Sunday, 28 September 2025

കുതിച്ചും പിന്നെ കിതച്ചും നെടുങ്ങോലം ഗവ. ആശുപത്രി

പരവൂർ: പരവൂരിലെയും പരിസരങ്ങളിലെയും ജനങ്ങളുടെ ആരോഗ്യരംഗത്തെ ആശ്രയമായിരുന്ന നെടുങ്ങോലം ആശുപത്രി പിന്നീട് സർക്കാർ ആശുപത്രിയായും താലൂക്കാശുപത്രിയായുമൊക്കെ മാറിയെങ്കിലും ഇന്നും ഈ ആതുരാലയം കിതച്ചാണ് ഒരോ ചുവടും മുന്നോട്ടുവയ്ക്കുന്നത്. ഡോക്ടർമാർ ഇല്ലാത്തതും ആവശ്യമായ സ്റ്റാഫുകൾ ഇല്ലാത്തതും  ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റുന്നു. 
കിടത്തി ചികിത്സ ഉള്ള ആശുപത്രിയാണ് ഇത്. പതിവായി അൻപതോളം രോഗികൾ ഐപിയിലുണ്ട്  ഐപി ഡ്യൂട്ടിയും ഒപിയിലെ പരിശോധനയും സുഗമമായി പോകണമെങ്കിൽ മിനിമം 4 ഫിസിഷ്യൻമാർ വേണമെന്നാണ് കണക്ക്.ആയിരത്തിൽപരം പേർ ഒപിയിൽ എത്തുന്ന ആശുപത്രിയാണ് ഇത്. രാത്രി 8 വരെ പ്രവർത്തിക്കുന്ന പനി ക്ലിനിക്കിൽ ചികിത്സ തേടി എത്തുന്ന രോഗികളുടെ എണ്ണവും വർധിക്കുകയാണ്. 
നഗരസഭയും ആശുപത്രി വികസന സമിതിയും ചേർന്ന് താൽക്കാലികമായി ഡോക്‌ടർമാരെ നിയമിക്കുന്നതിനുള്ള സംവിധാനം ഉണ്ടായിട്ടും ഈ ദിശയിലും ഒന്നും നടന്നിട്ടില്ല. മറ്റു പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും റഫർ ചെയ്തു വിടുന്ന രോഗികളെ ഒപിയിൽ കാര്യമായി പരിശോധിക്കേണ്ടതുണ്ട്. ഇതിന് ഏറെ സമയം വേണ്ടിവരും. ഇപ്പോഴത്തെ സ്‌ഥിതിയിൽ നീണ്ട ക്യൂവാണ് ഉച്ച തിരിഞ്ഞും ഒപിയിൽ ദൃശ്യമാകുന്നത്. മഴ കടുത്തതോടെ പ്രത്യേക തരം രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നവരുടെ എണ്ണവും കൂടുതലാണ്. ഡേ
ഡോക്ടർമാരുടെ കുറവ് മൂലം പനി, ചുമ, ജലദോഷം, തലവേദന തുടങ്ങിയവയ്ക്കു മാത്രമാണ് ചികിത്സ ലഭിക്കുന്നത് ബാക്കിയെല്ലാം പാരിപ്പള്ളി മെഡിക്കൽ 
കോളേജിലേക്ക് റഫർ ചെയ്യുന്നു.അത്യാഹിത വിഭാഗത്തിലെ രോഗികൾക്കുള്ള മരുന്ന് ഉൾപ്പടെ ആശുപത്രി ഫാർമസിയിൽ നിന്ന് ലഭിക്കുന്നില്ലെന്നാണ് ഉയരുന്ന പ്രധാന പരാതി. 
ഡോക്ടർമാർ എഴുതി നൽകിയ കുറിപ്പടികളുമായി ഫാർമസിയിൽ ചെന്നാൽ അധികൃതർ ആദ്യമൊന്ന് തിരയും. പിന്നീട് മരുന്ന് പുറത്ത് നിന്ന് വാങ്ങാൻ നിർദ്ദേശിക്കും. എന്നാൽ പണമില്ലാത്തവർ ഇത് കേട്ട് മരുന്ന് വാങ്ങാതെ മടങ്ങും. ഏതാനും ദിവസങ്ങളായി  ആശുപത്രിയിൽ നടക്കുന്നതാണിത്. പ്രമേഹ രോഗികൾക്കുള്ള മരുന്നുകളും പാരസെറ്റാമോൾ പോലുള്ള സാധാരണ ഗുളികകളും മാത്രമാണ് ഇപ്പോൾ ഇവിടെ നിന്ന് ലഭിക്കുന്നത്. അത്യാഹിത വിഭാഗത്തിലെ രോഗികൾക്കുള്ള മരുന്നുകളെല്ലാം വലിയ വില കൊടുത്ത് പുറത്ത് നിന്ന് തന്നെ വാങ്ങണം. ചെ ചെറിയ സർജറിക്കുള്ള മരുന്നുകളും പുറത്തുനിന്നാണ് വാങ്ങുന്നതെന്ന് ചികിത്സയിലുള്ളവർ പറയുന്നു.

@ ആശുപത്രിയിൽ ഡോക്‌ടർ ക്ഷാമവും മരുന്നു ക്ഷാമവും. 

ആശുപത്രിയിൽ ചികിത്സതേടിയെത്തുന്നവർക്ക് പേരിന് പോലും മരുന്ന് കിട്ടാനില്ല. കുറിപ്പടിയുമായി സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ കയറിയിറങ്ങേണ്ട ഗതികേടിലാണ് രോഗികൾ. പേപ്പട്ടി കടിക്കെതിരായ ആൻ്റിറാബിസ് വാക്‌സിൻ തീർന്നിട്ട് ദിവസങ്ങളായി. ഇതിനൊപ്പമാണ് മറ്റുമരുന്നുകൾക്കും ദൗർലഭ്യം നേരിടുന്നത്. ചികിത്സതേടിയെത്തുന്നവർക്ക് മിക്കവാറും മരുന്നുകൾ നേരത്തെ ആശുപത്രിയിൽ ലഭിച്ചിരുന്നു. ഇപ്പോൾ അപൂർവം ചിലതേ ആശുപത്രിയിലുള്ളൂ. മഴകാല രോഗങ്ങൾ പടരുന്നതിനിടെയാണ് മരുന്നില്ലാതെ രോഗികൾ വലയുന്നത്. സൗജന്യമായി മരുന്ന് കിട്ടുന്നതിനാലാണ് വിദൂരങ്ങളിൽനിന്നടക്കം രോഗികൾ ജനറൽ ആശുപത്രിയിലെത്തുന്നത്.  ആശുപത്രി ഫാർമസിയിൽ ആളൊഴിയുമ്പോൾ സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ മരുന്നിന് തിരക്ക് കൂടുകയാണ്. രക്തസമ്മർദം, പ്രമേഹം തുടങ്ങിയവയ്ക്കുള്ള മരുന്നും ആന്റിബയോട്ടിക്കുകളും കിട്ടാനില്ല. സ്വകാര്യമെഡിക്കൽ ഷോപ്പുകളിൽ ഇതിനെല്ലാം തീവിലയാണ്. ആവശ്യപ്പെടുന്ന മരുന്നുകളല്ല പലപ്പോഴും മെഡിക്കൽ സർവീസ് കോർപ്പറേഷൻ വിതരണം ചെയ്യുന്നതെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. കോട്ടൺ, ഗ്ലൂക്കോസ് തുടങ്ങിയവയാണ് കൂടുതലായി ആശുപത്രികളിലേക്ക് തള്ളുന്നത്.


@ നെടുങ്ങോലം താലൂക്ക് ആശുപത്രി ഡയാലിസിസ് വിഭാഗത്തിൽ ഡോക്‌ടറുടെ സേവനം ലഭ്യമല്ലാത്തതു രോഗികളുടെ ജീവൻ അപകടത്തിലാക്കുന്നു.  ഡയാലിസിസ് നടക്കുന്നതിനിടയിൽ രോഗികൾക്ക് ശാരീരിക പ്രശ്നങ്ങൾ അനുഭവപ്പെട്ടാൽ തിരക്കേറിയ ഒപി വിഭാഗത്തിൽ നിന്ന് ഡോക്ട്‌ടർ എത്തേണ്ട അവസ്‌ഥയാണ്.
ഒപിയിൽ തിരക്കുള്ളപ്പോൾ ഡോക്‌ടർ എത്താൻ വൈകുന്നത് ആശുപത്രിയിൽ പ്രതിഷേധങ്ങൾക്കും ബഹളത്തിനും കാരണമാകുന്നുണ്ട്. ഡയാലിസിസ് വിഭാഗത്തിൽ വിദഗ്ധ ഡോക്ടറുടെ സേവനം നിർബന്ധമായും വേണമെന്നിരിക്കെയാണ് താലൂക്ക് ആശുപത്രിയിൽ രോഗികളുടെ ജീവനു വില നൽകാതെ ആരോഗ്യ വകുപ്പ് ഡോക്‌ടറുടെ സേവനം ലഭ്യമാക്കാത്തതു. താലൂക്ക് ആശുപത്രിയിൽ നിലവിലുള്ള 1 ഡയാലിസിസ് യൂണിറ്റിൽ 3 ഷിഫ്റ്റുകളായാണ് ഡയാലിസിസ് നടത്തുന്നത്.
6 നഴ്സുമാരുടെ സേവനം ലഭ്യമായിരുന്നെങ്കിലും ഇപ്പോൾ 4 പേർ മാത്രമേ യൂണിറ്റിലുള്ളു. താൽക്കാലിക ജീവനക്കാരുടെ സഹായത്തോടെയാണ് ഡയാലിസിസ് നടത്തുന്നത്. പരവൂർ നഗരസഭ, പൂതക്കുളം, ചിറക്കര പഞ്ചായത്ത് എന്നിവിടങ്ങളിലെ ഒട്ടേറെ രോഗികളാണ് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രത്തെ ആശ്രയിച്ചു ചികിത്സ തുടരുന്നത്. ആരോഗ്യ മന്ത്രി ആശുപത്രി സന്ദർശിച്ചു ഡയാലിസിസ് കേന്ദ്രത്തിൽ വിദഗ്‌ധ ഡോക്ടറുടെ സേവനം ലഭ്യമാക്കുമെന്നു പ്രഖ്യാപിച്ചു 50 ദിവസമായിട്ടും രോഗികളുടെ ദുരിതത്തിനു അവസാനമില്ലാത്ത അവസ്‌ഥയാണ് താലൂക്ക് ആശുപത്രിയിൽ.

@വൈദ്യുതി പോയാൽ എക്‌സ്‌റേ പോലും എടുക്കാൻ സാധിക്കാത്തത് രോഗികളെ ഏറെ വിഷമിപ്പിക്കുന്നു.ജനറേറ്റർ ഉണ്ടെങ്കിലും ഫലത്തിൽ ഇല്ലാത്തതുപോലെയാണ്. നിലവിലുള്ള ജനറേറ്ററിന് എക്സ്‌റേ യൂണിറ്റും മറ്റ് സംവിധാനങ്ങളും പ്രവർത്തിപ്പിക്കാനുള്ള ക്ഷമത ഇല്ല. അപകടമോ മറ്റോ സംഭവിച്ച് ആശുപത്രിയിൽ എത്തുന്നവർ എക്‌സ്റേ എടുക്കുന്നതിനായി പരവൂരോ മറ്റേതെങ്കിലും സ്ഥലത്തേക്കോ പോകേണ്ട സ്ഥിതിയാണ്. മുറിവ് പറ്റി ആശുപത്രിയിൽ എത്തിക്കുന്നവരെയും വൈദ്യുതിയില്ലെങ്കിൽ മൊബൈൽ വെളിച്ചത്തിലാണ് പരിശോധിക്കുന്നത്. പലപ്പോഴും രോഗികളും ആശുപത്രി ജീവനക്കാരും തമ്മിൽ വാക്കേറ്റവും ഉണ്ടായിട്ടുണ്ട്. ഐസിയു ഓപ്പറേഷൻ തിയറ്റർ, ലാബ് എന്നിവിടങ്ങളിലേക്കുള്ള വൈദ്യുതി ജനറേറ്ററിൽ നിന്നും ലഭിക്കുന്നുണ്ട്. വാർഡുകളിൽ ഓരോ ലൈറ്റും ഫാനും മാത്രമാണ് ജനറേറ്ററിൽ പ്രവർത്തിക്കുന്നത്.


@ 2010-ൽ എൻ.അനിരുദ്ധൻ എം.എൽ.എ.യുടെ കാലത്താണ് നെടുങ്ങോലം ഗവ. ആശുപത്രി താലൂക്ക് ആശുപത്രിയാക്കി ഉത്തരവായത്. നടപടികൾ പൂർത്തിയാക്കി 2011-ലാണ് താലൂക്ക് ആശുപത്രി പ്രവർത്തനം തുടങ്ങിയത്. 2010-ൽ കുണ്ടറ, കടയ്ക്കൽ, നീണ്ടകര എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികൾക്കും താലൂക്ക് പദവി ലഭിച്ചു. എന്നാൽ ഇവിടെ മുന്നിടത്തും ഡോക്ടർമാരും അനുബന്ധ സ്റ്റാഫുകളും ആവശ്യത്തിനുള്ളപ്പോൾ നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ മാത്രം അതുണ്ടായില്ല. താലൂക്ക് ആശുപത്രികളിൽ കാഷ്വാലിറ്റി സംവിധാനം നിർബന്ധമാണെന്നിരിക്കെ നെടുങ്ങോലത്ത് ഒഴികെ മറ്റ് മൂന്നിടത്തും കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറും സംവിധാനവും ഉണ്ട്. താലൂക്ക് പദവി ലഭിച്ച്‌ പതിനഞ്ചു പിന്നിട്ടിട്ടും നെടുങ്ങോലത്ത് കാഷ്വാലിറ്റി സംവിധാനം അനുവദിച്ച് നൽകിയിട്ടില്ല. ഇതുതന്നെയാണ് ഈ ആതുരാലയത്തിന്റെ പിറകോട്ടടിക്ക് പ്രധാന കാരണവും.
കാഷ്വാലിറ്റി സംവിധാനം ലഭ്യമായാൽ ഒരു കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറും മൂന്നു ഡോക്ടർമാരും അനുബന്ധ ജീവനക്കാരും ലഭിക്കും. ഇത് ആശുപ ത്രിയിയിലെ മറ്റു ഡോകടർമാരുടെ ജോലിഭാരവും കുറയ്ക്കും. കാഷ്വാലിറ്റി സംവിധാനമില്ലാത്തതുമൂലം നെടുങ്ങോലം ആശുപത്രിയിൽ ഡോക്ടർമാർ ബുദ്ധിമുട്ടുന്നു.

@ താലൂക്കാശുപത്രിയായതുകൊണ്ട് നിയോജകമണ്ഡലത്തിന് കീഴിലെ സകല പോലീസ് സ്റ്റേഷന്റെയും പരിധിലുണ്ടാകുന്ന അപകടങ്ങളിൽ പരിക്കേറ്റ് വരുന്നവർ, പോലീസ് കേസുകളിൽ പ്രതികളാകുന്നവർ, എക്സൈസ് വകുപ്പ് പിടികൂടുന്ന ലഹരി ഉപയോഗക്കാർ എന്നിവരെയെല്ലാം നെടുങ്ങോലത്ത് പലവിധ പരിശോധനകൾക്ക് കൊണ്ടുവരുന്നതുമൂലം ഇവരെയും ഡ്യൂട്ടിയിലുള്ള ഡോക്ടർമാർതന്നെ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകകയും ചിലർക്ക് ചികിത്സ നൽകുകയും ചെയ്യേണ്ടതുണ്ട്. പല ദിവസങ്ങളിലും പൂയപ്പള്ളി, അഞ്ചൽ, കൊട്ടാരക്കര പ്രദേശത്തുള്ളവരെയും പോലീസ് ഇവിടെ പരിശോധകൾക്ക് കൊണ്ടുവരുന്നുണ്ട്. ആശുപത്രിയിലെത്തുന്ന ചുറ്റുവട്ടത്തെ രോഗികളുടെ ചികിത്സയ്ക്ക് പുറമേയാണിത്. അധികജോലിഭാരവും വിശ്രമമില്ലായ്മയും തളർത്തുന്നതുമൂലം ഇവിടെയെത്തുന്ന മിക്ക ഡോക്ടർമാരും എൻ.എച്ച്.എം. ഡോക്ടർമാരടക്കം പലവിധ കാരണങ്ങൾ പറഞ്ഞ് അവധിയിൽ പോകുന്ന സ്ഥിതിയാണ്. 

@ ആശുപത്രി സന്ദർശിച്ച
 ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിനോട് 
 നെടുങ്ങോലം താലൂക്കാശുപത്രിയുടെ ശോച്യാവസ്ഥ എം എൽ എ 
ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തീരദേശ താലൂക്ക് ആശുപത്രികളുടെ വികസനാവശ്യങ്ങൾക്ക് ബജറ്റിൽ കോടികൾ വകയിരുത്തിയിട്ടുണ്ടെന്നും ഉടൻ ഇത് ആവശ്യാനുസരണം അനുവദിക്കുമെന്നും  പറഞ്ഞിരുന്നു.
എന്നാൽ തിരുവനന്തപുരത്തുപോയി മന്ത്രിയെക്കണ്ട് വിവരംപറഞ്ഞ് ബോധ്യപ്പെടുത്തി ഇതുനേടിയെടുക്കാൻ ഒരു ശ്രമവും ആശുപത്രി മാനേജ്മെൻറ് കമ്മിറ്റിയുടെയോ നഗരസഭയുടെയോ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നതാണ് ഏറെ ഖേദകരമായ വസ്തുത. ഡി.എം.ഒ. മുഖേന അപേക്ഷ നൽകിയിട്ടുണ്ടെന്ന് പറയുന്നെങ്കിലും അതിന്റെ ഫയൽ നമ്പർ പോലും അറിയാൻ കഴിയാത്ത സ്ഥിതിയിലാണ് കാര്യങ്ങൾ.

@ കെട്ടിടങ്ങൾ നിരവധി പണിയുന്നു; രോഗികൾക്ക് പ്രയോജനമില്ല

ലക്ഷങ്ങൾ ചെലവിട്ട് നെടുങ്ങോലം ആശുപത്രിവളപ്പിൽ പലകെട്ടിടങ്ങളും പണിയുന്നുണ്ടെങ്കിലും ഉദ്ദേശിക്കുന്ന ഫലങ്ങളൊന്നും രോഗികൾക്ക് കിട്ടുന്നില്ല. 
നേരത്തേ 1000-1200 രോഗികൾവരെ നിത്യവും എത്തിയിരുന്ന നെടുങ്ങോലത്ത് ഇപ്പോൾ എത്തുന്നത് 450-500 രോഗികളാണ്. സ്പെഷ്യലിസ്റ്റ്‌ ഡോക്ടർമാരുടെ അഭാവം വലിയൊരു പ്രശ്നമാണ്. ഇവിടെ കാർഡിയോളജിസ്റ്റിന്റെ സേവനം ഇനിയും ലഭ്യമല്ല. ഇത് എത്രയുംവേഗം ലഭ്യമാക്കണമെന്നും പരിക്കേറ്റ് വരുന്നവരെ സർജിക്കൽ വാർഡിലെത്തിക്കാൻ ലിഫ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യവും നാട്ടുകാർ ഉന്നയിക്കുന്നു.
നെടുങ്ങോലം ഗവ. താലൂക്കാശുപത്രി വളപ്പിൽ 2017-ൽ പണി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്ത് പേ ആൻഡ്‌ യൂസ് ലാട്രിനും കാരുണ്യ മെഡിക്കൽ സ്റ്റോറിനുവേണ്ടി അതേ കാലയളവിൽ നിർമിച്ച കെട്ടിടവും ഇന്നും അടച്ചിട്ടിരിക്കുന്നു. 

@ ആശുപത്രി വളപ്പിലെ മോർച്ചറിപരവൂരിന്റെ ചിരകാല സ്വപ്നം

നെടുങ്ങോലം ആശുപത്രി വളപ്പിൽ ഒരു മോർച്ചറിയും ആശുപത്രിയിൽ പോസ്റ്റ് മാർട്ടത്തിന് ഒരു ഡോക്ടറും വേണമെന്നത് പരവൂർ നിവാസികളുടെ ഏറെനാളത്തെ ആഗ്രഹമായിരുന്നു അതും ഇത് വരെ നടന്നില്ല.ഇതിന് പരിഹാരമായി നെടുങ്ങോലം ആശുപത്രിവളപ്പിൽത്തന്നെ നിർമിച്ച കെട്ടിടവും മോർച്ചറി സംവിധാനവും 2017 സെപ്റ്റംബർ ഏഴിനാണ് മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തത്.ഒരേസമയം നാലു മൃതദേഹങ്ങൾ സൂക്ഷിക്കാവുന്ന തരത്തിലുള്ള ഫ്രീസറായിരുന്നു സ്ഥാപിച്ചത് ഇപ്പോൾ അതും നോക്ക് കുത്തിയായി മാറി 
@ ഒരുകാലത്ത് എൽ.എം.എസിന്റെ (ലണ്ടൻ മിഷൻ സൊസൈറ്റി) കീഴിൽ മികച്ചരീതിയിൽ പ്രവർത്തിച്ചിരുന്നു. ഈ ആതുരാലയം അന്ന് കൊല്ലം-തിരുവനന്തപുരം ജില്ലകളിലെ മുഴുവൻ രോഗികൾക്കും മികച്ച ചികിത്സ ലഭിച്ചിരുന്ന ഏക ആശുപത്രിയായി കരുതപ്പെട്ടിരുന്നു. 1971-ൽ എൽ.എം.എസിന്റെ കൈയിൽനിന്ന് ആശുപത്രിയും കെട്ടിടവും അനുബന്ധ സൗകര്യങ്ങളും 83 ഏക്കറോളം ഭൂമിയുമടക്കം തിരിച്ചുവാങ്ങി ദിവാൻ രാമറാവു കുടുംബം സർക്കാരിന് കൈമാറിയശേഷമാണ് ഈ ആതുരാലയത്തിന്റെ കഷ്ടകാലം തുടങ്ങിയതെന്നും പറയപ്പെടുന്നു. സർക്കാർ ആശുപത്രിയായാൽ ഒരുപാട് സേവനങ്ങൾ പാവപ്പെട്ട രോഗികൾക്കടക്കം ലഭ്യമാകുമെന്നാണ് ധരിച്ചത്. എന്നാൽ പിന്നീടെല്ലാം താളംതെറ്റി. ആശുപത്രി നിൽക്കുന്ന നെടുങ്ങോലത്ത് മുമ്പ് 16 ഏക്കറോളം സ്ഥലം ആശുപത്രിക്കുണ്ടായിരുന്നതായാണ് അറിവ്. എന്നാൽ വഴിക്കും കനാലിനുമൊക്കെ പോയതുംകഴിഞ്ഞ്‌ ഇന്ന് ഏതാണ്ട് 13 ഏക്കർ സ്ഥലമെങ്കിലും ഉണ്ടാകുമെന്നാണ് ധാരണ. ആശുപത്രിയുടെപേരിൽ പത്തനാപുരം താലൂക്കിൽ ഉണ്ടായിരുന്ന 66 ഏക്കറോളം ഭൂമി അന്ന് സർക്കാർതന്നെ കൃഷിവകുപ്പിന് കൃഷിചെയ്യാൻ പാട്ടത്തിന് നൽകി. എന്നാൽ ഇത് പലരായി െെകയേറിയിരിക്കുന്നു. ഇത് തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളും കാലാസിൽ മാത്രമൊതുങ്ങുന്നു.

@ പടിയിറങ്ങുന്നോ ആശുപത്രിയുടെ പഴയകാല പ്രതാപം?

തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന് ഡോക്ടർമാർ കൈയൊഴിഞ്ഞ രോഗികളെപ്പോലും ചങ്കൂറ്റത്തോടെ ഏറ്റെടുത്ത് ചികിത്സിച്ച് ഭേദപ്പെടുത്തിയിട്ടുള്ള ഒട്ടനവധി ഭിഷഗ്വരന്മാരുടെ നീണ്ട പട്ടികയുണ്ടായിരുന്ന നെടുങ്ങോലം ആശുപത്രിക്ക് പഴയ പ്രതാപം ഇന്നില്ല. ലോകപ്രശസ്ത സർജൻ ഡോ. സോമർവെല്ലും കുട്ടികളുടെ ചികിത്സയിൽ അഗ്രഗണ്യനായിരുന്ന ഡോ. ബെന്നി ഫെഡറിക്കും സ്ത്രീരോഗചികിത്സയിൽ പ്രശസ്തയായിരുന്ന ഡോ. സ്റ്റെല്ല ഡാനിയലും പരവൂരിൽ പിൽക്കാലത്ത് സ്വന്തമായി ദയാബ്ജി ആശുപത്രി സ്ഥാപിച്ച് ചികിത്സ നടത്തി പേരെടുത്ത ഡോ. തീയോ എ.ആർ.തിലകും ഒക്കെ നെടുങ്ങോലം ആശുപത്രിയുടെ പെരുമ കേരളമാകെ പരത്തിയവരാണ്.


No comments:

Post a Comment