Saturday, 15 October 2022

120 വയസ്സ് തികഞ്ഞ കൊല്ലത്തെ തങ്കശ്ശേരി വിളക്കുമാടത്തിന്റെ ചരിത്രം

120 വയസ്സ് തികഞ്ഞ കൊല്ലത്തെ തങ്കശ്ശേരി വിളക്കുമാടത്തിന്റെ ചരിത്രം. 🔥
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ചുവപ്പും വെള്ളയും ചേല ചുറ്റി, തലയെടുപ്പോടെ നിൽക്കുന്ന എനിക്ക് 120 വയസ്സ് തികഞ്ഞെന്നു പറഞ്ഞാൽ അതിശയിച്ചേക്കും. അത്ര ചെറുപ്പം പോലെയാണു നിൽപ്; നൂറ്റാണ്ടു പിന്നിട്ട ചെറുപ്പം. മിഴികളിലെ തിളക്കത്തിന് ഇന്നും കാന്തിക ശക്തിയുണ്ട്. നല്ല ഉയരമുള്ളതിനാൽ എന്റെ കാഴ്ച മാത്രമല്ല, മറ്റുള്ളവർക്ക് എന്നിലേക്കുള്ള നോട്ടത്തിനും തടസ്സമില്ല. ചുളിവു വീഴാത്ത, ലക്ഷണമൊത്ത ഉടലുമായി നിൽക്കുന്ന ഞാൻ ആര് എന്നല്ലേ? സായിപ്പ് ലൈറ്റ് ഹൗസ് എന്നു വിളിക്കുന്ന ദീപസ്തംഭം; അതായത് വിളക്കുമരം.

എന്നെക്കുറിച്ച്:

എന്റെ ജനനത്തെക്കുറിച്ചു കാര്യമായ അറിവ് നാട്ടുകാർക്കില്ല. തിരുവിതാംകൂർ രാജ്യാതിർത്തിയിലെ തങ്കശ്ശേരിയും അതിലെ തുറമുഖവും ഭരിച്ചിരുന്നത് അന്നു മദ്രാസ് പ്രസിഡൻസിക്കു വേണ്ടി മലബാർ കലക്ടർ ആയിരുന്നു. അതുകൊണ്ടാണ് ഇവിടെ കാര്യമായ വിവരങ്ങൾ ലഭിക്കാതിരുന്നത്. കൊല്ലം കടൽതീരത്ത് ഉയർത്തിയ ഒരു കൊടിമരത്തിൽ നിന്നാണ് ഇന്നത്തെ ലൈറ്റ് ഹൗസിലേക്ക് വളർന്നത്. ആദ്യകാലത്ത് നരച്ച ചാര നിറമായിരുന്നു. പിന്നെയാണു വെളുപ്പിൽ ചുവപ്പു ദാവണി അണിഞ്ഞു സുന്ദരിയായത്.

രാജാവിന്റെ കത്ത്:

ബ്രിട്ടിഷ് തുറമുഖങ്ങളിലെ ലൈറ്റ് ഹൗസിനു ലൈറ്റ് ഡ്യു (light due)  എന്ന പേരിൽ നികുതി ഈടാക്കുമായിരുന്നു. സാമന്ത രാജാക്കന്മാർക്ക് അതിനുള്ള അധികാരം ഇല്ലായിരുന്നു. അതിനാൽ കൊല്ലത്തു വിളക്കുമരം അധികകാലം പ്രവർത്തിച്ചില്ല. കൂടുതൽ കപ്പൽ അടുക്കുന്നതു തങ്കശ്ശേരിയിൽ ആയതിനാൽ ദീപസ്തംഭം സ്ഥാപിക്കേണ്ടത് അവിടെയാണെന്നു തിരുവിതാംകൂർ രാജാവ് മദ്രാസ് ഗവർണർക്ക് കത്ത് അയച്ചു. കൊല്ലത്തു വിളക്കു തെളിയിച്ചേ പറ്റൂ എന്ന ഉത്തരവായിരുന്നു  അതിനു മറുപടി. വീണ്ടും വിളക്കു തെളിയാ‍ൻ തുടങ്ങി. 

വിള്ളൽ:

ഗോപുരത്തിൽ, 4 പതിറ്റാണ്ട് കഴിഞ്ഞപ്പോൾ വിള്ളലുണ്ടായി. ലൈറ്റ് ഹൗസ് എൻജിനീയർ എ.എൻ.സീലിന്റെ നേതൃത്വത്തിൽ1940ൽ അറ്റുകുറ്റപ്പണി നടത്തി. വെള്ളം കുടിക്കാത്ത (വെട്രിഫൈഡ് ) ഇഷ്ടിക കൊണ്ടു പുറം കവചം ഒരുക്കി. അതോടെ നിറം മാറി; ഇഷടികയുടെ ചുവപ്പ് അണിഞ്ഞു.1962ൽ, പെട്രോമാക്സ് മാന്റിലുകൾ മാറ്റി 5000 വാട്ടിന്റെ ഇലക്ട്രിക് ബൾബുകൾ പരീക്ഷിച്ചു. ബൾബുകൾ ലഭ്യമല്ലാതെ വന്നതോടെ അഞ്ചു വർഷത്തിനുശേഷം വീണ്ടും മാന്റിലുകളിലേക്കു മടക്കം. 1994ൽ ഇലക്ട്രിക് പ്രകാശത്തിനു മാന്റിൽ വഴി മാറി.  അതിനു മുൻപു തന്നെ,1984ൽ, ചുവപ്പും വെള്ളയും ചേല ചുറ്റി. 

കാലം കടന്നു പോയപ്പോൾ ഉള്ളിൽ വീണ്ടും മാറ്റം.  2016ൽ ലിഫ്റ്റ് വന്നു, പടി കയറാൻ വയ്യാത്തവർ ക്ഷീണിക്കരുതല്ലോ? മഹാമാരിയുടെ കാലത്ത് എന്റെയടുത്തേക്കു ആരും വരാതിരുന്നത് വലിയ വിഷമമായിരുന്നു. കടൽ നോക്കി ഒറ്റയ്ക്കു നിൽക്കേണ്ടി വന്നു.  ഇപ്പോൾ നിങ്ങൾക്കായി കഫറ്റീരിയ, ഐസ് ക്രീം പാർലർ, കുട്ടികളുടെ പാർക്ക്...  ഒക്കെ ഒരുക്കി ഞാൻ കാത്തിരിക്കുന്നുണ്ട്. എല്ലാവരും വരണം. വരാതിരിക്കരുത്. കാരണം ഞാൻ കൊല്ലത്തിന്റെ മുദ്രയാണ്, മുഖമുദ്ര.

കൊടിമരത്തിന്റെ വഴി:

പണ്ടേ തുറമുഖ നഗരമാണു കൊല്ലം. പ്രകൃതി തന്നെ അതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു. പിന്നീട് 2 തുറമുഖങ്ങൾ ഒരേ സമയം ഇവിടെ പ്രവർത്തിച്ചു. സായിപ്പിന്റെ കീഴിൽ തങ്കശ്ശേരിയിലും തിരുവിതാംകൂർ രാജാധികാരത്തിൽ കുറച്ചു തെക്കുമാറി മറ്റൊന്നും. തുറമുഖം തിരിച്ചറിയാ‍ൻ വിളക്കുമരം വേണമെന്നു വിദേശ കപ്പലുകളുടെ കപ്പിത്താൻമാണ് ആദ്യം ആവശ്യപ്പെട്ടത്. മലബാർ കലക്ടർ ആ വിവരം 1867ൽ  മദ്രാസ് ഗവർണറെ അറിയിച്ചു. തിരുവിതാംകൂർ നിർമിക്കട്ടെ എന്നായിരുന്നു മറുപടി. (1942 മുതൽ കപ്പലുകളിൽ നിന്നു തങ്കശ്ശേരിയിൽ ചുങ്കം പിരിക്കുന്നുണ്ടായിരുന്നു.

ആങ്കറേജ് ഡ്യു (anchorage due) എന്നായിരുന്നു പേര്. തിരൂവിതാംകൂറിന്റെ കീഴിലുള്ള കൊല്ലം തുറമുഖത്തിനു അത്തരം ചുങ്കം ഇല്ലായിരുന്നു). സായിപ്പ് പറഞ്ഞതല്ലേ എന്നു പറഞ്ഞു രാജകുടുംബം അതു നടപ്പാക്കി. അങ്ങനെ കൊല്ലം കടപ്പുറത്തു കൊടിമരം നാട്ടി; വിളക്ക് ഉയർത്താൻ തുടങ്ങി.

തങ്കശ്ശേരിയിൽ

മദ്രാസ് പ്രസി‍ഡൻസിയുടെ കിഴീലുള്ള ലൈറ്റ് ഹൗസുകൾക്കു പൊതുവായ ഏക നികുതി (cost light dues) ചുമത്താൻ 1895ൽ സർക്കാർ ആലോചിച്ചു. കർണാടകയിലെ കാർവാർ മുതൽ കന്യാകുമാരി വഴി വിശാഖപട്ടണം വരെയുള്ള ദീപസ്തംഭങ്ങളുടെ പരിഷ്കരണം, എവിടെയൊക്കെ പുതിയതു സ്ഥാപിക്കണം എന്നിവ പഠിക്കുന്നതിന് പിഡബ്ല്യുഡി എക്‌സിക്യൂട്ടിവ് എൻജിനീയർ എഫ്.ഡബ്ല്യു.ആഷ്പിറ്റലിനെ നിയമിച്ചു.

1898ൽ ആഷ്പിറ്റൽ നൽകിയ റിപ്പോർട്ടിൽ തങ്കശ്ശേരിയിൽ 34 മീറ്റർ ഉയരമുള്ള ലൈറ്റ് ഹൗസ് നിർമിക്കണമെന്ന ശുപാർശ നൽകി. 1900ൽ ഇതിന് അംഗീകാരം ലഭിച്ചു. രൂപകൽപന ചെയ്തതും ആഷ്പിറ്റൽ ആയിരുന്നു. ആ വർഷം തന്നെ പ്രാരംഭ പ്രവർത്തനം തുടങ്ങി.  

ദീപസ്തംഭം:

തറ മുതൽ 34.5 മീറ്റർ ഉയരം. ചുടകട്ടയിലാണ് കെട്ടിപ്പൊക്കിയത്. അതിനു മുകളിലാണ് സഞ്ചാരികൾക്ക് ഇറങ്ങി നിൽക്കാനുള്ള  സൗകര്യവും ‘തൊപ്പി’ പോലുള്ള ഭാഗവും ഒക്കെ.  ഇംഗ്ലണ്ടിൽ നിന്നു ഇറക്കുമതി ചെയ്ത വിളക്കും ലെൻസുമാണ് ഗോപുരത്തിനു മുകളിൽ ഘടിപ്പിച്ചത്. ആകെ ചെലവ് 80,000 രൂപ. ഇതിൽ പകുതിയോളം തുക ചെലവായതു വിളക്കിനും മറ്റ് ഉപകരണങ്ങൾക്കും. പുറം ചുവരിനു ചാര നിറം. വിളക്ക് 15 സെക്കൻഡിനുള്ളിൽ 3 തവണ കൂട്ടമായി മിന്നിത്തെളിയും.

മറ്റു ദീപസ്തംഭങ്ങളിൽ നിന്നു തിരിച്ചറിയുന്നതിനു വേണ്ടിയായിരുന്നു ഇത്. 1902 ഏപിൽ ഒന്നിനു പ്രവർത്തനം തുടങ്ങി. (ചരിത്രത്തിൽ ഒരു തെറ്റുണ്ട്. തിരുവിതാംകൂർ മാനുവലിൽ എന്റെ ചിത്രത്തിനൊപ്പം ആലപ്പി ദീപസ്തംഭം എന്നാണ് അടിക്കുറിപ്പ്). കൊല്ലം തുറമുഖത്തെ വിളക്ക് 1903 മേയ് 11വരെ പ്രവർത്തിച്ചു.

No comments:

Post a Comment