Saturday, 11 January 2025

ഗോപിച്ചേട്ടൻ്റെ സന്ദേശം.

ഗോപിച്ചേട്ടൻ്റെ സന്ദേശം.

എത്രയും പ്രിയപ്പെട്ട കുഞ്ഞു കൂട്ടുകാരേ.

 വീണ്ടും ഒരു പുതുവർഷം വന്നിരിക്കുന്നു.
ഇരുപത്തൊന്നാം നൂറ്റാണ്ടിന് ഇരുപത്തിയഞ്ച് വയസ്സായിരിക്കുന്നു.
ഇരുപത്തഞ്ചുവർഷം കഴിയുമ്പോൾ ഒരു തലമുറ മാറും.
അഭിരുചിയും ആഗ്രഹങ്ങളും മാറും. ജീവിതം അടിമുടിമാറും. അമ്മയും അച്ഛനും കണ്ട ലോകമേ അല്ല നിങ്ങൾ കാണുന്നത്. അവരുടെ ഇഷ്ടങ്ങളെല്ല നിങ്ങൾക്ക് പ്രിയം. മുതിർന്നവരും കുട്ടികളും അങ്ങനെ രണ്ട് ലോകങ്ങളിൽ ജീവിക്കുകയാണ്.
ഇരുപതാം നൂറ്റാണ്ടിലെ മാതാപിതാക്കൾ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മക്കൾ എത്ര വിചിത്രമായ ലോകം ! അല്ലേ?
കുഞ്ഞുണ്ണി മാഷിൻറെ ഒരു കവിത ഓർത്തുപോകുന്നു.
പഴയ തലമുറയ്ക്ക് തലയില്ല 
പുതിയ തലമുറയ്ക്ക് മുറയില്ല 
എന്താണ് മാഷ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലായോ ? പണ്ടത്തെ കുട്ടികളെക്കാൾ എത്രയോ മിടുക്കരാണ് നിങ്ങൾ. എത്ര വേഗത്തിൽ വിരൽത്തുമ്പ് നീക്കി ലോകം വലവീശി പിടിക്കാൻ നിങ്ങൾക്കാവുന്നു. പണ്ടത്തെ കുട്ടികൾ നാലഞ്ചു കിലോമീറ്റർ നടന്ന് പള്ളിക്കൂടത്തിൽ പോയിരുന്നു. ബേക്കറികളോ, ഐസ്ക്രീമോ ഒന്നുമുണ്ടായിരുന്നില്ല നിങ്ങൾ കണ്ടിട്ടുണ്ടാവില്ല.
മണ്ണെണ്ണവിളക്ക് നിങ്ങൾ കണ്ടിട്ടുണ്ടാവില്ലല്ലോ ? വൈദ്യുതി ഇല്ലാതിരുന്ന ഒരു കാലത്തെക്കുറിച്ച് ഓർത്തു നോക്കൂ. വിശ്വസിക്കാൻ പ്രയാസമായ ആ ലോകത്തുനിന്നാണ് നിങ്ങളുടെ അദ്ധ്യാപകരും, മാതാപിതാക്കളും വരുന്നത്. 
എന്നാൽ സൗകര്യങ്ങൾ കുറവായിരുന്നെങ്കിലും അന്ന് സത്യവും, ധർമ്മവും കൂടുതൽ പ്രകാശിച്ചു നിന്നിരുന്നു. സ്നേഹം,മര്യാദ,ബഹുമാനം,ഭക്തി മുതലായ നന്മകൾ എല്ലാവരിലും ഉണ്ടായിരുന്നു. ഇന്ന് ഈ വക മനോഭാവങ്ങൾ കുറയുന്നു എന്നാണ് കുഞ്ഞുണ്ണി മാഷ് ചൂണ്ടിക്കാണിക്കുന്നത്.
ബുദ്ധിയും വിവേകവുമുള്ള തലമുറയെയാണ് നാടിനാവശ്യം. ബുദ്ധി അറിവാണ് വിവേകം തിരിച്ചറിവും.
അടുക്കളയിൽ അരിപ്പയും,മുറവും കണ്ടിട്ടുണ്ടാവുമല്ലോ ? വേണ്ടതും വേണ്ടാത്തതും വേർതിരിക്കാനുപയോഗിക്കുന്ന രണ്ട് ഉപകരണങ്ങളാണ് ഇവ. എന്നാൽ അരിപ്പയിൽ ചായ ഒഴിക്കുമ്പോൾ അത് നല്ലത് ചോർത്തി കളയുന്നു. വേണ്ടാത്ത തേയിലച്ചണ്ടി ഉള്ളിൽ സൂക്ഷിക്കുന്നു. 
മുറം അങ്ങനെയല്ല. വേണ്ടാത്തതൊക്കെ പുറത്തേക്ക് പാറ്റിക്കളഞ്ഞ് നല്ലതുമാത്രം ഉള്ളിൽ സൂക്ഷിക്കുന്ന വിവേകം മുറത്തിൽ നിന്ന് പഠിക്കണം. കൂട്ടുകാരും പുറത്തേപ്പോലെ വിവേകശാലികളായി വളരണം. സ്കൂളിൽ നിന്നും വഴിയിൽ നിന്നും ഫോണിൽ നിന്നും കിട്ടുന്ന എല്ലാ കാര്യങ്ങളും ഉള്ളിലേക്ക് എടുക്കരുത്. നല്ലത് ഏതാണ് എന്ന് സ്വയം ചിന്തിച്ച് ബോധ്യപ്പെടണം തലയും മുറയും ഉള്ള നല്ല തലമുറയായി വളരുമെന്ന് ദൃഢപ്രതിജ്ഞയോടെ പുതുവർഷത്തെ സ്വാഗതം ചെയ്യാം.

1863 ജനുവരി മാസം 12-ാം  തീയതിയാണ് സ്വാമി വിവേകാനന്ദൻ ജനിച്ചത്. അന്ന് മകരസംക്രമം ആയിരുന്നു. മുപ്പത്തൊമ്പതു വർഷത്തെ ജ്വലിക്കുന്ന ജീവിതം കൊണ്ട് ആ മഹാഗുരു നമുക്ക് കരുത്തിന്റെ സന്ദേശം നൽകി. ജീവിതത്തെ മഹത്വമുള്ളതാക്കുന്നത് ആദർശമാണ്. നമ്മൾ സ്വയം പാലിക്കുന്ന ചില ശീലങ്ങളാണ് ആദർശം. 
ആദർശമില്ലാത്തവൻ ആയിരം തെറ്റ് ചെയ്യുമ്പോൾ ആദർശശാലി ഒരു തെറ്റ് ചെയ്തേക്കാം.
 ഇങ്ങനെ പറഞ്ഞത് സ്വാമി വിവേകാനന്ദനാണ്.
എല്ലാ ദിവസവും രാവിലെ ആദ്യം കാണുമ്പോൾ അച്ഛനമ്മമാരുടെ കാൽതൊട്ടു വന്ദിക്കുന്നത് ഒരു ശീലമാക്കി നോക്കൂ.
എല്ലാവരോടും പുഞ്ചിരിച്ചുകൊണ്ട് സംസാരിക്കുന്ന ശീലവും നല്ലതാണ്.
ഒരു മാസം ഒരു പുസ്തകം എന്ന കണക്കിൽ ഈ വർഷം 12 പുസ്തകങ്ങൾ വായിക്കും എന്ന് തീരുമാനിച്ചാലോ ?
ആഴ്ചയിൽ ഒരു വൃക്ഷത്തൈ നട്ടാൽ രണ്ടുവർഷംകൊണ്ട് 100 - മരങ്ങൾ സൃഷ്ടിക്കാം.
പ്ലാസ്റ്റിക് വസ്തുക്കൾ പരമാവധി കുറയ്ക്കുന്നതിനു വേണ്ടി കുപ്പി വെള്ളമോ മിഠായിയോ ഒഴിവാക്കുന്നതിനെ കുറിച്ചും ചിന്തിക്കാം.
മാസത്തിൽ ഒരു ദിവസം ഇൻറർനെറ്റ് ഉപയോഗിക്കാത്ത data free day  ആയി നിശ്ചയിക്കാമോ?
അങ്ങനെ എന്തെല്ലാം നല്ല ശീലങ്ങൾ നമുക്ക് ആദർശമായി സ്വീകരിക്കാനുണ്ട്. ദേശീയ യുവജന ദിനത്തിൽ ( ജനുവരി - 12) പ്രകൃതിക്കും, സംസ്കാരത്തിനും, നാടിനും ഗുണകരമായ ചില നല്ല ശീലങ്ങൾക്കു തുടക്കം കുറിക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ.
ആദർശത്തിന്റെ അവതാര രൂപമായിരുന്നു മഹാത്മാഗാന്ധി. കൃത്യനിഷ്ഠ, സത്യസന്ധത, ലളിതജീവിതം, സാമൂഹ്യ സേവനം, ജോലി ചെയ്യാനുള്ള ഉത്സാഹം എന്നിങ്ങനെ ആ ജീവിതം പൂർണമായും ആദർശമായിരുന്നു. ജനുവരി - 30 അദ്ദേഹത്തിൻറെ ഓർമ്മദിവസമാണ്. ഗാന്ധിജിയുടെ മരണത്തിൽ നടുങ്ങിക്കൊണ്ട് മഹാകവി ഉള്ളൂർ എഴുതിയ 
" ആ ചുടലക്കളം " എന്ന കവിത നിങ്ങൾ തേടിപ്പിടിച്ചു വായിക്കണം. സ്വയം ഒരു ഈണം കണ്ടെത്തി ആ കവിത ചൊല്ലണം. തീർച്ചയായും ഗാന്ധിജി അത് കേട്ട് സന്തോഷിക്കും. നിങ്ങളെ അനുഗ്രഹിക്കും. 
2025 ജനുവരി 26ന് ഭാരത റിപ്പബ്ലിക് എഴുപത്തഞ്ചുവർഷം പൂർത്തിയാക്കുന്നു. ജനാധിപത്യം ഒരു മാറ്റവും കൂടാതെ നമ്മൾ കാത്തുസൂക്ഷിക്കുകയാണ്.
ജനാധിപത്യത്തിന്റെ മൂന്ന് മന്ത്രങ്ങൾ ഗോപിച്ചേട്ടൻ പറഞ്ഞുതരാം.
1 മറ്റുള്ളവർക്കും അവസരം നൽകുക 
2 ഒരാൾ പറയുമ്പോൾ തടസ്സപ്പെടുത്താതെ സ്നേഹപൂർവ്വം കേൾക്കുക 
3 നമ്മുടെ ഊഴം വരുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുക.
ഈ മൂന്നു ഗുണങ്ങൾ ഓരോ വ്യക്തിയും ശീലമാക്കണം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരന്മാരാണ് എന്ന് തീർച്ചയായും നമുക്ക് അഭിമാനിക്കാം.
 
എല്ലാ കൂട്ടുകാർക്കും മകരസംക്രമ ശുഭാശംസകൾ

 സ്നേഹപൂർവ്വം
ഗോപിച്ചേട്ടൻ

No comments:

Post a Comment