Saturday, 17 September 2022

തമിഴ്‌നാട്ടില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുവന്ന യുവാവ് വീട്ടില്‍ മരിച്ചനിലയില്‍

തമിഴ്‌നാട്ടില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുവന്ന യുവാവ് വീട്ടില്‍ മരിച്ചനിലയില്‍

പരവൂർ : തമിഴ്നാട്ടിൽനിന്നും കുട്ടിയെ തട്ടിക്കൊണ്ടുവന്ന യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
പൂതക്കുളം വേപ്പിൻമൂട്  ബി.ആർ.ഭവനത്തിൽ രാകേഷിനെയാണ് ഇന്നലെ രാവിലെ വീടിനു മുകളില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുന്നത്
തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്നും കുട്ടിയെ കടത്തിക്കൊണ്ടു വന്ന കേസിൽ ഇയാളെ തിരുപ്പൂർ പൊലീസിന്റെ നിർദ്ദേശാനുസരണം പരവൂർ പൊലീസ് തിരച്ചിൽ നടത്തുന്നതിനിടയിലാണ് രാകേഷിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
ഇയാൾ തട്ടിക്കൊണ്ടുവന്ന കുട്ടിയെ തമിഴ്നാട് പോലീസെത്തി തിരികെ കൊണ്ടുപോയി.
കേരളത്തിലും തമിഴ്നാട്ടിലും കെട്ടിടനിർമാണ ജോലികൾ കരാറെടുത്ത് നടത്തുന്നയാളാണ് രാകേഷ്, തമിഴ്നാട്ടിലെ തിരുപ്പൂരിലും ഇയാൾ ജോലി ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില സാമ്പത്തിക തർക്കങ്ങളുടെ പേരിലാണ് തിരുപ്പൂർ സ്വദേശിയായ 14 കാരനെ ഇയാൾ തട്ടിക്കൊണ്ടുവന്നതെന്നാണ് വിവരം.
വെള്ളിയാഴ്ച വൈകിട്ടാണ് രാകേഷ് കുട്ടിയുമായി കൊല്ലത്ത് എത്തിയത്. തുടർന്ന് വീടിന് പിറകിലെ ഷെഡ്ഡിൽ കുട്ടിയെ കെട്ടിയിടുകയായിരുന്നു. അതിനിടെ, തിരുപ്പൂർ പോലീസ് രാകേഷിനായി അന്വേഷണം ആരംഭിക്കുകയും വിവരം കൊല്ലം പരവൂർ പോലീസിനെ അറിയിക്കുകയും ചെയ്തു. ഇതനുസരിച്ച് കഴിഞ്ഞദിവസം രാത്രി പരവൂർ പോലീസ് രാകേഷിന്റെ വീട്ടിലെത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
മണിക്കൂറുകൾക്ക് ശേഷം ശനിയാഴ്ച പുലർച്ചെയോടെ രാകേഷിന്റെ വീടിന് സമീപത്തെ ബസ് സ്റ്റോപ്പിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി ബസ് സ്റ്റോപ്പിൽ ഇരിക്കുന്നത് കണ്ട നാട്ടുകാർ വിവരം തിരക്കിയതോടെയാണ് തന്നെ തട്ടിക്കൊണ്ടുവന്നതാണെന്ന് 14-കാരൻ വെളിപ്പെടുത്തിയത്.  ഇതോടെ നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് പോലീസെത്തി രാകേഷിന്റെ വീട്ടിൽ പരിശോധന നടത്തിയപ്പോളാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
തട്ടിക്കൊണ്ടുവന്നു എന്നു പറയപ്പെടുന്ന കുട്ടിയുടെ പിതാവുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ഇത് തിരികെ കിട്ടാൻ പലവിധ ശ്രമങ്ങൾ നടത്തിയിട്ടും വിജയിക്കാത്തതിനെ തുടർന്ന് കുട്ടിയെ തട്ടിക്കൊണ്ട് വന്നതാണെന്നാണ് പോലിസ് പറയുന്നത്.
അതിനിടെ, തിരുപ്പൂരിൽ നിന്നെത്തിയ ഒരു എ.എസ്.ഐ.യും കോൺസ്റ്റബിളും കൊല്ലത്തുനിന്ന് കുട്ടിയെ തിരികെകൊണ്ടുപോയി. സംഭവത്തിൽ
വിശദമായ അന്വേഷണം
നടത്തിവരികയാണെന്ന് പരവൂർ പോലീസും അറിയിച്ചു.പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഫോട്ടോ: രാകേഷ് 


             

No comments:

Post a Comment