രണ്ടു വർഷക്കാലത്തെ അടച്ചു പൂട്ടലിനു ശേഷം നമ്മൾ ചാത്തന്നൂർക്കാർ മനം നിറഞ്ഞ് വീണ്ടും ഇന്നു തിരുവോണമുണ്ണുകയാണ്. വീടിന്നുള്ളിൽ തന്നെ സ്വയം ബന്ദികളാക്കപ്പെട്ട രണ്ടു വർഷങ്ങളോട് കണക്കു പറഞ്ഞ് വർദ്ധിത വീര്യത്തിൽ നാടൊട്ടുക്കും ഓണാഘോഷത്തിന്റെ ആർപ്പുവിളികളും ഉന്മാദവും നിറയുകയാണ്. തോൽക്കാൻ മനസ്സില്ലാത്ത എന്റെ നാടിന്റെ ഉയിർത്തെഴുന്നേൽപ്പു കൂടിയായാണ് ഇക്കുറി ഓണം കടന്നു വരുന്നത്.
യഥാർത്ഥത്തിൽ നമ്മുടെ ജീവിതങ്ങളിലേക്ക് കണ്ണീർ പടർന്നത് കൊറോണാക്കാലത്തിനുമപ്പുറത്തു നിന്നാണ്. 2018 ലെ കൊടും പ്രളയം. 99 ലെ വെള്ളപ്പൊക്കം എന്നു കേട്ടു കേഴ്വി മാത്രമുണ്ടായിരുന്ന ഇന്നത്തെ തലമുറ തങ്ങളുടെ തലയ്ക്കും പുരയ്ക്കും മുകളിലേക്ക് ആർത്തലച്ചു വന്ന പ്രളയ ജലത്തിനു മുന്നിൽ പകച്ചു നിന്നു. ഒരുപാടു ജീവിതങ്ങൾ ബലിയായി നൽകേണ്ടി വന്നു. അതിനു പിന്നീടു വന്ന കർക്കിടകവും ഓണവുമെല്ലാം പ്രകൃതി ദുരന്തങ്ങളുടെ കണ്ണീരോണക്കാലമാണ് മലയാളത്തിനു സമ്മാനിച്ചത്. ഇക്കുറി തിരുവോണത്തിനൊ രുങ്ങുമ്പോഴും അറബിക്കടലിനു മുകളിലെ ചക്രവാത ചുഴിയും ന്യൂനമർദ്ദവും മേഘ വിസ്ഫോടനവുമൊക്കെ ഭീഷണിയായി നമ്മുടെ മുകളിൽ തന്നെയുണ്ട്. തിരുമു റിയാതെ പെയ്യുന്ന തിരുവാതിര മാത്രമല്ല. കൃത്യമായി സെറ്റു ചെയ്തതുപോലെ വന്നു കൊണ്ടിരുന്ന ഋതു ഭേദങ്ങളുമെല്ലാം കേരളത്തിനു നഷ്ടമായിരിക്കുന്നു. പരമ്പരാഗതമായി മലനാടിന് ഉണ്ടായിരുന്ന സ്വസ്ഥ മായ കാലാവസ്ഥയ്ക്ക് മാറ്റം വന്നിരിക്കുന്നു എന്നത് നമ്മൾ ഇനിയും ഗൗരവത്തോടെ തിരിച്ചറിഞ്ഞിട്ടില്ല. ഒരു നിശ്ചയവുമില്ല ഒന്നിനും എന്നതു പോലെ നമ്മുടെ ഇക്കോ സിസ്റ്റത്തിനും ബയോസ്ഫിയറിനും മാറ്റം വന്നിട്ടും, നമ്മൾ മാത്രം മാറാതെ മലയിടിച്ചു നിരത്തലും നദികളെ കുത്തിത്തുരക്കലും കോൺക്രീറ്റ് കാടുകളുടെ നിർമ്മാണവും കെ. റെയിൽ സ്വപ്നങ്ങളും ഒക്കെയായി ഭൂതകാലത്തിന്റെ ഉട്ടോപ്യൻ വികസന ലക്ഷ്യങ്ങൾ അയവിറക്കി നീങ്ങുന്നു. മാറുന്ന കാലത്തിനൊത്ത് പരിണമിക്കാത്ത എല്ലാ ജീവജാലങ്ങളും കുറ്റിയറ്റു പോയതാണ് ഭൂമിയുടെ ചരിത്രമെന്നതു മറന്ന് ജീവിക്കുന്ന ഒരേയൊരു മനുഷ്യ സമൂഹം ഒരു പക്ഷേ
നമ്മൾ മാത്രമായിരിക്കാം. ഇക്കുറി ഓണമുണ്ണുമ്പോൾ നമുക്ക് ഓർമ്മിക്കാതി രിക്കാൻ കഴിയാത്ത രണ്ടു വിഷയങ്ങളങ്കിലും സജീവ മായുണ്ട്. പേയ് നായക്കും ദുരന്ത വാക്സിനേഷനും
പേയ് നായക്കും ദൂരത്ത വാക്സിനേഷനും ഇരയായ അഭിരാമി എന്ന കുഞ്ഞുമോളുടെ ഓമന മുഖ മാണത്. ഇന്നുച്ചയ്ക്ക് ഇലയിട്ട് അച്ഛനമ്മമാരോടൊപ്പം ഓണമുണ്ണണ്ടിയിരുന്ന ഒരു പൊന്നുമോളായിരുന്നു അവൾ. അവളുടെ ജീവനെടുത്ത് 72 മണിക്കൂറുകൾ കഴിഞ്ഞിട്ടും തെരുവു നായ പ്രശ്നത്തിനും ഫലിക്കാത്ത വാക്സിനും ഒരു പ്രതിവിധി നിശ്ചയിക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല . ഇനിയും എത്ര കുഞ്ഞു മക്കളുടെ ജീ വൻ നമ്മൾ നൽകേണ്ടി വരും ? ആർക്കറിയാം.. കാരണം നമ്മുടെ നാട്ടിലും തെരുവ് നായകളുടെ അതിപ്രസരമാണ്
നമ്മൾ ഇലയിട്ടൂണ്ണുമ്പോൾ കണ്ണീരോണമാണ് കെ. എസ്. ആർ ടി സിയിലെ ആയിരക്കണക്കിന് ജീവനക്കാർക്ക് പണിയെടുത്തതിന് കൂലി കിട്ടാതെ പട്ടിണിയിലായവർ. പി.എസ്.സി പരീക്ഷ എഴുതി ജോലി നേടിയ അവർക്ക് പട്ടിണി ഓണമായത് അവർ പണിയെടുക്കാത്തതു കൊണ്ടല്ല എന്നത് അവരുടെ കുഞ്ഞു മക്കൾക്കു പോലും അറിയാം. ആഘോഷ തിമിർപ്പിൽ അവരെയും നാം ഓർമ്മിക്കേണ്ടതുണ്ട്. എന്നാൽ, കെ.എസ്. ആർ.ടി.സി. യുടെ പ്രശ്ന പരിഹാരത്തിനും പതിവു പോലെ നമ്മുടെ പക്കൽ പോം വഴിയില്ല.
ചാത്തന്നൂർ നാട്ടിലാണെങ്കിൽ ദേശിയപാത വികസനത്തിന്റെ പേരിൽ കെട്ടിടങ്ങളെല്ലാം പൊളിച്ചിട്ടിരിക്കുന്നു. യുദ്ധഭൂമിയെന്നോണമാണ് നമ്മുടെ നാട് അതിൽ നിന്നും കരകയറി വരണമെങ്കിൽ ഇനിയും നാളെടുക്കും.
മാനുഷരെല്ലാരും ഒന്നു പോലെ കഴിയുന്ന നാളുകളെ ക്കുറിച്ച് നൊസ്റ്റാൾജിക്ക് പാട്ടുകൾ പാടിയതു കൊണ്ടു മാത്രം കാര്യമില്ല. നമ്മളും നമ്മുടെ സംവിധാനങ്ങളും ശീലങ്ങളുമെല്ലാം മാറുകയും മാറ്റുകയും ചെയ്യുന്നില്ലെ ങ്കിൽ കണ്ണീരോണങ്ങളുടെ ഘോഷയാത്ര തന്നെ കാണാമറയത്തുണ്ട് എന്നത് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. അത്തരം തിരിച്ചറിവിലൂടെ സ്വയം നവീകരിക്കാനും മാറാനും കഴിയട്ടെ എന്ന പ്രാർത്ഥനകളോടെ എല്ലാവർക്കും ഹൃദ്യമായ ഓണാശംസകൾ
അരുൺസതീശൻ ചാത്തന്നൂർ 🙏
No comments:
Post a Comment