കൊട്ടിയം: ഭർതൃമാതാവിന്റെ ക്രൂരതയെ തുടർന്ന് പതിനാറു മണിക്കൂർ വീടിന് പുറത്തിരിക്കേണ്ടി വന്ന അഞ്ചു വയസ്സുകാരനെയും അമ്മയേയും ഒടുവിൽ വീടിനുള്ളിൽ പ്രവേശിപ്പിച്ചു.തഴുത്തല പി.കെ.ജംഗ്ഷന് സമീപം ശ്രീലയത്തിൽ അതുല്യയും മകനുമാണ് ഭർതൃമാതാവിന്റെ ക്രൂരപീഡനത്തിന് ഒരു രാവും പകലും സാക്ഷികളാകേണ്ടി വന്നത്. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെ ബാലാവകാശ കമ്മീഷൻ, സി.ഡബ്ല്യു സി, വനിതാ കമ്മീഷൻ, പഞ്ചായത്ത്, ബ്ലോക്ക് ജനപ്രതിനിധികൾ, പൊലീസ് എന്നിവർ ഇടപെട്ട് നടത്തിയ ചർച്ചയെ തുടർന്നാണ് കുട്ടിയ്ക്കും അമ്മയ്ക്കും വീട്ടിൽ കയറാനായത്. അതുല്യയുടെ ഭർതൃമാതാവ് അപ്പോഴും വീട്ടിനുള്ളിൽ കതകടച്ച് ഇരിപ്പായിരുന്നു. പൊലീസെത്തി വീട് തുറക്കാൻ ആവശ്യപ്പെടുകയും വയോധികയുമായി സംസാരിക്കുകയും ചെയ്തു.തുടർന്ന് കമ്മീഷൻ അംഗങ്ങളും, ജനപ്രതിനിധികളുമായി സംസാരിക്കുകയും ഉച്ചക്ക് പന്ത്രണ്ടരയോടെ സമവായത്തിൽ എത്തിച്ചേരുകയുമായിരുന്നു.ഇത് പ്രകാരം ഭർതൃമാതാവ് അടുത്തുള്ള കുടുംബ വീട്ടിലേക്ക് തയ്യാറാകുകയായിരുന്നു.ഇവർ വീടിന് പുറത്തേക്ക് വന്നതോടെ കുടി നിന്ന നാട്ടുകാർ കൂക്കിവിളി നടത്തിയെങ്കിലും പൊലീസ് നാട്ടുകാരെ പിന്തിരിപ്പിക്കുകയായിരുന്നു.വ്യാഴാഴ്ച വൈകിട്ട് മൂന്നര മണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. അതുല്യയും മകനും ശ്രീനിലയത്തിലും ഭർതൃമാതാവ് മറ്റൊരു വീട്ടിലുമായിരുന്നു താമസിച്ചിരുന്നത്. അതുല്യയുടെ ഭർത്താവ് ജോലി സംബന്ധമായി മറ്റൊരു സംസ്ഥാനത്താണ്. അതുല്യ സ്കൂളിൽ നിന്നും ബസ്സിൽ വന്ന മകനെ വിളിക്കാൻ പോയ തക്കം നോക്കി സമീപത്തു മറഞ്ഞു നിന്ന ഭർതൃമാതാവ് പെട്ടെന്ന് ഗേറ്റ് അകത്തു നിന്നും പൂട്ടിയ ശേഷം വീട് അടച്ച് അകത്തിരിക്കുകയായിരുന്നു. അതുല്യ തിരിച്ചെത്തിയെപ്പോൾഗേറ്റ് പൂട്ടിയിരിക്കുന്നതായി കണ്ടു. സംശയം തോന്നിയ അതുല്യ സമീപത്തെ വീട്ടിലെ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോഴാണ് അമ്മായിയമ്മയാണ് ഗേറ്റ് പൂട്ടിയതെന്ന് മനസ്സിലായി. തുടർന്ന് അതുല്യ കൊട്ടിയം പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്ന് ഇവർ വീടിന് മുന്നിൽ കുത്തിയിരിപ്പ് സമരം തുടങ്ങി. വിവരമറിഞ്ഞ് നാട്ടുകാർ പ്രതിഷേധവുമായെത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. രാത്രി ഒമ്പതോടെ സ്ഥലത്തെത്തിയ പൊലീസ് നാട്ടുകാരുമായി വാക്കേറ്റം ഉണ്ടാകുകയും പൊലീസ് ലാത്തി വീശുകയും നാട്ടുകാരായ 3 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഇതിനിടെ സഹായത്തിനായി അതുല്യ പലരുമായും ബന്ധപ്പെട്ടെങ്കിലും സഹായം ലഭിച്ചില്ല. രാത്രി ഒമ്പതരയോടെ നാട്ടുകാർ വീടിന്റെ മതിലിന് സമീപം സ്കൂട്ടർ ചാരി വെച്ച ശേഷം യുവതിയേയും കുട്ടിയേയും വീടിന്റെ മുറ്റത്തേക്ക് ആക്കുകയായിരുന്നു. രാത്രി മുഴുവൻ സ്കൂൾ യൂണിഫോമിൽ തന്നെ കുട്ടി വീടിന്റെ സിറ്റൗട്ടിൽ കഴിച്ചുകൂട്ടി. മരുമകളും ചെറുമകനും വീടിന്റെ സിറ്റൗട്ടിൽ ഇരുപ്പായതോടെ അമ്മായിയമ്മ വീടിന്റെ മെയിൻ സ്വിച്ച് ഓഫ് ചെയ്തു.വിവരം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നതോടെയാണ് വെള്ളിയാഴ്ച രാവിലെ അധികൃതർ പ്രശ്നത്തിൽ ഇടപെട്ടത്.ബാലാവകാശ കമീഷൻ ചെയർപേഴ്സൻ എ.വി. മനോജ് കുമാർ, ശ്യാമളാ ദേവി, വനിതാ കമീഷൻ അംഗം ഷാഹിദാ കമാൽ, പഞ്ചായത്ത് പ്രസിഡന്റ് ജല ജാകുമാരി, സി.ഡബ്ല്യു സി അധികൃതർ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ചാത്തന്നൂർ എ .സി .പി എന്നിവർ രണ്ടു മണിക്കൂറിലധികം വയോധികമായുമായി സംസാരിച്ച ശേഷമാണ് തൊട്ടടുത്ത വീട്ടിലേക്ക് മാറാമെന്ന് വയോധികസമ്മതിച്ചത്.
സംഭവത്തിൽ പൊലീസിന് വീഴ്ച്ച ഉണ്ടായിട്ടുണ്ടോ എന്നു വിശദമായി അന്വേഷിക്കുമെന്ന് വനിതാകമ്മീഷൻ അംഗം ഷാഹിദാ കമാൽ പറഞ്ഞു.
ഭർതൃ മാതാവിന് കോടതിയിൽ നിന്നും സംരക്ഷണം ഉണ്ടെന്നു പറഞ്ഞായിരുന്നു കൊട്ടിയം പൊലീസ് നടപടി വൈകിപ്പിച്ചത്. ഇതിനിടയിൽ അതുല്യയുടേത് പോലെ സമാന അനുഭവം ഉണ്ടായെന്ന ആരോപനവുമായി മൂത്ത മരുമകളും എത്തിയിരുന്നു.
No comments:
Post a Comment