Thursday, 13 October 2022

ലഹരിമരുന്ന് മാഫിയയുടെ അഴിഞ്ഞാട്ടവും തുടർച്ചയായുള്ള മോഷണവും ഗുണ്ടാ ആക്രമണങ്ങളും ജനങ്ങളെ ഭീതിയിലാക്കുന്നു

ചാത്തന്നൂർ:  ലഹരിമരുന്ന് മാഫിയയുടെ 
 അഴിഞ്ഞാട്ടവും തുടർച്ചയായുള്ള മോഷണവും ഗുണ്ടാ ആക്രമണങ്ങളും ജനങ്ങളെ ഭീതിയിലാക്കുന്നു.ലഹരി മാഫിയയുടെ മുന്നിൽ പോലീസും എക്സൈസും എന്തു ചെയ്യണമെന്നറിയാതെ
ഇരുട്ടിൽത്തപ്പുന്നത് ജനങ്ങളിൽ കടുത്ത പ്രതിഷേധമുണ്ടാക്കുന്നുണ്ട്.
പാരിപ്പള്ളി മേഖലയിൽ ലഹരിമാഫിയയുടെ ശല്യം കൊണ്ട് 
പൊറുതിമുട്ടുകയാണ് നാട്ടുകാരും കച്ചവടക്കാരും. ലഹരി ഉപയോഗിക്കുന്നവർ പട്ടാപ്പകൽ തിരക്കേറിയ റോഡുകളിൽ വഴക്കിടുന്നതും അസഭ്യം പറയുന്നതും പതിവായി മാറി വിദ്യാർത്ഥികൾ പരസ്പരം ഏറ്റ് മുട്ടുന്ന സംഭവങ്ങളും പതിവായി മാറി. സ്കൂൾ പരിസരത്തെ 
ഇടറോഡുകൾ കേന്ദ്രീകരിച്ച് പരസ്യമായി വിദ്യാർഥികൾക്ക് ലഹരി ഉൽപന്നങ്ങൾ കച്ചവടം നടത്തുന്നതും സ്ഥിരം കാഴ്ചയാണ്. പാരിപ്പള്ളിയിൽ ന്യു ജനറേഷൻ കട കേന്ദ്രീകരിച്ച് പുകയില മയക്കുമരുന്ന് ഉൽപന്നങ്ങൾ വിൽക്കുന്നത് സംബന്ധിച്ച് പ്രദേശവാസികൾ  പലതവണ പരാതി നൽകിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന ആക്ഷേപമുണ്ട്.  ചാത്തന്നൂരിൽ മദ്യലഹരിയിൽ ഒരു സംഘം യുവാവിനെ തല്ലിചതച്ചതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടും പോലിസ് തിരിഞ്ഞു നോക്കിയില്ല പ്രതികൾ ഇപ്പോഴും പോലീസിന്റെ കണ്മുൻപിൽ വിലസുന്നു.
പോലിസ് ഉദ്യോഗസ്ഥരെ പോലും ആക്രമിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടും ഗുണ്ടായിസം അമർച്ച ചെയ്യാൻ നടപടി ഉണ്ടായില്ല. ചാത്തന്നൂരിലെ വനിത എസ് ഐ യെയും ഡ്രൈവറെയും മദ്യപാന സംഘം ആക്രമിച്ചു. രണ്ടാഴ്ചമുമ്പ് ഉളിയനാട് വാഴവിള ജങ്ഷനിൽ കഞ്ചാവ് ഉപയോഗിക്കുന്നവരെക്കുറിച്ച് വിവരം നൽകിയതിന് ബിജെപിയുടെ ബൂത്ത്‌ പ്രസിഡന്റിനെ  മർദിച്ചു കൈയൊടിച്ചിരുന്നു.
പരാതിപ്പെടുന്നവരെ ലഹരിമാഫിയ ആക്രമിക്കുന്നതും പൊതുജനങ്ങളിൽ ഭീതിയുളവാക്കിയിരിക്കുന്നു.
കഴിഞ്ഞദിവസം ചിറക്കരയിലെ ഒരു സ്കൂളിലെ ഒൻപതാം ക്ളാസ് വിദ്യാർഥിയുടെ പക്കൽനിന്ന് ലഹരിവസ്തുക്കൾ കണ്ടെത്തിയിരുന്നു.
കഴിഞ്ഞാഴ്ചയാണ് ചാത്തന്നൂരിലെ ഒരു സർക്കാർ സ്കൂളിൽ നിന്നും പത്തോളം വിദ്യാർത്ഥികളെ എക്സൈസ് സംഘം ലഹരി ഉപയോഗിച്ചതിനും വിറ്റതിനും പിടികൂടിയിരുന്നു.ഇ സംഭവങ്ങളെല്ലാം നിസാരവത്കരിച്ചു കൊണ്ട് അന്വേഷണം നടത്തുകയാണ്  പോലീസ് - എക്സൈസ് അധികൃതർ. ഇത്രയൊക്കെ ആയിട്ടും ലഹരിവസ്തുക്കളുടെ ഉറവിടവും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതുമായി ബന്ധപ്പെട്ട് മൂന്നു വിദ്യാർഥികളെ കൗൺസലിങ്ങിന് വിധേയരാക്കി. സർക്കാർ ആരംഭിച്ച ലഹരിവിമുക്ത പ്രചാരണ പരിപാടി 'വിമുക്തി' വഴി സർക്കാരും എക്സൈസ് വകുപ്പും കൂട്ടായ ജനപങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കിവരുമ്പോഴും തഴച്ചുവളരുന്ന ലഹരിമാഫിയയ്ക്ക് തടയിടാൻ കഴിയാത്തത് അധികൃതരുടെ വീഴ്ചയായി വിലയിരുത്തുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പാരിപ്പള്ളി മടത്തറ റോഡിൽ പ്രവർത്തിക്കുന്ന ഐവ ബേക്കറിയിലും കാഞ്ഞിരത്തിൻമൂട്ടിൽ
ഏജൻസിയിലുമാണ് മോഷണം നടന്നത്.
ഐവ ബേക്കറിയുടെ പൂട്ടുപൊളിച്ച്
മൂവായിരം രൂപയാണ് മോഷ്ടിച്ചത്. കാഞ്ഞിരത്തിൻമൂട്ടിൽ ഏജൻസിയിൽ പൂട്ടുപൊളിച്ച് ഗോഡൗണിൽ കടന്നെങ്കിലും ഓഫീസിൽ കടക്കാൻ കഴിഞ്ഞില്ല. സി സി ടി വി ദൃശ്യങ്ങളിൽനിന്ന് മോഷ്ടാവിന്റെ ചിത്രം ലഭിച്ചു. പാരിപ്പള്ളി പോലീസ്
തെളിവുകൾ ശേഖരിച്ചു അന്വേഷണം നടത്തിയെങ്കിലും അന്വേഷണം വഴിമുട്ടി നിൽക്കുന്നു. രണ്ടാഴ്ച മുൻപ് മടത്തറ റോഡിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറിൽനിന്ന് മുപ്പതിനായിരം രൂപയും സമീപത്തെ പച്ചക്കറിക്കടയിൽനിന്ന് രണ്ടായിരം രൂപയും മോഷണം പോയിരുന്നു. നാളിതുവരെയും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.. എം ഡി എം എ യുമായി ദിനംപ്രതി യുവാക്കളെ പിടികൂടുമ്പോഴും ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസും എക്സൈസും ശ്രമിക്കുന്നില്ല എന്ന് പരക്കെ ആക്ഷേപമുണ്ട്.

No comments:

Post a Comment