Tuesday, 27 March 2018

അറിയുക റഫാല്‍ സത്യങ്ങള്‍

ഭാരതം, ഫ്രാന്‍സുമായി റഫാല്‍ പോര്‍വിമാന ഉടമ്പടി ഒപ്പിട്ടത് ഒന്നര വര്‍ഷം മുന്‍പായിരുന്നു. ആ ഉടമ്പടി പ്രകാരം 57,000 കോടി രൂപ (8.8 ബില്യണ്‍ ഡോളര്‍) ചെലവില്‍  രണ്ട് സ്‌ക്വാഡ്രണിന് ആവശ്യമായ 36 അത്യാധുനിക പോര്‍ വിമാനം ഡസോള്‍ട്ട് ഏവിയേഷന്‍ എന്ന ഫ്രഞ്ച് കമ്പനി ഭാരതത്തിന്റെ വ്യോമസേനയ്ക്ക് നല്‍കും. 
രണ്ട് പതിറ്റാണ്ടിനുള്ളില്‍ ഭാരതം ഒപ്പിട്ട ഏറ്റവും വലിയ  ആയുധ നിര്‍മ്മാണ കരാര്‍ രണ്ട് പരമാധികാര രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഉടമ്പടിയാണെന്ന് മാത്രമല്ല, വില്‍പ്പനക്കാരന്‍ ഭാരതത്തിന്റെ സാമ്പത്തികവും സൈനികവുമായ താത്പര്യത്തിന് പൂര്‍ണ്ണമായും വിധേയമായി ഭാവിയില്‍ നമ്മുടെ രാജ്യത്ത് നിര്‍മ്മാണം നടത്താന്‍  തയ്യാറാകുന്ന വിധത്തിലുമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2015-ല്‍ ഫ്രാന്‍സ് സന്ദര്‍ശിക്കുന്ന അവസരത്തിലായിരുന്നു ഭാരതവും ഫ്രാന്‍സും റഫാല്‍ പോര്‍വിമാനത്തിനു വേണ്ടി  ഇന്റര്‍ ഗവണ്‍മെന്റല്‍ എഗ്രിമെന്റ് (ഐജിഎ) തയ്യാറാക്കുന്നത്.  നിര്‍മ്മാതാക്കളായ ഡസോള്‍ട്ട് ഏവിയേഷനുമായി ഭാരത സര്‍ക്കാര്‍ വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരുന്ന ചര്‍ച്ചകള്‍ എല്ലാം തല്‍ക്കാലം മാറ്റിനിര്‍ത്തി പുതിയ വഴിയില്‍ ഉടമ്പടി തയ്യാറാക്കുകയായിരുന്നു. കാരണം വ്യോമ സേന നേരിട്ടുകൊണ്ടിരുന്ന സ്‌ക്വാഡ്രണുകളുടെ ക്രമാനുഗതമായ എണ്ണക്കുറവ് ഏറെ ആശങ്ക ഉളവാക്കുന്നതായിരുന്നു.
സ്വതന്ത്ര ഭാരതം ആയുധശേഖരണത്തിനായി സഹസ്രകോടികള്‍ ഒഴുക്കിയിട്ടുണ്ട്.  ഇവയുടെ ഗുണഭോക്താക്കള്‍ നിര്‍മാണവുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ പാശ്ചാത്യ കമ്പനികളും വിദേശ തൊഴിലാളികളുമായിരുന്നു. അവയെല്ലാം പാശ്ചാത്യ രാജ്യങ്ങളില്‍ വന്‍തോതില്‍ തൊഴിലവസരം സൃഷ്ടിച്ചിട്ടുണ്ട്. ഇടനിലക്കാര്‍ അപഹരിച്ച കണക്കറ്റ സംഖ്യ വേറെയും. അവയില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും റഫാല്‍ പോര്‍വിമാന നിര്‍മാണ കരാര്‍. 
ഈ അസാധാരണത്വവും ഭാരതത്തിന്റെ താത്പര്യവിജയവും പൊതുജന ശ്രദ്ധയില്‍നിന്ന് തിരിച്ചുവിടാനാണ് കരാറുമായി ബന്ധപ്പെട്ട് അടിസ്ഥാനമില്ലാതെയുള്ള അഴിമതി ആരോപണം, അല്ലെങ്കില്‍ വില കൂടിയ ഉടമ്പടി എന്ന കുറ്റാരോപണം പ്രതിപക്ഷ പാര്‍ട്ടികള്‍ അഴിച്ചുവിട്ടത്. വില കൂടിയെന്ന് വിലയിരുത്താന്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ എന്താണ്? വിമര്‍ശകര്‍ക്ക് അറിയില്ല. ഇടനിലക്കാര്‍ ഇല്ലാത്തതുകൊണ്ട് അഴിമതി സംശയിക്കാന്‍ പ്രതിപക്ഷത്തിന് അവസരമുണ്ടായില്ല.  
യുപിഎ സര്‍ക്കാര്‍ നിശ്ചയിച്ച വിലയേക്കാള്‍ കൂടുതലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ റഫാല്‍ വിമാനം വാങ്ങാന്‍ നല്‍കിയതെന്ന് ചില രാഷ്ട്രീയക്കാരും മാധ്യമങ്ങളും നുണ പ്രചരിപ്പിച്ചു. പല യുക്തിശൂന്യമായ വീഡിയോ ചിത്രീകരണങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ അതിവേഗം പറന്നുകൊണ്ടിരിക്കുന്നു. ചര്‍ച്ചയിലൂടെ മാത്രം ആയുധക്കരാര്‍ പത്ത് വര്‍ഷം വലിച്ചിഴച്ച യുപിഎ സര്‍ക്കാര്‍ അന്ന് 126 പോര്‍ വിമാനങ്ങള്‍ വാങ്ങാന്‍ നിശ്ചയിച്ച വില എത്രയായിരുന്നു? ഉടമ്പടിയുമായി മുന്നോട്ട് പോകാന്‍ 10 വര്‍ഷം മതിയായിരുന്നില്ലേ? എന്തായിരുന്നു യുപിഎ സര്‍ക്കാരിന് ഉടമ്പടിയില്‍ അന്തിമമായ തീരുമാനമെടുക്കാന്‍ വിലക്ക്? എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ബാക്കിവച്ചവര്‍ രണ്ട് രാഷ്ട്രങ്ങളിലെ സര്‍ക്കാര്‍തല ഉടമ്പടിയെ യുക്തിരഹിതമായി ചോദ്യം ചെയ്യാനും, അഴിമതി എന്ന് വിളിക്കാനും തയ്യാറാകുന്നത് പരിഹാസ്യമാണ്.
വ്യോമസേനയ്ക്ക് അതിന്റെ പരമാവധി സുരക്ഷാ ശേഷി കൈവരിക്കാന്‍ ചുരുങ്ങിയത് 42 ഫൈറ്റര്‍ സ്‌ക്വാഡ്രണ്‍സ് ആവശ്യമാണെന്ന് കണക്കുകള്‍ പറയുന്നു. നിലവില്‍ ശരാശരി 18 പോര്‍ വിമാനങ്ങള്‍ വീതം ഉള്‍പ്പെട്ട 32 സ്‌ക്വാഡ്രണുകളാണ് വായുസേനയ്ക്കുള്ളത്. അവയില്‍ 11 സ്‌ക്വാഡ്രണുകളില്‍  കാലപഴക്കം സംഭവിച്ച മിഗ് 21 ഇനത്തില്‍പ്പെട്ട പോര്‍ വിമാനങ്ങളാണ്. ഇവ താമസിയാതെ ഉപയോഗത്തില്‍ നിന്ന് പിന്‍വലിക്കപ്പെടും. ഇത് വ്യോമസേനയുടെ ശക്തി വീണ്ടും കുറയ്ക്കുമെന്ന ഭയം സര്‍ക്കാരിനും വ്യോമ സേന അധികൃതര്‍ക്കുമുണ്ട്.
 പ്രശ്‌നത്തിന്റെ ഗൗരവം നേരത്തെ മനസ്സിലാക്കിയ വാജ്‌പേയി സര്‍ക്കാര്‍ വ്യോമ സേനയ്ക്കായി ത്വരിതഗതിയില്‍ മീഡിയം മള്‍ട്ടി - റോള്‍ കോംബാറ്റ് എയര്‍ക്രാഫ്റ്റ് (എംഎംആര്‍സിഎ) വാങ്ങാന്‍ ആലോചിക്കുകയുണ്ടായി. പ്രാഥമിക ഘട്ട ആലോചനയ്ക്കു ശേഷം  2007-ല്‍ വായു സേനയ്ക്കാവശ്യമായ പോര്‍ വിമാനം വാങ്ങാന്‍ യുപിഎ ഭരണകാലത്ത് ആഗോളതലത്തില്‍ തത്പര  പാശ്ചാത്യ സ്ഥാപനങ്ങളില്‍നിന്ന് ഭാരതം അപേക്ഷ ക്ഷണിക്കുകയുണ്ടായി. 
ആറ് പാശ്ചാത്യ കമ്പനികള്‍ താത്പര്യം പ്രകടിപ്പിച്ചെങ്കിലും വ്യോമ സേന അധികാരികള്‍ നടത്തിയ സമഗ്ര-സാങ്കേതിക വിലയിരുത്തലുകള്‍ക്കുശേഷം 2011-ല്‍ ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ട് ഏവിയേഷന്റെ റഫാല്‍ പോര്‍വിമാനവും യൂറോഫൈറ്ററിന്റെ ടൈഫൂണും അഭികാമ്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നതായി  പ്രഖ്യാപിക്കപ്പെട്ടു. ഇവയില്‍ കുറഞ്ഞ നിരക്കില്‍ ഉന്നത സാങ്കേതിക നിലവാരം പുലര്‍ത്തുന്നത് റഫാല്‍ ആണെന്ന് ഉറപ്പുവരുത്തി 2012-ല്‍ ഡസോള്‍ട്ട് ഏവിയേഷനുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. യുപിഎ ഭരണത്തിന്റെ അന്ത്യംവരെ  ഉടമ്പടി വ്യവസ്ഥകളെക്കുറിച്ചോ, സാങ്കേതിക കൈമാറ്റത്തെക്കുറിച്ചോ, നിര്‍മ്മാണ വ്യവസ്ഥയെക്കുറിച്ചോ, വിലയെക്കുറിച്ചോ വ്യക്തതയില്ലാതെ ചര്‍ച്ചകള്‍ ഇഴഞ്ഞു നീങ്ങി. അന്തിമമായ തീരുമാനം മാത്രം ഉണ്ടായില്ല, അല്ലെങ്കില്‍ തീരുമാനം കൈക്കൊള്ളാന്‍ അന്നത്തെ പ്രതിരോധ മന്ത്രി  എ.കെ ആന്റണിക്ക് ധൈര്യമുണ്ടായില്ല, പ്രതിരോധ വിദഗ്ധര്‍ ഉദാഹരണ സഹിതം ചൂണ്ടി ക്കാട്ടുന്നു. 
സാധ്യതയുള്ള ആരോപണങ്ങളെ മുന്‍കൂട്ടി ഭയക്കുന്ന മുന്‍ പ്രതിരോധ മന്ത്രി എ.കെ.ആന്റണി താന്‍  ആ പദവിയില്‍ ഇരിക്കുന്ന കാലംവരെ  വന്‍ തുക ചെലവുള്ള പ്രതിരോധ കരാറുകള്‍ ഉണ്ടാകരുതെന്ന് ആഗ്രഹിച്ചിരിക്കാം. ഏഴ് വര്‍ഷം ആ സ്ഥാനത്തിരുന്ന ആന്റണിയാണ് ഏറ്റവും നീണ്ട കാലത്തെ പ്രതിരോധ മന്ത്രി. അഴിമതി ആരോപണങ്ങളില്‍നിന്ന് സ്വന്തം മുഖം രക്ഷിക്കാന്‍ മാത്രം വന്‍ പ്രതിരോധ കരാറുകള്‍ക്ക് അന്തിമരൂപം നല്‍കാതെ ആന്റണി മാറ്റിനിര്‍ത്തിയത് ധാരാളം പദ്ധതികളാണെന്ന് പ്രതിരോധ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇത് രാഷ്ട്രത്തിന്റെ പ്രതിരോധ ശക്തിയെ ഗണ്യമായി തളര്‍ത്തി. വ്യോമസേനയുടെ പ്രഹര ബലം ക്രമാനുഗതമായി കുറഞ്ഞു, പ്രതിരോധ വിദഗ്ധര്‍ ഒറ്റസ്വരത്തില്‍ ആന്റണിയെന്ന പരാജയത്തെ പരിഹാസത്തോടെ വിലയിരുത്തുന്നു.
ആംഗ്ലോ- ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റാവെസ്റ്റ്‌ലാന്റുമായി ഭാരതം ഒപ്പുവച്ച 3600 കോടി രൂപയുടെ  വിവിഐപി ഹെലികോപ്ടര്‍ ഇടപാടില്‍ ഇടനിലക്കാര്‍ 300 കോടി രൂപ കൈപ്പറ്റിയ വാര്‍ത്ത പ്രസ്തുത പദ്ധതിയില്‍ നിന്ന് മാത്രമല്ല, മറ്റ് പല പദ്ധതികളില്‍ നിന്നും പിന്മാറാനോ ചര്‍ച്ചയുടെ പുരോഗതി തടസ്സപ്പെടുത്താനോ ആന്റണിയെ പ്രേരിപ്പിച്ചു. അവയില്‍ ഒന്നാണ് റഫാല്‍. അങ്ങനെ പ്രതിരോധ മേഖലയിലെ എല്ലാ ആധുനികവല്‍ക്കരണ പദ്ധതിയും ആന്റണിയുടെ മേല്‍നോട്ടത്തില്‍ അവതാളത്തിലായി. വ്യോമസേനയുടെ ആയുധ ശേഖരത്തില്‍ 'പറക്കുന്ന ശവപ്പെട്ടികള്‍ 'എന്ന കുപ്രസിദ്ധി നേടിയ സോവിയറ്റ് നിര്‍മിത മിഗ് പോര്‍വിമാനങ്ങള്‍ നിറഞ്ഞുനിന്നു.
വര്‍ഷങ്ങള്‍ നീണ്ട ആലോചനയ്ക്കുശേഷവും കരാര്‍ വ്യവസ്ഥകള്‍ക്ക് അന്തിമരൂപം നല്‍കാന്‍ കഴിയാതെ പോര്‍വിമാന പദ്ധതി പെരുവഴിയില്‍ ഉപേക്ഷിച്ച യുപിഎ സര്‍ക്കാര്‍ അവയുടെ വില എത്രയാണെന്ന് നിശ്ചയിക്കാന്‍ കഴിയാതെ വിയര്‍ത്തു. എ.കെ ആന്റണി പ്രതിരോധ മന്ത്രിയായുള്ള സര്‍ക്കാര്‍ പുറത്താക്കപ്പെടുന്നതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ റഫാല്‍ പോര്‍വിമാനം വാങ്ങാനുള്ള തീരുമാനം അന്നത്തെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടായിരുന്നു. പക്ഷേ, വിലനിര്‍ണ്ണയ സമിതി അന്തിമ തീരുമാനം കൈക്കൊള്ളാത്തതിനാല്‍ പദ്ധതിയില്‍ അനശ്ചിതത്വം നേരിട്ടു.
എന്നിട്ടും റഫാലിന് 'ഞങ്ങള്‍ നിശ്ചയിച്ച വില' മോദി സര്‍ക്കാര്‍ നല്‍കിയതിനേക്കാള്‍ കുറവായിരുന്നു എന്ന് കള്ള പ്രചാരണം നടത്തി. ഇത് അംബാനിയുടെ ആയുധ നിര്‍മ്മാണ സംരംഭത്തെ സഹായിക്കാനാണെന്ന പ്രചാരണം മറ്റൊരു ഭാഗത്ത്.  ഇന്ത്യയില്‍ റഫാല്‍ നിര്‍മ്മിക്കുന്നത് അംബാനിയുടെ കമ്പനിയായിരിക്കുമെന്നു പോലും ചിലര്‍ പ്രചരിപ്പിച്ചു. റഫാല്‍ ഉടമ്പടി ഒപ്പുവയ്ക്കുന്ന കാലത്ത് അംബാനിക്ക് ആയുധ നിര്‍മ്മാണ കമ്പനിയുണ്ടായിരുന്നില്ല. കരാര്‍ നിലവില്‍വന്ന്  ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ മാത്രമാണ് ഭാരതത്തിലെ പ്രതിരോധ മേഖല സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ തുറന്നുകൊടുക്കുന്നത്. 
വര്‍ഷങ്ങളായി റഫാല്‍ വിമാന ഇടപാട് ചര്‍ച്ചകള്‍ പല വഴിയില്‍ നീങ്ങിയപ്പോള്‍ വ്യോമസേനയുടെ അത്യാവശ്യങ്ങള്‍ അവഗണിക്കപ്പെട്ടു കിടന്നു. വായുസേനയുടെ ശാക്തീകരണം സ്വപ്‌നം മാത്രമായി മാറി. ഈ സാഹചര്യത്തിലാണ്, ദുര്‍ഗ്രഹമായ എല്ലാ വഴികളും അടച്ച്, ചര്‍ച്ചകളിലെ ആവര്‍ത്തനങ്ങള്‍ ഒഴിവാക്കി, സുതാര്യവും പ്രായോഗികവുമായ എളുപ്പ മാര്‍ഗ്ഗം സ്വീകരിച്ച് ഉടമ്പടി പൂര്‍ത്തിയാക്കാന്‍ പ്രധാനമന്ത്രി പ്രതിരോധ മന്ത്രാലയത്തിന് അനുമതി നല്‍കുന്നത്. അങ്ങനെ ത്വരിതഗതിയില്‍ രണ്ട് സ്‌ക്വാഡ്രണിന് ആവശ്യമായ 36 വിമാനങ്ങള്‍ വാങ്ങാന്‍ മനോഹര്‍ പരീഖര്‍ പ്രതിരോധ മന്ത്രി ആയിരിക്കുമ്പോള്‍ സര്‍ക്കാര്‍ ഉടമ്പടി പൂര്‍ത്തിയാക്കി. അപ്പോഴാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ഔദ്യോഗിക വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല, യുപിഎ വാങ്ങാത്തതും തുക ചര്‍ച്ചചെയ്യാത്തതുമായ 126 റഫാല്‍ വിമാനത്തിന്റെ വില 54,000 കോടി രൂപയാണെന്ന് കണ്ടെത്തിയത്! മറ്റൊരുകോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ കണ്ടുപിടിച്ച വില 72,000 കോടി രൂപയും!!
റഫാല്‍ പോര്‍വിമാനം ലോകത്ത് പല രാജ്യങ്ങളും അവരുടെ വ്യോമസേനയ്ക്കായി വാങ്ങുന്നുണ്ട്. വ്യോമസേനയ്ക്കു ആവശ്യപ്രകാരം പ്രത്യേക സംവിധാനങ്ങള്‍ ഘടിപ്പിച്ച് അഞ്ച് വര്‍ഷത്തെ അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെ ഡസോള്‍ട്ട് ഭാരതത്തിന് നല്‍കുന്ന പോര്‍ വിമാനത്തിന്റെ വില ഈജിപ്തും ഖത്തറും നല്‍കിയതിനേക്കാള്‍ കുറവാണ്. ഭാരതത്തിന് നല്‍കുന്ന പോര്‍വിമാനത്തേക്കാള്‍ കുറഞ്ഞ കരാര്‍ വ്യവസ്ഥയോടും സാങ്കേതിക സംവിധാനത്തോടുംകൂടിയ റഫാല്‍ വിമാനം വാങ്ങാന്‍  ഈജിപ്ത് നല്‍കുന്നത് ഒരെണ്ണത്തിന് 246 മില്യണ്‍ ഡോളറും, ഖത്തര്‍ നല്‍കുന്നത് 292 മില്യണ്‍ ഡോളറുമാണ്. അത്യാധുനിക മെറ്റിയോര്‍ മിസൈല്‍ സംവിധാനത്തോടു കൂടിയ റഫാല്‍  100 കിലോമീറ്റര്‍ ദൂരത്തുനിന്ന് ശത്രുസൈന്യത്തിന്റെ ക്രൂയിസ് മിസൈല്‍ തകര്‍ക്കാനും ശേഷിയുള്ള സംവിധാനം ഉള്‍പ്പെടുത്തിയ പോര്‍വിമാനത്തിന്ന് ഭാരതം നല്‍കുന്നത് 244 മില്യണ്‍ ഡോളറും. 
ചുരുക്കത്തില്‍ റഫാല്‍ പോര്‍വിമാനം ഭാരതത്തില്‍ എത്തുന്നത് ഫ്രഞ്ച് സര്‍ക്കാരുമായുള്ള ഉടമ്പടിയുടെയും ഉറപ്പിന്റെയും അടിസ്ഥാനത്തിലാണ്. ലാഭേച്ഛയുള്ള ഒരു സ്വകാര്യ കമ്പനിയുടെ ഉപാധികളുടെയോ അവര്‍ ആവശ്യപ്പെടുന്ന അവ്യക്തമായ വിലയുടെയോ അടിസ്ഥാനത്തിലല്ല.

No comments:

Post a Comment