Tuesday, 23 December 2025

ടൂറിസം പദ്ധതിയുടെ മറവിൽ വൻ അഴിമതി വർഷങ്ങളായി പൊടി പൊടിക്കുന്നത് ലക്ഷങ്ങൾ.

പരവൂർ: ടൂറിസം പദ്ധതിയുടെ മറവിൽ വൻ അഴിമതി വർഷങ്ങളായി പൊടി പൊടിക്കുന്നത് ലക്ഷങ്ങൾ.പൂതക്കുളം പഞ്ചായത്തിലെ പ്രധാന ടൂറിസം കേന്ദ്രമായ
പാണാട്ടുചിറയുടെ തീരത്ത് ജില്ലാ പഞ്ചായത്തും പൂതക്കുളം പഞ്ചായത്തും വിഭാവനം ചെയ്ത കളിപൊയ്ക ടൂറിസം പാര്‍ക്ക് പദ്ധതിയുടെ പേരിൽ നിരവധി പദ്ധതികൾ നടപ്പാക്കിയെങ്കിലും എല്ലാം ഉദ്ഘാടനത്തിൽ ഒതുക്കി.കുടുംബശ്രീയുടെ 
പേരിലും വഴിയോര വിശ്രമ കേന്ദ്രത്തിന്റെ  പേരിലുമെല്ലാം നിരവധി പദ്ധതി കളാണ് ഇവിടെ നടപ്പാക്കിയത്. ഇപ്പോൾ എല്ലാം ഒരു 
ഹോട്ടലിൽ ഒതുങ്ങിയിട്ട് വര്‍ഷങ്ങളായി. കുട്ടികളുടെ പാര്‍ക്ക്, ടൂറിസം ഫെസിലിറ്റേഷന്‍ കേന്ദ്രം, ടേക്ക് എ ബ്രേക്ക് കേന്ദ്രം എന്നിവയ്ക്കായി വിഭാവനം ചെയ്ത സ്ഥലമാണ്      കുടുംബശ്രീ കഫറ്റേരിയ കേന്ദ്രം   മാത്രമായി തീര്‍ന്നത്. 2019 ജൂലൈയിലാണ് ചിറയുടെ സമീപം കുട്ടികളുടെ പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്. ആദ്യ ഘട്ടത്തില്‍ 11.69 ലക്ഷവും 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 4.9 ലക്ഷം രൂപയും കുട്ടികളുടെ പാര്‍ക്കിന്റെ നടത്തിപ്പിനും നിര്‍മാണത്തിനുമായി പഞ്ചായത്ത് ചെലവഴിച്ചു.
കളി ഉപകരണങ്ങള്‍, വിശ്രമത്തിനുള്ള ഇരുമ്പ് ബെഞ്ചുകള്‍ എന്നിവ വ്യക്തികളും സംഘടനകളും സംഭാവന നല്‍കിയതാണ്. 2021-22 വര്‍ഷത്തില്‍ ടേക്ക് എ ബ്രേക്ക് പദ്ധതിയിലുള്‍പ്പെടുത്തി 8.19 ലക്ഷം രൂപ ചെലവില്‍ പ്രദേശത്ത് 2 ശുചിമുറികളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ വാട്ടര്‍ കണക്ഷനും ജല സംഭരണിയും സ്ഥാപിക്കാത്തതിനാല്‍ ശുചിമുറികള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. പരിമിതമായ സ്ഥലത്ത് കെട്ടിടങ്ങള്‍ നിര്‍മിച്ചപ്പോള്‍ 15 ലക്ഷത്തോളം രൂപ ചെലവഴിച്ചു നിര്‍മിച്ച കുട്ടികളുടെ പാര്‍ക്കിന്റെ പ്രവര്‍ത്തനവും തടസ്സപ്പെട്ടു. ദീര്‍ഘദൂര യാത്രക്കാര്‍ കടന്നു പോകാത്ത വഴിയില്‍ ടേക്ക് എ ബ്രേക്ക് ശുചിമുറി സംവിധാനം ഏര്‍പ്പെടുത്തിയതിലെ ആസൂത്രണമില്ലായ്മയും ചോദ്യം ചെയ്യപ്പെട്ടു.
പ്രദേശത്ത് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ചെലവില്‍ നിര്‍മിക്കുന്ന ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍, ഗ്രീന്‍ റൂം, സ്റ്റേജ് എന്നിവയുടെ നിര്‍മാണം പാതിവഴിയില്‍ നിലച്ച അവസ്ഥയില്‍ തന്നെയാണ്. നിലവില്‍ കുടുംബശ്രീയുടെ ഒരു കഫറ്റേരിയ മാത്രമാണ് പ്രദേശത്ത് പ്രവര്‍ത്തിക്കുന്നത്. കെട്ടിടങ്ങളുടെ നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ച നിലയിലാണ്. പദ്ധതി നടത്തിപ്പിന്റെ ആസൂത്രണത്തിലും നിര്‍വഹണ പ്രവര്‍ത്തനങ്ങളിലും  ഉണ്ടായ വീഴ്ച കാരണമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാന്‍ കാരണമെന്നു ആരോപണമുണ്ട്. പഞ്ചായത്ത് നിവാസികള്‍ക്ക് ഒഴിവുവേളകള്‍ ആസ്വദിക്കാന്‍ രൂപകല്‍പന ചെയ്ത പദ്ധതി ഇപ്പോള്‍ കഫറ്റേരിയ പ്രവര്‍ത്തനത്തില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണ്. പൊതു ഖജനാവിനു ലക്ഷങ്ങളുടെ നഷ്ടവും.

No comments:

Post a Comment