പരവൂർ : നഗരസഭയായി മൂന്നുപതിറ്റാണ്ടിലേറെ പിന്നിട്ടിട്ടും വിനോദസഞ്ചാരഭൂപടത്തിൽ ഇടംനേടാനാകാതെ പരവൂർ തെക്കുംഭാഗം തീരം. ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കാനും യോജിച്ച പദ്ധതികൾ ആവിഷ്കരിക്കാനും ഇതുവരെ നഗരം ഭരിച്ചവർ തയ്യാറായിട്ടില്ല.
വർഷംതോറും ബജറ്റിൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെങ്കിലും അതേപ്പറ്റി അവർപോലും പിന്നെ മറക്കുകയാണ്.
കായലും കടലും ചേരുന്ന തെക്കുംഭാഗത്തിന്റെ തീരഭംഗി സഞ്ചാരികളെ ആകർഷിക്കുന്നതാണ്. ഉദയാസ്തമയങ്ങൾ കാണാൻ കന്യാകുമാരിക്കു സമാനമായ സാധ്യത ഇവിടെയുണ്ട്. തിരശല്യം കുറവാണെന്നതാണ് മറ്റൊരു പ്രത്യേകത. പക്ഷേ, അതൊന്നും പ്രയോജനപ്പെടുത്താൻ ഭരണനേതൃത്വങ്ങൾക്ക് കഴിയുന്നില്ല.
മുഖ്യമന്ത്രിയായിരിക്കെ തെക്കുംഭാഗത്ത് പൊതുപരിപാടിക്കെത്തിയ കെ.കരുണാകരൻ, ഇവിടം കോവളത്തെക്കാൾ മനോഹരമായ വിനോദസഞ്ചാരകേന്ദ്രമാക്കാൻ കഴിയുമെന്നാണ് അഭിപ്രായപ്പെട്ടത്. അന്ന് ഫിഷ് ലാൻഡിങ് സെന്ററിന് തറക്കല്ലിട്ടാണ് അദ്ദേഹം മടങ്ങിയത്. അത് അനാഥമായി തീരത്തുതന്നെയുണ്ട്. സമീപം ഫിഷറീസ് വകുപ്പിന്റെ ഓഫീസ് വർഷങ്ങൾക്കു മുൻപ് പ്രവർത്തനം ആരംഭിച്ചെങ്കിലും തുറന്നുകണ്ടിട്ടുള്ളവർ അപൂർവം.
അന്ന് മന്ത്രിയായിരുന്ന സി.വി.പദ്മരാജൻ മുൻകൈയെടുത്താണ് തീരത്തോടു ചേർന്ന് ലേക് സാഗർ ബീച്ച് റിസോർട്ടിനു തറക്കല്ലിട്ടത്. ഭരണം മാറിയപ്പോൾ ശിലാഫലകം ആരോ പിഴുത് കായലിലെറിഞ്ഞു. ഇതിനിടെ വൻതുക ചെലവിട്ട് ടൂറിസം വകുപ്പ് ബീച്ച് റിസോർട്ട് നിർമിച്ചു. ഡിടി പിസി യുടെ നേതൃത്വത്തിൽ സ്പീഡ് ബോട്ടും പെഡൽ ബോട്ടുകളും കുട്ടവഞ്ചികളും വാങ്ങി കുറേനാൾ പ്രവർത്തിപ്പിച്ചു. പിന്നീട് പൂട്ടിയ റിസോർട്ട് വാടകയ്ക്ക് കൊടുത്തെങ്കിലും ഫലവത്തായില്ല.
വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ഈ കെട്ടിടം കായലിൽ അഭ്യാസപ്രകടനങ്ങൾക്ക് എത്തുന്ന വായുസേനാധികൃതരുടെ കൈയിലാണെന്ന് പരിസരവാസികൾ പറയുന്നു. എന്നാൽ റിസോർട്ട് വളപ്പിൽ സ്വകാര്യ ബോട്ട് ക്ലബ്ബും പ്രവർത്തിക്കുന്നുണ്ട്.
വിനോദസഞ്ചാരവികസനം ലക്ഷ്യമിട്ട് മുൻപ് കായലിൽ വള്ളംകളിയും ഘോഷയാത്രയുമടക്കം നടത്തിയ നഗരസഭ പിന്നീടെല്ലാം മറക്കുകയായിരുന്നു. ഇരിക്കാൻ തീരത്തുറപ്പിച്ച കുറെ സിമന്റ് ബെഞ്ചുകളും മിക്കപ്പോഴും കത്താത്ത ഉയരവിളക്കും അല്ലാതെ ഇന്നും സഞ്ചാരികൾക്കായി ഇവിടെ ഒന്നുമില്ല
@ കായൽ ടൂറിസത്തിന് കളമൊരുങ്ങുമോ
പരവൂരിന്റെ വിനോദസഞ്ചാരമേഖലയിലെ വികസനത്തിന് രാഷ്ട്രീയ സാംസ്കാരിക സാമൂഹിക മേഖലകളിലെ കൂട്ടായ്മ അനിവാര്യമാണ്. തീരദേശത്തെ സ്ഥലപരിമിതി നഗരസഭയ്ക്കും ഡി ടി പി സി ക്കും വെല്ലുവിളി ഉയർത്തുന്നുണ്ട്. എന്നാൽ, കായൽ ടൂറിസത്തിന്റെ അനന്തസാധ്യതകളാണ് പരവൂരിന്റെ മുന്നിലുള്ളത്. ഇതിന് സ്ഥലമേറ്റെടുക്കലിന്റെ വെല്ലുവിളികളും നേരിടേണ്ടിവരുന്നില്ല.
സമീപപ്രദേശങ്ങളിൽനിന്ന് പരവൂരിനെ വേറിട്ടുനിർത്തുന്നത് ജലാശയങ്ങളുടെ സമൃദ്ധിയാണ്.
@ പരവൂരിനെ ടൂറിസം ഹബ്ബാക്കി മാറ്റാം
പരവൂർ ഒല്ലാൽ പുത്തൻകട ഭാഗത്തുനിന്ന് കായലോരത്തുകൂടി ഒരു നടപ്പാത, കോട്ടപ്പുറം, തെക്കുംഭാഗം പ്രദേശത്തുകൂടി കോങ്ങാൽ, പൊഴിക്കര, കുറുമണ്ടൽ, പെരുമ്പുഴ, നെടുങ്ങോലം മാലാക്കായൽ മീനാട് പോളച്ചിറ പൂതക്കുളം കലയ്ക്കോട് വഴി കോട്ടപ്പുറം പുത്തൻകടവിലെത്തുന്ന സർക്കുലർ പാസേജ് എന്നിവ നിർമിച്ചാൽ പരവൂരിനെ ഒരു ടൂറിസം ഹബ്ബാക്കാൻ കഴിയും
സ്വർണ്ണമ്മസുരേഷ് (ബിജെപി പാർലമെന്ററി പാർട്ടി ലീഡർ )
No comments:
Post a Comment