ചാത്തന്നൂർ : ഒരുകാലത്ത് പ്രൗഢിയോടെ തലയുയർത്തിനിന്ന കല്ലുവാതുക്കൽ ഗ്രാമപ്പഞ്ചായത്ത് ഹൈസ്കൂൾ ഇന്ന് അതിജീവനത്തിന് വഴിതേടുകയാണ്. ഏതുനിമിഷവും താഴുവീഴാമെന്ന അവസ്ഥയിലേക്കാണ് ഇപ്പോൾ സ്കൂളിന്റെ പോക്ക്.1959ൽ കല്ലുവാതുക്കൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ് സ്‌കൂൾ ആരംഭിച്ചത്. 2013ൽ സംസ്ഥാന ഗവണമെന്റ് ഏറ്റെടുത്തതോടെ ഇപ്പോൾ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണ് സ്കൂൾ. കല്ലുവാതുക്കൽ പഞ്ചായത്ത് പരിധിയിലെ ഏകസർക്കാർ ഹൈസ്കൂൾ കൂടിയാണിത്.
വിരലിലെണ്ണാവുന്നത്രയും കുട്ടികളാണ് ഇത്തവണയും ഇവിടെ പ്രവേശനം തേടിയെത്തിയത് വരും ദിനങ്ങളിൽ കൂടുതൽ വിദ്യാർത്ഥികൾ എത്തുമെന്ന പ്രതീക്ഷയിലാണ്.
1959 ലെ കമ്യൂണിസ്റ്റ് സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയാണ് സ്കൂൾ അനുവദിച്ചത്. ചാത്തന്നൂർ പഞ്ചായത്തിലെ
കാരംകോട് പ്രവർത്തിച്ചിരുന്ന സംസ്കൃതം ഹൈസ്കൂൾ മാനേജ്മെന്റ് പൂട്ടിയതോടെയാണ് കല്ലുവാതുക്കലിൽ ഹൈസ്കൂളിനുവേണ്ടിയുള്ള ശ്രമം ആരംഭിച്ചത്. അന്നത്തെ പഞ്ചായത്ത് പ്രസിഡൻറ് കുരുമ്പിലഴികം കെ.ബാലൻ പിള്ള, ഡോ. എൻ.ജി.കുറുപ്പ്,മുൻ മന്ത്രി പി.രവീന്ദ്രൻ എന്നിവരുടെ പരിശ്രമഫലമായാണ് പഞ്ചായത്തിന് സ്കൂൾ അനുവദിച്ചത്. 1980കളിൽ മൂവായിരത്തിലേറെ വിദ്യാർഥികളും എഴുപതിലേറെ അധ്യാപകരുമുണ്ടായിരുന്ന ഈ സ്കൂളിന്റെ ഇപ്പോഴത്തെ സ്ഥിതി പരിതാപകരമാണ്. എസ് എസ് എൽ സി പരീക്ഷയിൽതുടർച്ചയായി നൂറുശതമാനം വിജയം നേടുന്ന ഈ പൊതുവിദ്യാലയത്തിൽ വിദ്യാർഥികൾ ചേരുന്നില്ലെന്നതാണ് പ്രധാന വിഷയം.
കല്ലുവാതുക്കൽ
ഗ്രാമപ്പഞ്ചായത്തിൽ നിന്ന് സ്കൂളിന്റെ പ്രവർത്തനം സർക്കാർ ഏറ്റെടുത്തതോടെയാണ് സ്കൂളിന്റെ പ്രവർത്തനം താറുമാറായത്.ഇപ്പോൾ ജില്ലാ പഞ്ചായത്തിനാണ് മേൽനോട്ടം.
അധ്യാപകരുടെ കുറവു പരിഹരിക്കാൻ താത്‌കാലിക അധ്യാപകരുടെ നിയമനംപോലും നടത്താനുള്ള കാലതാമസവും മറ്റും സ്കൂളിന്റെ നിലവാരത്തകർച്ചയ്ക്കു കാരണമായി. ഇതോടെ രക്ഷാകർത്താക്കൾ കുട്ടികളെ മറ്റ് സ്കൂളുകളിൽ ചേർക്കാൻ തുടങ്ങി. ഏറ്റവും സൗകര്യമുള്ള കളിസ്ഥലവും മറ്റ് സൗകര്യങ്ങളുമുണ്ടായിട്ടും അത് പ്രയോജനപ്പെടുത്താൻ അധികൃതർ ശ്രമിച്ചില്ല. സർക്കാർ തലത്തിൽ ഹയർ സെക്കണ്ടറി ഇല്ലാത്ത ഗ്രാമ പഞ്ചായത്താണ് കല്ലുവാതുക്കൽ.
ഇവിടെനിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾ ഉപരിപഠനത്തിന് പാരിപ്പളിയിലോ ചാത്തന്നൂരോ പോകേണ്ട അവസ്ഥയാണ്.
നിരവധി കെട്ടിടങ്ങൾ വെറുതെ കിടക്കുന്ന ഏറെ സൗകര്യങ്ങളുള്ള സ്കൂളിൽ പ്ലസ്ടു വരികയാണെങ്കിൽ സ്കൂളിന്റെ വികസനത്തിന് ഏറെ പ്രയോജനമാകും. ജില്ലാപഞ്ചായത്ത് മുൻകൈയെടുത്ത് ആരംഭിച്ച ജില്ലാകബഡി ഇൻസ്റ്റിറ്റ്യൂട്ടും ഇവിടെയാണ്. കബഡി ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം ആരംഭിച്ചാൽത്തന്നെ ഒരു പരിധിവരെ ഈ സ്കൂളിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കാം.
@ കല്ലുവാതുക്കൽ ഗവ.
പഞ്ചായത്ത് ഹൈസ്കൂളിൽ ഹയർസെക്കൻഡറി കോഴ്‌സുകൾ ആരംഭിക്കണം - എസ്. സുദീപ
സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന ഹയർസെക്കൻഡറി കോഴ്സുകളിൽ കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂളിനെക്കൂടി ഉൾപ്പെടുത്തിയാൽ വിദ്യാർത്ഥികൾക്ക് പ്രയോജനകരമാകും.ഒപ്പം തന്നെ
കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂളിനായി പൂർവവിദ്യാർത്ഥികളും ജനപ്രതിനിധികളും അക്ഷരസ്നേഹികളും മുന്നിട്ടിറങ്ങണം. എസ്എസ് എൽ.സി പരീക്ഷയിൽ നൂറുമേനി വിജയംനേടിയ സ്കൂളാണിത്
എസ്. സുദീപ(മുൻ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)
No comments:
Post a Comment