ആദിച്ചനല്ലൂർ പഞ്ചായത്തിൽ പതിനാലാം വാർഡിൽ കൊട്ടുമ്പുറം വട്ടക്കായൽ പ്രദേശത്ത് കഴിഞ്ഞ കുറ ദിവസങ്ങളായി തണ്ണീർത്തടങ്ങൾ നികത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനോടും നിരവധി ഏക്കർ കണക്കിന്
പാടം നികത്തിക്കഴിഞ്ഞു. നികത്തിയ സ്ഥങ്ങളിലൊക്കെ അക്കേഷ്യ മരങ്ങൾ നട്ടു പിടിപ്പിച്ചു കൊണ്ടിരിക്കയാണ്. വട്ടക്കായലിന് സമീപത്തായി അടുത്തിടെ കൊല്ലം പള്ളിമുക്ക് സ്വദേശി രണ്ടര ഏക്കർ നിലം വാങ്ങിയിരുന്നു നിലത്തിൽ കഴിഞ്ഞ ദിവസം രാത്രിയിൽ മുന്നൂറോളം ലോഡ് മണ്ണ് ഇറക്കി 50 സെന്റിലധികം നിലം നികത്തിക്കഴിഞ്ഞു. ഹൈവേ വികസനവുമായി ബന്ധപ്പെട്ട് ദേശിയപാതയോരത്ത്
പൊളിക്കുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കൊപ്പം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അനധികൃതമായി കടത്തിക്കൊണ്ടുവരുന്ന മണ്ണും ഉപയോഗിച്ചാണ് രാത്രികാലങ്ങളിൽ ഭൂമാഫിയകളും മണ്ണ് മാഫിയകളും ചേർന്ന് റവന്യൂ - പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെ നിലവും ,തോടും ചതുപ്പ് പ്രദേശങ്ങളും തകൃതിയായി നികത്തിക്കൊണ്ടിരിക്കുന്നത്. തോടും നിലവും നികത്തിയതോടെ സമീപത്തെ മറ്റ് കൃഷിയിടങ്ങളിലേക്കുള്ള നീരൊഴുക്ക് നിലച്ചിരിക്കുകയാണ്. വേനൽ ആരംഭിക്കുന്നതോടെ ജലക്ഷാമം അതിരൂക്ഷമാകുന്ന കോട്ടുമ്പുറം വട്ടക്കായൽ നിവാസികൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന കുടിവെള്ളവും ലഭ്യമാകുമോ എന്നുള്ള ആശങ്കയിലാണ്. പ്രദേശത്ത് വ്യാപകമായി നിലങ്ങളും തോടുകളും നികത്തി കരപ്പുരയിടമാക്കി അക്കേഷ്യ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനെതിരെ ആദിച്ചനല്ലൂർ പഞ്ചായത്ത്, വില്ലേജ് ഓഫീസുകളിൽ നിരവധി തവണ പരാതി നൽകിയെങ്കിലും ഉദ്യോഗസ്ഥരും ഭരണാധികാരികളും കണ്ടില്ലെന്ന് നടിച്ച് അറങ്ങാപ്പാറ നയമാണ് സ്വീകരിച്ച് പോകുന്നത്. ഒരോ ദിവസവും രാത്രി കാലങ്ങളിൽ നൂറ് കണക്കിന് ലോഡ് മണ്ണ് ഇറക്കി നിലത്തിലിട്ട് ജെ സി ബി ഉപയോഗിച്ച് നികത്തുന്നത് പോലീസും ബന്ധപ്പെട്ട അധികൃതരും കാണുന്നില്ലെന്നതിനു പിന്നിൽ വൻ സാമ്പത്തിക ഇടപാട് കാരണമാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. അനധികൃതമായി തണ്ണീർ തടങ്ങൾ നികത്തുന്നതിന് എതിരെ അധികൃതർ ശക്തമായനടപടി സ്വീകരിച്ചില്ലെങ്കിൽ ഉന്നതാധികാരികൾക്ക് പരാതി നൽകുമെന്നും ഇതോടൊപ്പം ഈ പ്രദേശത്തേക്ക് വരുന്ന ടിപ്പറുകൾ തടഞ്ഞിട്ട് പോലീസിന് കൈമാറുന്നതിനും , പഞ്ചായത്ത് - വില്ലേജ് ഓഫീസുകൾ ഉപരോധിക്കുന്നതുൾപ്പെടെയുള്ള പ്രത്യക്ഷ സമരങ്ങൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് കൊട്ടും പുറം വട്ടക്കായൽ നിവാസികൾ .
No comments:
Post a Comment