Sunday, 4 November 2018

സ്വാമി വിവേകാനന്ദൻ

പ്രതിബന്ധങ്ങള്‍, അജ്ഞത, ഭയം എന്നിവയോട് യുദ്ധം പ്രഖ്യാപിക്കാന്‍ ആഹ്വാനം ചെയ്ത സ്വാമി വിവേകാനന്ദന്‍, ഒരു കാര്യം പ്രത്യേകം ഓര്‍മിപ്പിച്ചു. സംന്യാസിമാര്‍ ഒരു പ്രത്യേകസ്ഥലത്ത് മോക്ഷംതേടി തമ്പടിക്കരുതെന്ന്. ഇങ്ങനെ ചെയ്താല്‍ കെട്ടിക്കിടക്കുന്ന വെള്ളംപോലെ മനുഷ്യമനസ്സും ക്രമേണ അശുദ്ധമാകും. സ്വാമികള്‍ സ്വന്തം ജീവിതാദര്‍ശമായി നദികളെ ചൂണ്ടിക്കാണിക്കുമായിരുന്നു. നദികള്‍ ഒഴുകിയൊഴുകി അഴുക്ക് നീക്കം ചെയ്യുന്നു. നദിയും ശുദ്ധമാകുന്നു.

സംന്യാസിക്കും മാനുഷികമായ വികാരമുണ്ട്. നന്മയില്‍നിന്ന് അത് ഉദയംകൊള്ളുന്നു. ശ്രീരാമകൃഷ്ണപരമഹംസന്റെ അടുത്ത അനുയായിയായിരുന്ന ബല്‍റാംബന്ധു അന്തരിച്ചവിവരം അറിഞ്ഞപ്പോള്‍ സ്വാമിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഒരു സംന്യാസി ഇങ്ങനെ കരയരുതെന്ന് അടുത്തുനിന്ന പ്രമാദദാസ് മിത്ര ഉപദേശിച്ചപ്പോള്‍ സ്വാമി ക്ഷോഭത്തോടെ ചോദിച്ചു: 'നാമൊരു സംന്യാസിയായതുകൊണ്ട് ഹൃദയംകളയണമോ?'

ഈ വിവേകാനന്ദനെ അറിയുന്നവര്‍ക്കു മാത്രമേ മഹാനായ ഈ ജീനിയസിന്റെ ആന്തരലോകത്തെ അടുത്തറിയാന്‍ കഴിയൂ. എസ്. സുജാതന്‍ രചിച്ച 'വിവേകാനന്ദം' എന്ന നോവല്‍ സ്വാമിയുടെ മനസ്സ് എന്താണെന്ന് വളരെ ഹൃദ്യമായും സൗമ്യമായും വ്യക്തമാക്കുന്നു.

ചരല്‍ക്കല്ലുകള്‍ അടിത്തട്ടില്‍ തെളിഞ്ഞുകാണുന്ന ചില അരുവികളുണ്ട്. ആ കല്ലുകള്‍ക്കുമീതെ പരല്‍മീനുകള്‍ നീന്തിത്തുടിക്കുന്നതും കാണാം. വളരെ തെളിമയുള്ള അതുപോലൊരു പ്രവാഹത്തില്‍ കുറച്ചുനേരം ഇറങ്ങിനില്‍ക്കുന്നത് മനസ്സിന് എത്രമാത്രം ആരോഗ്യം തരുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. സുജാതന്റെ നോവല്‍ സ്വാമി വിവേകാനന്ദന്‍ എന്ന മഹാപ്രസ്ഥാനത്തെ അടിത്തട്ടു കാണിക്കുന്ന അരുവിപോലെ ദൃശ്യവല്‍ക്കരിക്കുന്ന സ്വാമിയുടെ കുട്ടിക്കാലം മുതലുള്ള ജീവിതമാണ് ആവിഷ്‌കരിക്കുന്നത്. സുജാതന്റെ നോവലില്‍ ഒരു സംന്യാസി എന്ന നിലയില്‍ സ്വാമിയുടെ യാത്രകള്‍ വിശദമായി വിവരിച്ചിട്ടുണ്ട്.

നമ്മുടെ ശരീരത്തെ ആക്രമിക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന കോടിക്കണക്കിന് സൂക്ഷ്മാണുക്കള്‍ ചുറ്റിനുമുണ്ട്. ഇതിനെക്കുറിച്ച് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് ഇതാണ്: 

കഷ്ടപ്പാടിന്റെയും ദുരിതത്തിന്റെയും കോടാനുകോടി സൂക്ഷ്മജീവികള്‍ ചുറ്റിലുമുണ്ട്. പക്ഷേ, അവയെ ശ്രദ്ധിക്കുകപോലും ചെയ്യരുത്. അവ നമ്മെ സമീപിക്കാന്‍ ധൈര്യം കാണിക്കുകയില്ല. നമ്മളിലേക്ക് കയറാന്‍ അവയ്ക്ക് ശക്തിയുണ്ടായിരിക്കില്ല; നമ്മുടെ മനസ്സ് ദുര്‍ബ്ബലമാകാത്തിടത്തോളം കാലം.

സ്വാമിയുടെ അമ്മ ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ യുക്തിസഹമായി കണ്ടില്ല. ആ സത്യബോധം വിവേകാനന്ദനിലും കാണാം. അദ്ദേഹത്തെ ചലിപ്പിച്ച വാക്കുകള്‍ പരമഹംസ ആചാര്യനില്‍നിന്നുതന്നെ ലഭിച്ചു. അത് ഇപ്രകാരമാണ്.

''സകല ജീവജാലങ്ങളിലും അന്തര്‍ലീനമായിട്ടുള്ള ജീവനെ ആദരിക്കുക. അവര്‍ക്കുവേണ്ടി സേവനം ചെയ്യുക. നിങ്ങളുടെ ദയാവായ്പ് ആര്‍ക്കുവേണം? മറ്റുള്ളവരോട് ദയവ് തോന്നാന്‍ വേണ്ടി നിങ്ങള്‍ക്കാരാണ് ഉയര്‍ന്ന പദവി നല്‍കിയിരിക്കുന്നത്.'' (പേജ് 77)

സ്വാമി വിവേകാനന്ദന് ക്ഷുദ്രമായ ജാതിചിന്തയില്ല. അദ്ദേഹം വര്‍ണ്ണാശ്രമ വ്യവസ്ഥയ്ക്ക് അപ്പുറംപോയി ലോകഹൃദയം കണ്ടു. അതിന്റെ പ്രത്യക്ഷസംഭവം നോവലില്‍ വിവരിക്കുന്നുണ്ട്. മൗണ്ട് ആബുവില്‍നിന്ന് സ്വാമിയെ ഖെത്രി രാജാവിന്റെ വക്കിലായ മുഹമ്മദ് ഹാസിം സാഹിബ്ബ് വിളിച്ചുകൊണ്ടുവന്ന് തന്റെ ബംഗ്ലാവില്‍ താമസിപ്പിച്ചു. ഒരു ദിവസം അവിടേക്ക് കയറിവന്ന രാജാവിന്റെ പ്രൈവറ്റ് സെക്രട്ടറിയായ ജഗന്‍മോഹന്‍ലാല്‍ ചോദിച്ചു. ഹിന്ദു സംന്യാസിയായ അങ്ങ് എങ്ങനെയാണ് ഒരു മുസല്‍മാന്റെകൂടെ താമസിക്കുന്നതെന്ന്. ഇതുകേട്ട് സ്വാമിക്ക് അല്‍പം നീരസം തോന്നി. സ്വാമി ഇങ്ങനെ പ്രതികരിച്ചു.

''സര്‍, എന്താണ് നിങ്ങള്‍ പറുന്നത്? ഞാനൊരു സംന്യാസി. നിങ്ങളുടെ വര്‍ണ്ണവ്യവസ്ഥകള്‍ക്കൊക്കെ അതീതനാണ് ഞാന്‍. ഒരു തോട്ടിയുടെ കൂടെയും എനിക്ക് ആഹാരം കഴിക്കാം. ഈശ്വരന്‍ ഇതിനെ അനുവദിക്കുന്നു. അതുകൊണ്ട് ഈശ്വരനെ എനിക്ക് ഭയമില്ല. ശാസ്ത്രങ്ങള്‍ ഇതിനെ അനുമോദിക്കുന്നു. അതുകൊണ്ട് ശാസ്ത്രങ്ങളെ എനിക്ക് പേടിയില്ല. പക്ഷേ, നിങ്ങളെപ്പോലെയുള്ളവരെയാണ് പേടി. നിങ്ങള്‍ക്ക് ഈശ്വരനെക്കുറിച്ചും ശാസ്ത്രങ്ങളെക്കുറിച്ചും ഒന്നും അറിഞ്ഞുകൂടാ. ഞാന്‍ എല്ലാറ്റിലും ബ്രഹ്മത്തെ കാണുന്നു. ഉച്ചമോ നീചമോ ആയി എനിക്ക് യാതൊന്നുമില്ല'' (പേജ് 120)

ഭാരതജനത ഒരു അര്‍ദ്ധതമസ്സിലൂടെ കടന്നുപോകുന്നതായുള്ള അറിവ് സ്വാമിയെ ചിന്തിപ്പിച്ചു. ഓരോ നിമിഷവും സ്വാമി യഥാര്‍ത്ഥമായ മതവും മാനവികതയും എന്താണെന്ന് സ്പഷ്ടമാക്കാനുള്ള പുറപ്പാടിലായിരുന്നു. സഞ്ചാരമാണ് മുഖ്യം. എപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുക. പുതിയ സ്ഥലങ്ങള്‍ കാണുന്നത് പുതിയ ജീവിതാര്‍ത്ഥമാണ് കൊണ്ടുവരുന്നത്.

സ്വാമിയുടെ അന്തരംഗ ശ്രുതിപോലെ നോവലില്‍ ആ ഭാഗം കടന്നുവരുന്നു: ''ഭാരതം ജന്മം നല്‍കിയ ഋഷീശ്വരന്മാര്‍ പകര്‍ന്നുതന്ന ആര്‍ഷജ്ഞാനം ആദ്യം ലോകമെങ്ങും പ്രചരിക്കണം. ഭാരതജനത ഈ തത്ത്വസംഹിത ഗ്രഹിക്കാനുള്ള മാനസികാവസ്ഥയിലൂടെയല്ല ഇപ്പോള്‍ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. അവര്‍ക്കിപ്പോള്‍ വേണ്ടത് ആഹാരവും വസ്ത്രവും മരുന്നുമാണ്; ഒപ്പം വിദ്യാഭ്യാസവും ആത്മവിശ്വാസവും! അവ എത്തിക്കേണ്ട കടമ മതത്തിന്റേതാണ്;  ഭരണാധികാരികളുടേതാണ്. ദീനരുടേയും ദരിദ്രരുടേയും കണ്ണീരൊപ്പാന്‍ കഴിയാത്ത ഈശ്വരനിലും മതത്തിലും തനിക്കു വിശ്വാസമില്ല.''

ഇങ്ങനെ ചിന്തിക്കുന്നിടത്ത് സ്വാമി പരമ്പരാഗത സംന്യാസ സമൂഹത്തില്‍ നിന്ന് ചുവടുമാറ്റുകയാണ്. എല്ലാവരേയും ഉള്‍ക്കൊള്ളാനുള്ള അദമ്യമായ സമന്വയബോധം വീണ്ടെടുത്തുതന്ന മഹാത്മാവാണ് സ്വാമി വിവേകാനന്ദന്‍. 'മനുഷ്യോപകാരപ്രദമായ സംസ്‌കാരത്തിലേക്ക് അടുത്തുവരുന്ന വേദാന്തം' എന്ന പുതിയ ജ്ഞാനോദയമാണ് സ്വാമി ആദിമധ്യാന്തം പരിചയപ്പെടുത്തിയത്. അതില്‍ അങ്ങേയറ്റം മുഴുകാനും അദ്ദേഹത്തിനു കഴിഞ്ഞു.

സുജാതന്റെ നോവല്‍ വിനീതമായ ഒരാഖ്യാനമാണ്. ഒരു പൂവിറുത്തെടുക്കുന്നതുപോലെയാണ് നോവലിസ്റ്റ് ഭാരതത്തിന്റെ പ്രകാശഗോപുരമായ സ്വാമി വിവേകാനന്ദനെ പിന്തുടരുന്നത്. വെളിച്ചത്തിനായി ദാഹിക്കുന്ന ഉല്‍പതിഷ്ണുവായ മനുഷ്യന്റെ മാനസികവും ബുദ്ധിപരവുമായ നന്മകളെ സാക്ഷാത്കരിക്കുന്ന പുസ്തകമാണ് 'വിവേകാനന്ദം.' ഒരു മനുഷ്യവ്യക്തിയുടെ ദൈവികതയിലേക്ക് ഏറ്റവും പവിത്രമായി സമീപിക്കുകയാണ്. ഇവിടെ ഭാഷ കുട്ടിയുടെ മനസ്സുപോലെ ജിജ്ഞാസുവാണ്.

 

ഇടതന്മാരുടെ ഹിന്ദുവിനോട് ഉള്ള വെല്ലുവിളി

ഇടതന്മാരുടെ ഹിന്ദുവിനോട് ഉള്ള വെല്ലുവിളി

ശബരിമല ധര്‍മശാസ്താവിനോട് ഭക്തകോടികള്‍ക്കുള്ള ആസ്ഥയും വിശ്വാസവും ഇല്ലാതാക്കുകയും ഹിന്ദു ജനതയുടെ അടിസ്ഥാനവിശ്വാസത്തെ അസ്ഥിരപ്പെടുത്തുകയുമാണ് ശബരിമല സുപ്രീംകോടതി വിധി വിഷയത്തില്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്ന് ഓരോ ദിവസവും വ്യക്തമാവുകയാണ്

. അതു സിപിഎം ആയാലും അതിനു മുന്‍പ് സിപിഐ ആയിരുന്നപ്പോഴായാലും അവര്‍ സ്വീകരിച്ച നയവുമായിരുന്നു. 1957-ല്‍ ഒന്നാം ഇഎംഎസ് മന്ത്രിസഭക്കാലത്തുതന്നെ അവര്‍ അതു തുടങ്ങിയതാണ്. രണ്ടാം ഇഎംഎസ് വാഴ്ചയിലും അപ്രകാരം ശ്രമം നടന്നു. രണ്ടും കേരളത്തിലെ ഹിന്ദു സമൂഹം പരാജയപ്പെടുത്തി. അതില്‍ ആര്‍എസ്എസ് നേരിട്ടു പങ്കുവഹിച്ചില്ലെങ്കിലും ഹിന്ദുസമാജ താല്‍പ്പര്യ സംരക്ഷണത്തിന് പ്രക്ഷുബ്ധ സമാജത്തോടൊപ്പം നിന്നു.

ഒന്നാമത്തെ സംഭവം നടന്നതു 1958-ല്‍ ഗുരുവായൂരിനടുത്ത് മണത്തല വിശ്വനാഥ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു ചുറ്റുപാടുമുള്ള പതിനൊന്ന് ഗ്രാമങ്ങളില്‍നിന്നുള്ള ആഘോഷപൂര്‍വമായ വരവുകള്‍ നടത്തുന്നതിന് ക്ഷേത്രഭാരവാഹികള്‍ തീരുമാനമെടുത്തതോടെയാണ്. അങ്ങനെയുള്ള വരവുകള്‍ സംയുക്തമായി ചാവക്കാട്ടുനിന്ന് ക്ഷേത്രത്തിലേക്കു പോകുംവഴിക്ക് സ്ഥിതി ചെയ്യുന്ന മുസ്ലിം പള്ളിക്കു മുന്‍പിലൂടെ വാദ്യങ്ങള്‍ മുഴക്കി പോകാന്‍ അനുവദിക്കില്ല എന്ന് സ്ഥലത്തെ ലീഗ് നേതൃത്വം ശഠിച്ചു. അതൊരു പൊതുവഴിയാണെന്നും സഞ്ചാരസ്വാതന്ത്ര്യം തടയാനാവില്ലെന്നും മുസ്ലിങ്ങളുടെ നിസ്‌കാര സമയമൊഴിവാക്കി എഴുന്നെള്ളിപ്പുകൊണ്ടുപൊയ്‌ക്കൊള്ളാമെന്നു ക്ഷേത്ര സമിതിക്കാരുടെ സന്നദ്ധത അംഗീകരിക്കാന്‍ മുസ്ലിം നേതൃത്വം തയ്യാറായില്ല. പോലീസ് മന്ത്രി വി.ആര്‍. കൃഷ്ണയ്യരുടെ സാന്നിദ്ധ്യത്തില്‍ നടന്ന അനുരഞ്ജന യോഗം ഫലം കാണാനാവാതെ പിരിഞ്ഞു. നിര്‍ദ്ദിഷ്ട ഉത്സവ ദിവസം മലപ്പുറത്തുനിന്ന് എഎസ്പിയെ വരുത്തിയും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയും കമ്യൂണിസ്റ്റ് സര്‍ക്കാര്‍ പ്രശ്‌നത്തെ നേരിട്ടു. സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ, നിയമ വിരുദ്ധ, മുസ്ലിം പ്രീണന നയത്തില്‍ പ്രതിഷേധിച്ച് ക്ഷേത്രഭാരവാഹികള്‍ ഉത്സവാഘോഷങ്ങളെല്ലാം വേണ്ടെന്നു വച്ചു.

അടുത്തവര്‍ഷം 1959-ലെ ഉത്സവക്കാലത്ത് ഗുരുവായൂരിലെ കേശവന്‍ നായര്‍ എന്ന യുവാവ് വിശ്വനാഥ ക്ഷേത്രത്തിലേക്ക് സമര്‍പ്പിക്കാനായി ഒരു ചന്ദ്രക്കലയുമായി പുറപ്പെട്ടു. അദ്ദേഹത്തെ അനുഗമിച്ച് ആയിരക്കണക്കിന് ഹിന്ദു യുവാക്കളും ഇറങ്ങി. ആ  യാത്രയെ മണത്തല പള്ളിക്കു സമീപം പോലീസ് തടഞ്ഞു. നിരോധനം ലംഘിച്ചവരെ അറസ്റ്റു ചെയ്തു. തുടര്‍ന്നുണ്ടായ പ്രക്ഷോഭാത്മകമായ അന്തരീക്ഷം ചാവക്കാട് താലൂക്കിലാകെ അസ്വാസ്ഥ്യങ്ങള്‍ പരത്തി. നൂറുകണക്കിന് ഹിന്ദുക്കള്‍ അറസ്റ്റു ചെയ്യപ്പെട്ടു. ബാരിസ്റ്റര്‍ നാരായണ മേനോന്‍, ടി.എന്‍. ഭരതന്‍, പി. പരമേശ്വരന്‍ തുടങ്ങിയ ഒട്ടേറെ പ്രമുഖര്‍, പ്രശ്‌നം വഷളായി അതിരുകവിയാതിരിക്കാന്‍ ശ്രദ്ധിച്ചു. സ്വാഭാവികമായും സംഘ സ്വയം സേവകരും ഹിന്ദു സമുദായ താല്‍പര്യത്തിനായി മുന്നിട്ടിറങ്ങി.

അന്ന് മറ്റു പരിവാര്‍ പ്രസ്ഥാനങ്ങളുണ്ടായിരുന്നില്ല. അതിനിടെ പ്രശ്‌നപരിഹാരത്തിന് വാഞ്ചീശ്വരയ്യര്‍ എന്ന ഗുരുവായൂര്‍ക്കാരന്‍ ഹൈക്കോടതിയില്‍ പോയിരുന്നു. പ്രാദേശികം മാത്രമായിരുന്ന പ്രശ്‌നത്തെ ലീഗ് സംസ്ഥാന നേതൃത്വം ഏറ്റെടുത്ത് ഏറെ ഗുരുതരമാക്കി. കേളപ്പജിയും മറ്റും സമാധാന സംഭാഷണങ്ങള്‍ക്കു മുന്‍കയ്യെടുത്തു. ആര്‍എസ്എസ് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് പതിവുപോലെ കമ്യൂണിസ്റ്റുകളും കോണ്‍ഗ്രസ്സുകാരും വിളിച്ചുപറഞ്ഞു. എന്നാല്‍ സംഭാഷണത്തിനായി പ്രമുഖര്‍ ചാവക്കാട് ടിബിയില്‍ ചേര്‍ന്നിരിക്കെ, നിസ്‌കാര സമയമായപ്പോള്‍ ലീഗ് നേതാവ് സെയ്യദ് അബ്ദു റഹിമാന്‍ ബാഫാക്കിത്തങ്ങള്‍ക്ക് 'വുളു' എടുക്കാനുള്ള വെള്ളം അന്വേഷിച്ചപ്പോള്‍ അതു കൊടുത്തത് ഒരു ആര്‍എസ്എസുകാരനായിരുന്നുവെന്ന് തങ്ങളുടെ ജീവചരിത്രത്തില്‍ പറയുന്നുണ്ട്.

സംഭാഷണം നടക്കുന്നതിനിടെ പള്ളിക്കു സമീപമുള്ള നിരത്ത് പൊതുനിരത്താണെന്നും, അതിലൂടെ വാദ്യഘോഷങ്ങള്‍ മുഴക്കുന്നത് പൗരാവകാശമാണെന്നും തടയാന്‍ ആര്‍ക്കും അധികാരമില്ലെന്നും കോടതിവിധി വരികയും തുടര്‍ന്ന് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നിരോധിച്ച ഉത്സവയാത്രയ്ക്ക് മുസ്ലിങ്ങളില്‍നിന്ന് രക്ഷ നല്‍കാന്‍ ഇഎംഎസിന്റെ പോലീസ് സംരക്ഷണം നല്‍കുകയുമുണ്ടായി. അതിനുശേഷം ഇതുവരെയും വിശ്വനാഥ ക്ഷേത്രോത്സവം ആഘോഷപൂര്‍വം നടന്നുവരുന്നു. അവിടെ അമര്‍ത്തപ്പെട്ടു കിടന്ന ഹൈന്ദവ അന്തസ്സിനെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള സംഘര്‍ഷത്തില്‍ സംഘം സമാജത്തിനൊപ്പം നില്‍ക്കുകയായിരുന്നു.

1958-59 കാലത്ത് കമ്യൂണിസ്റ്റുകള്‍ മുസ്ലിംലീഗുമായി സൃഷ്ടിച്ച അടുപ്പം പത്തുകൊല്ലംകൊണ്ട് തളിര്‍ത്ത് പൂവിട്ട് 67 ആയപ്പോഴേക്ക് സപ്തകക്ഷി മുന്നണിയുടെ രൂപത്തില്‍ ഫലം കണ്ടു. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ സകല പ്രതിലോമ ശക്തികളും ചേര്‍ന്ന് രൂപീകരിച്ച ഭരണത്തിലെ കരുത്തര്‍ ലീഗുകാരായിരുന്നു. ബാഫാക്കിത്തങ്ങളുടെ കൊയിലാണ്ടിയിലെ വസതി ഭരണ നേതൃത്വത്തിന്റെ തീര്‍ത്ഥാടന കേന്ദ്രമായി. മുസ്ലിങ്ങള്‍ ഭൂരിപക്ഷമായ മലപ്പുറം ജില്ല രൂപീകരിച്ചത് അക്കാലത്തായിരുന്നു. സ്‌കൂളധ്യാപകരാകാന്‍ ടിടിസി പാസ്സാകേണ്ടതില്ല, ഉലേമ ജയിച്ചാല്‍ മതിയെന്നുവന്നു. ബിഎഡിന് തുല്യമായി ഏതോ അറബിപരീക്ഷ പാസ്സായ ആള്‍ക്ക് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററാകാനും കഴിയുമെന്ന നിലയെത്തി.

നൂറ്റാണ്ടുകളായി തകര്‍ന്നടിഞ്ഞു കിടന്ന അങ്ങാടിപ്പുറത്തെ തളിക്ഷേത്രത്തില്‍ വിളക്കുവച്ച് ആരാധന തുടങ്ങാന്‍, മലബാര്‍ ക്ഷേത്ര സംരക്ഷണ സമിതി നേതാവ് കെ. കേളപ്പനും മറ്റും ശ്രമിച്ചതിനെതിരെ  മുസ്ലിംലീഗു രംഗത്തുവന്നു. കേളപ്പനെ അശ്ലീലവും ആഭാസവുമായ വിധത്തില്‍ അവഹേളിക്കുന്ന ലേഖനങ്ങള്‍, ചില മുസ്ലിം മാസികകളില്‍  വന്നു. എ.കെ. ഗോപാലനെപ്പോലുള്ള സമുന്നത സിപിഎം നേതാവും അദ്ദേഹത്തെ പരിഹസിച്ചും അവഹേളിച്ചും 'ദേശാഭിമാനി'യിലും മറ്റും എഴുതി. ചുറ്റുപാടും താമസിക്കുന്ന ഹിന്ദു കുടുംബങ്ങള്‍ അത് സ്വന്തം കാര്യമായെടുത്തു. കേളപ്പജിയുടെ നേതൃത്വത്തില്‍ തളി ക്ഷേത്ര വിമോചന സമരം നടത്തി.

ക്ഷേത്രാവശിഷ്ടങ്ങളെ പുരാവസ്തുവായി പ്രഖ്യാപിച്ച് മതില്‍കെട്ടിയടയ്ക്കാനാണ് മാര്‍ക്‌സിസ്റ്റ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മന്ത്രി ഇമ്പിച്ചിബാവ തുനിഞ്ഞത്. കെട്ടിയിടത്തോളം മതില്‍ അവിടത്തെ അമ്മമാര്‍തന്നെ ലാത്തിച്ചാര്‍ജിനെ നേരിട്ടുകൊണ്ട് പൊൡച്ചുനീക്കി. അറസ്റ്റ്‌ചെയ്യപ്പെട്ട കേളപ്പജി പെരിന്തല്‍മണ്ണ കോടതിക്കു മുന്നില്‍ ഉപവാസം നടത്തി. ഒടുവില്‍ തളി ക്ഷേത്രസമരം വിജയിച്ചു. ഇഎംഎസ് ഭരണം തകര്‍ന്നു. ക്ഷേത്രമുയര്‍ന്നു. മാത്രമല്ല, കേരളത്തിലുടനീളം നാശോന്മുഖമായിക്കിടന്ന നൂറുകണക്കിന് ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും പൊതുവെ ഹിന്ദുജനതയുടെ അധ്യാത്മബോധ വളര്‍ച്ചയ്ക്കും അത് പ്രചോദനം നല്‍കി. ഇന്ന് കാണുന്ന ഹൈന്ദവ നവോത്ഥാനത്തിന്റെ ഉറവിടം തേടിയാല്‍ അത് അങ്ങാടിപ്പുറത്ത് നമ്മെ കൊണ്ടെത്തിക്കും. അതിന് ആത്മീയവും താന്ത്രികവുമായ അന്വേഷണം നടത്തിയ പി. മാധവന്‍ എന്ന സംഘപ്രചാരകനിലേക്കും നമുക്കെത്താന്‍ കഴിയും.

കേരളത്തിലെന്നല്ല, ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടനകേന്ദ്രമായ ശബരിമലയെ തകര്‍ക്കാനുള്ള ശ്രമം വളരെ വര്‍ഷങ്ങളായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നടത്തിവരികയായിരുന്നു. അവരുടെ ഏറ്റവും വലിയ നേതാവായിരുന്ന എ.കെ. ഗോപാലന്‍ തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മാലയിട്ട് കറുപ്പുമുണ്ടു ധരിച്ച് വ്രതം നോറ്റ് ശരണം വിളിക്കുന്നതിനെ പരസ്യമായി വിമര്‍ശിച്ചിട്ടുണ്ട്. പാര്‍ട്ടി സമ്മേളനങ്ങളിലും അതിനു വിലക്കേര്‍പ്പെടുത്തിയിരുന്നു. ഹൈന്ദവാചാരങ്ങളോടുള്ള അവജ്ഞയും അവഹേളനവും അവര്‍ ഒരുകാലത്തും മറച്ചുവച്ചിട്ടില്ല. അവരുടെ പ്രേരണകൊണ്ടുതന്നെ ഏതാനും ആക്ടിവിസ്റ്റുകളും ഫെമിനിസ്റ്റുകളും ചില അരാജകവാദികളും സുപ്രീംകോടതിയില്‍ കൊടുത്ത പരാതിയില്‍, വേണ്ടത്ര അവധാനതയോടെ കക്ഷി ചേരാതെയും, കോടതി ആവശ്യപ്പെട്ടിട്ടും, സ്വാമിഭക്തരുടെയും ബന്ധപ്പെട്ടവരുടെയും സത്യവാങ്മൂലങ്ങള്‍ ഗൗരവപൂര്‍വം നല്‍കാതെയും വിധി വരാന്‍ ഇടയാക്കി.

വിധി വന്നതിനുശേഷം അതു നടപ്പാക്കാന്‍ ആവശ്യമായ സമയം ചോദിക്കുകപോലും ചെയ്യാതെ പോലീസുദ്യോഗസ്ഥരോട് ആചാരലംഘനത്തിന് കല്‍പന കൊടുക്കുകയാണ് കേരളസര്‍ക്കാര്‍ ചെയ്തത്. അതിന്റെ രാക്ഷസീയവും ഭീകരവുമായ മുഖം നാം കണ്ടുകഴിഞ്ഞു. സര്‍ക്കാര്‍ നടപടികള്‍ക്ക് സാധൂകരണം നല്‍കാനായി മുഖ്യമന്ത്രി ഉദ്ധരിച്ച പുരാരേഖകളും പ്രമാണങ്ങളും അദ്ദേഹത്തെ കൂടുതല്‍ അപകടംപിടിച്ച വെട്ടിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്.

1958 മുതല്‍ 2018 വരെയുള്ള ആറു പതിറ്റാണ്ടുകള്‍ക്കിടയില്‍ കമ്യൂണിസ്റ്റുകള്‍ സര്‍ക്കാരിന് നേതൃത്വം നല്‍കിയ അവസരങ്ങളില്‍ അനുവര്‍ത്തിക്കപ്പെട്ട മൂന്ന് ഹിന്ദു ക്ഷേത്രവിരുദ്ധ നീക്കങ്ങളെ എടുത്തുകാട്ടുകയാണിവിടെ ചെയ്യുന്നത്. ഇവിടെയെല്ലാം ആര്‍എസ്എസ് ഹൈന്ദവതാല്‍പര്യ സംരക്ഷണത്തിന് ഭാവാത്മകമായി സഹകരിച്ചിട്ടുണ്ട്. ഹിന്ദുസമാജത്തിന് കാലോചിതമായ ആചാരസ്വീകാരം വേണമെന്നുതന്നെയാണ് സംഘത്തിന്റെ നിലപാട്. അതിന് ആവശ്യമായ സജ്ജീകരണം അഭിപ്രായസമന്വയത്തിലൂടെതന്നെ നടത്തണം.

ശങ്കരാചാര്യന്മാര്‍ മുതല്‍ വൈദികരും തന്ത്രിമാരും ആത്മീയാചാര്യന്മാരും; സാമൂഹ്യപ്രവര്‍ത്തകരും അഭിപ്രായ സമന്വയത്തിലൂടെ നടത്തിയ പാലിയം വിളംബരം അതിന്റെ ഉത്തമോദാഹരണമായിരുന്നു. പി. മാധവന്‍ എന്ന ആര്‍എസ്എസ് പ്രചാരകന്റെ ദശകങ്ങള്‍ നീണ്ട സാധനയും, ഏഷണയും പരിശ്രമവും അതിന്റെ പിന്‍ബലത്തിനുണ്ടായിരുന്നു. അതു മനസ്സിലാക്കാതെ നമുക്ക് ഇന്നത്തെ സാഹചര്യത്തെ നേരിടാന്‍ പ്രയാസമാവും. പക്ഷേ ഒന്നു തീര്‍ച്ചയാണ്.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഹിന്ദുധര്‍മത്തിനെതിരെ നടത്തുന്ന ഇന്നത്തെ നീക്കങ്ങള്‍ മുമ്പെന്നത്തെയുംപോലെ അവരുടെ വിനാശത്തിലേ കലാശിക്കൂ.

 

ഇടതു സര്‍ക്കാരിന്റെ കോടതി ചലഞ്ച്

ഇടതു സര്‍ക്കാരിന്റെ കോടതി ചലഞ്ച്

സാലറി ചലഞ്ചിനായി പിണറായി വിജയന്റെ സര്‍ക്കാര്‍ പുതുതായി ഇറക്കിയിരിക്കുന്ന സര്‍ക്കുലറും സുപ്രീംകോടതിയെ പരസ്യമായി വെല്ലുവിളിക്കുന്നതാണ്. ഉദ്യോഗസ്ഥരെ രണ്ടായി തിരിച്ച് പിരിവ് നടത്താന്‍ ശ്രമിച്ച സര്‍ക്കുലര്‍ ഹൈക്കോടതി റദ്ദാക്കുകയും, സുപ്രീംകോടതി അത് ശരിവയ്ക്കുകയും ചെയ്തതാണ്.

സുപ്രീംകോടതി വിധിയുടെ മറവില്‍ ശബരിമലയെ അപകീര്‍ത്തിപ്പെടുത്താനും അയ്യപ്പഭക്തരെ അടിച്ചമര്‍ത്താനും പ്രതികാരബുദ്ധിയോടെ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ തനിനിറമാണ് സാലറി ചലഞ്ചിന്റെ കാര്യത്തില്‍ പകല്‍പോലെ വ്യക്തമാകുന്നത്. അഭിപ്രായ സമന്വയത്തെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യാതെ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ കാണിക്കുന്ന അനാവശ്യ തിടുക്കത്തിന് സര്‍ക്കാര്‍ കാരണമായി പറയുന്നത് സുപ്രീംകോടതി വിധി രാജ്യത്തെ നിയമമാണെന്നും, അത് ഒരു നിമിഷംപോലും പാഴാക്കാതെ നടപ്പാക്കണമെന്നുമാണ്. ഇതേ സര്‍ക്കാര്‍ തന്നെയാണ് പ്രളയദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് നിര്‍ബന്ധമായി ശമ്പളം പിടിക്കരുതെന്ന ഹൈക്കോടതി വിധിയും സുപ്രീംകോടതി വിധിയും കാറ്റില്‍പ്പറത്തുന്നത്. തങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായി ഉത്തരവ് പുറപ്പെടുവിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ നാടുകടത്തിയവരാണല്ലോ ഈ സര്‍ക്കാരിന് നേതൃത്വം നല്‍കുന്നത്.

സാലറി ചലഞ്ചിനായി പിണറായി വിജയന്റെ സര്‍ക്കാര്‍ പുതുതായി ഇറക്കിയിരിക്കുന്ന സര്‍ക്കുലറും സുപ്രീംകോടതിയെ പരസ്യമായി വെല്ലുവിളിക്കുന്നതാണ്. ഉദ്യോഗസ്ഥരെ രണ്ടായി തിരിച്ച് പിരിവ് നടത്താന്‍ ശ്രമിച്ച സര്‍ക്കുലര്‍ ഹൈക്കോടതി റദ്ദാക്കുകയും, സുപ്രീംകോടതി അത് ശരിവയ്ക്കുകയും ചെയ്തതാണ്. ഉദ്യോഗസ്ഥരില്‍നിന്ന് വിസമ്മതപത്രം വാങ്ങരുതെന്നും, നിര്‍ബന്ധപൂര്‍വം ശമ്പളം പിടിക്കരുതെന്നും ഹൈക്കോടതിയും സുപ്രീംകോടതിയും വ്യക്തമായിത്തന്നെ പറഞ്ഞതാണ്. ഇതിനുവേണ്ടി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലെ നിബന്ധനകള്‍ കോടതി റദ്ദാക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ പഴയ സര്‍ക്കുലര്‍ പ്രകാരം സമ്മതപത്രം നല്‍കിയവര്‍ ഇനിയും സമ്മതപത്രം നല്‍കേണ്ടെന്നും, പഴയ സമ്മതപത്രം അനുസരിച്ചുള്ള തുക ശമ്പളത്തില്‍ കുറയ്ക്കണമെന്നും പുതിയ സര്‍ക്കുലറില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത് തികഞ്ഞ കോടതിയലക്ഷ്യമാണ്. കോടതി റദ്ദാക്കിയ സമ്മതപത്രപ്രകാരം പണം പിരിക്കാന്‍ പിണറായി സര്‍ക്കാരിന് ആര് അധികാരം നല്‍കിയെന്ന് വ്യക്തമാവുന്നില്ല.

കേരളത്തെ കശക്കിയെറിഞ്ഞ പ്രളയത്തെ കാശുവാരാനുള്ള അവസരമായാണ് ഇടതുമുന്നണി സര്‍ക്കാര്‍ കാണുന്നത്. ആരില്‍ നിന്ന്, എങ്ങനെയൊക്കെ പണം പിരിക്കാമോ അത് ചെയ്യുക എന്നതാണ് സര്‍ക്കാരിന്റെ നയം. ഇതിന് സുപ്രീംകോടതി പോലും എതിരു നില്‍ക്കാന്‍ പാടില്ല. നിര്‍ബന്ധ പിരിവ് പാടില്ലെന്ന് കോടതികള്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും, ഒരു മാസത്തെ ശമ്പളം നല്‍കാത്തവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നേരിട്ട് പണം അടയ്ക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് കോടതിവിധിക്ക് വിരുദ്ധമായി ഉദ്യോഗസ്ഥരെ തരംതിരിക്കലും നിര്‍ബന്ധിതമായി ശമ്പളം പിടിക്കലുമാണ്. ശമ്പളമായാലും ദുരിതാശ്വാസ നിധിയായാലും രണ്ടും പണം തന്നെയാണല്ലോ. സര്‍ക്കാരിന്റെ ഈ പണപ്പിരിവിനു പിന്നില്‍ സിപിഎമ്മിന്റെ ധനമോഹം പ്രവര്‍ത്തിക്കുന്നുവെന്ന് വ്യക്തം. നവകേരള നിര്‍മിതി എന്നൊക്കെ പറയുന്നത് വെറും പുകമറയാണ്.

പ്രളയ ദുരിതാശ്വാസത്തിനായി പിരിച്ചെടുക്കുന്ന പണം സര്‍ക്കാര്‍ ശരിയായി വിനിയോഗിക്കുമെന്ന് ജനങ്ങള്‍ എങ്ങെന വിശ്വസിക്കുമെന്നാണ് സുപ്രീംകോടതി ചോദിച്ചത്. ഇത് സിപിഎമ്മിന്റെ ധനാര്‍ത്തിയെക്കുറിച്ച് അറിയാവുന്ന എല്ലാവരുടെയും സംശയമാണ്. സുപ്രീംകോടതി വിധി തിരിച്ചടിയാണെന്ന് ധനമന്ത്രി തോമസ് ഐസക് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നിട്ടാണ് ഇപ്പോള്‍ കോടതിവിധിയെ ധിക്കരിച്ച് പുതിയ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലം ബഹുഭൂരിപക്ഷം ജീവനക്കാരുെട ശമ്പളവും മുടങ്ങിയിരിക്കുകയാണ്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും ധിക്കാരത്തിനും പണക്കൊതിക്കുമെതിരെ വീണ്ടും കോടതിയെ സമീപിക്കുകയാണ് ചെയ്യാനുള്ളത്. 

പദവിയുടെ വില അറിയാത്തവർ

തിരുവനന്തപുരം ജില്ലയിൽപെട്ട നാവായിക്കുളം പഞ്ചായത്തിൽ സ്ഥലംമാറി എത്തിയ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ഭരണസമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധവും പഞ്ചായത്ത് പ്രസിഡന്റിന്റെ ആത്മഹത്യാ ശ്രമവും സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പൊതുവായി ബാധിച്ചിരിക്കുന്ന ഗുരുതരരോഗത്തിന്റെ ബാഹ്യലക്ഷണങ്ങൾ മാത്രമാണ്. പഞ്ചായത്തുകളിലും നഗരസഭകളിലും ഇതും ഇതിനുമപ്പുറവുമുള്ള നാടകീയവും ഉദ്വേഗഭരിതവുമായ സംഭവങ്ങൾ വർഷത്തിൽ പലതവണ അരങ്ങേറാറുണ്ട്. അടിപിടിയും കൂട്ടത്തല്ലും മാത്രമല്ല, വനിതാ മെമ്പർമാരെ ദേഹോപദ്രവം ഏല്പിക്കുന്ന നീചമായ പ്രവൃത്തികൾ വരെ നടക്കാറുണ്ട്. ഉന്മാദംമൂത്ത് കടുത്ത ഭ്രാന്തായെന്നു പറഞ്ഞതുപോലെ രാഷ്ട്രീയംമൂത്ത് എന്തും ചെയ്യാൻ മടിയില്ലാത്തവരായി ജനപ്രതിനിധികൾ മാറുകയാണ്. എതിരാളികളെ നിർവീര്യരാക്കാനും പരാജയപ്പെടുത്താനും ഏത് അടവും അവർ പുറത്തെടുക്കും. നാളെയും കാണേണ്ടവരും അന്യോന്യം മുഖത്തു നോക്കേണ്ടവരുമാണെന്ന വിചാരം പോലുമില്ലാതെയാണ് കൗൺസിൽ യോഗത്തിലെ പെരുമാറ്റം.

നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ വെള്ളിയാഴ്ച നടന്ന പോരും പഞ്ചായത്ത് പ്രസിഡന്റിന്റെ ആത്മഹത്യാ ഭീഷണിയും പഞ്ചായത്ത് സെക്രട്ടറി ചാർജെടുക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു. രണ്ട് വർഷം മുമ്പ് ആരോപണങ്ങളെത്തുടർന്ന് സ്ഥലംമാറ്റപ്പെട്ട സെക്രട്ടറി പുതിയ ഉത്തരവ് സമ്പാദിച്ച് വീണ്ടും ചാർജെടുക്കാൻ എത്തിയതിലായിരുന്നു കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് പ്രതിഷേധം. എന്തുവന്നാലും സെക്രട്ടറിയെ ചാർജെടുക്കാൻ അനുവദിക്കില്ലെന്ന് അവർ വാശിപിടിച്ചതോടെ എതിർപക്ഷക്കാരും സംഘടിച്ചു. സംഘർഷം മൂക്കുന്നതിനിടയിലാണ് പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറിയുടെ മുറിയിൽ കയറി കതകടച്ച് ഫാനിൽ കെട്ടിത്തൂങ്ങാൻ ശ്രമിച്ചത്. പൊലീസും പഞ്ചായത്ത് അംഗങ്ങളും ചേർന്ന്‌ വാതിൽ തള്ളിത്തുറന്ന് പ്രസിഡന്റിനെ അനുനയിപ്പിച്ച് താഴെയിറക്കിയതിനാൽ പഞ്ചായത്ത് വലിയൊരു അത്യാഹിതത്തിൽ നിന്ന് രക്ഷപ്പെട്ടു.

പഞ്ചായത്ത് മേലധികാരികളുടെ നിയമപരമായ ഉത്തരവുമായി ചാർജെടുക്കാനെത്തിയ സെക്രട്ടറിയെ തടയാൻ ഇത്രയേറെ സാഹസിക യത്നങ്ങൾ നടത്തേണ്ടിയിരുന്നോ എന്ന് പലരും സംശയിച്ചേക്കും. എന്നാൽ തദ്ദേശ സ്ഥാപനങ്ങളിലെല്ലാം ഇപ്പോൾ സ്ഥിതി ഏറക്കുറെ ഇത്തരത്തിലാണ്. തങ്ങൾക്ക് അനഭിമതരായ ഉദ്യോഗസ്ഥരെ ഓടിക്കാൻ ഭരണസമിതി ഏതറ്റം വരെയും പോകും. ഇപ്പോൾ സ്ഥലംമാറി വന്ന സെക്രട്ടറി മാത്രമല്ല, മുൻപ് ഇരുന്നവരിൽ പലരെയും ഭരണസമിതി ഇതുപോലെ ഓടിച്ചു വിട്ടിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. സെക്രട്ടറിമാർ വാഴാത്ത പഞ്ചായത്ത് എന്ന ദുഷ്പേരുണ്ടായതും അങ്ങനെയാണ്. മൂന്നുവർഷത്തിനിടെ പത്തോളം സെക്രട്ടറിമാരാണ് ഇവിടെ പ്രവർത്തിച്ചതെന്നതിൽ നിന്നുതന്നെ ഇത് ബോദ്ധ്യമാകും. സെക്രട്ടറിമാരുടെ കൂടക്കൂടെയുള്ള മാറ്റം കാരണം പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലാകുന്നതിൽ നാട്ടുകാർക്ക് ഉത്കണ്ഠയുണ്ട്. സെക്രട്ടറിമാർ വാഴാത്തതുകാരണം പഞ്ചായത്തിൽ വികസനമെല്ലാം മുടങ്ങുന്നു എന്നാണ് പരാതി. ദൈനംദിന പ്രവൃത്തികൾക്കും മുടക്കമുണ്ടാകുന്നതായി അവർ പറയുന്നു. എന്നാൽ സെക്രട്ടറിമാരുടെ കസേര ഉറയ്ക്കാത്തത് തങ്ങളുടെ നടപടികൾ മൂലമാണെന്ന് അംഗീകരിക്കാൻ ഭരണസമിതി തയ്യാറല്ല. അവിടെയാണ് ഇതിന് പിന്നിലെ രാഷ്ട്രീയക്കളി.

നാവായിക്കുളം പഞ്ചായത്തിനെപ്പോലെ രാഷ്ട്രീയ ചേരിപ്പോര് ഭരണം മുടക്കുന്ന ഒട്ടേറെ തദ്ദേശ സ്ഥാപനങ്ങൾ സംസ്ഥാനത്തുണ്ട്. ഭരണസമിതി യോഗങ്ങളിലെ വാഗ്വാദങ്ങൾ പലപ്പോഴും കൈയാങ്കളിയിലാകും അവസാനിക്കുക. ഭൂരിപക്ഷം തുലാസിൽ നിൽക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലാണെങ്കിൽ അട്ടിമറി സാദ്ധ്യത എപ്പോഴും തലയ്ക്കുമുകളിലുണ്ടെന്നതിനാൽ സംഘർഷമൊഴിഞ്ഞ നേരം കാണില്ല. സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ എതിർ രാഷ്ട്രീയ ചായ്‌വ് പുലർത്തുന്നവരാണെങ്കിൽ ഭരണ സമിതിയുമായുള്ള എതിരിടൽ പഞ്ചായത്ത് ഭരണത്തിലും പ്രതിഫലിക്കും.

പഞ്ചായത്തിൽ ആരൊക്കെ ഏതു കസേരയിലിരിക്കണമെന്നു തീരുമാനിക്കാനുള്ള അധികാരം പഞ്ചായത്ത് വകുപ്പിനാണ്. തങ്ങളുടെ പഞ്ചായത്തിൽ ഇന്നയാൾ വേണ്ട എന്നു ശഠിക്കാൻ ഭരണസമിതിക്ക് അധികാരമില്ല. നാവായിക്കുളത്ത് പഞ്ചായത്ത് സെക്രട്ടറിയെ തുരത്താനായി ആത്മഹത്യാശ്രമം നടത്തിയ പ്രസിഡന്റ് ആ പദവിയുടെ അന്തസാണ് കെടുത്തിയത്. വൈകാരികമായല്ല ജനപ്രതിനിധികൾ ഇത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടത്. പഞ്ചായത്തിന്റെ നാഥനായി നിൽക്കേണ്ടയാൾ പഞ്ചായത്ത് വാസികൾക്കും നാഥനാകണം. കൂടെ നിൽക്കുന്നവരുടെ കൈയടി കിട്ടുമെങ്കിലും ഇതുപോലുള്ള എടുത്തുചാട്ടങ്ങൾ അംഗീകരിക്കാൻ പൊതുസമൂഹത്തിന് സാധിക്കില്ല. സാധാരണയിൽ കവിഞ്ഞ പക്വതയും വിവേകപൂർവമായ പെരുമാറ്റവുമാണ് ജനങ്ങൾ ഇങ്ങനെയുള്ളവരിൽ നിന്നു പ്രതീക്ഷിക്കുന്നത്.