റോഡപകടങ്ങളിൽപ്പെടുന്നവർക്ക് തക്ക സമയത്ത് സഹായവും ചികിത്സയും ലഭിച്ചാൽ മരണനിരക്ക് ഗണ്യമായി കുറയ്ക്കാനാകും . നിർഭാഗ്യവശാൽ റോഡിൽ ഏറെസമയം ചോരവാർന്നു കിടന്നാലും സഹായം ലഭിക്കാറില്ലെന്നതാണ് പലരുടെയും അനുഭവം. നിരത്തിൽ അപകടത്തിൽപ്പെട്ട് കിടക്കുന്നവരെ ആശുപത്രിയിലെത്തിക്കാൻ മനസില്ലാഞ്ഞിട്ടല്ല, പലരും സഹായഹസ്തവുമായി മുന്നോട്ടുവരാത്തത്. ഇതുമായി ബന്ധപ്പെട്ട നൂലാമാലകളും പൊലീസിന്റെ ചോദ്യവർഷങ്ങളും നേരിടാൻ ആളുകൾക്ക് പൊതുവേ മടിയാണ്. വെറുതേ വയ്യാവേലി എന്തിന് വലിച്ച് തലയിൽ വയ്ക്കണമെന്ന ചിന്തയിൽ അപകടരംഗത്തുനിന്ന് നിഷ്‌ക്രമിക്കാനാകും ഭൂരിപക്ഷം പേരും ശ്രമിക്കുക. അപകടത്തിൽപെട്ട് റോഡിൽ കിടക്കുന്നവരെ സഹായിക്കാനായി ഐ.എം.എയും കേരള പൊലീസും ചേർന്ന് നടപ്പാക്കുന്ന പുതിയൊരു ട്രോമ കെയർ സേവനം വെള്ളിയാഴ്ച മുതൽ സംസ്ഥാനത്തൊട്ടാകെ നടപ്പാകുകയാണ്. എത്രയോ കാലമായി പറഞ്ഞുകേൾക്കുന്ന ഇൗ ജീവൻരക്ഷാ സംവിധാനത്തിനായി ജനങ്ങൾ കാത്തിരിക്കുകയായിരുന്നു. അപകടസ്ഥലത്ത് ഉടനടി പാഞ്ഞെത്തി പരിക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകി ചികിത്സാസൗകര്യമുള്ള തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിക്കുക എന്നതാണ് ട്രോമ കെയർ സംവിധാനം കൊണ്ട് ലക്ഷ്യമിടുന്നത്. ആയിരത്തോളം ആംബുലൻസുകൾ ഉൾപ്പെടുന്ന വിപുല സംവിധാനമാണിത്. സംസ്ഥാനത്ത് എവിടെ റോഡപകടം നടന്നാലും വിവരം ലഭിച്ചാലുടൻ ആംബുലൻസ് സംഭവ സ്ഥലത്തെത്തും. അപകടത്തിൽപ്പെട്ട് കിടക്കുന്നവരെ ഉടൻ ആശുപത്രിയിലെത്തിക്കുകയും ചെയ്യും. 9188 100 100 എന്ന നമ്പരിൽ അപകടവിവരം ആർക്കുവേണമെങ്കിലും വിളിച്ചുപറയാം. തിരുവനന്തപുരത്താണ് ഇതിനുള്ള കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. ഇവിടെ വിവരം കിട്ടുന്ന മുറയ്ക്ക് അപകടസ്ഥലത്ത് ഏറ്റവും എളുപ്പം എത്താൻ കഴിയുന്ന ആംബുലൻസുകാർക്ക് സന്ദേശം കൈമാറും. കൃത്യമായി സ്ഥലം മനസിലാക്കാനുള്ള സംവിധാനം ആംബുലൻസ് ഡ്രൈവറുടെ മൊബൈലിൽ തെളിയും. രോഗിയെ എത്തിക്കേണ്ട ആശുപത്രി ഏതെന്നും വ്യക്തമാക്കും. ഇതെല്ലാം ഏകോപിപ്പിക്കുന്നത് കൺട്രോൾ റൂമായിരിക്കും. ഭാവിയിൽ ഇതിനായി പ്രത്യേക മൊബൈൽ ആപ്പും തയ്യാറാക്കുന്നുണ്ട്. ഐ.എം.എയ്ക്കും പൊലീസിനുമൊപ്പം രമേശ് കുമാർ ഫൗണ്ടേഷനും ചേർന്നാണ് സംസ്ഥാനത്ത് ആദ്യമായി ഇത്തരത്തിലൊരു സേവനമേഖല തുറന്നിടുന്നത്. റോഡപകടങ്ങൾ പെരുകി വരുന്ന സംസ്ഥാനത്ത് ഇത്തരത്തിലൊരു സേവനം ലഭിക്കുകയെന്നത് വലിയ അനുഗ്രഹം തന്നെയാണ്. അപകടത്തിൽപ്പെട്ടും വാഹനങ്ങൾ ഇടിച്ചിട്ടും റോഡുകളിൽ ചോരവാർന്നുകിടന്ന് മരണത്തെ വരിക്കേണ്ടിവരുന്നവരുടെ ദാരുണാനുഭവങ്ങൾ ധാരാളം കേൾക്കാറുള്ളതാണ്. യഥാസമയം ചികിത്സ ലഭിച്ചിരുന്നെങ്കിൽ അവരിൽ പലരുടെയും ജീവൻ രക്ഷിക്കാനാവുമായിരുന്നു. ആംബുലൻസുകളിലുള്ളത് പരിചയസമ്പന്നരായ ജീവനക്കാരാകുമ്പോൾ സാധാരണ ആൾക്കാരെക്കാൾ ശ്രദ്ധയോടും സൂക്ഷ്മതയോടും കൂടി പരിക്കേറ്റുകിടക്കുന്നവരെ ആശുപത്രിയിൽ എത്തിക്കാൻ കഴിയും. ചികിത്സയിൽ അതീവ പ്രാധാന്യമർഹിക്കുന്ന കാര്യമാണിത്. നട്ടെല്ലിന് ക്ഷതം പറ്റിയ ആളെ എടുത്തുകിടത്തുന്നതിനുപോലും പ്രത്യേകം ചിട്ടയും സൂക്ഷ്മതയും പുലർത്തേണ്ടതുണ്ട്. അപകടംകണ്ട് ഒാടിക്കൂടുന്നവർ ഇതൊന്നും മനസിലാക്കാതെയാകും പരിക്കേറ്റവരെ സഹായിക്കാൻ തുനിയുന്നത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിന് രക്ഷാപ്രവർത്തകർ ഇപ്പോൾ അനുഭവിക്കുന്ന പങ്കപ്പാട് ചില്ലറയൊന്നുമല്ല. ആംബുലൻസ് ലഭിക്കാത്ത സാഹചര്യത്തിൽ പലപ്പോഴും സ്വകാര്യ വാഹനങ്ങൾ തടഞ്ഞുനിറുത്തി പരിക്കേറ്റവരെ കയറ്റിവിടേണ്ടിവരാറുണ്ട്. പലരും കണ്ടില്ലെന്ന് നടിച്ച് ഒാടിച്ചുപോകും. മനസ്സാക്ഷിയുള്ളവർ സഹായിക്കാൻ തയ്യാറാകും. വിപുലമായ ആംബുലൻസ് ശൃംഖലയ്ക്ക് കീഴിലാണ് പുതിയ ട്രോമ കെയർ സംവിധാനം പ്രവർത്തിക്കുകയെന്നതിനാൽ തടസമില്ലാതെ സേവനം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം. സംസ്ഥാനത്ത് സ്തുത്യർഹമായ നിലയിൽ പ്രവർത്തിച്ചിരുന്ന '108' ആംബുലൻസ് സർവീസ് ഇപ്പോൾ ഏതാണ്ട് നാമാവശേഷമായിക്കഴിഞ്ഞു. നടത്തിപ്പു ചെലവ് കൂടിയതും മിഡ് മാനേജ്മെന്റുമൊക്കെയാണ് തികച്ചും മാതൃകാപരമായിരുന്ന 108 സർവീസിന്റെ കഥ കഴിച്ചത്. ട്രോമ കെയർ ആംബുലൻസ് സർവീസിന് ആ ഗതി ഉണ്ടാകരുത്. '108' ഏത് രോഗികളുടെയും ആവശ്യത്തിന് എത്തുമായിരുന്നെങ്കിൽ പുതിയ സർവീസ് റോഡപകടങ്ങളിൽപ്പെടുന്നവരുടെ രക്ഷ മുൻനിറുത്തിയാകും സേവനത്തിലേർപ്പെടുന്നത്. പ്രതിബന്ധങ്ങളുണ്ടാകാതെ കാര്യക്ഷമമായി പ്രവർത്തിക്കാനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്. പൊതുജന നന്മ ഉദ്ദേശിച്ച് തുടങ്ങുന്ന ഇതുപോലുള്ള സംരംഭങ്ങൾ കുറെ കഴിയുമ്പോൾ ബാദ്ധ്യതയായി മാറുന്ന അനുഭവമാണുള്ളത്. നടത്തിപ്പുദോഷമാണ് അതിന് പ്രധാന കാരണം. ട്രോമ കെയർ പദ്ധതിക്ക് അത്തരം കാലക്കേട് വരാതിരിക്കട്ടെ.
Wednesday, 9 May 2018
നാണംകെട്ട പോർവിളികൾ മതിയാക്കണം
മാഹിയിൽ ഒരു സി.പി.എം.പ്രവർത്തകനും ഒരു ആർ.എസ്.എസ് പ്രവർത്തകനും രാഷ്ട്രീയത്തിന്റെ പേരിൽ മണിക്കൂറിനുള്ളിൽ കൊലചെയ്യപ്പെട്ടു! ലജ്ജാകരം. രാഷ്ട്രീയത്തിന്റെ ലക്ഷ്യമെന്ത്? ആയുധങ്ങളും ബോംബുകളും
കൊണ്ടുള്ള പോർവിളി നാണംകെട്ടത്. രക്തദാഹം ഇനിയും മതിയാകാത്ത രാഷ്ട്രീയപ്രസ്ഥാനമേത്? ാഷ്ട്രീയത്തോട് ജനത്തിന് വെറുപ്പുണ്ടാവുകയാണ്! താരതമ്യം ചെയ്യുമ്പോൾ മികച്ച ഭരണരീതിയാണ് ജനാധിപത്യമെന്നത് ആയുധമെടുക്കുന്നവർ എന്നാണ് മനസ്സിലാക്കുക? നേതാക്കൾ മുതലക്കണ്ണീരൊഴുക്കാതെ ആത്മാർത്ഥതയോടെ ഇടപെടേണ്ടതുണ്ട്.
Thursday, 3 May 2018
കഞ്ചാവ് മാഫിയയെ നിയന്ത്രിക്കണം
തിരുവനന്തപുരം മെഡിക്കൽ കോളേജ് വളപ്പിൽവച്ച് കൈമാറാനായി കൊണ്ടുവന്ന 130 കിലോ കഞ്ചാവ് സിറ്റി പൊലീസ് കഴിഞ്ഞദിവസം പിടികൂടിയിരുന്നു. തിരുവനന്തപുരത്ത് മാത്രമല്ല, സംസ്ഥാനത്തെ ഒട്ടുമിക്ക നഗരങ്ങളിലും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ വില്പനയും ഉപയോഗവും ഭയാനകമാംവിധം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ചെറുപ്പക്കാരും കോളേജ്-സ്കൂൾ വിദ്യാർത്ഥികളും ഉൾപ്പെടെ വലിയൊരു വിഭാഗം ഇത്തരം ലഹരിസാധനങ്ങളുടെ സ്ഥിരം ഉപയോക്താക്കളായി മാറിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സ്കൂൾ-കോളേജ് തലത്തിൽ വിപുലതോതിൽ സർക്കാരും സന്നദ്ധ സംഘടനകളും ബോധവത്കരണ ക്ളാസുകൾ പതിവായി നടത്തുന്നുണ്ടെങ്കിലും ലഹരി വസ്തുക്കളുടെ വില്പന നാൾക്കുനാൾ വർദ്ധിക്കുന്നതായാണ് റിപ്പോർട്ടുകൾ. അന്യസംസ്ഥാനങ്ങളിൽ നിന്ന് അതീവ രഹസ്യമായി എത്തിക്കുന്ന അവ ഇവിടെ വിറ്റഴിക്കാൻ വൻ ശൃംഖലകൾ തന്നെ പ്രവർത്തിക്കുന്നു. ആധുനിക വാർത്താവിനിമയ സങ്കേതങ്ങൾ സുലഭമായതിനാൽ പൊലീസിന്റെ പിടിയിൽപ്പെടാതെ ഏത് സ്ഥലത്തും 'ചരക്ക്' എത്തിക്കാനും വിറ്റഴിക്കാനും ഇന്ന് പ്രയാസമൊന്നുമില്ല. കമ്മ്യൂണിക്കേഷൻ രംഗത്തെ അത്‌ഭുതാവഹമായ വളർച്ച ഏറ്റവുമധികം അനുഗ്രഹമായിരിക്കുന്നത് ഇതുപോലുള്ള അധോലോക പ്രവർത്തനങ്ങൾക്കാണ്. കുറച്ചൊരു സാഹസത്തിന് തുനിഞ്ഞാൽ ഇഷ്ടംപോലെ പണം സമ്പാദിക്കാമെന്നതാണ് ലഹരിക്കച്ചവടത്തിലെ ഏറ്റവും ആകർഷണീയത. കഴിഞ്ഞദിവസം തലസ്ഥാനത്ത് പിടികൂടിയ 130 കിലോ കഞ്ചാവ് ഇവിടെ ആവശ്യക്കാരിലെത്തുമ്പോൾ അതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ലഭിക്കുന്നത് പത്തുലക്ഷത്തോളം രൂപയാണത്രെ. ഇത്രയും കഞ്ചാവിന് ആന്ധ്രയിൽ നൽകേണ്ടിവന്ന വിലയാകട്ടെ അതിന്റെ നാലിലൊന്നുമാത്രം. ഒാരോ കൈമറിയുമ്പോഴും വൻ ലാഭമാണ് ലഭിക്കുന്നത്. കഞ്ചാവ് മാത്രമല്ല, ലഹരി സ്റ്റാമ്പുകളും മയക്കുമരുന്നുകളും ഉൾപ്പെടെ ഏത് ലഹരി വസ്തുവും സംസ്ഥാനത്ത് സുലഭമാണ്. മദ്യവില്പനയിൽ കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന കർക്കശ നിയന്ത്രണങ്ങൾ യുവാക്കൾക്കിടയിൽ ലഹരിവസ്തുക്കളുടെ ഉപയോഗം ഗണ്യമായി വർദ്ധിക്കാൻ സാഹചര്യമൊരുക്കിയെന്നത് പരമാർത്ഥമാണ്. കുറച്ചുനാൾ സ്ഥിരമായി ഉപയോഗിച്ചുകഴിഞ്ഞാൽ ആ ശീലം ഉപേക്ഷിക്കാൻ പലരും മടിക്കുമെന്നതാണ് മദ്യനിയന്ത്രണം പിൻവലിച്ചശേഷവും ലഹരി വസ്തുക്കളുടെ ഉപയോഗം കുറയാതിരിക്കാൻ കാരണം. ദുർബലമായ എക്സൈസ് വകുപ്പിന് സുശക്തമായ ലഹരി മാഫിയയ്ക്കെതിരെ കാര്യമായി ഒന്നും ചെയ്യാനാകുന്നില്ല. വല്ലപ്പോഴും മുൻകൂറായി ലഭിക്കുന്ന രഹസ്യവിവരം വച്ചുകൊണ്ട് ലഹരി കടത്ത് തടയാനേ നിയമപാലകർക്ക് കഴിയാറുള്ളൂ. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ലഹരി വ്യാപാരം നിയന്ത്രിക്കാനാവുന്നില്ലെങ്കിൽ യുവതലമുറയുടെ ഭാവി ഒാർത്ത് തീർത്താൽ തീരാത്ത ദുഃഖത്തിലേക്കാകും സംസ്ഥാനം നീങ്ങുക. അത്രയേറെ മാരകമായ തോതിലാണ് യുവജനങ്ങൾക്കിടയിൽ ലഹരിവാസന കുടിയേറിയിരിക്കുന്നത്. സ്കൂൾ കുട്ടികൾ പോലും ലഹരി വലയിൽ വീഴുന്നുണ്ട്. ലഹരി മുക്ത കേന്ദ്രങ്ങളിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെടുന്നവരിൽ സ്കൂൾ കുട്ടികളുമുണ്ടെന്ന വെളിപ്പെടുത്തൽ ഇൗ സാമൂഹിക വിപത്തിന്റെ ആഴവും പരപ്പും വെളിവാക്കുന്നു. അതീവ ജാഗ്രത പുലർത്തിയില്ലെങ്കിൽ ഒരു തലമുറയുടെ തന്നെ സർവ്വനാശത്തിലേക്ക് അത് എത്തിയേക്കും. നിയമപാലകർക്ക് ചെയ്യാവുന്നതിലേറെയാണ് സമൂഹത്തിനും കുടുംബങ്ങൾക്കും വിദ്യാലയങ്ങൾക്കും ഇൗ വിഷയത്തിൽ ചെയ്യാൻ കഴിയുന്നത്. കുട്ടികൾ വഴിതെറ്റാതിരിക്കാനുള്ള കരുതലും ജാഗ്രതയും ആദ്യം തുടങ്ങേണ്ടത് സ്വന്തം വീട്ടിൽനിന്നുതന്നെയാണ്. സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ ഏറ്റവുമധികം ഇടപാടുകൾ നടക്കുന്നത് തിരുവനന്തപുരത്തും പാലക്കാട്ടുമാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. അയൽ സംസ്ഥാനംവഴി ഇവിടങ്ങളിൽ ലഹരിവസ്തുക്കളെത്താൻ ഏറെ എളുപ്പമാണ്. ഇൗ വഴികൾ തകർക്കാനായാൽ ലഹരിവരവ് ഗണ്യമായി കുറയും. ഇടയ്ക്കിടെ പിടിയിലാകുന്നവരിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ വച്ചുകൊണ്ട് വിതരണ ശൃംഖലകളുടെ ഏകദേശ ചിത്രവും പൊലീസിന്റെ പക്കലുണ്ടാകും. ലഹരിനിയന്ത്രണത്തിനും വേട്ടയ്ക്കുമായി സമർത്ഥരായ ഉദ്യോഗസ്ഥന്മാരെ ഉൾപ്പെടുത്തി പ്രത്യേക സേനാവിഭാഗം തന്നെ രൂപീകരിക്കേണ്ടത് ആവശ്യമായിരിക്കുകയാണ്. സാന്ദർഭികമായി വന്നുവീഴുന്ന കേസുകളാണ് പൊലീസ്-എക്സൈസ് വിഭാഗങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്നത്. തിരുവനന്തപുരത്ത് മാത്രം പ്രതിമാസം നൂറുകോടി രൂപയുടെ ലഹരി വ്യാപാരം നടക്കുന്നുണ്ടെന്ന കണക്ക് മുന്നോട്ടുവയ്ക്കുന്നത് പൊലീസ് കേന്ദ്രങ്ങൾതന്നെയാണ്. സംസ്ഥാനത്തൊട്ടാകെ 300 കോടിയും. എത്ര വിപുലവും ശക്തവുമാണ് ലഹരി വ്യാപാരമെന്നതിന് ഇതിനപ്പുറം തെളിവുവേണ്ട. തലസ്ഥാനത്തെ 105 സ്കൂൾ-കോളേജ് വിദ്യാർത്ഥികളെ പൊലീസ് ലഹരിമുക്ത ചികിത്സയിലൂടെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവന്നു എന്ന വാർത്തതന്നെ ലഹരിയുടെ കരാളമുഖം വെളിപ്പെടുത്തുന്നതാണ്. ലഹരി വ്യാപാരികളുടെ കേന്ദ്രങ്ങൾ സദാ നിരീക്ഷിക്കാനും കുറ്റവാളികളെ പിടികൂടാനും കുറ്റമറ്റ സംവിധാനങ്ങൾ ഉണ്ടാകണം. വർഷം നാലായിരം കോടിരൂപയുടെ ലഹരിവ്യാപാരം നടക്കുന്നതായി പൊലീസ് കണക്കുള്ളപ്പോൾ കഴിഞ്ഞവർഷം നിയമത്തിന്റെ പിടിയിലായത് 809 പേർമാത്രമാണ്. യുവജനങ്ങളെ നശിപ്പിക്കുന്ന ഇൗ അധോലോക വ്യാപാരത്തിലേർപ്പെട്ടിരിക്കുന്നവരിൽ അധികം പേരും വലയ്ക്ക് പുറത്തുതന്നെയാണെന്ന് വ്യക്തമാക്കുന്നതാണ് ഇൗ കണക്കുകൾ.
