വീണ്ടും കതിരണിയാൻ നടയ്ക്കൽ ഏല ഒരുങ്ങി
ചാത്തന്നൂർ : നടയ്ക്കൽ ഗാന്ധിജി ആർട്സ്, സ്പോർട്സ് ക്ലബ് ആൻഡ് ലൈബ്രറിയുടെ നേതൃത്വത്തിൽ മൂന്നാം തവണയും നെൽകൃഷിയ്ക്കായി നടയ്ക്കൽ ഏല ഒരുങ്ങി. തരിശ് കിടന്ന എട്ട് ഏക്കർ നിലം രണ്ട് വർഷം മുമ്പ് സുഭിക്ഷകേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൃഷി ആരംഭിച്ചത്. കാലാവസ്ഥ വ്യതിയാനവും വിത്തും അനുബന്ധസാധനങ്ങളും യഥാസമയം ലഭിക്കാഞ്ഞതും രണ്ടാം വിള കൃഷി ചെയ്യാൻ താമസിച്ചതായി കർഷകർ പറഞ്ഞു. വിളവെടുത്ത നെല്ല് കല്ലുവാതുക്കൽ കൃഷിഭവൻ വഴി സപ്ലൈകോയ്ക് നൽകി വരുന്നു.
കൃഷി ചെലവ് ഏറിയതും തൊഴിലാളികളെ കിട്ടാനുള്ള ബുദ്ധിമുട്ടും നെൽകൃഷിയിൽ നിന്ന് പലരും പിന്നോട്ട് പോകുന്ന സാഹചര്യത്തിൽ ആണ്
ഈ വർഷവും ലൈബ്രറി പ്രവർത്തകർ ആയ മുൻ ഇത്തിക്കര ബിഡിഒ ശരത്ചന്ദ്രകുറുപ്പ്, എൽഎ എൻഎച്ച് വടക്കേവിള യൂണിറ്റിലെ ക്ലാർക്ക് ഗിരീഷ്കുമാർ നടയ്ക്കൽ,ലൈബ്രറി പ്രസിഡന്റ് അനിൽകുമാർ പി വി എന്നിവരുടെ നേതൃത്വത്തിൽ കൃഷി ചെയ്യുന്നത്.
കാർഷിക യന്ത്രങ്ങൾ ഏലായിലേക്ക് ഇറക്കുന്നതിനായി റാമ്പ് നിർമ്മിക്കുന്നതിന് ജിഎസ് ജയലാൽ എംഎൽഎ പത്ത് ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ ഇതുവരെയും റാമ്പ് നിർമാണം നടന്നിട്ടില്ല.മഴക്കാലത്ത് ഓടകളിൽ നിന്നുള്ള വെള്ളം ഏലായിലേയ്ക് മറിഞ്ഞ് ബണ്ടുകൾ മുറിയുന്നത് മൂലം കൃഷിനാശം സംഭവിക്കുന്നത് പതിവായിരിക്കുകയാണ്. ഇത് തടയുന്നതിന് തടയണ കെട്ടിയും വേനൽക്കാലത്ത് തോട്ടിൽ നിന്ന് വെള്ളം ഏലായിലേക്ക് എത്തിക്കുന്നതിന് വെള്ളച്ചാൽ നിർമ്മിച്ചും ഏല സംരക്ഷിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.
No comments:
Post a Comment