Monday, 12 September 2022

പരിശോധന വഴിപാടായി വ്യാജ കവര്‍ പാല്‍ സുലഭം

പരിശോധന വഴിപാടായി വ്യാജ കവര്‍ പാല്‍ സുലഭം

കൊല്ലം: ഓണതിരക്കിൽ ഉദ്യോഗസ്ഥ പരിശോധന വഴിപാടായി 
വിപണിയിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന വ്യാജ കവര്‍ പാലുകള്‍ സുലഭമായി. കഴിഞ്ഞ ഒരു മാസമായി ഓണവിപണിയിൽ ലക്ഷകണക്കിന് ലിറ്റർ പാലാണ് കൊല്ലം ജില്ലയിൽ മാത്രം ഒഴുക്കിയത് എന്ന് മലയാളികളായ ഡ്രൈവർമാർ പറയുന്നു. വിവിധ പേരുകളിൽ ഫാം ഹൗസ്, പാല്‍ സംഭരണ കേന്ദ്രം തുടങ്ങി ഉറവിടത്തെ സംബന്ധിച്ച് ഒരു സൂചനയുമില്ലാതെയാണ് പാല്‍ കവറുകള്‍ വിപണിയിലെത്തുന്നത്. ഇവയുടെ ഗുണനിലവാരം പരിശോധിക്കാന്‍ ആരോഗ്യവകുപ്പോ അനുബന്ധ അധികൃതരോ ഇതുവരെ തയ്യാറായിട്ടില്ല. തമിഴ് നാട്ടിൽ  നിന്നാണ് 
 പ്രധാനമായും കേരളത്തിലേക്ക് കവര്‍ പാല്‍ ഒഴുകുന്നത്. കൊല്ലം ചെങ്കോട്ട വഴിയും നെയ്യാറ്റിൻകര വഴിയും 
 സംസ്ഥാനത്ത് എത്തുന്ന പാല്‍വണ്ടികള്‍ ഒരുവിധ പരിശോധനയും നേരിടാതെയാണ് കടന്ന് വരുന്നത്. രാസവസ്തുക്കളില്‍ പാല്‍പ്പൊടി കലക്കിയാണ്  കവര്‍പാൽ എത്തുന്നത്. പാലിന്റെ ഗുണനിലവാരവും ഉല്‍പ്പാദനരീതിയും മുമ്പും മാധ്യമങ്ങള്‍ നിരവധിതവണ പുറത്തുകൊണ്ടുവന്നതാണ്. ആ സാഹചര്യത്തില്‍ പരിശോധന നടത്തുകയും നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തതല്ലാതെ തുടര്‍നടപടികളൊന്നുമുണ്ടായില്ല.
അതിർത്തി ഗ്രാമപ്രദേശങ്ങളിലാണ് ഇത്തരം വ്യാജന്മാരുടെ വിപണനം കൊഴുക്കുന്നത്. പുലര്‍ച്ചെ തുറക്കുന്ന കടകളിലാണ് ഈ പാല്‍ കൂടുതലും ഉപയോഗിക്കുന്നത്. സംഭരണകേന്ദ്രത്തില്‍നിന്നോ മില്‍മപോലുള്ള അംഗീകൃത ഏജന്‍സികളില്‍ നിന്നോ പാല്‍ വാങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് ഇത്തരം മാഫിയകള്‍ മുതലാക്കുന്നത്. കൃത്രിമ പാലിന്റെ ഉല്‍പ്പാദനവും വിപണനവും ഉടന്‍ തടഞ്ഞില്ലെങ്കില്‍ ഒരു വലിയ വിഭാഗം ജനം ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇരകളാകേണ്ടിവരും.

@ കൃത്രിമ പാൽ നിർമ്മാണം ഇങ്ങനെ

വീടുകളിൽ ഉത്പാദിപ്പിക്കുന്ന നാടൻ പാലിനെ അപേക്ഷിച്ച് വ്യാജന് കൂടുതൽ കട്ടിയുണ്ടാകും എന്നതാണ് പ്രിയമേറാൻ പ്രധാന കാരണം. വ്യാജപാൽ നിർമ്മാണത്തിനായി ഷാമ്പൂ, റിഫെെൻ ഓയിൽ, ഗ്ലൂക്കോസ്, ആട്ടമാവ്, മിൽക്ക് പൗഡർ, സോഡാപ്പൊടി, ഏലക്കായ് തുടങ്ങിയ ചേരുവകൾ ചേർത്താണ് വ്യാജപാലിന്റെ നിർമ്മാണം. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന പാൽപ്പൊടിയും വെെറ്റ്നറും വെളളവും ചേർത്ത് കൃത്രിമ പാൽ നിർമ്മിക്കാൻ കഴിയുമെന്നും പറയുന്നു. ഇത്തരത്തിൽ നിർമ്മിക്കുന്ന വ്യാജപാൽ നോ‌ർത്ത് ഇന്ത്യൻ പലഹാരങ്ങളിൽ ഗണ്യമായി ഉപയോഗിക്കുന്നതായി പറയുന്നു.

 പിടിമുറുക്കി 'വ്യാജൻ"

പശുക്കളെ പരിപാലിക്കുന്നതിനുളള ചിലവേറിയതും ഗുരുതരമായ രോഗങ്ങൾ പിടിപെടുന്നതുമാണ് കർഷകർ പ്രധാനമായും ഈ മേഖല ഉപേക്ഷിക്കാൻ കാരണം. കൂടാതെ കാലി കർഷകർ വൻകിട കുത്തകകളുടെ ചൂക്ഷണത്തിന് വിധേയമാകുന്നതും നാട്ടിൻപുറങ്ങളിലെ ജീവിത നിലവാരം ഉയർന്നതും അവർ മറ്റ് ലാഭകരമായ തൊഴിൽ തേടിയുളള പ്രയാണത്തിനിടയിൽ കാലി വളർത്തൽ ഉപേക്ഷിക്കേണ്ടി വന്നതുമാണ് ഈ മേഖലയെ വ്യാജൻ കീഴ്പ്പെടുത്താൻ കാരണമായത്.

No comments:

Post a Comment