അടിത്തട്ടുവരെ മാന്തി മണ്ണെടുപ്പ്
ചാത്തന്നൂർ: തിരഞ്ഞെടുപ്പിന്റെ മറവിൽ ജില്ലയിൽ ഭൂമി പിളർന്ന് മണ്ണ് മാഫിയ. ചാത്തന്നൂർ നിയോജക മണ്ടലത്തിന്റെ വിവിധ പ്രദേശങ്ങളിലാണ് മണ്ണ് മാഫിയാകളുടെ നേതൃത്വത്തിൽ മണ്ണെടുപ്പും വയൽ നികത്തലും വ്യാപകമായി നടക്കുന്നത്. വീട് വയ്ക്കാനല്ലാതെ മറ്റൊരു നിർമ്മാണ പ്രവർത്തനത്തിനും തണ്ണീർത്തടങ്ങൾ നികത്താൻ പാടില്ലായെന്ന് സർക്കാർ വ്യക്തമാക്കുമ്പോഴും മണ്ണു മാഫിയ ജില്ലയിൽ പിടിമുറുക്കുകയാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നല്കുന്ന പെർമിറ്റിന്റെ മറവിലാണ് മണ്ണെടുപ്പ്. ചാത്തന്നൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊട്ടടുത്ത വസ്തുകൾക്ക് ഭീഷണിയാകും വിധം
വലിയ കുന്നുകൾ ആണ് അവധികളുടെയും തിരഞ്ഞെടുപ്പിന്റേയും മറവിൽ
ഇടിച്ചു നിരത്തി രായ്ക്കു രാമാനം മണ്ണ് കടത്തുന്നത് .രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നടക്കുന്ന മണ്ണുകടത്ത് തടയാൻ പോലീസോ റവന്യൂ അധികാരികളോ ജിയോളജി പഞ്ചായത്ത് അധികൃതരോ രംഗത്തുണ്ടാവില്ല. പലയിടത്തും ഭൂമിയുടെ അടിത്തട്ട് മാന്തിയുള്ള മണ്ണെടുപ്പാണ് നടക്കുന്നത്. ദേശീയപാത നിർമ്മാണത്തിനായി ഉപയോഗിക്കുന്ന ജിയോളജിയുടെ പാസ് വ്യാജമായി നിർമ്മിച്ചു കൊണ്ടാണ് പലയിടത്തും കരമണ്ണ് ഖനനം നടത്തുന്നത്. ഈ മണ്ണ് ഉപയോഗിച്ചാണ് വൻതോതിൽ നെൽവയലുകൾ നികത്തപ്പെട്ടുകൊണ്ടിരിക്കുന്നത്. ചാത്തന്നൂരിന്റെ വിവിധ ഭാഗങ്ങളിൽ ഏക്കർ കണക്കിന് പാടശേഖരമാണ് മണ്ണിട്ട് നികത്താൻ ശ്രമിക്കുന്നത്. കൃഷി ചെയ്യാനുള്ള എല്ലാ പാരിസ്ഥിതിക സാഹചര്യങ്ങളും നിലനിൽക്കുമ്പോൾ തന്നെയാണ് ഇവിടെ അനധികൃത നികത്തൽ നടക്കുന്നത്. പരവൂരിന്റെ തീരദേശത്ത് വിവിധ ഭാഗങ്ങളിൽ റിസോർട്ട് മാഫിയ വൻതോതിൽ തണ്ണീർത്തടങ്ങൾ നികത്തിയെടുക്കുന്നു. മണ്ണ് മാഫിയയും ജിയോളജി വകുപ്പും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് ഇത്തരം ശ്രമങ്ങൾ നടക്കുന്നത്.
നിർമാണപ്രവർത്തനത്തിനും തണ്ണീർത്തടങ്ങൾ നികത്താൻ പാടില്ലെന്ന് സർക്കാർ വ്യക്തമാക്കുമ്പോഴാണ് നെൽവയലുകളും തണ്ണീർത്തടങ്ങളും വൻതോതിൽ മണ്ണിട്ട് നികത്തുന്നത്. ജലക്ഷാമം രൂക്ഷമായ ഈ പ്രദേശത്തെ തണ്ണീർത്തടം നികത്തൽ വ്യാപകമായ പാരിസ്ഥിതിക പ്രശ്നങ്ങളാണുണ്ടാക്കുന്നത്. പലയിടത്തും
കൃഷി നിലനിൽക്കുമ്പോൾത്തന്നെയാണ് അനധികൃത നികത്തൽ നടക്കുന്നത്.
പോളച്ചിറ ഏലായുടെ വിവിധ ഭാഗങ്ങളിൽ കരമണ്ണ് മാഫിയ വൻതോതിൽ തണ്ണീർത്തടങ്ങൾ നികത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. മണ്ണ് മാഫിയയും ജിയോളജി വകുപ്പും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായിട്ടാണ് ഇത്തരം നികത്തലുകളും കുന്നിടിക്കലുമൊക്കെ നടക്കുന്നതെന്നാണ് ആരോപണം. ഭരണകക്ഷി രാഷ്ട്രീയ പാർട്ടിയുടെ പിന്തുണയും ഇവർക്കുണ്ട്.
@ ലൈഫ് പദ്ധതിയിൽ നിർധനർക്ക് വീടിന് സ്ഥലം
നൽകാനെന്ന പേരിൽ മണ്ണു മാഫിയ കുന്നുകൾ വാങ്ങിക്കൂട്ടുന്നു. വീട് നിർമാണത്തിൻ്റെ മറവിൽ മണ്ണ് കടത്താനുള്ള ഗുഡ ലക്ഷ്യത്തോടെയാണ് നടപടി.പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെ മൈനിങ് ആൻഡ് ജിയോളജി വകുപ്പിനെ കബളിപ്പിച്ച് മണ്ണ് പാസുകൾ നേടുകയാണ് ലക്ഷ്യം. ഉയർന്ന പ്രദേശങ്ങളും കുന്നുകളും മണ്ണ് മാഫിയ ഇതിനകം തുച്‌ഛമായ വിലയ്ക്ക് വാങ്ങി ലൈഫ് പദ്ധതി ഉപയോക്‌താക്കളുടെ പേരിലേക്ക് വസ്തു കൈമാറിയ ശേഷം മണ്ണ് നീക്കം ചെയ്യാൻ അപേക്ഷ നൽകുന്നു. അഞ്ച് സെന്റിൽ താഴെ വസ്തുവിൽ നിന്നു വീട് നിർമാണത്തിന് മണ്ണ് നീക്കം ചെയ്യുന്നതിന് സാങ്കേതിക തടസ്സങ്ങളില്ല. ഈ പഴുത് ഉപയോഗിച്ച് ഏക്കറുകളോളം വരുന്ന കുന്നുകൾ ഇടിച്ച് നിരത്തി മണ്ണ് കടത്തുന്നു. അടുത്തിടെ ഒട്ടേറെ കുടുംബങ്ങളാണ് ചതിയിൽപ്പെട്ടത്.
അനിയന്ത്രിതമായ മണ്ണ് കടത്തിനിടെ സമീപ പുരയിടങ്ങളും കയ്യേറി. സമീപ വീടുകളുടെ അടിത്തറ തോണ്ടിയാണ് മണ്ണ് മാഫിയ മണ്ണെടുക്കുന്നത്. പിഴ അടയ്ക്കാനുള്ള ബിൽ എത്തിയപ്പോഴാണ് പാവപ്പെട്ട വീട്ടുകാർ വിവരം അറിയുന്നത്. കല്ലുവാതുക്കൽ പഞ്ചായത്തിലെ വേളമാനൂരിൽ കുന്നിൻ മുകളിൽ 60 അടിയോളം ഉയരത്തിലാണ് വീട് വയ്ക്കാൻ സർക്കാർ വക സ്‌ഥലം പട്ടികജാതി കുടുംബത്തിന് ലഭിച്ചത്. സമാനരീതിയിൽ പഞ്ചായത്തിൽ തന്നെ ഒട്ടേറെ കേസുകളുണ്ട്.
@ കുന്നുകളാൽ സമ്പന്നമായിരുന്നു കല്ലുവാതുക്കൽ പഞ്ചായത്തിന്റെ വേളമാനൂർ നടയ്ക്കൽ ഭാഗങ്ങൾ എന്നാലിപ്പോൾ പേരുകളിൽ മാത്രമാണ് കുന്നുകളുള്ളത്. ഏറെയും ഇടിച്ചു നിരത്തി. അപൂർവമായി ബാക്കിയുള്ളവ ഇടിച്ചുനിരത്തിക്കൊണ്ടുമിരിക്കുന്നു.
കുന്നുകൾ നിരപ്പാവുന്നതിനനുസരിച്ച് പ്രദേശത്തെ വയലുകളും നികന്നതോടെ മിക്ക പ്രദേശങ്ങളും ജലക്ഷാമത്തിൻ്റെ പിടിയിലാണിപ്പോൾ. മണ്ണെടുക്കുന്നതോടെ ഒരു പ്രദേശത്തിൻ്റെ പരിസ്ഥിതി മാത്രമല്ല നശിക്കുന്നത്. മണ്ണെടുപ്പു കഴിയുംവരെ രാവുംപകലും യന്ത്രങ്ങളുടെയും ലോറികളുടെയും ഭീകരശബ്ദംമൂലം പ്രദേശത്തിൻ്റെ സ്വൈരം നഷ്ട്‌ടപ്പെടും.മണ്ണെടുത്തുള്ള ടിപ്പറുകളുടെയും ടോറസ്സുകളുടെയും മരണപ്പാച്ചിൽ ജനങ്ങളുടെ ജീവന് വലിയ ഭീഷണിയും സൃഷ്‌ടിക്കും. സ്കൂൾ വിദ്യാർഥികളെയെല്ലാം വീട്ടുകാർ ആശങ്കയോടെയാണ് പറഞ്ഞയയ്ക്കുന്നത്. വേനൽക്കാലമാണെങ്കിൽ പൊടിയുടെയും വർഷക്കാലമാണെങ്കിൽ ചെളിയുടെയും ശല്യം പറഞ്ഞറിയിക്കാനാകില്ല.
@ പേര് ദേശീയപാതവികസനം: നടക്കുന്നത് വയൽ നികത്തലും
സർക്കാർ ദേശീയപാതവികസനത്തിനായുള്ള നിർമാണത്തിൻ്റെ പേരിലാണ് പലപ്പോഴും മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽനിന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും പെർമിറ്റ് വാങ്ങി ഏക്കർ കണക്കിന് മണ്ണെടുക്കാൻ അനുവാദം വാങ്ങുന്നത്. എന്നാൽ, മണ്ണടിക്കുന്നതിനിടയിൽ കരാറുകാർ വലിയ തുക വാങ്ങി വയൽ നികത്തുന്നവർക്കും മണ്ണടിച്ചു നൽകും. ഒരുവശത്ത് കുന്നിടിച്ചുണ്ടാകുന്ന പരിസ്ഥിതി ആഘാതവും മറുവശത്ത് വയൽ നികത്തുന്നതുമൂലമുള്ള ജലസംഭരണികളുടെ നാശവുമാണ് ഫലം. മണ്ണെടുപ്പും വയൽനികത്തലും തടയാൻ കർശനനിയമങ്ങൾ നാട്ടിലുണ്ടെങ്കിലും അത് നടപ്പാക്കാനുള്ള വൈമുഖ്യമാണ് ഈ അപകടത്തിന് കാരണം. നികത്തിയ വയൽ പൂർവസ്ഥിതിയിലാക്കാൻവരെ കടലാസ്സിൽ നിയമമെഴുതിവെച്ചിട്ടുണ്ട്. അഞ്ചു സെന്റ് സ്ഥലം നികത്തി ഒരു വീടുവെക്കാൻ ശ്രമിച്ചാൽ ഈ നിയമമെല്ലാം സടകുടഞ്ഞെഴുന്നേൽക്കും. എന്നാൽ, ഏക്കർകണക്കിന് ഭൂമി നികത്തുന്നവർക്കും ഇടിച്ചുനിരത്തുന്നവർക്കും ഇതൊന്നും ബാധകമാകാറില്ല, ബാധകമാക്കാറുമില്ലെന്നതാണ് വസ്തുതുത.
@ ചെമ്മണ്ണു വീണ് യാത്രക്കാർ ദുരിതം അനുഭവിക്കുന്നു.
പല ഭാഗത്തും ടിപ്പറുകൾ നിരന്നു കിടന്നാണ് ഊഴം അനുസരിച്ച് മണ്ണെടുത്ത് പോകുന്നത്. വലിയ കുന്നുകൾ ഇടിച്ചാണ് മണ്ണെടുക്കുന്നത്. അതിനാൽ റോഡ് നിറയെ മണ്ണ് വീണു കിടക്കുന്ന അവസ്‌ഥയാണ് പല ഭാഗത്തും ഉള്ളത്. പല ഭാഗത്തും വീട് വയ്ക്കാനാണ് എന്നു പറഞ്ഞ് അപേക്ഷ നൽകി വലിയ കുന്നുകൾ ഇടിച്ചു നിരത്തി മണ്ണ് നീക്കം ചെയ്യും. എന്നാൽ മണ്ണ് നീക്കം ചെയ്‌താലും വീടു പണിയാനുള്ള പദ്ധതികൾ ആരംഭിക്കാതെ കിടക്കുന്ന നിരവധി ഭൂമികൾ ഉണ്ട് ഈ ഭാഗങ്ങളിൽ. മണ്ണ് നീക്കം ചെയ്യുന്ന ഭൂമിയിൽ ഒരു വർഷത്തിനകം വീടു നിർമിക്കുകയോ ഏറ്റവും കുറഞ്ഞത് തറ കെട്ടുകയോ എങ്കിലും വേണം എന്നാണ് ചട്ടം. ഇങ്ങനെ ചെയ്തില്ല എങ്കിൽ പിഴ ഈടാക്കാനുള്ള അധികാരം ജിയോളജി വകുപ്പിന് ഉണ്ടെങ്കിലും അവർ എവിടെയെങ്കിലും ഇത് നടപ്പിലാക്കിയതായി അറിവില്ല. ടിപ്പറുകളുടെ ബോഡി പൊക്കത്തിനും ഉയരത്തിൽ നിയമവിരുദ്ധമായി മണ്ണു കയറ്റി പോകുന്നത് നിയന്ത്രിക്കാൻ അധികാരികൾ തയാറാകുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്. ഉയരത്തിൽ മണ്ണ് കയറ്റി പോകുന്നത് വഴി നീളെ വീണ് നിരത്തുകളിൽ മുഴുവൻ ചെമ്മണ്ണ് നിറയുന്ന അവസ്‌ഥയാണ് ഇട റോഡുകളിൽ മുഴുവൻ. ഈ മണ്ണ് ഉണങ്ങി പൊടി പറന്ന് യാത്രക്കാരുടെ കണ്ണിൽ വീണും മഴ പെയ്യുമ്പോൾ ചെളിയായി തെന്നിയും വാഹനങ്ങൾ അപകടത്തിൽ പെടുന്നതു പതിവാണ്. വാഹന പരിശോധന നടത്തുന്ന പോലീസ് അധികാരികൾ ടിപ്പറുകളുടെ ബോഡി പൊക്കത്തേക്കാളും ഉയരത്തിൽ മണ്ണ് കയറ്റി പോകുന്നത് കണ്ടാലും നിയമലംഘനത്തിനു കേസ് എടുക്കാത്തത് പ്രത്യേക താൽപര്യത്താലാണ് എന്നും ജനങ്ങൾ ആക്ഷേപമുയർത്തുന്നു.
ഫോട്ടോ: ചാത്തന്നൂർ പഞ്ചായത്തിൽ ഊറാം വിള - കോഷ്ണക്കാവ് റേ
റോഡിൽ കുന്നിടിച്ച് മണ്ണെടുക്കുന്നു.
No comments:
Post a Comment