളാണ് തട്ടിയെടുത്തത്. ഇതു സംബന്ധിച്ച് ധനകാര്യ സ്ഥാപന ഉടമകൾ പോലീസിന് പരാതി നല്കിയിട്ടുണ്ട്. മുക്കുപണ്ടം പണയം വച്ചവരുടെ സിസി ടി വി ക്യാമറ ദൃശ്യങ്ങളും പോലീസിന് കൈമാറിയിട്ടുണ്ട്.
ഭാര്യയും ഭർത്താവും എന്ന് തോന്നിക്കുന്നവർ ഒരു കുഞ്ഞിനെയും എടുത്തു കൊണ്ടാണ് പണയം വയ്ക്കാനെത്തിയത്. കൂടെ
ഒരു ആൺകുട്ടിയും ഉണ്ടായിരുന്നു. കുഞ്ഞിനെ അത്യാവശ്യമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് പണം ആവശ്യമാണെന്ന് പറഞ്ഞാണ് പണയം വയ്ക്കാനെത്തിയത്. ജീവനക്കാർ തിരിച്ചറിയൽ രേഖ ചോദിച്ചപ്പോൾ കാറിലുണ്ടെന്നും എടുത്ത് നല്കാമെന്നും പറഞ്ഞു. പണയം വച്ച് പണം കൈപ്പറ്റിയപ്പോൾ കാറിൽ നിന്നും തിരിച്ചറിയൽ രേഖ എടുത്തു നല്കാമെന്ന് പറഞ്ഞ് പുറത്തേയ്ക്കിറങ്ങി.
ഇവർ തിരിച്ചു വരാൻ വൈകിയതിനെ തുടർന്ന് ജീവനക്കാർ ഇവരെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് സംശയം ശക്തമായപ്പോൾ പണയ ഉരുപ്പടി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടം ആണെന്ന് തിരിച്ചറിഞ്ഞത്. ചാത്തന്നൂരെയും മൈലക്കാട്ടേയും സ്ഥാപനങ്ങളിൽ ഒരേ രീതിയിലാണ് തട്ടിപ്പ് നടത്തിയത്. ഇരുസ്ഥാപനങ്ങളിൽ നിന്നും ലക്ഷങ്ങളാണ് കബളിപ്പിച്ചെടുത്തത്.
തട്ടിപ്പിനിരയായ ഇരു സ്വർണ്ണ പണയ വായ്പാ സ്ഥാപനങ്ങളും സംസ്ഥാന സർക്കാരിന്റെ നിയമമനുസരിച്ച് ലൈസൻസ് നേടിയിട്ടുള്ള സ്വയം തൊഴിൽ സംരംഭക സ്ഥാപനങ്ങളാണ്. ചാത്തന്നൂർ സ്വദേശികളാണ് തട്ടിപ്പിന് പിന്നിലെന്ന സംശയമാണ് പോലീസിന് . മുക്കുപണ്ടം പണയം വച്ച് തട്ടിപ്പു നടത്തിയവരെ മാത്രമല്ല, ഇതിന്റെ മുഖ്യ സൂത്രധാരന്മാരെയും കണ്ടെത്തി
നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി ജീപിക്കും പരാതി നല്കുമെന്ന് തട്ടിപ്പിനിരയായ സ്ഥാപനങ്ങളുടെ ഉടമകൾ പറഞ്ഞു.
No comments:
Post a Comment