ആലപ്പുഴ ജില്ലയിൽ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് തൃക്കുന്നപ്പുഴ ശ്രീ ധർമ്മശാസ്താക്ഷേത്രം. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശാസ്താക്ഷേത്രങ്ങളിലൊന്നാണിത്. ശബരിമല ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണെന്ന് വിശ്വസിയ്ക്കപ്പെടുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ശ്രീ പ്രഭാസത്യകസമേതനായ ശ്രീ ധർമ്മശാസ്താവ് തന്നെയാണെങ്കിലും തുല്യപ്രാധാന്യത്തോടെ ശ്രീ സുബ്രഹ്മണ്യസ്വാമിയും ക്ഷേത്രത്തിൽ കുടികൊള്ളുന്നുണ്ട്. ഉപദേവതകളായി ശ്രീപരമശിവൻ, ശ്രീമഹാ വിഷ്ണു, ശ്രീ ഗണപതി, ശ്രീ ദുർഗ്ഗ, ശ്രീ ഭദ്രകാളി, ശ്രീ നാഗദൈവങ്ങൾ, ശ്രീ ബ്രഹ്മരക്ഷസ്സ്, ശ്രീ യക്ഷി, ശ്രീ യോഗീശ്വരൻ എന്നിവരും ക്ഷേത്രത്തിൽ കുടികൊള്ളുന്നു. പിതൃതർപ്പണത്തിന് വളരെ പ്രസിദ്ധമാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് നീണ്ടുനിവർന്നുകിടക്കുന്ന അറബിക്കടലിലാണ് ബലിതർപ്പണം നടത്തുന്നത്. വൃശ്ചികമാസത്തിൽ ഉത്രം നാളിൽ ആറാട്ട് വരത്തക്കവണ്ണം പത്തുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. സമുദ്രത്തിൽ ആറാട്ട് നടക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. കൂടാതെ, മീനമാസത്തിലെ പങ്കുനി ഉത്രം, തുലാമാസത്തിലെ സ്കന്ദഷഷ്ഠി, മകരമാസത്തിലെ തൈപ്പൂയം എന്നിവയും വിശേഷദിവസങ്ങളാണ്. 301-ആം നമ്പർ അയ്യപ്പ സേവാ സംഘമാണ് ക്ഷേത്രഭരണം നടത്തുന്നത്.
ശ്രീ പരശുരാമനാണ് തൃക്കുന്നപ്പുഴ ശ്രീ ശാസ്താവിനെ പ്രതിഷ്ഠിച്ചതെന്ന് പറയപ്പെടുന്നു. അതിനുപുറകിൽ പറയപ്പെടുന്ന കഥ ഇങ്ങനെയാണ്: ഇരുപത്തൊന്നുവട്ടം ക്ഷത്രിയരെ നിഗ്രഹിച്ച കൊടും പാപത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രീ പരശുരാമൻ കേരളഭൂമി സൃഷ്ടിയ്ക്കുകയും ആ സ്ഥലം മുഴുവൻ ബ്രാഹ്മണർക്ക് കൊടുക്കുകയും ചെയ്തു. ബ്രാഹ്മണരെ 64 ഗ്രാമക്കാരാക്കിത്തിരിച്ച അദ്ദേഹം, അവർക്ക് ആരാധന നടത്താൻ നൂറ്റെട്ട് ശിവാലയങ്ങളും നൂറ്റെട്ട് ദുർഗ്ഗാലയങ്ങളും ഏതാനും വിഷ്ണുക്ഷേത്രങ്ങളും ഏതാനും ശാസ്താക്ഷേത്രങ്ങളും (പ്രധാനമായും അഞ്ചെണ്ണം) നിർമ്മിച്ചുകൊടുത്തു. കേരളത്തിലെ 64 ഗ്രാമങ്ങളിലൊന്നായിരുന്നു, അന്ന് ശ്രീമൂലവാസം എന്ന പേരിൽ അറിയപ്പെട്ട തൃക്കുന്നപ്പുഴ. അവിടെ അദ്ദേഹം കടൽക്കരയിൽ ഒരു ശാസ്താക്ഷേത്രം പ്രതിഷ്ഠിച്ചിരുന്നു. അതാണ് ഇന്ന് ക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്ന് പറയപ്പെടുന്ന സ്ഥലം. കാലാന്തരത്തിൽ, വലിയൊരു കടലാക്രമണത്തിൽ ക്ഷേത്രം തകർന്നുപോകുകയും വിഗ്രഹം കടലിനടിയിലാകുകയും ചെയ്തു. പിന്നീടെന്നോ ഒരിയ്ക്കൽ കടൽ പുറകോട്ട് വലിഞ്ഞപ്പോൾ വിഗ്രഹം കരയ്ക്കടിയുകയും, ഭക്തരായ നാട്ടുകാർ തങ്ങളുടെ ഉടമസ്ഥതയിൽ കൊണ്ടുനടത്തുകയും ചെയ്തു.
ആ സമയത്താണ് അന്ന് കേരളം വാണിരുന്ന ചേരമാൻ പെരുമാൾ ഒരു യാത്രയുടെ ഭാഗമായി ആ വഴി വരാനിടയായത്. യാത്ര ചെയ്തുവരുന്നതിനിടയിൽ വടക്കോട്ടൊഴുകുന്ന ഒരു നദിയിലൂടെ കടന്നുപോകുമ്പോൾ അദ്ദേഹം വലിയൊരു പൂന്തോട്ടവും അതിന്റെ നടുക്ക് ഒരു കൊന്നമരവും കാണാനിടയായി. തുടർന്ന് തന്റെ തോണി നിർത്തിച്ച് അദ്ദേഹം കൊന്നമരച്ചുവട്ടിൽ വിശ്രമിയ്ക്കാൻ പോയി. ആ സമയത്ത് നാട്ടുകാരെല്ലാവരും ചേർന്ന് പെരുമാളെ കാണാൻ വരികയും തങ്ങളുടെ ആഗ്രഹം ഉണർത്തിയ്ക്കുകയും ചെയ്തു. ആവശ്യം മനസ്സിലാക്കിയ പെരുമാൾ, ഉടനെ ശാസ്താവിന് ഒരു ക്ഷേത്രം പണിയാൻ ഉത്തരവിടുകയും പണി തുടങ്ങുകയും ചെയ്തു.
ക്ഷേത്രത്തിനായി തിരഞ്ഞെടുത്ത സ്ഥലത്ത് അന്നുതന്നെ ഒരു സുബ്രഹ്മണ്യക്ഷേത്രമുണ്ടായിരുന്നു. ആ ക്ഷേത്രത്തിന്റെ തെക്കുഭാഗത്താണ് എല്ലാവിധ സജ്ജീകരണങ്ങളോടും കൂടി ക്ഷേത്രം പണിയാൻ ഉത്തരവായത്. തുടർന്ന് പെരുമാൾ, പണി പൂർത്തിയായ ക്ഷേത്രത്തിൽ ആഘോഷപൂർവ്വം വിഗ്രഹം പ്രതിഷ്ഠിയ്ക്കുകയും ക്ഷേത്രത്തിലെ ചടങ്ങുകൾ ക്രമീകരിയ്ക്കുകയും ചെയ്തു. ക്ഷേത്രമിരുന്ന ശ്രീമൂലവാസം, പിന്നീട് ഈ സംഭവത്തിന്റെ ഓർമ്മയിൽ 'തിരുക്കൊന്നപ്പുഴ' എന്നും പിൽക്കാലത്ത് അത് ലോപിച്ച് 'തൃക്കുന്നപ്പുഴ' എന്നും അറിയപ്പെട്ടുവന്നു.
തൃക്കുന്നപ്പുഴ ഗ്രാമത്തിന്റെ ഒത്ത നടുക്കായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. പടിഞ്ഞാറുഭാഗത്ത് അറബിക്കടൽ നീണ്ടുകിടക്കുന്നു.🌸
🙏🏻ശാന്തിസുരേഷ് പനവേലിൽ
No comments:
Post a Comment