Monday, 8 September 2025

ഗണപതിയ്ക്ക്_തേങ്ങ_ഉടക്കുമ്പോൾ

#ഗണപതിയ്ക്ക്_തേങ്ങ_ഉടക്കുമ്പോൾ.🙏🙏🙏🙏

നമ്മളെല്ലാവരും വിഘ്‌നേശ്വരന് തേങ്ങയുടക്കാറുണ്ട്.
എന്നാല്‍ വിഘ്‌നേശ്വരന് തേങ്ങയുടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്.
ഇവ എന്താണെന്ന് തിരിച്ചറിയാന്‍ പലര്‍ക്കും സാധിക്കുന്നില്ല എന്നുള്ളതാണ് സത്യം.
തേങ്ങ മനുഷ്യ ശരീരത്തിന് തുല്യമാണ് എന്നാണ് പറയുന്നത്.
 കാരണം തേങ്ങ ഉടക്കുമ്പോള്‍ മനുഷ്യനും ദേവനും ഒന്നായി ചേരുന്നു എന്നാണ് പറയുന്നത്.
 ഭക്തന് ഭഗവാനോടുള്ള ആത്മീയ സമര്‍പ്പണമാണ് തേങ്ങയുടക്കുന്നതിലൂടെ സംഭവിക്കുന്നത്.
വിഘ്‌നേശ്വര സങ്കല്‍പ്പത്തിലാണ് നമ്മള്‍ ക്ഷേത്രത്തില്‍ തേങ്ങയുടക്കുന്നത്.
ഇഷ്ടകാര്യ സിദ്ധിക്കായി ഗണപതിക്ക് നാളികേരമുടയ്ക്കുന്ന വഴിപാട് സര്‍വ്വസാധാരണമാണ്.

നമ്മള്‍ വിചാരിച്ച കാര്യം സംഭവിക്കുമ്പോള്‍ നാളികേരം ഉടയുമെങ്കില്‍ അഭീഷ്ടം സാധിക്കുമെന്നും ഉടഞ്ഞില്ലെങ്കില്‍ അതിനു വിഘ്നം നേരിടേണ്ടി വരുമെന്നും അനിഷ്ടസംഭവം നടക്കും എന്നുമാണ് വിശ്വാസം.
 നാളികേരം ഉടയ്ക്കുന്നതിനു മുന്‍പ് നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.
അവ എന്തൊക്കെയെന്ന് നോക്കാം.

 *എന്തുകൊണ്ട് തേങ്ങയുടക്കുന്നു?* 

പുരാണം അനുസരിച്ച്, പുറം ഭാഗം ഒരു വ്യക്തിയുടെ കോപം, അഹംഭാവം എന്നിങ്ങനെയുള്ള നെഗറ്റീവ് ചിന്തകളും മറുവശത്ത് ആന്തരിക ഭാഗം ശുദ്ധവും നിരപരാധിത്വവും എല്ലാ പോസിറ്റീവ് ചിന്തകളും ഉള്ള ഗുണങ്ങളായും കണക്കാക്കപ്പെടുന്നുണ്ട്.
നാം ഒരു തേങ്ങ പൊട്ടിക്കുമ്പോള്‍, വീട്ടിലോ ക്ഷേത്രത്തിലോ ആരാധന നടത്തുമ്പോള്‍ അതില്‍ എല്ലാ വിധത്തിലുള്ള നന്മകളും ഉണ്ട് എന്നാണ് നാം ഉറപ്പ് നല്‍കുന്നത്.
വേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രത്തില്‍ തുടര്‍ച്ചയായി പന്ത്രണ്ടായിരം തേങ്ങ എറിഞ്ഞുടയ്ക്കുന്ന ഒരു ആചാരം തന്നെയുണ്ട്..

 *ക്ഷേത്രത്തിൽ എന്തിന്?* 

എന്തുകൊണ്ടാണ് ക്ഷേത്രത്തില്‍ പോവുമ്പോള്‍ തേങ്ങയുടക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്.
 കാരണം, മനുഷ്യരായ നമുക്ക് എളുപ്പത്തില്‍ നെഗറ്റീവ് എനര്‍ജിയിലേക്ക് ആകര്‍ഷിക്കപ്പെടുകയും നമ്മള്‍ നെഗറ്റീവ് സ്വഭാവമുള്ള വ്യക്തികളായി മാറുകയും ചെയ്യുന്നു.
അഹം, കോപം, നെഗറ്റീവ് ചിന്തകള്‍ എന്നിങ്ങനെയുള്ള എല്ലാ മോശം ഗുണങ്ങളും നമ്മള്‍ ഓരോരുത്തരും സ്വീകരിക്കാന്‍ തുടങ്ങുന്നു.
 ഓരോ തവണയും തേങ്ങ ഉടക്കുന്നതിലൂടെ അത് ഉള്ളിലുള്ള പോസിറ്റീവ് ഗുണങ്ങളെ പുറത്തേക്ക് കൊണ്ട് വരുന്നു എന്നാണ് വിശ്വാസം.
നാളികേരം ഉടക്കുമ്പോള്‍ അത് പൊള്ളയായ സ്വഭാവത്തെ ഇല്ലാതാക്കി അകമേയുള്ള കാമ്പിനെ പുറത്തേക്ക് കാണിക്കുന്നു എന്നാണ് വിശ്വാസം.

 *ശുഭകാര്യങ്ങൾക്ക്* 

      ശുഭകാര്യങ്ങൾക്ക് മുൻപായി നാളികേരം രണ്ടായി ഉടച്ച് ശുഭവും അശുഭവുമായ ഫലങ്ങള്‍ നോക്കാറുണ്ട് പലരും.
 ഇതോടൊപ്പം തന്നെ ഒരു തേങ്ങാമുറിയിലെ വെള്ളത്തില്‍ പൂവിട്ട് അത് ഏതുരാശിയില്‍ വരുന്നു എന്നും നിശ്ചയിച്ച് ഫലം കാണാറും ഉണ്ട് പലരും.
ഇത് 12 രാശിയിലും കാര്യങ്ങളെ സൂചിപ്പിക്കുന്നുണ്ട്.
 മേടം രാശിയിലെങ്കില്‍ അഭിവൃദ്ധി, ഇടവം രാശിയെങ്കില്‍ കലഹം വിഷഭയം അങ്ങനെ....

തേങ്ങ ഉടയുന്നത് നെടുകേ നടുവിലായി ആണെങ്കില്‍ ഇവര്‍ ആഗ്രഹിക്കുന്ന ഫലം ശുഭമായി കലാശിക്കുന്നു.
എന്നാല്‍ തേങ്ങ കോടല്‍ സംഭവിച്ച് വശങ്ങള്‍ ഒടിഞ്ഞതാണെങ്കില്‍ വയര്‍ സംബന്ധമായ അസ്വസ്ഥതകളും തേങ്ങയുടെ കണ്ണുകള്‍ പൊട്ടിയാല്‍  ദു:ഖവും, മുകള്‍ഭാഗമുടഞ്ഞതാണെങ്കില്‍ കുടുംബനാഥന് ആപത്തും സംഭവിക്കും എന്നാണ് വിശ്വാസം.
 ഇത് കൂടാതെ ഉടയുന്നതിനിടയില്‍ തേങ്ങ മുഴുവനായോ പൊട്ടിച്ച മുറിയോ കൈയ്യില്‍ നിന്ന് താഴെ വീണാല്‍ അധപതനം ഉറപ്പെന്നും വിശ്വാസമുണ്ട്.

തേങ്ങ ഹൃദയവും ഇതിനു ചുറ്റുമുള്ള ചകിരി ആഗ്രഹങ്ങളുമാണെന്നാണ് വിശ്വാസം.
തേങ്ങാവെള്ളം പരിശുദ്ധിയെ സൂചിപ്പിയ്ക്കുന്നു.
ആഗ്രഹങ്ങളെ തരണം ചെയ്ത് ഹൃദയം പരിശുദ്ധമാക്കുകയെന്ന വിശ്വാസവുമുണ്ട്.
തേങ്ങയുടയ്ക്കുന്നതിലൂടെ ജീവാത്മാവ് പരമാത്മാവുമായുള്ള സംഗമം നടക്കുകയാണെന്നാണ് വിശ്വാസം.
ഇടയ്ക്കുള്ള എല്ലാ തടസങ്ങളേയും അകറ്റി.
ഇതാണ് തേങ്ങ " ശ്രീഫലം " എന്നറിയപ്പെടുന്നത്.
അതായത് ദൈവത്തിന്റെ സ്വന്തം ഫലം.
 പൊട്ടിച്ചു കഴിഞ്ഞ തേങ്ങാ മുറി ഒരിക്കലും കൂട്ടി വെയ്ക്കരുത് എന്നാണ് പറയുക.
ഇതിനു പിന്നിലുള്ള വിശ്വാസമെന്താണെന്ന് ഇതുവരെ പുറത്ത് വന്നിട്ടില്ല.

മറ്റുള്ളവരുടെ കണ്ണു പറ്റിയാല്‍ ദോഷമാണെന്നു പൊതുവെ ചിന്തയുണ്ട്.
ഈ ദോഷം അകറ്റുന്നതിന് ഏഴു തവണ തലയ്ക്കു ചുറ്റും തേങ്ങായുഴിഞ്ഞ് ഉടയ്ക്കുന്നു.
 നിങ്ങള്‍ക്ക് രാഹുവിന്റെ ദോഷമുണ്ടെങ്കില്‍ ഒരു തേങ്ങ ബുധനാഴ്ച രാത്രി തലയ്ക്കു സമീപം വച്ച് കിടന്നുറങ്ങുക.
 പിറ്റേന്നു രാവിലെ ഇത് ഗണപതിയ്ക്കു സമര്‍പ്പിയ്ക്കാം.
 ശനിദോഷമകറ്റാന്‍ തേങ്ങാമുറിയില്‍ എള്ളുതിരി കത്തിയ്ക്കുന്നത് പതിവാണ്.
 ഇതുപോലെ ഒരു കറുത്ത തുണിയില്‍ ബാര്‍ലി, ഒരു തേങ്ങ, കറുത്ത ഉഴുന്ന് എന്നിവ ഒരുമിച്ചു കെട്ടി വയ്ക്കുക.
തലയ്ക്കു ചുറ്റും ഇത് ഏഴു തവണ ഉഴിഞ്ഞ് ഒഴുകുന്ന വെള്ളത്തില്‍ ഇടുക.

 *ഗണപതിക്ക് ഉടയ്ക്കുന്ന തേങ്ങ കഴിക്കാമോ?* 

ഗണപതി ക്ഷേത്രങ്ങളില്‍ മാത്രമല്ല ഗണപതി പ്രതിഷ്ഠയുള്ള മിക്ക ക്ഷേത്രങ്ങളിലുമുള്ള പതിവാണ് ഗണപതിക്ക് തേങ്ങ ഉടയ്ക്കുക എന്നത്.
ഉടച്ച ശേഷം ഈ തേങ്ങയുടെ കഷ്ണങ്ങള്‍ എടുത്ത് കഴിക്കുന്നവരെയയും നാം കാണാറുണ്ട്.
 എന്നാല്‍ അത്തരത്തില്‍  ഉടച്ച തേങ്ങ കഴിക്കാമോ എന്നത് പലരുടെയും സംശയമാണ്.
ഹൈന്ദവവിശ്വാസ പ്രകാരം അത്തരത്തില്‍ ഗണപതിയ്ക്ക് മുന്നില്‍ ഉടച്ച തേങ്ങ കഴിക്കാന്‍ പാടില്ലെന്നാണ് വിശ്വാസം.
നമ്മുടെ ദോഷങ്ങളും ദുരിതങ്ങളും മാറി പോകുക എന്ന സങ്കല്‍പ്പത്തിലാണ് ഗണപതിയ്ക്ക് തേങ്ങ ഉടയ്ക്കുന്നത്.
അങ്ങനെ നമ്മുടെ ദോഷങ്ങളെ സങ്കല്‍പ്പിച്ച് ഉടയ്ക്കുന്ന തേങ്ങ വീണ്ടും എടുക്കുകയും കഴിക്കുകയും ചെയ്യുന്നതിലൂടെ അവ തിരിച്ച് നമ്മിലേക്ക് തന്നെ വരുമെന്നാണ് വിശ്വാസം.

 *അപൂർവ ഫലം* 

ഗണപതി ഭഗവാന് ഒറ്റ തവണ നാളികേരം ഉടയ്ക്കുന്നത് ആയിരം ഗണപതി ഹോമങ്ങൾക്ക് തുല്യ പുണ്യപ്രവർത്തി എന്നും നൂറ്റിയെട്ട് തേങ്ങ ഉടയ്ക്കുന്നത് ഒരുലക്ഷം മഹാഗണപതി ഹോമങ്ങൾക് തുല്യവും എന്ന് പറയപ്പെടുന്നു.

No comments:

Post a Comment