ചാത്തന്നൂർ: വേനൽ എത്തും മുൻപേ കല്ലുവാതുക്കൽ പഞ്ചായത്തിൽ കുടിവെള്ള ഷാമം രൂക്ഷം നടപടി എടുക്കാതെ പഞ്ചായത്ത്. കുടിവെള്ളത്തിനായി ജലവിഭവവകുപ്പിനെ ആശ്രയിക്കുന്ന സാധാരണക്കാരാണ് ഏറെ ബുദ്ധിമുട്ടിലായത്. കുടിവെള്ളം വാങ്ങാൻപോലും നിവൃത്തിയില്ലാത്ത ജനങ്ങളാണ് ഭൂരിപക്ഷവും എന്നിട്ടും
വെള്ളം എത്തിക്കുന്നതിനോ മറ്റ് പകരം സംവിധാനങ്ങൾ ഏർപ്പെടുത്താനോ പഞ്ചായത്ത്
അധികൃതർ തയ്യാറാകാത്തത് പ്രതിഷേധത്തിന് കാരണമാകുന്നു.കൂലിപ്പണിക്ക് പോകുന്നവരുൾപ്പെടെ ദിവസവും 500 രൂപയോളം നൽകി കുടിവെള്ളം വാങ്ങുകയാണ്.
കുടിവെള്ളമെത്തിയിട്ട് മാസങ്ങളായെങ്കിലും വെള്ളക്കരം അടയ്ക്കാൻ നോട്ടീസ് കൃത്യമായി എത്തുന്നുണ്ട് എന്ന് ജനങ്ങൾ പറയുന്നു.രൂക്ഷമായ വരൾച്ച വരാനിരിക്കുന്ന സാഹചര്യത്തിൽ എത്രയുംവേഗം കുടിവെള്ളമെത്തിക്കാൻ അധികൃതർ തയ്യാറാകണമെന്ന് ആവശ്യമുയരുകയാണ്.
@ മണ്ണയം പദ്ധതി കമ്മീഷൻ ചെയ്തിട്ടും കുടിവെള്ളമില്ല
മണ്ണയം കുടിവെള്ള പദ്ധതി കമ്മിഷൻ ചെയ്തതോടെ കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരമാകുമെന്നായിരുന്നു പ്രതീക്ഷ. കല്ലുവാതുക്കൽ, പാരിപ്പള്ളി, വില്ലേജുകൾ പൂർണമായും വെളിനെല്ലൂർ പഞ്ചായത്തിലെ നാലു വാർഡുകളിലെയും കുടിവെള്ളക്ഷാമത്തിന് മണ്ണയം പദ്ധതി പ്രയോജനപ്പെടേണ്ടതായിരുന്നു.
സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 27 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. ഇത്തിക്കര ആറിനോട് ചേർന്ന് അടുതല പാലത്തിന് സമീപം നിർമിച്ച ആറ് മീറ്റർ വ്യാസമുള്ള കിണറിൽനിന്നാണ് പദ്ധതിക്കായി വെള്ളം സംഭരിക്കുന്നത്. സുലഭമായി വെള്ളം ലഭിക്കുന്നതിനായി ഇത്തിക്കര ആറിന് കുറുകെ രണ്ട് തടയണകളും നിർമിച്ചിട്ടുണ്ട്. ഇവിടെനിന്നു മൂന്നര കിലോമീറ്റർ ദൂരെയുള്ള മണ്ണയം കുന്നിലാണ് വാട്ടർ ടാങ്കും ജല ശുദ്ധീകരണ പ്ലാന്റും സ്ഥാപിച്ചിട്ടുള്ളത്.
പ്ലാന്റിൽനിന്നു മീനമ്പലം ഭാഗത്ത് നിർമിച്ച ജലസംഭരണിയിലേക്ക് കൊണ്ടുവരുന്ന ജലമാണ് കല്ലുവാതുക്കൽ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ
എത്തിച്ചിരുന്നത്. ജപ്പാൻ കുടിവെള്ള പദ്ധതിയിൽ കല്ലുവാതുക്കൽ പഞ്ചായത്തിനെ ഉൾപ്പെടുത്തിയിട്ടില്ലാത്തതും കുടിവെള്ളക്ഷാമത്തിന് കാരണമായി. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പുത്തൻകുളം സംഭരണിയിൽനിന്നുള്ള കുഴൽ യോജിപ്പിച്ചാണ് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരുപരിധിവരെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നത്. കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
No comments:
Post a Comment