ശ്രീനാരായണ ഗുരുദേവന്റെ പരിപാവനമായ ജീവിതം കേരളത്തിന്റെ നവോത്ഥാന ചരിത്രമാണ്. ഒരു കാലഘട്ടത്തെയും ഒരു ജനതയെയും അറിവിന്റെ പ്രകാശപൂരിതമായ വഴിയിലേക്ക് നയിക്കുകയായിരുന്നു ഗുരു തന്റെ ജീവിതത്തിലൂടെ ചെയ്തത്.
നവോത്ഥാനത്തിന്റെ ദൂരക്കാഴ്ചയായി വിശ്വമാനവികതയുടെ മഹാസിദ്ധാന്തം ആവിഷ്കരിച്ച ഗുരുദേവൻ അറിവിന്റെ ആഴങ്ങളിലൂടെ സൃഷ്ടിച്ച സാമൂഹ്യവിപ്ലവമാണ് പില്‍ക്കാലത്ത് കേരളത്തിലുണ്ടായ എല്ലാ പുരോഗമന പ്രസ്ഥാനങ്ങളുടെയും അടിസ്ഥാനശില.
ദേഹത്യാഗത്തോട് കൂടി സാധാരണ മനുഷ്യരുടെ ജീവിതം അവസാനിപ്പിക്കുകയും മഹാപുരുഷന്മാരുടെ ജീവിതം ആരംഭിക്കുകയും ചെയ്യുന്നു എന്ന മഹര്‍ഷി അരവിന്ദന്റെ വാക്കുകള്‍ ഗുരുദേവനെ സംബന്ധിച്ച് ശരിയാണന്ന് വര്‍ത്തമാനകാലം സാക്ഷ്യപ്പെടുത്തുന്നു.
സ്സശരീരൻ ആയിരുന്നപ്പോഴും മഹാസമാധിയായതിന് ശേഷവും ശ്രീ നാരായണ ഗുരുവിനെ പോലെ ഇത്രയേറെ ആരാധനക്കും പഠനത്തിനും പാത്രമായ മറ്റൊരു മഹദ് വ്യക്തി ലോകത്തില്‍ തന്നെ അപൂര്‍വ്വമായിരിക്കും. കര്‍മ്മനിരതനായ ജ്ഞാനി എന്നാണ് ഒരു പാശ്ചാത്യ ചിന്തകന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. സാമൂഹികമായ അസന്തുലിതാവസ്ഥ ദൈവനിന്ദയായി ഗുരുദേവന്‍ കാണുകയും അതിനെതിരെ സ്നേഹത്തിന്റെയും സമന്വയത്തിന്റെയും പാതയിലൂടെ പട നയിക്കുകയുമായിരുന്നു.
ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവര്‍ക്ക് ക്ഷേത്രങ്ങളുണ്ടാക്കി ദൈവത്തെ തിരിച്ചുനല്‍കി. വിദ്യ നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടി വിദ്യാലയങ്ങളാരംഭിച്ചു. വഴി നടക്കുവാനുള്ള പൗരസ്വാതന്ത്ര്യം ഉള്‍പ്പെടെ മനുഷ്യന്റെ മൗലികമായ അവകാശങ്ങള്‍ ഗുരു അവര്‍ക്ക് ലഭ്യമാക്കി. കേരളത്തിന്റെ സാമൂഹ്യചരിത്രം മാറ്റിയെഴുതിയ ഒരു മഹാസംഭവമായിരുന്നു 1888ല്‍ അരുവിപ്പുറത്ത് നടന്ന ശിവപ്രതിഷ്ഠ. നിലവിലുള്ള പൗരോഹിത്യ മേധാവിത്വത്തെ ധിക്കരിക്കുന്നരതോടൊപ്പം കര്‍മ്മത്തിലൂടെ ബ്രാഹ്മണ്യം നേടാമെന്ന് വെളിപ്പെടുത്തുകയായിരുന്നു ഗുരു.
ഗുരുവിന്റെ കൃതികള്‍, തത്വദര്‍ശനം, വെളിപാടുകള്‍, വിശദീകരണങ്ങള്‍, ഫലിത രൂപേണയുളള ഉപദേശങ്ങള്‍, നിര്‍ദ്ദേശങ്ങള്‍, എഴുതാപ്പുറങ്ങളായ മുഖകമലത്തില്‍ വിരിഞ്ഞ സന്ദേശങ്ങള്‍ ഇവയൊക്കെയാണ് ശ്രീ നാരായണ ഗുരുദേവൻ തന്റെ ദാര്‍ശനിക സത്യങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുവാൻ തെരഞ്ഞെടുത്ത വഴികൾ .
ശ്രീ നാരായണ ഗുരുദേവൻ അവതാരം പൂണ്ടു 168 വർഷങ്ങൾ പിന്നിടുമ്പോഴും ആനയെ കണ്ട അന്ധരെ പോലെ ഗുരുദേവ ദർശനത്തെ വ്യാഖ്യാനിക്കുന്ന കാഴ്ചയാണ് നാം ഇന്നും കണ്ടുകൊണ്ടിരിക്കുന്നത്. അതിനു മാറ്റം ഉണ്ടാക്കാൻ ശ്രമിക്കുക എന്നതാണ് ഓരോ ഗുരുദേവ ജയന്തി ആഘോഷത്തിലൂടെയും നാം ചെയ്യേണ്ടത്. അതിനുള്ള മാർഗ്ഗം കണ്ടെത്തി നമുക്ക് ഗുരുവിന്റെ പാതയിലൂടെ നമുക്ക് മുന്നേറാം.
ഏവർക്കും ഹൃദയം നിറഞ്ഞ ഗുരുദേവ ജയന്തി ആശംസകൾ.
No comments:
Post a Comment