ചാത്തന്നൂർ : സേവനമേഖലയ്ക്ക് മുൻതൂക്കം നൽകി കല്ലുവാതുക്കൽ പഞ്ചായത്ത് ബഡ്ജറ്റ് വൈസ് പ്രസിഡന്റ് കെ. സിന്ധു അവതരിപ്പിച്ചു.
2026-27 സാമ്പത്തിക വർഷം 87.31 കോടിരൂപയുടെ വരവും 85.05 കോടിരൂപയുടെ ചെലവും 2.25 കോടി രൂപയുടെ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന
ബജറ്റാണ് വൈസ് പ്രസിഡന്റ് സിന്ധു അവതരിപ്പിച്ചത്. സേവനമേഖലയ്ക്ക് പുറമെ സാമൂഹിക സാമ്പത്തിക പുരോഗതി മെച്ചപ്പെടുത്തുന്നതിന് ഉതകുന്ന പദ്ധതികൾക്ക് ബജറ്റിൽ മുൻതൂക്കം നൽകിയിട്ടുണ്ട്. റോഡുകളുടെ നവീകരണം, കുടിവെള്ള പദ്ധതികളുടെ വ്യാപനം, മഴവെള്ള സംഭരണ സംവിധാനം, ശുചിത്വ പ്രവർത്തനങ്ങൾ, കർഷകർക്ക് പിന്തുണാ പദ്ധതികൾ, ജൈവകൃഷി പ്രോത്സാഹനം, വനിതാ സ്വയം സഹായസംഘങ്ങളുടെ ഉത്പാദനയൂണിറ്റുകൾ, യുവാക്കൾക്ക് നൈപുണ്യ വികസനപരിശീലനങ്ങൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കുള്ള ക്ഷേമ പദ്ധതികൾ, ലൈഫ് ഭവനപദ്ധതി ഉൾപ്പെടെയുള്ള പാർപ്പിട പദ്ധതികൾക്കും ബജറ്റിൽ മുൻതൂക്കം നൽകി
തുക വകയിരുത്തിയിട്ടുണ്ട്.
അങ്കണവാടികൾ, സ്‌കൂളുകൾ എന്നിവയുടെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും ഉപകേന്ദ്രങ്ങളുടെയും ആയുർവ്വേദ ഹോമിയോ ആശുപത്രികളുടെയും സേവനനിലവാരം ഉയർത്തൽ, പ്രതിരോധ ആരോഗ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്കും ബജറ്റിൽ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്.
ഉൽപാദനമേഖലയ്ക്ക് 2.5 കോടിരൂപയും സേവനമേഖലയ്ക്ക് 19.49 കോടിയും പശ്ചാത്തല മേഖലയ്ക്ക് 13 കോടി രൂപയും ആണ് വകയിരുത്തിയിട്ടുള്ളത് ആയതിൽ കൃഷി - അനുബന്ധ പ്രവർത്തനങ്ങൾക്ക് 86 ലക്ഷം രൂപയും മൃഗസംരക്ഷണം, ക്ഷീര വികസനത്തിന് 1.5 കോടി രൂപ വകയിരുത്തിയതിൽ ഡയറിഫാമുകളുടെ ആധുനിക വൽക്കരണത്തിന് 8 ലക്ഷം രൂപ
അനുവദിച്ചിട്ടുണ്ട്. എ ബി സി പദ്ധതിക്കും കൂടാതെ മൊബൈൽ എ ബി സി യൂണിറ്റ് സേവനം ലഭ്യമാക്കുന്നതിനും തുക മാറ്റിവച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയക്ക് 71.5 ലക്ഷം രൂപയും
സാമൂഹിക ക്ഷേമം, സാമൂഹിക സുരക്ഷിതത്വം എന്നീ മേഖലകളിലേക്ക് 1.97 കോടി രൂപയും അങ്കണവാടികൾക്ക് ഭൗതിക സാഹചര്യം, പോഷകാഹാരം എന്നിവ ഉൾപ്പെടെ 1.49 കോടി രൂപയും ആരോഗ്യ മേഖലയ്ക്ക് 1.16 കോടി രൂപയും കലാ-സാംസ്‌കാരിക-കായിക വികസനം, യുവജനക്ഷേമം എന്നിവയ്ക്കായി 19.5 ലക്ഷം രൂപ വകയിരുത്തി.
ഹാപ്പിനസ് പാർക്കുകൾ സ്ഥാപിക്കുന്നതിന് തുക മാറ്റിവച്ചിട്ടുള്ളതാണ്. കാലാവസ്ഥാ വ്യതിയാനം തടയുന്നതിന് 12 ലക്ഷവും കുടിവെള്ളത്തിന് 2 കോടിയും മാലിന്യ നിർമ്മാർജ്ജനത്തിന് 1.17 കോടി രൂപയും വകയിരുത്തിയിട്ടുള്ളതാണ് . കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ റോഡുകളുടെ സമഗ്രവികസനം ലക്ഷ്യമിട്ടും പുതിയ റോഡുകളുടെ നിർമ്മാണത്തിനും മെയിൻ്റനൻസിനും കൂടി 4.53 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. പഞ്ചായത്തിനെസമ്പൂർണ്ണ എൽ ഇ ഡി ഗ്രാമം ആക്കുന്നതിനും പുതിയ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനും മെയിൻ്റനൻസിനുമായി 58 ലക്ഷം രൂപയും വകയിരിത്തിയിട്ടുണ്ട്. സ്വയം തൊഴിൽ നൈപുണ്യ വികസനം എന്നിവയ്ക്ക് 19 ലക്ഷം രൂപയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. പട്ടികജാതി ക്ഷേമത്തിനും ഉന്നമനത്തിനുമായി 2.53 കോടി ഉൾപ്പെടുത്തിയിട്ടുണ്ട്.
കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിന് ശ്മശാനത്തിന്റെ ആദ്യ ഘട്ടം എന്ന നിലയിൽ മൊബൈൽ ഗ്യാസ് ക്രിമറ്റോറിയം (സഞ്ചരിക്കുന്ന) വാങ്ങുന്നതിന് തുക നീക്കിവച്ചിട്ടുണ്ട്. കല്ലുവാതുക്കൽ മാർക്കറ്റ് നവീകരണത്തിനും വിജ്ഞാനകേരളം തുടർ പ്രവർത്തനങ്ങൾക്കും യുവതി യുവാക്കൾക്ക് നൈപുണ്യ വികസനം നൽകി തൊഴിൽ സജ്ജരാക്കുന്നതിനും തുക മാറ്റിവച്ചിട്ടുള്ളതാണ്. ഗ്രാമപഞ്ചായത്തുകളിൽ കെ സ്‌മാർട്ട് സോഫ്റ്റ് വെയറിലൂടെ ഫയൽ സംവിധാനവും ഭരണ സംവിധാനവും പൂർണ്ണമായും ഓൺലൈൻ ആയ സാഹചര്യത്തിൽ ജനപ്രതിനിധികൾക്ക് ഫലപ്രദമായി പൊതു ജനങ്ങൾക്ക് സേവനം പ്രദാനം ചെയ്യുന്നതിനും ഭരണ നിർവ്വഹണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും കെ സ്‌മാർട്ട് സംവിധാനം ഉപയോഗിക്കുന്നതിനും ടാബുകൾ വാങ്ങുന്നതിന് വായ്‌പ അനുവദിക്കുന്നതിന് ബജറ്റിൽ തുക വകയിരുത്തിയിട്ടുള്ളതാണ്. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് കൺവെൻഷൻ സെൻ്റർ നിർമ്മാണത്തിന് 8 കോടി രൂപ വകയിരുത്തി. ഗ്രാമപഞ്ചായത്തിനെഭവനരഹിതരില്ലാത്ത പഞ്ചായത്ത് ആക്കി മാറ്റുക എന്ന ലക്ഷ്യത്തിനായി ലൈഫ് ഭവനപദ്ധതിക്ക് ഈ ബജറ്റിൽ 9.68 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഭവനനവീകരണത്തിനു ജനറൽ വിഭാഗത്തിനും പട്ടികജാതി വിഭാഗത്തിനും തുക വകയിരുത്തിയിട്ടുണ്ട്.
@ഭരണഭാഷ മലയാളം
ഭരണഭാഷ മലയാളം എന്നിരിക്കെ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ ബജറ്റ് തയ്യാറാക്കി അവതരിപ്പിച്ചത് ഇംഗ്ലീഷിൽ ബജറ്റിന്റെ ആമുഖം മാത്രം മലയാളത്തിൽ വായിച്ചതിന് ശേഷം ബാക്കിയുള്ള നികുതി സംമ്പന്ധമായ ഭാഗങ്ങൾ എല്ലാം ഇംഗ്ലീഷിൽവായിച്ചു തുടങ്ങിയതോടെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി എണ്ണീക്കുകയായിരുന്നു തുടർന്ന് സെക്രട്ടറി മലയാള ഭാഷയുടെ സാങ്കെതിക വശങ്ങൾ ചൂണ്ടികാട്ടി ബജറ്റ് വൈസ് പ്രസിഡന്റ് അവതരിപ്പിക്കുകയായിരുന്നു ഇംഗ്ലീഷിലും മലയാളത്തിലുമായി വൈസ് പ്രസിഡന്റ്
വഴിപാട് പോലെ ബജറ്റ് വായിച്ചു തീർക്കുകയായിരുന്നു.തുടർന്ന് ബജറ്റ് മലയാളത്തിലേക്ക് മാറ്റിയാൽ മതിയെന്ന പ്രതിപക്ഷ വാദത്തെ തുടർന്ന് മലയാളഭാഷയിലേക്ക് മാറ്റിയ കോപ്പി ഇന്നത്തേക്ക് വിതരണം ചെയ്തതിന് ശേഷം ചർച്ച നടത്തുമെന്ന് പ്രസിഡന്റ് വിജയൻ അറിയിച്ചതിനെ തുടർന്ന് ചർച്ച ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.
@മലയാളഭാഷയെ അവഗണിച്ചു കൊണ്ട്
ഇംഗ്ലീഷ് ഭാഷയിൽ ബജറ്റ് തയ്യാറാക്കുകയും അത് അവതരിപ്പിക്കുകയും ചെയ്തത് മാതൃഭാഷയെ അവഗണിച്ചതിന് തുല്യമായി എന്ന് ബിജെപി പാർലമെന്ററി പാർട്ടി ലീഡർ രോഹിണി പറഞ്ഞു മുൻകൂട്ടി ധാരണയില്ലാതെയാണ് ബജറ്റ് വൈസ് പ്രസിഡന്റ് അവതരിപ്പിച്ചത്.
ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റിയിൽ എടുത്ത തീരുമാനങ്ങൾ ഉദ്യോഗസ്ഥർ അട്ടിമറിയ്ക്കുകയും പ്രസിഡന്റും വൈസ് പ്രസിഡന്റും അതിന് കൂട്ട് നിൽക്കുകയും ചെയ്തുവെന്നും രോഹിണി പറഞ്ഞു. ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റിയെ നോക്ക് കുത്തിയാക്കി കൊണ്ട്
പഞ്ചായത്ത് കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ പോലും ബഡ്ജറ്റിൽ ഉൾപ്പെടുത്താൻ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല എന്നും രോഹിണി പറഞ്ഞു.
@ ബജറ്റ് സമ്മേളനത്തിൽ
ബിജെപിയുടെ പ്രതിക്ഷേധം
ബിജെപി അംഗങ്ങൾ കറുത്ത ബാഡ്ജ് ധരിച്ചു കൊണ്ടാണ് ബജറ്റ് സമ്മേളനത്തിൽ എത്തിയത്. പഞ്ചായത്ത് കമ്മിറ്റി എടുക്കുന്ന തീരുമാനങ്ങൾ അട്ടിമറിയ്ക്കുന്ന
ഭരണപക്ഷത്തിന്റെ
നിഷേധാത്മക നിലപാടിനെതീരെ പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് ബിജെപി അംഗങ്ങൾ കറുത്ത ബാഡ്ജ് ധരിച്ചു പ്ളേകാർഡുകളുമായാണ് ബജറ്റ് ആവതരിപ്പിക്കുന്ന ഹാളിൽ എത്തിയത്.
പ്ളേകാർഡുകൾ ഉയർത്തികാട്ടി ശക്തമായ പ്രതിക്ഷേധമാണ് ബിജെപി ഉയർത്തിയത്.
No comments:
Post a Comment