കനത്തചൂട്
പച്ചപ്പുല്ലിന് ക്ഷാമമേറി ക്ഷീരമേഖലയിൽ പ്രതിസന്ധി
ചാത്തന്നൂർ : കൊടും ചൂടിൽ
പച്ചപ്പുല്ലിനും ശുദ്ധജലത്തിനും ക്ഷാമമേറിയത് ക്ഷീരമേഖലയിൽ പാൽ ഉത്പാദനത്തെ ദോഷകരമായി ബാധിക്കുന്നു. ജീവിതമാർഗത്തിന് പശുക്കളെ വളർത്തുന്ന നൂറുകണക്കിന് കർഷകരാണ് കന്നുകാലികൾക്ക് ആവശ്യമായ തീറ്റയും വെള്ളവും നൽകാൻ കഴിയാതെ പ്രയാസപ്പെടുന്നത്. തീറ്റയ്ക്ക് തീവിലയാണ് അതിന് പിന്നാലെയാണ് പുല്ലിന്റെ ക്ഷാമവും വെള്ളത്തിന്റെ ക്ഷാമവും ഉണ്ടായിരിക്കുന്നത്.
ലോക്ക്ഡൗണിന് ശേഷം
വിവിധ കൃഷികളുടെ തകർച്ചയെ തുടർന്നാണ് പലരും ക്ഷീരമേഖലയിലേക്ക് തിരിഞ്ഞത്. ക്ഷീര മേഖലയിൽ നഷ്ടം മൂലം
കന്നുകാലികളെ പരിചരിക്കാൻ കഴിയാതെ വിൽക്കുന്നവരുമേറെയാണ്. ഈ സമയത്താവട്ടെ ന്യായവില കിട്ടാറുമില്ല. നല്ല കറവയുള്ള പശുവിന് ദിവസം 30 കിലോ പച്ചപ്പുല്ല് നൽകണം. കൃഷിയിടങ്ങളുൾപ്പെടെ വരൾച്ചയിൽ കരിഞ്ഞു. തുറസായ സ്ഥലത്തെ പുല്ലും വാടിയുണങ്ങി. കാലിത്തീറ്റ, പിണ്ണാക്ക്, ചോളപ്പൊടി തുടങ്ങിയവയ്ക്കും വിലയേറി. ഇപ്പോൾ ലഭിക്കുന്ന പാൽവില ഉത്പാദന ചെലവുമായി പൊരുത്തപ്പെടില്ലെന്ന് കർഷകർ പറയുന്നു. പശുക്കളെ കുളിപ്പിക്കാനും അവയ്ക്ക് കുടിക്കാൻ കൊടുക്കാനും വേണ്ടത്ര വെള്ളം കിട്ടാതെയും കർഷകർ വലയുന്നു.
No comments:
Post a Comment