Thursday, 29 March 2018

സുരക്ഷിതമാകണം യാത്ര; സുഖകരവും

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കെഎസ്ആര്‍ടിസിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് കഴിഞ്ഞ ദിവസമുണ്ടായ ഹൈക്കോടതി വിധി എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ദീര്‍ഘദൂര ബസ്സുകളില്‍ തിക്കിത്തിരക്കിയുള്ള യാത്ര എത്രത്തോളം സുരക്ഷിതമാണെന്ന ആശങ്ക അസ്ഥാനത്തുമല്ല.
കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് ബസ്സുകളില്‍ യാത്രക്കാരെ നിര്‍ത്തിക്കൊണ്ട് സര്‍വീസ് പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവ്. കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ വരുമാനം നേടിത്തരുന്നവയാണ് സൂപ്പര്‍ ഫാസ്റ്റുകള്‍. ഇപ്പോള്‍ ഈ വിഭാഗം ബസ്സുകളില്‍ യാത്രക്കാരെ കുത്തിനിറച്ചാണ് പലപ്പോഴും സര്‍വ്വീസ് നടത്തുന്നത്. ദീര്‍ഘനേരം ബസ്സിന് കാത്തുനിന്ന് വലയുന്ന യാത്രക്കാര്‍ക്ക് അതനുഗ്രഹവുമാകാറുണ്ട്.  സൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് ബസുകളില്‍ നിര്‍ത്തി യാത്ര നിലവില്‍ അനുവദിക്കാറില്ല.  ദീര്‍ഘദൂര സര്‍വ്വീസുകളില്‍ നിന്നുകൊണ്ടുള്ള യാത്ര വിലക്കിയ ഹൈക്കോടതി ഉത്തരവ് കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും. ശമ്പളവും പെന്‍ഷനും നല്‍കാന്‍ പോലുമാകാതെ, ജീവനക്കാര്‍ സമരത്തിലേക്കു പോകുന്ന ദയനീയ സ്ഥിതിയില്‍ പുതിയ പ്രതിസന്ധി മറികടക്കാന്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് വീണ്ടും കോടതിയെ സമീപിക്കണമെന്നാണ് ഉയര്‍ന്നുവന്നിട്ടുള്ള ആവശ്യം. കെഎസ്ആര്‍ടിസിയുടെ യഥാര്‍ത്ഥ സ്ഥിതി ഹൈക്കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതാണ് ഇത്തരത്തിലൊരു വിധിക്കു കാരണമായതെന്നും പറയപ്പെടുന്നുണ്ട്. 
2017-18 ലെ കണക്കനുസരിച്ച് 7966 കോടി രൂപ സഞ്ചിത നഷ്ടമുള്ള സ്ഥാപനമാണിത്. എന്നാല്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ കടം കുറയ്ക്കാനുള്ള ക്രിയാത്മക നടപടികളൊന്നും കൈക്കൊണ്ടില്ല. ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ കടത്തിലേക്കും നഷ്ടത്തിലേക്കും കൂപ്പുകുത്തുകയാണുണ്ടായത്. കഴിഞ്ഞ സര്‍ക്കാര്‍ അഞ്ച് വര്‍ഷക്കാലയളവില്‍ കെഎസ്ആര്‍ടിസിക്ക് നല്‍കിയ പദ്ധതിയേതര സാമ്പത്തിക സഹായം 1220.82 കോടി രൂപയായിരുന്നു. ഇതിനു പുറമെ 32 കോടി രൂപ ഗ്രാന്റായും നല്‍കി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 1075.28 കോടി രൂപ സാമ്പത്തികസഹായമായി നല്‍കി കഴിഞ്ഞു. ഒരു മാസത്തെ പെന്‍ഷനും രണ്ട് മാസത്തെ ശമ്പളവും മുഴുവന്‍ തുകയും സര്‍ക്കാരാണ് നല്‍കിയത്. മറ്റ് മാസങ്ങളില്‍ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ ഗ്യാരന്റിയോടെ വായ്പയെടുക്കാന്‍ കെഎസ്ആര്‍ടിസിയെ സഹായിച്ചു. പ്രതിസന്ധിയുണ്ടാകുമ്പോള്‍ പണം നല്‍കി സഹായിക്കുന്നതല്ലാതെ കെഎസ്ആര്‍ടിസിയെ ശാശ്വതമായി രക്ഷിക്കാന്‍ പര്യാപ്തമായ നടപടികളൊന്നും ഒരു സര്‍ക്കാരും സ്വീകരിച്ചില്ല. കാലാകാലങ്ങളില്‍ നല്‍കിയതും വായ്പയെടുത്തതുമായ പണമെല്ലാം കടലില്‍ കായം കലക്കുന്നതുപോലെയായി. 
പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് വരുമാനത്തെ കാര്യമായി ബാധിക്കുന്ന കോടതിവിധിയുണ്ടായിരിക്കുന്നത്. യാത്രക്കാര്‍ നിന്നു യാത്ര ചെയ്യരുതെന്ന ഉത്തരവിലൂടെ കോര്‍പ്പറേഷന് ദിനംപ്രതി രണ്ടരകോടിയോളം രൂപ നഷ്ടം വരും. ശരാശരി ആറരക്കോടിയാണ് നിലവിലെ വരുമാനം. ഏതുനിമിഷവും സര്‍വ്വീസ് നിര്‍ത്തിവയ്ക്കാവുന്ന തരത്തില്‍ ഊര്‍ദ്ധന്‍ വലിച്ച് മുന്നോട്ടുപോകുന്ന സ്ഥാപനത്തെ കയത്തിലേക്ക് മുക്കിത്താഴ്ത്താനേ ഈ വിധി ഉപകരിക്കുകയുള്ളൂ എന്നാണ് തൊഴിലാളികളുടെ അഭിപ്രായം. കോടതിയെ വസ്തുതകള്‍ ബോധ്യപ്പെടുത്തി സ്ഥാപനത്തെയും അതിനെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളെയും രക്ഷിക്കാന്‍ സര്‍ക്കാരും കെഎസ്ആര്‍ടിസി മാനേജ്‌മെന്റും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. നിമയവിദഗ്ധരുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ ശരിയായ നടപടികള്‍ സ്വീകരിക്കണം.
ഒപ്പം, സൂപ്പര്‍ ഫാസ്റ്റുകളില്‍ ദീര്‍ഘദൂരം യാത്രചെയ്യുന്നവരുടെ സുരക്ഷാകാര്യത്തിലും ജാഗ്രതവേണം. നിന്ന് യാത്രചെയ്യുമ്പോഴുണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങളും യാത്രാ പ്രശ്‌നങ്ങളും ആശങ്കപ്പെടുത്തുന്നതുതന്നെയാണ്. വരുമാനത്തില്‍ കുറവു വരാത്ത തരത്തില്‍, യാത്രക്കാരുടെ സുഖയാത്രയും സുരക്ഷിതയാത്രയും ഉറപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.

അനലിറ്റിക്ക ആർക്കുവേണ്ടി

ബ്രിട്ടീഷ് വിവരശേഖരണ സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക്ക ബിജെപിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്നുപറഞ്ഞ് രംഗത്തുവന്നത് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ്. അനലിറ്റിക്ക നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചാണ് ബിജെപി നേട്ടം കൊയ്യുന്നത് എന്നുവരുത്തുകയായിരുന്നു രാഹുലിന്റെ ശ്രമം. വിവിധമാര്‍ഗങ്ങളില്‍ വിവരശേഖരണം നടത്തുകയും, അത് ഇടപാടുകാരുടെ ആവശ്യത്തിനായി നല്‍കുകയും ചെയ്യുന്ന കണ്‍സള്‍ട്ടിങ് കമ്പനിയാണ് അനലിറ്റിക്ക. അവരുടെ സേവനം കോണ്‍ഗ്രസ്സാണ് ഉപയോഗിച്ചത് എന്നതിന് ഒന്നിനുപുറകെ ഒന്നായി തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ബിജെപിയെ അടിക്കാനുപയോഗിച്ച വടി കോണ്‍ഗ്രസ്സിന് ബൂമറാങ്ങായി മാറിയെന്ന് വ്യക്തം. 
കോടിക്കണക്കിനാളുകളുടെ ഫേയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ചോര്‍ത്തിയതിന് പ്രതിക്കൂട്ടിലായ അനലിറ്റിക്ക ഇന്ത്യയില്‍ പ്രധാനമായും കോണ്‍ഗ്രസ്സിനുവേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്ന് അതിന്റെ മുന്‍ ജീവനക്കാരന്‍തന്നെ ബ്രിട്ടീഷ് പാര്‍ലമെന്റിന് മൊഴി നല്‍കിയിരിക്കുന്നു. അമേരിക്കക്കാരുടെ വിവരം ശേഖരിച്ചത് സംബന്ധിച്ച ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അന്വേഷണസമിതിക്ക് മുമ്പാകെയാണ് മൊഴി. ഏതൊക്കെ തരത്തിലാണ് കോണ്‍ഗ്രസ്സിനെ അനലിറ്റിക്ക സഹായിച്ചതെന്ന് ഇനി വ്യക്തമാക്കേണ്ടത് കോണ്‍ഗ്രസ്സ് തന്നെയാണ്. 
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ അനലിറ്റിക്ക വ്യാപകമായി പ്രവര്‍ത്തിച്ചുവെന്നാണ് വെളിപ്പെടുത്തല്‍. കേരളത്തിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയും ചെയ്തു. വീടുവീടാന്തരമുള്ള ജനസംഖ്യ,  ജാതിതിരിച്ചുള്ള കണക്ക് എന്നിവയെല്ലാം ശേഖരിച്ചു. 2009-ലെ തെരഞ്ഞെടുപ്പില്‍ നിരവധി ലോക്‌സഭാ സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി പ്രചാരണം നിര്‍വഹിക്കുകയും ചെയ്തു. ശരിയായ ഉറവിടത്തില്‍നിന്നും വിവരങ്ങള്‍ തേടി, അത് വിശകലനം ചെയ്ത് കൃത്യമായ സന്ദേശങ്ങള്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ ഇടപാടുകാര്‍ക്കുവേണ്ടി നല്‍കുകയാണ് പ്രധാന ജോലിയെന്നും അനലിറ്റിക്ക ഉദ്യോഗസ്ഥരും ചുമതലക്കാരും മൊഴി നല്‍കിയിട്ടുണ്ട്. 
ഭീകരവാദപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പഠനത്തിന് കേരളം തെരഞ്ഞെടുത്തുവെന്നത് നിസ്സാരമായി കാണാവുന്ന കാര്യമല്ല. ലോകം മുഴുവന്‍ ശൃംഖലയുള്ള ഒരു സ്ഥാപനം കേരളത്തിലെ ഭീകരവാദസാന്നിധ്യവും പ്രവര്‍ത്തനവും നിരീക്ഷിച്ച് വിവരങ്ങള്‍ ശേഖരിച്ചു എന്നത് ഒരുകാര്യം. അതിനപ്പുറം അവര്‍ ശേഖരിച്ച വിവരങ്ങള്‍ ആര്‍ക്കുവേണ്ടി എന്നതിന് ഉത്തരം നല്‍കേണ്ടതുണ്ട്. ജിഹാദി റിക്രൂട്ട്‌മെന്റിനെതിരെയുള്ള അന്താരാഷ്ട്രപദ്ധതിക്ക് പിന്‍തുണ നല്‍കാനാണ് ഇതെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പൂര്‍ണമായി വിശ്വാസിക്കാനാവില്ല.
ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു എന്നുപറഞ്ഞ് പാര്‍ലമെന്റ് നിരന്തരം സ്തംഭിപ്പിച്ചവരാണ് കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം. ജനങ്ങള്‍ക്ക് എന്തോ ദുരിതം സംഭവിച്ചരീതിയിലായിരുന്നു അവര്‍ വിഷയത്തെ കൈകാര്യം ചെയ്തത്. ആധാര്‍കാര്‍ഡ് കിട്ടാന്‍ വിവരങ്ങള്‍ പൂര്‍ണമായി ചോര്‍ന്നാലും ജനങ്ങള്‍ക്ക് ഒരു ചുക്കും സംഭവിക്കില്ല. മാതാപിതാക്കളുടെ പേര്, വിലാസം, റേഷന്‍കാര്‍ഡ് വിവരം തുടങ്ങിയ വിവരങ്ങള്‍ മാത്രമാണ് നല്‍കേണ്ടിയിരുന്നത്. ഇത് പുറത്തായാല്‍ എന്തു കുഴപ്പമാണുണ്ടാവുകയെന്ന് ബഹളം വച്ചവര്‍ പറഞ്ഞില്ല. വിസ ലഭിക്കുന്നതിനായി സ്വന്തം അപ്പൂപ്പന്റെവരെ വിവരങ്ങള്‍ വിദേശരാജ്യങ്ങള്‍ക്ക് നല്‍കാന്‍ മടിയില്ലാത്തവരാണ് ആധാര്‍ വിവരം ചോര്‍ന്നു എന്നുപറഞ്ഞ് ബഹളം ഉണ്ടാക്കിയത്. 
കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആക്ഷേപിക്കുക മാത്രമായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ അജണ്ട. അതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് അനലിറ്റിക്കയും പൊക്കിപിടിച്ച് രാഹുല്‍ഗാന്ധി എത്തിയത്. അനലിറ്റിക്കയുടെ ആസ്ഥാനമന്ദിരത്തിലെ ഭിത്തിയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി ചില്ലിട്ട് വച്ചിട്ടുണ്ടെന്ന വാര്‍ത്തയും പുറത്തുവന്നു. വിദേശ കമ്പനി വിവരം ശേഖരിച്ചതിന്റെ ധാര്‍മികതയെക്കുറിച്ചാണെങ്കില്‍ അത് ചര്‍ച്ച ചെയ്യാം. അതിന്റെ പേരില്‍ രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ശ്രമമാണ് ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്.

Tuesday, 27 March 2018

അറിയുക റഫാല്‍ സത്യങ്ങള്‍

ഭാരതം, ഫ്രാന്‍സുമായി റഫാല്‍ പോര്‍വിമാന ഉടമ്പടി ഒപ്പിട്ടത് ഒന്നര വര്‍ഷം മുന്‍പായിരുന്നു. ആ ഉടമ്പടി പ്രകാരം 57,000 കോടി രൂപ (8.8 ബില്യണ്‍ ഡോളര്‍) ചെലവില്‍  രണ്ട് സ്‌ക്വാഡ്രണിന് ആവശ്യമായ 36 അത്യാധുനിക പോര്‍ വിമാനം ഡസോള്‍ട്ട് ഏവിയേഷന്‍ എന്ന ഫ്രഞ്ച് കമ്പനി ഭാരതത്തിന്റെ വ്യോമസേനയ്ക്ക് നല്‍കും. 
രണ്ട് പതിറ്റാണ്ടിനുള്ളില്‍ ഭാരതം ഒപ്പിട്ട ഏറ്റവും വലിയ  ആയുധ നിര്‍മ്മാണ കരാര്‍ രണ്ട് പരമാധികാര രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഉടമ്പടിയാണെന്ന് മാത്രമല്ല, വില്‍പ്പനക്കാരന്‍ ഭാരതത്തിന്റെ സാമ്പത്തികവും സൈനികവുമായ താത്പര്യത്തിന് പൂര്‍ണ്ണമായും വിധേയമായി ഭാവിയില്‍ നമ്മുടെ രാജ്യത്ത് നിര്‍മ്മാണം നടത്താന്‍  തയ്യാറാകുന്ന വിധത്തിലുമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2015-ല്‍ ഫ്രാന്‍സ് സന്ദര്‍ശിക്കുന്ന അവസരത്തിലായിരുന്നു ഭാരതവും ഫ്രാന്‍സും റഫാല്‍ പോര്‍വിമാനത്തിനു വേണ്ടി  ഇന്റര്‍ ഗവണ്‍മെന്റല്‍ എഗ്രിമെന്റ് (ഐജിഎ) തയ്യാറാക്കുന്നത്.  നിര്‍മ്മാതാക്കളായ ഡസോള്‍ട്ട് ഏവിയേഷനുമായി ഭാരത സര്‍ക്കാര്‍ വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരുന്ന ചര്‍ച്ചകള്‍ എല്ലാം തല്‍ക്കാലം മാറ്റിനിര്‍ത്തി പുതിയ വഴിയില്‍ ഉടമ്പടി തയ്യാറാക്കുകയായിരുന്നു. കാരണം വ്യോമ സേന നേരിട്ടുകൊണ്ടിരുന്ന സ്‌ക്വാഡ്രണുകളുടെ ക്രമാനുഗതമായ എണ്ണക്കുറവ് ഏറെ ആശങ്ക ഉളവാക്കുന്നതായിരുന്നു.
സ്വതന്ത്ര ഭാരതം ആയുധശേഖരണത്തിനായി സഹസ്രകോടികള്‍ ഒഴുക്കിയിട്ടുണ്ട്.  ഇവയുടെ ഗുണഭോക്താക്കള്‍ നിര്‍മാണവുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ പാശ്ചാത്യ കമ്പനികളും വിദേശ തൊഴിലാളികളുമായിരുന്നു. അവയെല്ലാം പാശ്ചാത്യ രാജ്യങ്ങളില്‍ വന്‍തോതില്‍ തൊഴിലവസരം സൃഷ്ടിച്ചിട്ടുണ്ട്. ഇടനിലക്കാര്‍ അപഹരിച്ച കണക്കറ്റ സംഖ്യ വേറെയും. അവയില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും റഫാല്‍ പോര്‍വിമാന നിര്‍മാണ കരാര്‍. 
ഈ അസാധാരണത്വവും ഭാരതത്തിന്റെ താത്പര്യവിജയവും പൊതുജന ശ്രദ്ധയില്‍നിന്ന് തിരിച്ചുവിടാനാണ് കരാറുമായി ബന്ധപ്പെട്ട് അടിസ്ഥാനമില്ലാതെയുള്ള അഴിമതി ആരോപണം, അല്ലെങ്കില്‍ വില കൂടിയ ഉടമ്പടി എന്ന കുറ്റാരോപണം പ്രതിപക്ഷ പാര്‍ട്ടികള്‍ അഴിച്ചുവിട്ടത്. വില കൂടിയെന്ന് വിലയിരുത്താന്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ എന്താണ്? വിമര്‍ശകര്‍ക്ക് അറിയില്ല. ഇടനിലക്കാര്‍ ഇല്ലാത്തതുകൊണ്ട് അഴിമതി സംശയിക്കാന്‍ പ്രതിപക്ഷത്തിന് അവസരമുണ്ടായില്ല.  
യുപിഎ സര്‍ക്കാര്‍ നിശ്ചയിച്ച വിലയേക്കാള്‍ കൂടുതലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ റഫാല്‍ വിമാനം വാങ്ങാന്‍ നല്‍കിയതെന്ന് ചില രാഷ്ട്രീയക്കാരും മാധ്യമങ്ങളും നുണ പ്രചരിപ്പിച്ചു. പല യുക്തിശൂന്യമായ വീഡിയോ ചിത്രീകരണങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ അതിവേഗം പറന്നുകൊണ്ടിരിക്കുന്നു. ചര്‍ച്ചയിലൂടെ മാത്രം ആയുധക്കരാര്‍ പത്ത് വര്‍ഷം വലിച്ചിഴച്ച യുപിഎ സര്‍ക്കാര്‍ അന്ന് 126 പോര്‍ വിമാനങ്ങള്‍ വാങ്ങാന്‍ നിശ്ചയിച്ച വില എത്രയായിരുന്നു? ഉടമ്പടിയുമായി മുന്നോട്ട് പോകാന്‍ 10 വര്‍ഷം മതിയായിരുന്നില്ലേ? എന്തായിരുന്നു യുപിഎ സര്‍ക്കാരിന് ഉടമ്പടിയില്‍ അന്തിമമായ തീരുമാനമെടുക്കാന്‍ വിലക്ക്? എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ബാക്കിവച്ചവര്‍ രണ്ട് രാഷ്ട്രങ്ങളിലെ സര്‍ക്കാര്‍തല ഉടമ്പടിയെ യുക്തിരഹിതമായി ചോദ്യം ചെയ്യാനും, അഴിമതി എന്ന് വിളിക്കാനും തയ്യാറാകുന്നത് പരിഹാസ്യമാണ്.
വ്യോമസേനയ്ക്ക് അതിന്റെ പരമാവധി സുരക്ഷാ ശേഷി കൈവരിക്കാന്‍ ചുരുങ്ങിയത് 42 ഫൈറ്റര്‍ സ്‌ക്വാഡ്രണ്‍സ് ആവശ്യമാണെന്ന് കണക്കുകള്‍ പറയുന്നു. നിലവില്‍ ശരാശരി 18 പോര്‍ വിമാനങ്ങള്‍ വീതം ഉള്‍പ്പെട്ട 32 സ്‌ക്വാഡ്രണുകളാണ് വായുസേനയ്ക്കുള്ളത്. അവയില്‍ 11 സ്‌ക്വാഡ്രണുകളില്‍  കാലപഴക്കം സംഭവിച്ച മിഗ് 21 ഇനത്തില്‍പ്പെട്ട പോര്‍ വിമാനങ്ങളാണ്. ഇവ താമസിയാതെ ഉപയോഗത്തില്‍ നിന്ന് പിന്‍വലിക്കപ്പെടും. ഇത് വ്യോമസേനയുടെ ശക്തി വീണ്ടും കുറയ്ക്കുമെന്ന ഭയം സര്‍ക്കാരിനും വ്യോമ സേന അധികൃതര്‍ക്കുമുണ്ട്.
 പ്രശ്‌നത്തിന്റെ ഗൗരവം നേരത്തെ മനസ്സിലാക്കിയ വാജ്‌പേയി സര്‍ക്കാര്‍ വ്യോമ സേനയ്ക്കായി ത്വരിതഗതിയില്‍ മീഡിയം മള്‍ട്ടി - റോള്‍ കോംബാറ്റ് എയര്‍ക്രാഫ്റ്റ് (എംഎംആര്‍സിഎ) വാങ്ങാന്‍ ആലോചിക്കുകയുണ്ടായി. പ്രാഥമിക ഘട്ട ആലോചനയ്ക്കു ശേഷം  2007-ല്‍ വായു സേനയ്ക്കാവശ്യമായ പോര്‍ വിമാനം വാങ്ങാന്‍ യുപിഎ ഭരണകാലത്ത് ആഗോളതലത്തില്‍ തത്പര  പാശ്ചാത്യ സ്ഥാപനങ്ങളില്‍നിന്ന് ഭാരതം അപേക്ഷ ക്ഷണിക്കുകയുണ്ടായി. 
ആറ് പാശ്ചാത്യ കമ്പനികള്‍ താത്പര്യം പ്രകടിപ്പിച്ചെങ്കിലും വ്യോമ സേന അധികാരികള്‍ നടത്തിയ സമഗ്ര-സാങ്കേതിക വിലയിരുത്തലുകള്‍ക്കുശേഷം 2011-ല്‍ ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ട് ഏവിയേഷന്റെ റഫാല്‍ പോര്‍വിമാനവും യൂറോഫൈറ്ററിന്റെ ടൈഫൂണും അഭികാമ്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നതായി  പ്രഖ്യാപിക്കപ്പെട്ടു. ഇവയില്‍ കുറഞ്ഞ നിരക്കില്‍ ഉന്നത സാങ്കേതിക നിലവാരം പുലര്‍ത്തുന്നത് റഫാല്‍ ആണെന്ന് ഉറപ്പുവരുത്തി 2012-ല്‍ ഡസോള്‍ട്ട് ഏവിയേഷനുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. യുപിഎ ഭരണത്തിന്റെ അന്ത്യംവരെ  ഉടമ്പടി വ്യവസ്ഥകളെക്കുറിച്ചോ, സാങ്കേതിക കൈമാറ്റത്തെക്കുറിച്ചോ, നിര്‍മ്മാണ വ്യവസ്ഥയെക്കുറിച്ചോ, വിലയെക്കുറിച്ചോ വ്യക്തതയില്ലാതെ ചര്‍ച്ചകള്‍ ഇഴഞ്ഞു നീങ്ങി. അന്തിമമായ തീരുമാനം മാത്രം ഉണ്ടായില്ല, അല്ലെങ്കില്‍ തീരുമാനം കൈക്കൊള്ളാന്‍ അന്നത്തെ പ്രതിരോധ മന്ത്രി  എ.കെ ആന്റണിക്ക് ധൈര്യമുണ്ടായില്ല, പ്രതിരോധ വിദഗ്ധര്‍ ഉദാഹരണ സഹിതം ചൂണ്ടി ക്കാട്ടുന്നു. 
സാധ്യതയുള്ള ആരോപണങ്ങളെ മുന്‍കൂട്ടി ഭയക്കുന്ന മുന്‍ പ്രതിരോധ മന്ത്രി എ.കെ.ആന്റണി താന്‍  ആ പദവിയില്‍ ഇരിക്കുന്ന കാലംവരെ  വന്‍ തുക ചെലവുള്ള പ്രതിരോധ കരാറുകള്‍ ഉണ്ടാകരുതെന്ന് ആഗ്രഹിച്ചിരിക്കാം. ഏഴ് വര്‍ഷം ആ സ്ഥാനത്തിരുന്ന ആന്റണിയാണ് ഏറ്റവും നീണ്ട കാലത്തെ പ്രതിരോധ മന്ത്രി. അഴിമതി ആരോപണങ്ങളില്‍നിന്ന് സ്വന്തം മുഖം രക്ഷിക്കാന്‍ മാത്രം വന്‍ പ്രതിരോധ കരാറുകള്‍ക്ക് അന്തിമരൂപം നല്‍കാതെ ആന്റണി മാറ്റിനിര്‍ത്തിയത് ധാരാളം പദ്ധതികളാണെന്ന് പ്രതിരോധ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇത് രാഷ്ട്രത്തിന്റെ പ്രതിരോധ ശക്തിയെ ഗണ്യമായി തളര്‍ത്തി. വ്യോമസേനയുടെ പ്രഹര ബലം ക്രമാനുഗതമായി കുറഞ്ഞു, പ്രതിരോധ വിദഗ്ധര്‍ ഒറ്റസ്വരത്തില്‍ ആന്റണിയെന്ന പരാജയത്തെ പരിഹാസത്തോടെ വിലയിരുത്തുന്നു.
ആംഗ്ലോ- ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റാവെസ്റ്റ്‌ലാന്റുമായി ഭാരതം ഒപ്പുവച്ച 3600 കോടി രൂപയുടെ  വിവിഐപി ഹെലികോപ്ടര്‍ ഇടപാടില്‍ ഇടനിലക്കാര്‍ 300 കോടി രൂപ കൈപ്പറ്റിയ വാര്‍ത്ത പ്രസ്തുത പദ്ധതിയില്‍ നിന്ന് മാത്രമല്ല, മറ്റ് പല പദ്ധതികളില്‍ നിന്നും പിന്മാറാനോ ചര്‍ച്ചയുടെ പുരോഗതി തടസ്സപ്പെടുത്താനോ ആന്റണിയെ പ്രേരിപ്പിച്ചു. അവയില്‍ ഒന്നാണ് റഫാല്‍. അങ്ങനെ പ്രതിരോധ മേഖലയിലെ എല്ലാ ആധുനികവല്‍ക്കരണ പദ്ധതിയും ആന്റണിയുടെ മേല്‍നോട്ടത്തില്‍ അവതാളത്തിലായി. വ്യോമസേനയുടെ ആയുധ ശേഖരത്തില്‍ 'പറക്കുന്ന ശവപ്പെട്ടികള്‍ 'എന്ന കുപ്രസിദ്ധി നേടിയ സോവിയറ്റ് നിര്‍മിത മിഗ് പോര്‍വിമാനങ്ങള്‍ നിറഞ്ഞുനിന്നു.
വര്‍ഷങ്ങള്‍ നീണ്ട ആലോചനയ്ക്കുശേഷവും കരാര്‍ വ്യവസ്ഥകള്‍ക്ക് അന്തിമരൂപം നല്‍കാന്‍ കഴിയാതെ പോര്‍വിമാന പദ്ധതി പെരുവഴിയില്‍ ഉപേക്ഷിച്ച യുപിഎ സര്‍ക്കാര്‍ അവയുടെ വില എത്രയാണെന്ന് നിശ്ചയിക്കാന്‍ കഴിയാതെ വിയര്‍ത്തു. എ.കെ ആന്റണി പ്രതിരോധ മന്ത്രിയായുള്ള സര്‍ക്കാര്‍ പുറത്താക്കപ്പെടുന്നതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ റഫാല്‍ പോര്‍വിമാനം വാങ്ങാനുള്ള തീരുമാനം അന്നത്തെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടായിരുന്നു. പക്ഷേ, വിലനിര്‍ണ്ണയ സമിതി അന്തിമ തീരുമാനം കൈക്കൊള്ളാത്തതിനാല്‍ പദ്ധതിയില്‍ അനശ്ചിതത്വം നേരിട്ടു.
എന്നിട്ടും റഫാലിന് 'ഞങ്ങള്‍ നിശ്ചയിച്ച വില' മോദി സര്‍ക്കാര്‍ നല്‍കിയതിനേക്കാള്‍ കുറവായിരുന്നു എന്ന് കള്ള പ്രചാരണം നടത്തി. ഇത് അംബാനിയുടെ ആയുധ നിര്‍മ്മാണ സംരംഭത്തെ സഹായിക്കാനാണെന്ന പ്രചാരണം മറ്റൊരു ഭാഗത്ത്.  ഇന്ത്യയില്‍ റഫാല്‍ നിര്‍മ്മിക്കുന്നത് അംബാനിയുടെ കമ്പനിയായിരിക്കുമെന്നു പോലും ചിലര്‍ പ്രചരിപ്പിച്ചു. റഫാല്‍ ഉടമ്പടി ഒപ്പുവയ്ക്കുന്ന കാലത്ത് അംബാനിക്ക് ആയുധ നിര്‍മ്മാണ കമ്പനിയുണ്ടായിരുന്നില്ല. കരാര്‍ നിലവില്‍വന്ന്  ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ മാത്രമാണ് ഭാരതത്തിലെ പ്രതിരോധ മേഖല സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ തുറന്നുകൊടുക്കുന്നത്. 
വര്‍ഷങ്ങളായി റഫാല്‍ വിമാന ഇടപാട് ചര്‍ച്ചകള്‍ പല വഴിയില്‍ നീങ്ങിയപ്പോള്‍ വ്യോമസേനയുടെ അത്യാവശ്യങ്ങള്‍ അവഗണിക്കപ്പെട്ടു കിടന്നു. വായുസേനയുടെ ശാക്തീകരണം സ്വപ്‌നം മാത്രമായി മാറി. ഈ സാഹചര്യത്തിലാണ്, ദുര്‍ഗ്രഹമായ എല്ലാ വഴികളും അടച്ച്, ചര്‍ച്ചകളിലെ ആവര്‍ത്തനങ്ങള്‍ ഒഴിവാക്കി, സുതാര്യവും പ്രായോഗികവുമായ എളുപ്പ മാര്‍ഗ്ഗം സ്വീകരിച്ച് ഉടമ്പടി പൂര്‍ത്തിയാക്കാന്‍ പ്രധാനമന്ത്രി പ്രതിരോധ മന്ത്രാലയത്തിന് അനുമതി നല്‍കുന്നത്. അങ്ങനെ ത്വരിതഗതിയില്‍ രണ്ട് സ്‌ക്വാഡ്രണിന് ആവശ്യമായ 36 വിമാനങ്ങള്‍ വാങ്ങാന്‍ മനോഹര്‍ പരീഖര്‍ പ്രതിരോധ മന്ത്രി ആയിരിക്കുമ്പോള്‍ സര്‍ക്കാര്‍ ഉടമ്പടി പൂര്‍ത്തിയാക്കി. അപ്പോഴാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ഔദ്യോഗിക വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല, യുപിഎ വാങ്ങാത്തതും തുക ചര്‍ച്ചചെയ്യാത്തതുമായ 126 റഫാല്‍ വിമാനത്തിന്റെ വില 54,000 കോടി രൂപയാണെന്ന് കണ്ടെത്തിയത്! മറ്റൊരുകോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ കണ്ടുപിടിച്ച വില 72,000 കോടി രൂപയും!!
റഫാല്‍ പോര്‍വിമാനം ലോകത്ത് പല രാജ്യങ്ങളും അവരുടെ വ്യോമസേനയ്ക്കായി വാങ്ങുന്നുണ്ട്. വ്യോമസേനയ്ക്കു ആവശ്യപ്രകാരം പ്രത്യേക സംവിധാനങ്ങള്‍ ഘടിപ്പിച്ച് അഞ്ച് വര്‍ഷത്തെ അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെ ഡസോള്‍ട്ട് ഭാരതത്തിന് നല്‍കുന്ന പോര്‍ വിമാനത്തിന്റെ വില ഈജിപ്തും ഖത്തറും നല്‍കിയതിനേക്കാള്‍ കുറവാണ്. ഭാരതത്തിന് നല്‍കുന്ന പോര്‍വിമാനത്തേക്കാള്‍ കുറഞ്ഞ കരാര്‍ വ്യവസ്ഥയോടും സാങ്കേതിക സംവിധാനത്തോടുംകൂടിയ റഫാല്‍ വിമാനം വാങ്ങാന്‍  ഈജിപ്ത് നല്‍കുന്നത് ഒരെണ്ണത്തിന് 246 മില്യണ്‍ ഡോളറും, ഖത്തര്‍ നല്‍കുന്നത് 292 മില്യണ്‍ ഡോളറുമാണ്. അത്യാധുനിക മെറ്റിയോര്‍ മിസൈല്‍ സംവിധാനത്തോടു കൂടിയ റഫാല്‍  100 കിലോമീറ്റര്‍ ദൂരത്തുനിന്ന് ശത്രുസൈന്യത്തിന്റെ ക്രൂയിസ് മിസൈല്‍ തകര്‍ക്കാനും ശേഷിയുള്ള സംവിധാനം ഉള്‍പ്പെടുത്തിയ പോര്‍വിമാനത്തിന്ന് ഭാരതം നല്‍കുന്നത് 244 മില്യണ്‍ ഡോളറും. 
ചുരുക്കത്തില്‍ റഫാല്‍ പോര്‍വിമാനം ഭാരതത്തില്‍ എത്തുന്നത് ഫ്രഞ്ച് സര്‍ക്കാരുമായുള്ള ഉടമ്പടിയുടെയും ഉറപ്പിന്റെയും അടിസ്ഥാനത്തിലാണ്. ലാഭേച്ഛയുള്ള ഒരു സ്വകാര്യ കമ്പനിയുടെ ഉപാധികളുടെയോ അവര്‍ ആവശ്യപ്പെടുന്ന അവ്യക്തമായ വിലയുടെയോ അടിസ്ഥാനത്തിലല്ല.

കവിയുടെ കണ്ണീര്‍ വീഴ്ത്തരുത്

''ഭാഷ അറിയാത്ത തലമുറ എന്നെ മറന്നു പൊയ്‌ക്കൊള്ളട്ടെ'' എന്ന് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരവും മലയാണ്മയുടെ പൂക്കാലവുമായ ഒരു കവി വിലപിക്കുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ സഹൃദയലോകം ഞെട്ടുകയാണ്. ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്ന കവി കണ്ടറിഞ്ഞതും കൊടുത്തറിഞ്ഞതും അടുത്തറിഞ്ഞതുമായ സാംസ്‌കാരികധാരയുടെ ഒഴുക്ക് തടസ്സപ്പെടുത്താന്‍ പാകത്തില്‍ ഒരു തലമുറ വളര്‍ന്നുവരികയാണ്. അതില്‍ മനംനൊന്ത് അദ്ദേഹം അപേക്ഷാപൂര്‍വം മലയാളികളുടെ മുമ്പില്‍ തൊഴുകൈയോടെ പ്രാര്‍ത്ഥിക്കുകയാണ്. ''എന്റെ കവിതകള്‍ സ്‌കൂളിലും കോളജിലും സര്‍വകലാശാലകളിലും പഠിപ്പിക്കരുത്.'' ഇത് മലയാളത്തെ ശ്രേഷ്ഠഭാഷയാക്കാന്‍ നിസ്തന്ദ്രം പ്രവര്‍ത്തിച്ചിരുന്ന, പ്രവര്‍ത്തിക്കുന്നവരുടെ നെഞ്ചില്‍ കനല്‍കോരിയിടുന്ന പ്രതീതിയാണുളവാക്കുന്നത്.
ഭാഷയുടെ ആത്മാവും വികാരവും എന്തെന്നറിയുന്ന, കടന്നുകാണുന്നവന്റെ ഈ രോദനത്തിന് ഇടവെച്ചതാരാണ്? ആംഗലേയ ഭാഷയെ സ്വര്‍ഗതുല്യം കരുതുകയും അതിലെ ഒരക്ഷരത്തെറ്റുപോലും ലോകം ഇടിഞ്ഞുപൊളിഞ്ഞു വീഴുന്ന പ്രതീതിയുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യുന്ന ആധുനിക ധ്വരമാര്‍ മലയാണ്‍മയുടെ അഭിമാനത്തെ നിരന്തരം വസ്ത്രാക്ഷേപം നടത്തുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ്. അല്ലെങ്കില്‍ നിസ്സാരമായി കാണുകയാണ്. മലയാളഭാഷയും സാഹിത്യവും പഠിച്ച് ഗവേഷണം നടത്തുന്നവര്‍ പോലും അക്ഷരത്തെറ്റില്ലാതെ ഒരു വാക്യം എഴുതുന്നില്ലെന്ന് വരുന്നത് എന്തൊരു ദുരന്തമാണ്.
പഠന വൈകല്യത്തിന് തന്റെ കവിത പാത്രീഭവിക്കരുതെന്ന തികച്ചും ന്യായമായ ഒരാവശ്യമാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് മുമ്പോട്ടുവെയ്ക്കുന്നത്. ഈയടുത്ത് ഒരു കോളജിലെ പരിപാടിയില്‍ പങ്കെടുക്കവെ ബിരുദാനന്തരവിദ്യാര്‍ത്ഥി ഒരു പ്രത്യേക കവിത ചൊല്ലണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ കുറിപ്പ് കണ്ടപ്പോഴാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന് വിഷമം തോന്നിയത്. ജാതി, മത, രാഷ്ട്രീയ താല്‍പ്പര്യങ്ങളിലൂടെ അധ്യാപകരാവുന്നവര്‍ ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ ഗുരുതരമായ പിഴവാണ് വരുത്തുന്നതെന്ന് അദ്ദേഹം വേദനയോടെ ചൂണ്ടിക്കാട്ടുന്നു. ഇതുവരെ ഒരവാര്‍ഡിനും വശംവദനാവാത്ത ഈ കവി തന്റെ നിസ്സഹായത വെളിപ്പെടുത്തുമ്പോള്‍ ആരാണ് യഥാര്‍ത്ഥ കവിയെന്ന് സമൂഹത്തിന് മനസ്സിലാവുകയാണ്. 
അക്ഷരം നന്നായി പഠിച്ചതിനുശേഷം മാത്രം തന്റെ കവിത പഠിപ്പിച്ചാല്‍ മതിയെന്നാണ് ബാലചന്ദ്രന്‍ പറയുന്നത്. 80 കളില്‍ എറണാകുളം മഹാരാജാസ് കോളജിലെ ഇടനാഴികളില്‍ മുഴങ്ങിയ ക്ഷുഭിത യൗവനത്തിന്റെ കനലാട്ടം ഇപ്പോഴും ആ വ്യക്തിത്വത്തില്‍ വജ്രശോഭയോടെ നിലനില്‍ക്കുന്നു എന്നു കാണാം. ''പകുതി ഹൃത്തിനാല്‍ വെറുക്കുമ്പോള്‍ നിങ്ങള്‍ പകുതി ഹൃത്തിനാല്‍ പൊറുത്തുകൊള്ളുക'' എന്ന് ബാലചന്ദ്രന്‍ വളരെ മുമ്പേ തന്നെ പറഞ്ഞിട്ടുണ്ട്. ഇന്നത്തെ അസ്വസ്ഥ വിദ്യാഭ്യാസത്തിന്റെ ഉമ്മറത്തേക്ക് നോക്കി ''എന്റെ കവിത പഠിപ്പിക്കേണ്ട'' എന്നു പറയുമ്പോഴും അതേ വികാരം തന്നെയാണ് അദ്ദേഹം മുന്നോട്ടുവെയ്ക്കുന്നത്. 
കവി കരയുമ്പോള്‍ കാലത്തിന് മുറിവേല്‍ക്കും; ആ മുറിവില്‍ നിന്നുള്ള ചോര നിലയ്ക്കാതെ ഒഴുകിക്കൊണ്ടിരിക്കും. അത്തരമൊരു ഗതികേട് വരുത്താതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തരമായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസ വിദഗ്ധരുള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ ഗൗരവത്തോടെ ഇടപെടണമെന്നാണ് ഞങ്ങളുടെ ആത്മാര്‍ത്ഥമായ അഭ്യര്‍ത്ഥന. ബാലചന്ദ്രന്റെ കവിത തലമുറകളോളം വായിക്കപ്പെടണം. ഇല്ലെങ്കില്‍ ഒരനുഭവസാമ്രാജ്യമാണ് നഷ്ടപ്പെടുക. 'മാ നിഷാദ' എന്നു പറയാന്‍ ഒരു കവിക്കേ കഴിയൂ എന്ന് നാം മനസ്സിലാക്കണം.

ഇത് 'ഗുളിക രാജോ' ഗുളിക കാലമോ?

അലോപ്പതി ചികിത്സ ഇക്കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കിടെ ആറരക്കോടി ഭാരതീയരെ പാപ്പരാക്കിയെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ സാമ്പിള്‍സര്‍വ്വേ ഓര്‍ഗനൈസേഷന്‍ കണ്ടെത്തിയിട്ടുണ്ട്. ചികിത്സാ ചെലവു മൂലം കോടിക്കണക്കിനാളുകള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെപ്പോകാതിരിക്കാന്‍ ആയുഷ് വകുപ്പിന് അതര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുക മാത്രമാണ് പോംവഴി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ ആവശ്യമായ സമ്മര്‍ദ്ദം ചെലുത്തുമെന്ന് പ്രത്യാശിക്കാം.
വാര്‍ത്തകളില്‍ നിന്നു മനസ്സിലാക്കാന്‍ കഴിയുന്നത് ആരോഗ്യവകുപ്പിന്റെ പ്രധാന പണി ഗുളിക വിതരണമാണെന്നാണ്. മറ്റൊരു പ്രധാന പണി പ്രതിരോധമരുന്നു വിതരണവും പ്രതിരോധ കുത്തിവയ്പും. എത്രയോ ദശാബ്ദങ്ങളായി ഈ പരിപാടി തുടരുന്നു. എന്നിട്ടും ഒട്ടുമിക്ക മാധ്യമങ്ങളും കേരളത്തെ രോഗികളുടെയും രോഗങ്ങളുടെയും സ്വന്തം നാടായിട്ടാണ് വിശേഷിപ്പിക്കുന്നത്.
'രോഗാതുരത'യുടെ കാര്യത്തിലും കേരളം ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ചു വളരെ മുന്നിലാണ്. ഭാരത ജനസംഖ്യയുടെ ഏകദേശം മൂന്നു ശതമാനം മാത്രമാണ് മലയാളികള്‍. പക്ഷേ രാജ്യത്തു വിറ്റഴിയുന്ന രാസഔഷധങ്ങളുടെ (ഇംഗ്ലീഷ് മരുന്നുകള്‍) പതിനഞ്ചു ശതമാനത്തിലേറെ കഴിക്കുന്നത് മലയാളികള്‍! ബീഹാര്‍, ഒഡീഷ, ഛത്തീസ്ഗഢ് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് രോഗി-ഡോക്ടര്‍ അനുപാതത്തിലും ആശുപത്രികളുടെ എണ്ണത്തിലുമൊക്കെ കേരളം അസൂയാവഹമാംവണ്ണം മുന്നിട്ടുനില്‍ക്കുന്നു. എന്നിട്ടും രോഗാതുരത മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങളേക്കാള്‍ വളരെക്കൂടിയ നിരക്കിലാണിവിടെ. രോഗം വരാതിരിക്കാനുള്ള പ്രതിരോധ സംവിധാനങ്ങള്‍ വന്‍ പ്രചാരണം നല്‍കി നടപ്പാക്കിയിട്ടും ഇല്ലായ്മ ചെയ്തു എന്നവകാശപ്പെടുന്ന പല മഹാമാരികളും തിരിച്ചുവരുന്നു.
ക്ഷയരോഗം വരാതിരിക്കാന്‍ ബിസിജി കുത്തിവയ്പ്പ് തുടങ്ങിയിട്ട് പത്തെഴുപതു വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇന്നുമത് തുടരുന്നു. പക്ഷേ ക്ഷയരോഗം ഭീതി ജനകമാംവിധം വര്‍ധിച്ചുവരുന്നു. മുപ്പതുലക്ഷത്തോളം പേര്‍ക്ക് വര്‍ഷംതോറും ക്ഷയരോഗം പിടിപെടുന്നു. അഞ്ചുലക്ഷത്തില്‍ താഴെപേര്‍ മരിക്കുന്നു, ഭാരതത്തില്‍ മാത്രം. ഇതുവരെ കണ്ടെത്തിയിട്ടുള്ള മരുന്നുകളെയൊക്കെ പരാജയപ്പെടുത്തി ക്ഷയരോഗം മുന്നേറുന്നു. മള്‍ട്ടിഡ്രഗ് റസിഡന്റ് ടിബി ആധുനിക വൈദ്യ ശാസ്ത്രത്തിനു വെല്ലുവിളിയായി വികസ്വര രാജ്യങ്ങളില്‍ ഭീഷണിമുഴക്കുന്നു. ലോകാരോഗ്യ സംഘടന റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. പ്രതിരോധ മരുന്നു നല്‍കി പോളിയോ നിയന്ത്രിക്കാനാകുമെന്ന് പറയുന്നവര്‍ പ്രതിരോധമരുന്നു നല്‍കിയിട്ടും ടിബി നിയന്ത്രിക്കാനാകാത്തതെന്തെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതല്ലേ?
മന്തു വരാതിരിക്കാന്‍ ഹെട്രസാന്‍ (ഡിഇസി) ഗുളിക നല്‍കി സാമൂഹ്യ ചികിത്സ. വിളര്‍ച്ച മാറ്റാന്‍ അയണ്‍ ഗുളിക, ആരോഗ്യത്തിന് വിറ്റമിന്‍ ഗുളിക, വിരകളെ ഇല്ലാതാക്കാന്‍ വിരഗുളിക (അല്‍ബെന്റസോള്‍) എന്നിങ്ങനെ മാസങ്ങളിടവിട്ട് കോടിക്കണക്കിന് ഗുളികകളാണ് പിഞ്ചുകുട്ടികള്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും നല്‍കുന്നത്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും അയണ്‍ഫോലിക് ആസിഡ് ഗുളികകളും പ്രായഭേദമെന്യേ എല്ലാവര്‍ക്കും മന്തുമരുന്നും. സെലിബ്രിറ്റികളെക്കൊണ്ട് ആഹ്വാനം ചെയ്യിപ്പിച്ചും വന്‍പരസ്യങ്ങള്‍ നല്‍കിയും നിരന്തരം ആബാലവൃദ്ധം ജനങ്ങളെയും സാമൂഹ്യചികിത്സയ്ക്കു വിധേയരാക്കിയിട്ടും കേരളത്തില്‍ രോഗികളുടെ എണ്ണത്തില്‍ ഒരു കുറവുമില്ല.
മേല്‍പ്പറഞ്ഞ പരിപാടികള്‍ കൂടാതെ ആദിവാസികള്‍ക്ക് പോഷകാഹാരവും ആരോഗ്യ പരിരക്ഷയും സംയോജിത ശിശുവികസന പദ്ധതിപ്രകാരം പഴുതുകള്‍ അടച്ചാണ് നടപ്പാക്കുന്നത്. അതിനായി ട്രൈബല്‍ വികസന വകുപ്പും ആരോഗ്യവകുപ്പും സാമൂഹ്യനീതിവകുപ്പും യോജിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പക്ഷേ ആദിവാസികള്‍ക്കിടയില്‍ നവജാത ശിശുമരണം ഒരു തുടര്‍ക്കഥയാണിന്നും. കടുത്ത പോഷകാഹാരക്കുറവ്, വിളര്‍ച്ച, അരിവാള്‍ രോഗം, വന്ധ്യത തുടങ്ങി ആദിവാസികള്‍ വിവിധരോഗങ്ങളുടെ പിടിയിലാണ് ഈ നിലയ്ക്ക് പോയാല്‍ ആദിവാസികളുടെ വംശംതന്നെ അന്യംനിന്നുപോകും എന്നു ഭയപ്പെടേണ്ടിയിരിക്കുന്നു.
ആരോഗ്യവകുപ്പ് വഴി നല്‍കുന്ന എല്ലാംതന്നെ രാസ ഔഷധങ്ങളാണ്, വാക്‌സിനുകളായാലും ഗുളികകളായാലും. ഒന്നിലേറെ ദോഷഫലങ്ങളില്ലാത്ത ഒരു രാസൗഷധവും ഉണ്ടെന്നു തോന്നുന്നില്ല. ആരോഗ്യവകുപ്പു നല്‍കുന്ന പല മരുന്നുകളും മാരകപാര്‍ശ്വഫലങ്ങള്‍ കണ്ടെത്തുന്നതിനാല്‍ പത്തോപതിനഞ്ചോ വര്‍ഷങ്ങള്‍ കഴിഞ്ഞ് നിരോധിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം 343 കോമ്പിനേഷന്‍ ഡ്രഗ്‌സ് നിരോധിച്ചു. ഈ വര്‍ഷം ആദ്യം ആറായിരം മരുന്നുകള്‍ നിരോധിച്ചതായി ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഈ സാഹചര്യത്തില്‍ 'ആയുഷ്' വകുപ്പിന് കീഴിലുള്ള ചികിത്സാ രീതികള്‍ക്ക് പ്രസക്തി ഏറുന്നു. ആയുര്‍വേദം, ഹോമിയോ, സിദ്ധ, യുനാനി,  നാച്വറോപ്പതി, പാരമ്പര്യ വൈദ്യം തുടങ്ങി സഹസ്രാബ്ദങ്ങളായി മനുഷ്യരുടെ ആരോഗ്യം സംരക്ഷിച്ചു പോന്ന ചികിത്സാ രീതികള്‍ക്ക് വിരഗുളികകള്‍ക്കും അയണ്‍ ഗുളികകള്‍ക്കും വിറ്റാമിന്‍ ഗുളികകള്‍ക്കും പകരം ഒന്നും നിര്‍ദ്ദേശിക്കാനില്ലേ? പോഷകാഹാരക്കുറവിനും വിളര്‍ച്ചയ്ക്കും രോഗപ്രതിരോധ ശേഷി നിലനിര്‍ത്താനും 'ആയുഷ്' വിദഗ്ദ്ധര്‍ക്ക് ജനങ്ങള്‍ക്ക് നല്‍കാന്‍ നിര്‍ദ്ദേശങ്ങള്‍ ഒന്നുമില്ലേ? രാസ ഔഷധങ്ങളില്‍ താല്‍പര്യമില്ലാത്ത എത്രയോ ആളുകളും കുടുംബങ്ങളും കേരളത്തിലുണ്ട്.  അത്തരക്കാര്‍ക്കുവേണ്ടിയെങ്കിലും ആയുഷ് വകുപ്പ് സ്‌കൂളുകള്‍ വഴിയും അങ്കണവാടികള്‍ വഴിയും നിര്‍ദ്ദേശങ്ങള്‍ നല്‍കണം.
ആയുഷ് വകുപ്പിന് കീഴിലുള്ള ആയിരക്കണക്കിനു ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും എന്തുകൊണ്ടാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിയും അങ്കണവാടികള്‍ വഴിയും അവരുടേതായ 'റെമഡികള്‍' നിര്‍ദ്ദേശിക്കാത്തത്? കളക്ടര്‍മാരും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും എന്തുകൊണ്ടാണ് 'ആയുഷ്' വകുപ്പ് ഡോക്ടര്‍മാരെ അകറ്റിനിര്‍ത്തുന്നത്? ജീവിതശൈലീ രോഗങ്ങളും ഭക്ഷണശൈലീരോഗങ്ങളും വര്‍ധിച്ചുവരുന്ന ഇക്കാലത്ത് ആ വക കാര്യങ്ങളില്‍ ഏറ്റവും ആധികാരികവും ശാസ്ത്രീയവുമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ആരോഗ്യവകുപ്പിനേക്കാള്‍ എന്തുകൊണ്ടും മുന്നില്‍ നില്‍ക്കുക ആയുഷ് വകുപ്പ് തന്നെ. പക്ഷേ സര്‍ക്കാരും സെലിബ്രിറ്റികളും മാധ്യമങ്ങളും അലോപ്പതി രീതികള്‍ പ്രചരിപ്പിക്കാനാണ് താല്‍പ്പര്യപ്പെടുന്നത്. ഈ സ്ഥിതിവിശേഷം മാറ്റാന്‍ ആയുഷ് വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമം നടത്തുന്നതായും കാണുന്നില്ല.
പല രോഗങ്ങള്‍ക്കും ജീവിതകാലം മുഴുവന്‍ മരുന്നു കഴിക്കാനാണ് അലോപ്പതി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. മരിക്കുന്നതുവരെ മരുന്നു കഴിക്കുന്ന ദുരവസ്ഥയില്‍ നിന്ന് മനുഷ്യരെ രക്ഷിക്കാന്‍ ആയുഷ് വിദഗ്ദ്ധര്‍ക്ക് കഴിയേണ്ടതാണ്.
അലോപ്പതിയില്‍ വന്ധ്യതാ നിവാരണത്തിന് ലക്ഷങ്ങളാണ് ചെലവ്. വന്ധ്യതാ നിവാരണം സാധ്യമാണ് ഹോമിയോപ്പതിയിലൂടെ. കണ്ണൂര്‍ ജില്ലാ ഹോമിയോ ആശുപത്രി ഇക്കാര്യം സംശയരഹിതമായി തെളിയിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടും ഈ നേട്ടം ജനങ്ങളെ അറിയിക്കാന്‍ ഒരു സെലിബ്രിറ്റിയേയും സര്‍ക്കാര്‍ നിയോഗിക്കുന്നില്ല. ഗുളിക വിതരണത്തിനു നല്‍കുന്ന പബ്ലിസിറ്റിയുടെ ഒരംശംപോലും ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ തുനിയുന്നില്ല. മരുന്നുമാഫിയയെ തൃപ്തിപ്പെടുത്താനുള്ള മത്സരത്തിലാണ് ആരോഗ്യവകുപ്പും മാധ്യമങ്ങളും. ചെലവുകുറഞ്ഞ ചികിത്സ പ്രചരിപ്പിക്കാന്‍, ബദല്‍ നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ക്കുനല്‍കാന്‍ ആയുഷ് വകുപ്പ് മുന്നോട്ട് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേന്ദ്രത്തിലേതുപോലെ കേരളത്തിലും ആയുഷിന് പ്രത്യേക മന്ത്രിയും മന്ത്രാലയവും രൂപീകരിക്കുകയും ബജറ്റ് വിഹിതത്തിന്റെ സിംഹഭാഗവും അലോപ്പതിക്കു നീക്കിവയ്ക്കുന്ന പതിവ് അവസാനിപ്പിക്കുകയും വേണം.
അലോപ്പതി ചികിത്സ ഇക്കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കിടെ ആറരക്കോടി ഭാരതീയരെ പാപ്പരാക്കിയെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ സാമ്പിള്‍സര്‍വ്വേ ഓര്‍ഗനൈസേഷന്‍ കണ്ടെത്തിയിട്ടുണ്ട്. ചികിത്സാ ചെലവു മൂലം കോടിക്കണക്കിനാളുകള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെപ്പോകാതിരിക്കാന്‍ ആയുഷ് വകുപ്പിന് അതര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുക മാത്രമാണ് പോംവഴി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ ആവശ്യമായ സമ്മര്‍ദ്ദം ചെലുത്തുമെന്ന് പ്രത്യാശിക്കാം

ബിഎംഎസിന്‍റെ ചരിത്ര പ്രസക്തി

പതിനെട്ടാം നൂറ്റാണ്ടിന്റെ ഏതാണ്ട് മദ്ധ്യത്തോടുകൂടി ബ്രിട്ടനില്‍ ആരംഭിച്ച് പിന്നീട് മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച വ്യവസായ വിപ്ലവത്തിന്റെ ഫലമാണ് ആധുനിക തൊഴിലാളിവര്‍ഗ്ഗം. തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും നിലനിര്‍ത്തുന്നതിനുംവേണ്ടി തൊഴിലാളികള്‍ രൂപീകരിക്കുന്നതും സ്ഥിരമായി പ്രവര്‍ത്തിക്കുന്നതുമായ ഒരു സംഘടനയാണ് ട്രേഡ് യൂണിയന്‍. ആധുനിക വ്യവസായത്തില്‍ തൊഴിലാളികള്‍ക്ക് ഒറ്റയ്ക്കുനിന്ന് നേട്ടങ്ങള്‍ ഉണ്ടാക്കുക സാദ്ധ്യമല്ല. അതുകൊണ്ട് അവര്‍ സംഘടനകളില്‍ക്കൂടി ശക്തിപ്രാപിച്ച് തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നു.
ഇന്ത്യയില്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ ആധുനികരീതിയിലുള്ള വ്യവസായങ്ങള്‍ ആരംഭിച്ചുതുടങ്ങി. 1853-ല്‍ മുംബൈയില്‍ ആദ്യത്തെ തുണിമില്ലും ആവര്‍ഷം തന്നെ റയില്‍വേയും, 1855-ല്‍ ബംഗാളില്‍ ആദ്യത്തെ ചണമില്ലും ഉണ്ടായതോടുകൂടി വ്യവസായത്തിന്റെയും തൊഴിലാളിവര്‍ഗ്ഗത്തിന്റെയും ആരംഭം ഉണ്ടായി.
ആദ്യകാലത്ത് കര്‍ഷകരാണ് പട്ടണത്തിലെ വ്യവസായശാലകളിലേക്ക് പണിയെടുക്കാന്‍ വന്നത്. വലിയ പ്രതീക്ഷകളോടെ വ്യവസായശാലകളിലേക്കും പട്ടണങ്ങളിലും പ്രവേശിക്കുവാന്‍ തുടങ്ങിയ ഇവര്‍ക്ക് വളരെയധികം യാതനകള്‍ അനുഭവിക്കേണ്ടിവന്നു. അങ്ങനെ പൊറുതിമുട്ടിയ തൊഴിലാളികള്‍ 1877-ല്‍ നാഗ്പൂര്‍ എംപ്രസ്സ് മില്ലില്‍ ഒന്നാമത്തെ പണിമുടക്ക് നടത്തി. 1888-90 കാലഘട്ടത്തില്‍ ഇരുപത്തിഅഞ്ചോളം പണിമുടക്കുകള്‍ ചെന്നൈയിലും മുംബൈയിലും ഉണ്ടായെങ്കിലും അവയൊന്നും വിജയിച്ചില്ല. ആ തൊഴിലാളികള്‍ക്ക് വേണ്ട നേതൃത്വമോ, നിര്‍ദ്ദേശങ്ങളോ നല്‍കുവാന്‍ തക്കതായ ഒരു സംഘടന ഉണ്ടായിരുന്നില്ല എന്നതാണ് അതിന് കാരണം. മാത്രമല്ല തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്നവിധത്തിലുള്ള യാതൊരു നിയമങ്ങളും ഉണ്ടായിരുന്നില്ല. 1881-ലെ ഫാക്ടറി നിയമം തൃപ്തികരമല്ലാത്തതിനാല്‍ 1884-ല്‍ ഒരു അന്വേഷണക്കമ്മീഷനെ അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ നിയമിച്ചു. പ്രസ്തുത കമ്മിഷന്റെ മുമ്പാകെ ലോഘാണ്ഡെയുടെ നേതൃത്വത്തില്‍ വളരെയധികം തൊഴിലാളികള്‍ ഒപ്പിട്ട മെമ്മോറാണ്ടം സമര്‍പ്പിച്ചു. 1890-ല്‍ വീണ്ടും ലോഘാണ്ഡെ ഒരു മെമ്മോറാണ്ടം മുംബൈയിലെ മില്‍ ഉടമാ സംഘത്തിനു നല്‍കി. ലോഘാണ്ഡെയുടെ നേതൃത്വത്തില്‍ അതേവര്‍ഷം മുംബൈയില്‍ 'മില്‍ഹാന്‍സ്' അസോസിയേഷന്‍ എന്ന പേരില്‍ ഒരു സംഘടന രൂപീകരിക്കുകയും തൊഴിലാളികളുടെ പത്രമെന്ന നിലയ്ക്ക് 'ദീനബന്ധു' പ്രസിദ്ധീകരിച്ചു തുടങ്ങുകയും ചെയ്തു. പ്രസ്തുത സംഘടന ഒരു ട്രേഡ് യൂണിയന്‍ ആയിരുന്നില്ല. ലോഘാണ്ഡെയുടെ പ്രവര്‍ത്തനം യഥാര്‍ത്ഥ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന് വഴിതെളിച്ചു എന്നു പറയാം.
ഈ കാലഘട്ടത്തില്‍ ഇന്ത്യയിലെ ദേശീയപ്രസ്ഥാനം രൂപംപ്രാപിച്ചിരുന്നു. 1908-ല്‍ ദേശീയ നേതാവായിരുന്ന  ലോകമാന്യതിലകനെ അറസ്റ്റ്‌ചെയ്തതില്‍ പ്രതിഷേധിച്ച് മുംബൈയിലെ തൊഴിലാളികള്‍ ഒന്നടങ്കം പണിമുടക്കി. ഇതായിരുന്നു ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ പണിമുടക്കം. ഇതിനിടെ 1987-ല്‍ ഇന്ത്യയിലെയും, ബര്‍മ്മയിലെയും തൊഴിലാളികള്‍ സംഘടിച്ച് 'അമാല്‍ഗമേറ്റഡ് സൊസൈറ്റി ഓഫ് റെയില്‍വേ മെന്‍' എന്നൊരു സംഘടനയും 1905-ല്‍ കൊല്‍ക്കത്തയിലെ 'കല്‍ക്കട്ട പ്രിന്റേഴ്‌സ് അസോസിയേഷനും' 1907-ല്‍ മുംബൈ പോസ്റ്റല്‍ യൂണിയനും രൂപംകൊണ്ടിരുന്നു.
1914 മുതല്‍ 1918 വരെ നടന്ന ഒന്നാം ലോകയുദ്ധവും, ഇന്ത്യയിലെ സ്വാതന്ത്ര്യസമരത്തിന്റെ ശക്തിപ്രാപിക്കലും, ഗാന്ധിജിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും നമ്മുടെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിന് വളരെയധികം സഹായിച്ച ഘടകങ്ങളായിരുന്നു. യുദ്ധകാലത്തെ ക്ഷാമവും ദാരിദ്ര്യവും വിലവര്‍ദ്ധനവും ജാലിയന്‍ വാലാബാഗിലെ കൂട്ടക്കൊലയും നമ്മുടെ രാജ്യത്തെ തൊഴിലാളിവര്‍ഗ്ഗപ്രസ്ഥാനത്തെ വളര്‍ത്താന്‍ സഹായിക്കുകയുണ്ടായി. ഇന്ത്യയില്‍ ഒരു കേന്ദ്രതൊഴിലാളി സംഘടന വേണമെന്ന ചിന്ത ദേശീയനേതാക്കള്‍ക്കിടയിലും തൊഴിലാളിപ്രവര്‍ത്തകര്‍ക്കിടയിലും ശക്തമായി. തല്‍ഫലമായി 1920ല്‍ 'അഖിലേന്ത്യാ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്' രൂപംകൊണ്ടു. എഐടിയുസിയുടെ സ്ഥാപകസമ്മേളനം മുംബൈയില്‍വച്ച് ചേര്‍ന്നപ്പോള്‍ അതിന്റെ അദ്ധ്യക്ഷന്‍ ലാലാ ലജ്പത്‌റായിയായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഒരു കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടന സ്ഥാപിക്കുന്നതിന് മുന്‍പ് പല ട്രേഡ് യൂണിയനുകളും പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടവ ബി.പി. വാഡിയായുടെയും ആനിബസന്റിന്റേയും നേതൃത്വത്തിലുള്ള 'മദ്രാസ് ലേബര്‍ യൂണിയനും' (1918), മഹാത്മാഗാന്ധിയുടെയും അനസൂയബെന്‍ സാരാബായിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട 'അഹമ്മദാബാദ് ടെക്സ്റ്റയില്‍ ലേബര്‍ അസ്സോസിയേഷനും (1918) ആയിരുന്നു. ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ വളരെ പ്രധാന പങ്ക് വഹിച്ചിട്ടുള്ളവയാണ് മേല്‍പറഞ്ഞ രണ്ടു യൂണിയനുകളും. 1920-ല്‍ എഐടിയുസി സ്ഥാപിക്കപ്പെട്ടപ്പോള്‍ 64 ട്രേഡ് യൂണിയനുകള്‍ അതില്‍ അഫിലിയേറ്റ് ചെയ്തിരുന്നു. മൊത്തം അംഗസംഖ്യ 1,40,854 ആയിരുന്നു.
ട്രേഡ് യൂണിയനുകളുടെയും ദേശീയസ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെയും സമ്മര്‍ദ്ദങ്ങളുടെ ഫലമായി 1926-ല്‍ 'ട്രേഡ് യൂണിയന്‍ നിയമം' പ്രാബല്യത്തില്‍വന്നു. ഈ കാലഘട്ടത്തില്‍ ശക്തിപ്രാപിച്ച ഒരു സംഘടനയായിരുന്നു 'ഇന്ത്യന്‍ റെയില്‍വേ മെന്‍സ് ഫെഡറേഷന്‍'. 1929 ആയപ്പോഴേക്കും പ്രസ്തുത സംഘടനയില്‍ ഒരു ലക്ഷത്തോളം തൊഴിലാളികള്‍ അംഗങ്ങളായി. എന്‍.എം. ജോഷി പ്രസിഡന്റും വി.വി. ഗിരി സെക്രട്ടറിയുമായി ഈ സംഘടന നല്ലനിലയില്‍ പ്രവര്‍ത്തിച്ചു. അക്കാലത്തെ തൊഴിലാളി സമരങ്ങളുടെ ഫലമായി ബ്രിട്ടീഷ് സര്‍ക്കാര്‍ തൊഴില്‍തര്‍ക്കനിയമം (1929) കൊണ്ടുവരാന്‍ നിര്‍ബന്ധിതമായി.
അന്തര്‍ദേശീയ സംഭവവികാസങ്ങള്‍ ഇന്ത്യയിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിലും പ്രതിഫലിച്ചുതുടങ്ങി. സോവിയറ്റ് യൂണിയനില്‍ കമ്മ്യൂണിസ്റ്റ് ഭരണം സ്ഥാപിച്ചതിന്റെ പ്രത്യാഘാതങ്ങള്‍ ഇന്ത്യയിലും ഉണ്ടായി. ഇതിന്റെ ഫലമായി 1925-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയിലും സ്ഥാപിക്കപ്പെട്ടു. എഐടിയുസി എന്ന തൊഴിലാളി സംഘടനയില്‍ എല്ലാ രാഷ്ട്രീയ ചിന്താഗതിക്കാര്‍ക്കും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. 1929 ആയപ്പോഴേക്കും കമ്മ്യൂണിസ്റ്റുകാര്‍ എഐടിയുസിയില്‍ വിഭാഗീയ പ്രവര്‍ത്തനം ആരംഭിച്ചു. എഐടിയുസിയെ കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലുമായി അഫിലിയേറ്റ് ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു. 1929 നവംബറില്‍ ജവഹര്‍ലാല്‍ നെഹറുവിന്റെ അദ്ധ്യക്ഷതയില്‍ നാഗ്പൂരില്‍ ചേര്‍ന്ന എഐടിയുസി സമ്മേളനത്തില്‍ കമ്മ്യൂണിസ്റ്റുകാരുടെ വിഭാഗീയതയില്‍ പ്രതിഷേധിച്ച് എന്‍.എം. ജോഷിയുടെ നേതൃത്വത്തിലുള്ള മിതവാദികള്‍ ഇറങ്ങിപ്പോക്കു നടത്തുകയും, ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ ഫെഡറേഷന്‍ (ഐടിയുഎഫ്) എന്നപേരില്‍ മറ്റൊരു സംഘടന രൂപീകരിക്കുകയും ചെയ്തു. അങ്ങനെ ആദ്യമായി ഇന്ത്യയില്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തില്‍ പിളര്‍പ്പ് സംഭവിച്ചു. അക്കാലത്ത് എഐടിയുസിയില്‍ ഉണ്ടായിരുന്ന കമ്മ്യൂണിസ്റ്റുകാരുടെ വിഭാഗീയവും തീവ്രവാദപരവും ദേശീയവിരുദ്ധവുമായ സമീപനങ്ങളാണ് മിതവാദികളെ പ്രകോപിപ്പിച്ചത്.
എഐടിയുസിയുടെ പതിനാറാമത് സമ്മേളനം ചേര്‍ന്നത് 1931-ല്‍ ആയിരുന്നു. പ്രസ്തുത സമ്മേളനം സുഭാഷ് ചന്ദ്രബോസിന്റെ അദ്ധ്യക്ഷതയിലായിരുന്നു ചേര്‍ന്നത്. എഐടിയുസിയില്‍ അന്നുണ്ടായിരുന്ന കമ്മ്യൂണിസ്റ്റുകാര്‍ സംഘടനയുമായി തെറ്റിപ്പിരിഞ്ഞ് ചുകപ്പു ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് (ഞലറ ഠൃമറല ഡിശീി ഇീിഴൃല)ൈ എന്ന പേരില്‍ മറ്റൊരു  കേന്ദ്ര ട്രേഡ് യൂണിയന്‍ രൂപീകരിച്ചു. ഇതിന്റെയൊക്കെ ഫലമായി 1930 മുതല്‍ 1939 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം വളരെ മന്ദീഭവിച്ചു.
1939-ല്‍ രണ്ടാംലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടു. എഐടിയുസിയില്‍ വീണ്ടും കുഴപ്പങ്ങള്‍ തലപൊക്കി. ഈ യുദ്ധത്തില്‍ ജര്‍മ്മനിയും സഖ്യകക്ഷികളായ ജപ്പാനും ഇറ്റലിയും ഒരുവശത്തും, ബ്രിട്ടനും അവരെ തുണയ്ക്കുന്ന മറ്റ് രാജ്യങ്ങള്‍ മറുവശത്തുമായിരുന്നു. എഐടിയുസി ആരെ സഹായിക്കണമെന്ന കാര്യത്തില്‍ സംഘടനയില്‍ അഭിപ്രായവ്യത്യാസമുണ്ടായി. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടാതെ ബ്രിട്ടനെ സഹായിക്കാന്‍ പാടില്ലെന്ന് കോണ്‍ഗ്രസ്സുകാര്‍ ശക്തമായി അഭിപ്രായപ്പെട്ടു. കമ്മ്യൂണിസ്റ്റുകാര്‍ ആദ്യം കോണ്‍ഗ്രസ്സ് നേതാക്കളുടെ അഭിപ്രായത്തോട് യോജിച്ചു. പിന്നീട് റഷ്യയും ബ്രിട്ടന്റെ ചേരിയില്‍ യുദ്ധത്തിന് ചേര്‍ന്നപ്പോള്‍ ബ്രിട്ടനെ യുദ്ധത്തില്‍ പിന്‍തുണയ്ക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റുകാര്‍ എം.എന്‍. റോയിയുടെ നേതൃത്വത്തില്‍ ബ്രിട്ടനെ സഹായിക്കണമെന്ന് പ്രമേയം അവതരിപ്പിച്ചു. ഇതിനോട് എഐടിയുസിയിലെ കോണ്‍ഗ്രസ്സുകാര്‍ യോജിച്ചില്ല. ഈ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് വീണ്ടും എഐടിയുസിയില്‍ പിളര്‍പ്പുണ്ടായി. എം.എന്‍. റോയിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ലേബര്‍ എന്ന പേരില്‍ പുതിയ സംഘടന 1942ല്‍ രൂപീകരിച്ചു. 1942 ആഗസ്റ്റ് 9 ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ 'ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോകുക' എന്നാവശ്യപ്പെട്ടുകൊണ്ട് ക്വിറ്റ് ഇന്ത്യാ സമരം പ്രഖ്യാപിച്ചു. മഹാത്മജി ഉള്‍പ്പെടെയുള്ള ദേശീയനേതാക്കന്മാരെ തടങ്കലിലാക്കി. സമരത്തിനെതിരെ എല്ലാ മര്‍ദ്ദനമുറകളും കൊളോണിയല്‍ ഭരണാധികാരികള്‍ അഴിച്ചുവിട്ടു. എഐടിയുസിക്ക് നേതൃത്വം നല്‍കിയിരുന്ന മിക്കവാറും കോണ്‍ഗ്രസ്സ് നേതാക്കള്‍ ജയിലിലായി. ഈ അവസരം മുതലെടുത്ത് എഐടിയുസിയെ കമ്മ്യൂണിസ്റ്റുകാര്‍ പിടിച്ചടക്കി. ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തോട് കമ്മ്യൂണിസ്റ്റുകാര്‍ കാട്ടിയ കൊടിയ വഞ്ചനയായിരുന്നു ഇത്. കമ്മ്യൂണിസം പ്രചരിപ്പിക്കുന്നതിനുള്ള മാധ്യമമായി എഐടിയുസിയെ അവര്‍ ഉപയോഗിച്ചു.
ഈ സാഹചര്യത്തിലാണ് ദേശീയ താല്‍പര്യങ്ങളും തൊഴിലാളി താല്‍പര്യങ്ങളും സംരക്ഷിക്കുവാന്‍ 1947 മേയ് മൂന്നിന് ദല്‍ഹിയില്‍ സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെ സമ്മേളനത്തില്‍ ഐഎന്‍ടിയുസി രൂപീകരിച്ചത്. ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി എന്ന രാഷ്ട്രീയകക്ഷി ഉണ്ടായതോടുകൂടി 1948ല്‍ ഹിന്ദുമസ്ദൂര്‍സഭ (എച്ച്എംഎസ്സ്) എന്നൊരു തൊഴിലാളി സംഘടനകൂടി രൂപംകൊണ്ടു. 1942-ല്‍ എം.എന്‍. റോയിയുടെ നേതൃത്വത്തില്‍ ഉണ്ടായ ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ലേബര്‍ എച്ച്എംഎസ്സില്‍ ലയിച്ചു. 1949 ഏപ്രില്‍ മാസത്തില്‍ കല്‍ക്കട്ടയില്‍വെച്ച് കെ.ടി. ഷാ, മൃണാള്‍കാന്തി ബോസ് എന്നിവരുടെ നേതൃത്വത്തില്‍ യുണൈറ്റഡ് ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്സ് (യുടിയുസി) എന്ന മറ്റൊരു സംഘടനകൂടി രൂപംകൊണ്ടു. പിന്നീട് ഈ സംഘടനയില്‍നിന്നും രൂപംകൊണ്ടതാണ് യുടിയുസി (ലെനിന്‍ സരണി). ജനസംഘത്തിന്റെ രൂപീകരണത്തോടെ 1955-ല്‍ ഭാരതീയ മസ്ദൂര്‍സംഘവും (ബിഎംഎസ്), എസ്എസ്പിയുടെ ഉത്ഭവത്തോടെ 1965-ല്‍ ഹിന്ദു മസ്ദൂര്‍ പഞ്ചായത്തും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതിനെ തുടര്‍ന്ന് സിപിഎം നേതൃത്വത്തില്‍ 1970-ല്‍ സെന്റര്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍സ് (സിഐടിയു) ഉം പ്രവര്‍ത്തനം ആരംഭിച്ചു.
ഭാരതത്തിലെ ട്രേഡ് യൂണിയന്‍ ചരിത്രത്തിലെ പുതിയ വഴിത്തിരിവായിരുന്നു ഭാരതീയ മസ്ദൂര്‍സംഘത്തിന്റെ രൂപീകരണം. ബാലഗംഗാധരതിലകന്റെ ജന്മദിനത്തിലായിരുന്നു ഇതിന്റെ ജനനം. ബിഎംഎസ്സിനെ മറ്റു കേന്ദ്ര ട്രേഡ് യൂണിയനുകളില്‍നിന്നും വ്യത്യസ്തമാക്കുന്നത് അതിന്റെ ദേശഭക്തിയാണ്. 'ഭാരത് മാതാകീ ജയ്' എന്ന മുദ്രാവാക്യം വിളിക്കുന്ന ഭാരതത്തിലെ  ഏക തൊഴിലാളി പ്രസ്ഥാനമാണിത്. ഉജ്ജ്വല വാഗ്മിയും ചിന്തകനും ദാര്‍ശനികനും എഴുത്തുകാരനും സംഘാടകനുമായിരുന്ന ദത്തോപാന്ത് ഠേംഗിഡിയായിരുന്നു ഇതിന്റെ സ്ഥാപകന്‍. ബിഎംഎസ്സിലൂടെ ഭാരതത്തിലെ തൊഴിലാളി സമൂഹത്തിന് പുതിയൊരു ദിശാബോധം അദ്ദേഹം നല്‍കി. ഇടതു ട്രേഡ്‌യൂണിയനുകളുടെ വര്‍ഗസമരസിദ്ധാന്തത്തിനുപകരം വര്‍ഗസമന്വയസിദ്ധാന്തം അദ്ദേഹം അവതരിപ്പിച്ചു. ദേശീയബോധമുള്ള തൊഴിലാളി, രാഷ്ട്രീയാതീത ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം തുടങ്ങിയ ആശയങ്ങള്‍ ഠേംഗിഡിജി ബിഎംഎസ്സിന്റെ അടിസ്ഥാന പ്രമാണമാക്കി.
ഇന്ത്യയിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍, വിശിഷ്യാ ഇടതു ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ ദേശീയതയ്ക്ക് പ്രാധാന്യം നല്‍കുന്നവയല്ല. 1962-ല്‍ ചൈന ഭാരതത്തെ കടന്നാക്രമിച്ചപ്പോള്‍ എഐടിയുസിയില്‍ ഒരു വിഭാഗം ചൈനീസ് പക്ഷത്തായിരുന്നു. 1965-ലെ ഇന്‍ഡോ-പാക് യുദ്ധത്തില്‍ ഭാരതത്തിനനുകൂലമായ നിലപാട് ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍ സ്വീകരിച്ചില്ല. യുദ്ധകാലത്ത് നമ്മുടെ ധീരസൈനികര്‍ക്ക് രക്തദാനം ചെയ്യാന്‍ ശ്രമിച്ച വി.എസ്. അച്ചുതാനന്ദനെതിരെ സിപിഎം അച്ചടക്കനടപടി സ്വീകരിക്കുകയുണ്ടായി. അതേസമയം ഈ അവസരങ്ങളിലെല്ലാം ബിഎംഎസ് 'രാഷ്ട്രീയ മസ്ദൂര്‍ മോര്‍ച്ച' രൂപീകരിച്ച് രാഷ്ട്രരക്ഷയ്ക്കായി പ്രവര്‍ത്തിച്ചു.
ഭാരതീയ ദേശീയതയില്‍ അധിഷ്ഠിതമായ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനമാണ് ബിഎംഎസ്സിനെ അംഗസംഖ്യയില്‍ ഒന്നാമത്തെ തൊഴിലാളി പ്രസ്ഥാനമാക്കി മാറ്റിയത്. ദേശീയ-അന്തര്‍ദേശീയ വേദികളില്‍ ഭാരതത്തിലെ തൊഴിലാളി സമൂഹത്തിന്റെ ആശയാഭിലാഷങ്ങള്‍ പ്രതിഫലിക്കുന്ന സംഘടനയായി ബിഎംഎസ്സ് മാറിക്കഴിഞ്ഞിരിക്കുന്നു. ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍ പ്രത്യയശാസ്ത്രപ്രതിസന്ധിയില്‍പ്പെട്ട് തകര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ഭാരതത്തിലെ തൊഴിലാളി സമൂഹത്തിന്റെ ആശയും ആവേശവുമാണ് ഇന്ന് ഭാരതീയ മസ്ദൂര്‍സംഘം

സംസ്ഥാനത്ത് സമാന്തര റിക്രൂട്ടിങ് സംവിധാനം

സര്‍ക്കാരിന്റെയും വിവിധ കോര്‍പ്പറേഷനുകളിലേയും മറ്റും ഉദ്യോഗ ഒഴിവുകളിലേക്കുള്ള നിയമനം പിഎസ്‌സി വഴിയാണെന്നാണ് സങ്കല്‍പ്പം. ഒഴിവുവരുന്ന തസ്തികകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പിഎസ്‌സിക്ക് ലഭിക്കുകയും,  അതിന് പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷ നടത്തി ഉദ്യോഗാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ നിന്ന് അഡൈ്വസ് മെമ്മോ ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് 90 ദിവസത്തിനുള്ളില്‍ നിയമനം നല്‍കണമെന്നുമാണ് നിലവിലുള്ള നിയമം. ഇതല്ല കേരളത്തില്‍ നടക്കുന്നത്.  പിഎസ്‌സിയെ നോക്കുകുത്തിയാക്കി സ്വന്തം ആള്‍ക്കാരെ തിരുകിക്കയറ്റാനുള്ള ഇടമായി സര്‍ക്കാര്‍ സര്‍വീസുകളെ മാറ്റിയെടുത്തിരിക്കുന്നു.  നിയമനങ്ങളില്‍ അവസര സമത്വം ലഭിക്കുന്നതിനും, സംവരണം പാലിക്കുന്നതിനും  കഴിവുള്ളവരെ തെരഞ്ഞെടുക്കുന്നതിനുമാണ് പബ്ലിക് സര്‍വീസ് കമ്മീഷനും പരീക്ഷയുമെല്ലാം. 
മാറിമാറി വരുന്ന ഭരണാധികാരികളും രാഷ്ട്രീയ നേതൃത്വവും സമാന്തര റിക്രൂട്ടിങ് ഏജന്‍സികളായി പ്രവര്‍ത്തിച്ച് പിഎസ്‌സിയുടെ വിശ്വാസ്യത കളഞ്ഞുകുളിക്കുകയാണ്. ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ  സ്വപ്‌നത്തിലും ജീവിതത്തിലും കരിവാരിത്തേച്ചുകൊണ്ടാണ് തലപ്പത്തുള്ളവര്‍ തന്നിഷ്ടത്തിന് നിയമനം നടത്തുന്നത്. കേരളത്തിലെ പിഎസ്‌സി റിസര്‍വ് കണ്ടക്ടര്‍ തസ്തികയില്‍ പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവരുടെ കാര്യത്തിലും സംഭവിച്ചത് ഇതുതന്നെ. മറ്റു നിരവധി വകുപ്പുകളിലും കോര്‍പ്പറേഷനുകളിലും സംഭവിക്കുന്നതുതന്നെ ഇവിടെയുമുണ്ടായി. 
2010 ഡിസംബര്‍ 31 നാണ് പിഎസ്‌സി റിസര്‍വ് കണ്ടക്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. 9378 ഒഴിവുകളാണ് അന്ന് പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍  9378 ഒഴിവുകള്‍ക്ക് പകരം  3808 ഒഴിവുകള്‍ മാത്രമേ ഉള്ളൂ എന്ന് ഏഴു മാസത്തിനു ശേഷം കെഎസ്ആര്‍ടിസി പിഎസ്‌സിക്ക് കത്തയയ്ക്കുകയായിരുന്നു. കെഎസ്ആര്‍ടിസിയുടെ ഈ വാദം തെറ്റാണെന്ന് നിയമസഭാ രേഖകളും വിവരാവകാശ രേഖകളും തെളിയിക്കുന്നുണ്ട്. പിഎസ്‌സിയിലേക്ക് ഒഴിവുകളുണ്ടെന്ന് അറിയിച്ചതിനുശേഷം ഒഴിവുകള്‍ കുറച്ചുതരണം എന്നാവശ്യപ്പെട്ട് കത്തയയ്ക്കുന്നതിനിടെ 2198 താല്‍ക്കാലിക കണ്ടക്ടര്‍മാരെ സ്ഥിരപ്പെടുത്തുകയാണുണ്ടായത്.
9300 പേര്‍ക്ക് അഡൈ്വസ് മെമ്മോ അയച്ചിട്ടും 3808 പേര്‍ക്ക്  മാത്രം നിയമനം നല്‍കിയതിനെതിരെ  ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ കെഎസ്ആര്‍ടിസിയുടെ വാദങ്ങള്‍ തള്ളി താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടും അഡൈ്വസ് മെമ്മോ നല്‍കിയവര്‍ക്ക് നിയമനം നല്‍കണമെന്ന് കോടതി ഉത്തരവായി. ഈ നിയമനം നല്‍കിയതിനുശേഷമുണ്ടായ 4051 ഒഴിവുകളിലേക്ക്  പിഎസ്‌സി അഡൈ്വസ് മെമ്മോ അയച്ചു. 2016 ഡിസംബര്‍ 31 ന് അഡൈ്വസ് മെമ്മോ അയച്ച ഒരാള്‍ക്കുപോലും കെഎസ്ആര്‍ടിസി ഇതുവരെ ജോലി നല്‍കിയിട്ടില്ല. 4263 താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുമ്പോഴാണ്  നിയമാനുസൃതം തെരഞ്ഞെടുക്കപ്പെട്ട ഉദ്യാഗാര്‍ത്ഥികള്‍ പെരുവഴിയിലായിരിക്കുന്നത്.
സാമ്പത്തിക നഷ്ടമാണ് നിയമനം നല്‍കുന്നതിന് കെഎസ്ആര്‍ടിസി തടസ്സമായി ചൂണ്ടിക്കാണിക്കുന്നതെങ്കിലും വിവിധ തസ്തികകളിലായി 3420 ഓളം താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി കോര്‍പ്പറേഷന്‍ റെക്കോര്‍ഡ് സൃഷ്ടിക്കുകയും ചെയ്തു.  താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമ്പോള്‍ തരപ്പെടുത്താന്‍ കഴിയുന്ന  പണത്തിന്റെ അളവ് എത്രയാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. സംഘടിത തൊഴിലാളി യൂണിയന്‍ നേതാക്കളും ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥവൃന്ദവും കൂടിച്ചേര്‍ന്ന മാഫിയാസംഘമാണ് നിയമനങ്ങളെ നിയന്ത്രിക്കുന്നത്. പരീക്ഷയും പാസ്സാകലും എല്ലാം ഒരു വഴിപാട് മാത്രമാകുന്നു. സ്വജനപക്ഷപാതത്തിന്റെ അരങ്ങുവാഴ്ചയാണ് നടക്കുന്നത്. 
ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം നടന്ന താല്‍ക്കാലിക നിയമനങ്ങളെക്കുറിച്ച് മാത്രമുള്ള കണക്കെടുത്താല്‍  ഞെട്ടിപ്പോകും. ഭരണമൊഴിയുന്നതിന് മുമ്പ് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി പിഎസ്‌സി എന്ന ഔദ്യോഗിക സംവിധാനത്തെ അട്ടിമറിക്കുകയാണ് കേരളത്തില്‍. വിപ്ലവ വീര്യത്തിന്റെ കാര്യത്തില്‍ ഊറ്റം കൊള്ളുന്ന യുവജന സംഘടനകള്‍ രാഷ്ട്രീയ മേലാളന്മാരുടെ പാദസേവ ചെയ്ത് മൗനം ദീക്ഷിക്കുകയാണ്. ഉദ്യോഗസ്ഥ നിയമന മേഖലയില്‍ നടമാടുന്ന അഴിമതിയെക്കുറിച്ച് സമഗ്രാന്വേഷണം നടത്തി നിയമന രീതികള്‍ സുതാര്യമാക്കാന്‍ യുവജന പോരാട്ടത്തിന് കഴിയണം. പരസ്പരം വീതംവെച്ച് സര്‍ക്കാര്‍ നിയമനങ്ങള്‍ സ്വന്തമാക്കുന്നവരെ കണ്ടെത്താന്‍ നീതിന്യായ പീഠങ്ങളെങ്കിലും മുന്നോട്ടുവരേണ്ടതുണ്ട്.