Wednesday, 24 September 2025

ആംബുലൻസ് സർവീസ്രോഗികളുടെ കഴുത്തറുക്കാൻ അധികൃതർ കൂട്ട്

ആംബുലൻസ് സർവീസ്
രോഗികളുടെ കഴുത്തറുക്കാൻ അധികൃതർ കൂട്ട് 
ചാത്തന്നൂർ: അത്യാസന്ന നിലയിലായ രോഗികളുടെ കൂട്ടിരിപ്പുകാരെ കൊള്ളയടിക്കാൻ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്വകാര്യ ആംബുലൻസ് ലോബി ശക്തമായി രംഗത്ത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ  ആംബുലൻസുകൾ ഒാട്ടമില്ലാതെ പിന്നാമ്പുറത്ത് വിശ്രമിക്കുന്നു. ആശുപത്രി ജീവനക്കാർക്ക് വൻതോതിൽ കമ്മീഷൻ വാഗ്ദാനം ചെയ്തുകൊണ്ടുള്ള കൊള്ള തുടങ്ങിയിട്ട് വർഷങ്ങളേറെയായിട്ടും പോലീസിൽ അടക്കം നിരവധി പരാതികൾ ഉയർന്നിട്ടും അധികൃതർക്ക് അനക്കമില്ല.
നിശ്ചിത തുകയേക്കാൾ ആയിരം രൂപവരെ കൂട്ടി വാങ്ങിയാണ് സ്വകാര്യ ആംബുലൻസുകാർ രോഗികളുടെ കഴുത്തറുക്കുന്നത്. അത്യാസന്ന നിലയിലായ രോഗികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ് സാധാരണ റഫർ ചെയ്യാറുളളത്. പാരി പ്പള്ളി മെഡിക്കൽ കോളേജ്
 ആശുപത്രിയിലെ ആംബുലൻസുകൾക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് 2500-3000 രൂപവരെയാണ്  വാടക . ഡ്രൈവർമാർക്ക് കാപ്പികുടിക്കായി ചിലർ നൂറോ ഇരുന്നൂറോ അധികം കൊടുക്കാറുമുണ്ട്. സേവഭാരതി യടക്കമുള്ള ആംബുലൻസുകൾ 1500-2500വരെ സാമ്പത്തിക മനുസരിച്ചു കുറച്ചു ആണ് വാങ്ങുന്നത്.
എന്നാൽ. സ്വകാര്യ ആംബുലൻസുകാർ 
തിരുവനന്തപുരത്തേക്ക് ഒാട്ടത്തിനു വാങ്ങുന്നത് 3500-4500 രൂപ വരെ തോന്നും പോലെയാണ്.
 ചോദിക്കുന്ന തുക കൊടുത്തില്ലെങ്കിൽ ഭീഷണിപ്പെടുത്തി വാങ്ങുന്നതായും ആക്ഷേപമുണ്ട്.

@ ഗവ. ആംബുലൻസ് 'കേടാ"വും അല്ലെങ്കിൽ ഡ്രൈവർമാരില്ല
ദേശീയ നിലവാരത്തിലേക്ക് ഉയരാൻ പോകുന്ന പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പകൽ രണ്ട്, രാത്രിയിൽ രണ്ട് എന്നിങ്ങനെയാണ് ആംബുലൻസിന്റെ സേവനം ലഭിക്കുക. എന്നാൽ, ആംബുലൻസിന് ഡ്രൈവർ ഇല്ലെന്നും പെട്ടെന്ന് ഏതെങ്കിലും സ്വകാര്യ ആംബുലൻസ് വിളിച്ചുകൊള്ളാനുമാണ് കാഷ്വാലിറ്റിയിലെ ചില നഴ്സുമാരും അറ്റന്റർമാരും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകുന്ന നിർദേശം. ആംബുലൻസ് കേടാണ് എന്നാണ് ഡ്രൈവർമാർ ഉള്ളപ്പോൾ പറയുന്നത്. പെട്ടെന്നു തിരുവനന്തപുരത്തേക്ക്
 പോകേണ്ട സാഹചര്യത്തിൽ ആംബുലൻസ് സർവ്വീസ് കിട്ടാതെ വേവലാതിപ്പെടുന്നവരെ ആശ്വസിപ്പിക്കാൻ ജീവനക്കാർ തന്നെ രംഗത്തുവരും. അവർ തന്നെ സ്വകാര്യ ആംബുലൻസ് വിളിച്ചു വരുത്തുകയും ചെയ്യും. സ്വകാര്യ ആംബുലൻസിന് ഒാട്ടം പിടിച്ചു കൊടുത്താൽ 500വരെയാണ് ജീവനക്കാർക്ക് കമ്മീഷൻ വാഗ്ദാനം ചെയ്തിട്ടുള്ളത്. സ്വകാര്യ ആംബുലൻസുകാരുടെ വിസിറ്റിംഗ് കാർഡുകൾ ജീവനക്കാർക്കിടയിൽ വിതരണം ചെയ്തിട്ടുണ്ട്.  ആശുപത്രിയുടെ മുന്നിലാണ് ഇത്തരം ആംബുലൻസുകാർ പാർക്ക് ചെയ്യുന്നത്. കുറഞ്ഞ നിരക്കിൽ ആംബുലൻസ് സർവ്വീസ് നടത്താൻ സേവന സന്നദ്ധരായവരെയും അപമാനിക്കുന്ന നടപടികളാണ് ആശുപത്രി ജീവനക്കാരും സ്വകാര്യ ആംബുലൻസ് സർവ്വീസുകാരും ചേർന്ന് നടത്തുന്നതെന്നാണ് ആക്ഷേപം.

No comments:

Post a Comment