ചാത്തന്നൂർ: സ്വകാര്യ ബസുകൾ ചാത്തന്നൂരിൽ എത്താതെ തിരുമുക്ക് തിരിഞ്ഞു പോകുന്നത് വിദ്യാർഥികൾ ഉൾപ്പെടെ യാത്രക്കാരെ വലയ്ക്കുന്നു. ദേശീയപാത നിർമാണം ആരംഭിച്ചതോടെയാണ് ബസുകൾ ചാത്തന്നൂർ ജംക്‌ഷനിൽ എത്തുന്നത് ഒഴിവാക്കി തുടങ്ങിയത്. പരവൂർ മേഖലയിൽ നിന്നുള്ള ബസുകൾ തിരുമുക്ക് തിരിഞ്ഞു കൊട്ടിയം, കൊല്ലം ഭാഗത്തേക്കു പോകുകയാണ്. തിരുമുക്ക് തിരിഞ്ഞു പോകാനാണ് പെർമിറ്റ് എങ്കിലും പതിറ്റാണ്ടുകളായി അനൗദ്യോഗികമായി ബസുകൾ ചാത്തന്നൂർ ജംക്ഷനിൽ എത്തുന്നുണ്ട്. ഈ വിഷയത്തിൽ വർഷങ്ങൾക്കു മുൻപ് ജനപ്രതിനിധികൾ, റീജനൽ ട്രാൻസ്പോർട്ട് അധികൃതർ, പൊലീസ്, സ്വകാര്യബസ് ഉടമ സംഘടന പ്രതിനിധികൾ, വ്യാപാരി വ്യവസായികൾ തുടങ്ങിയവരുടെ ചർച്ച നടത്തിയിരുന്നു. ബസുകൾ തിരുമുക്ക് തിരിഞ്ഞു പോകുന്നത് ചാത്തന്നൂരിലെ വ്യാപാര വ്യവസായ, വിദ്യാഭ്യാസ മേഖലകൾക്കു വലിയ തിരിച്ചടി ആകുമെന്നും ബസുകൾ ചാത്തന്നൂരിൽ വരുന്നതിനെതിരെ നടപടി ഉണ്ടാകില്ലെന്നും വ്യക്‌തമാക്കിയിരുന്നു.ചാത്തന്നൂർ പരവൂർ റൂട്ടിൽ കെഎസ്ആർടിസി സർവീസ് വളരെ കുറവാണ്. ഇപ്പോൾ സ്‌കൂൾ സമയത്ത് കെഎസ്ആർടിസി ഒരു സർവീസ് നടത്തുന്നെങ്കിലും വിദ്യാർഥികളുടെ യാത്രാക്ലേശത്തിനു പരിഹാരമാകില്ല. തിരുമുക്കിലെ അടിപ്പാത തുറക്കാത്തതിനാൽ പരവൂരിൽ നിന്നു ബസുകൾ സ്‌റ്റാൻഡേഡ് ജംക്‌ഷനിൽ എത്തി തിരിഞ്ഞു ചാത്തന്നൂരിലേക്കു പോകേണ്ട അവസ്‌ഥയാണ്. ഇതു സമയ നഷ്ടം വരുമെന്നതിനാൽ ബസുകൾ ചാത്തന്നൂരിൽ എത്താതെ കൊട്ടിയം ഭാഗത്തേക്കു പോകുകയാണ്. യാത്രക്കാർ തിരുമുക്കിൽ ഇറങ്ങി അടുത്ത ബസിൽ ചാത്തന്നൂരിലേക്കു പോകുകയോ കാൽനട യാത്രയോ ചെയ്യേണ്ട അവസ്‌ഥ സാമ്പത്തിക ചെലവും സമയ നഷ്‌ടവും വരുത്തുകയാണ്. വിദ്യാർഥികൾക്കു കൃത്യസമയത്ത് സ്കൂളിലും ട്യൂഷനും എത്താൻ കഴിയാത്ത സാഹചര്യമാണ്. പരവൂർ ഭാഗത്തുനിന്നുള്ള ബസുകൾ പാലമുക്ക് തിരിഞ്ഞ് ബ്ലോക്ക് ഓഫിസിനു മുന്നിലൂടെ ചാത്തന്നൂർ ജംക്‌ഷനിൽ എത്തി കൊട്ടിയത്തേക്കു പോയാൽ വിദ്യാർഥികൾക്കും യാത്രക്കാർക്കും പ്രയോജനപ്പെടുമെ
മെന്നിരിക്കെ പരവൂർ മേഖലയിൽ നിന്നുള്ള ബസുകൾ മീനാട് പാലമൂട് തിരിഞ്ഞു കൊച്ചാലുംമൂട്, കോതേരി, സിവിൽ സ്റ്റേഷൻ വഴി ചാത്തന്നൂരിൽ എത്തണമെന്ന ആവശ്യം ശക്തമാണ് ഒപ്പം കൊട്ടിയത്ത് അവസാനിക്കുന്ന ടൗൺ ബസ് സർവീസുകൾ ദേശീയപാത വികസനം പൂർത്തിയാകുന്നതോടെ ചാത്തന്നൂർ വരെ നീട്ടണമെന്ന ആവശ്യവും ശക്തമാണ്. വർഷങ്ങൾക്കു മുൻപ് ഉദ്ഘാടനം ചെയ്ത ചാത്തന്നൂർ പ്രൈവറ്റ് ബസ് സ്‌റ്റാൻഡിൽ ബസുകൾ എത്താത്ത അവസ്ഥയ്ക്കും ഇതോടെ പരിഹാരമാകും. പരവൂർ, വർക്കല മേഖലയിൽ നിന്നുള്ള സ്വകാര്യ ബസുകൾ മീനാട് പാലമുട് തിരിഞ്ഞു സിവിൽ പ്രൈവറ്റ് ബസ് സ്‌റ്റാൻഡ് വഴി ചാത്തന്നൂരിലേക്ക് പോകുന്നത് ചിറക്കര പഞ്ചായത്ത് പ്രദേശം ഉൾപ്പെടെ വലിയൊരു മേഖലയുടെ വികസനത്തിനു സഹായകമാകും. നിലവിൽ മിനി സിവിൽ സ്റ്റേഷനിൽ എത്തുന്നതിനു യാത്രാ സൗകര്യം കുറവാണ്.
കെഎസ്ആർടിസി ബസുകൾ മാത്രമാണ് ആശ്രയം. ഓർഡിനറി ബസ് സർവീസുകൾ കുറവായതു യാത്രക്കാരെ വലയ്ക്കുന്നുണ്ട്. ഇരുപത്തിയഞ്ചിലേറെ സർക്കാർ സ്ഥാപനങ്ങൾ മിനി സിവിൽ സ്‌റ്റേഷനിലും പരിസരത്തുമായി പ്രവർത്തിക്കുന്നുണ്ട്. ബസുകൾ ഇതുവഴി വരുന്നതോടെ ചാത്തന്നൂർ എസ്.എൻ കോളജ്, എസ്‌എൻ ട്രസ്‌റ്റ് സ്‌കൂൾ, ഉളിയനാട് ഗവ. ഹൈസ്കൂൾ, വിമല സെൻട്രൽ സ്കൂൾ, ആർ.ശങ്കർകോളേജ്,
ഇത്തിക്കര ബ്ലോക്ക് ഓഫിസ് എന്നിവിടങ്ങളിലേക്കും സുഗമമായ യാത്രാ സൗകര്യമാകും. അനധികൃത ഷെഡുകൾ ഒഴിപ്പിച്ചു കഴിഞ്ഞ ദിവസം റവന്യു വകുപ്പ് ഏറ്റെടുത്ത റവന്യൂ പുറമ്പോക്ക് ഭൂമിയിൽ 5 കോടി രൂപ ചെലവിൽ മിനി സിവിൽ സ്‌റ്റേഷൻ അനക്സ് മന്ദിരം നിർമാണം ഉടൻ ആരംഭിക്കുമെന്നിരിക്കെ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന കൂടുതൽ സർക്കാർ ഓഫിസുകൾ ഇവിടേക്കും മാറും. ചാത്തന്നൂർ ആസ്‌ഥാനമായി താലൂക്ക് വരുന്നതോടെ ഇവിടം പ്രധാന കേന്ദ്രമായി മാറും. പരവൂർ -ചാത്തന്നൂർ റൂട്ടിൽ നിലവിൽ പാലമൂട് കഴിഞ്ഞാൽ തിരുമുക്കിലാണ് അടുത്ത സ്റ്റോപ്, ബസുകൾ കൊച്ചാലുംമൂട്, കോതേരി, മിനി സിവിൽ സ്റ്റേഷൻ വഴി ചാത്തന്നൂരിൽ എത്തി തിരുമുക്ക് വഴിയാണ് കൊട്ടിയം മേഖലയിലേക്ക് പോകുന്നത്. അതിനാൽ നിലവിലെ 2 ബസ് സ്‌റ്റോപുകളെയും ഇതു ബാധിക്കുകയില്ല.
സ്വകാര്യ ബസുകൾ ചാത്തന്നൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണം
@ മിനി സിവിൽ സ്‌റ്റേഷനിലും പരിസരത്തും ഉള്ള സ്‌ഥാപനങ്ങൾ കെഎസ്ആർടിസി ഡിപ്പോ, സബ് ട്രഷറി, ഗവ. ഐടിഐ, ആർടിഒ എക്സ്‌ടെൻഷൻ സെൻ്റർ, സബ് റജിസ്ട്രാർ ഓഫിസ്, പൊതുമരാമത്ത് ഓഫിസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ്, സെയിൽസ് ടാക്സസ് ഓഫിസ്, ഫുഡ് സ്‌ഫേറ്റി ഓഫിസ്, ലീഗൽ മെട്രോളജി ഓഫിസ്, വില്ലേജ് ഓഫിസ്, കൃഷി ഭവൻ, അഗ്രികൾചറൽ അസിസ്‌റ്റൻ്റ് ഡയറക്‌ടർ ഓഫിസ്, എക്സൈസ് ഓഫിസ്, പിഡബ്ല്യുഡി റസ്‌റ്റ് ഹൗസ്, ഭൂരേഖ ഓഫിസ്, എൽഐസി ഓഫിസ്, കെഎസ്ആർടിസി ഡ്രൈവിങ് പരിശീലന കേന്ദ്രം, ഗവ. ഐടിഐ ഡ്രൈവിങ് പരിശീലന കേന്ദ്രം തുടങ്ങിയവയാണ്.
No comments:
Post a Comment