Tuesday, 23 April 2024

ബംഗാളിലും തിരഞ്ഞെടുപ്പോ??തിരഞ്ഞെടുപ്പോ ഒന്നും മനസിലാകുന്നില്ല???

ബംഗാളിലും തിരഞ്ഞെടുപ്പോ??തിരഞ്ഞെടുപ്പോ ഒന്നും മനസിലാകുന്നില്ല???

ചാത്തന്നൂര്‍ : പ്രചാരണവും രാഷ്ട്രീയചര്‍ച്ചകളും കൊണ്ട് കവലകളും തെരുവുകളും തിളച്ച് മറിയുമ്പോഴും സ്വന്തം നാട്ടിലെ തെരഞ്ഞെടുപ്പ് എന്നാണെന്ന് പോലുമറിയാതെ ഒരു വലിയ വിഭാഗം ഇവിടെ കഴിയുന്നുണ്ട്. വായിക്കാനറിയാത്തഭാഷയിലെ ഫ്ളക്സുകളും പോസ്റ്ററുകളും ചുമരുകളില്‍ നിറയുമ്പോഴും ഇടക്കിടക്ക് അനൗണ്‍സ്മെന്‍റ് വാഹനങ്ങള്‍ വന്നു പോകുമ്പോഴും കേരളത്തില്‍ എന്തോ നടക്കാന്‍ പോകുന്നുവെന്ന് മാത്രം അന്യസംസ്ഥാനക്കാരായ ഇവര്‍ക്കറിയാം. ഈ തക്കത്തില്‍ പണി വല്ലതും തരപ്പെടുമോ എന്നാവും ഇവരുടെ അന്വേഷണം.
നിത്യവൃത്തിക്ക് വക കണ്ടെത്താനായി ബംഗാളില്‍ നിന്നടക്കം കേരളത്തിലേക്ക് വണ്ടി കയറിയവരാണ് തെരഞ്ഞെടുപ്പോ പ്രചാരണച്ചൂടോ ഒന്നുമറിയാതെ കൂലിപ്പണിക്കായി റോഡു വക്കില്‍ തൊഴിലുടമകളെ കാത്ത് നില്‍ക്കുന്നത്.
കൊല്ലത്ത് ഉമയനല്ലൂരില്‍ മാത്രം 1500 ലധികം അന്യസംസ്ഥാന തൊഴിലാളികളാണുള്ളത്. രാവിലെ 6.30 ഓടെ ഇവര്‍ ജങ്ഷനിലേക്കിറങ്ങും. സ്ഥിരം തൊഴിലുടമകളോ ഏജന്‍റുമാരോ ഇല്ല. കാത്തുനില്‍ക്കുന്നതിനിടക്ക് വാഹനങ്ങളിലെത്തുന്ന ഏജന്‍റുമാരുടെയും തൊഴിലുടമകളുടെും കണ്ണില്‍പെടാന്‍ പിന്നെ തിക്കും തിരക്കുമായിരിക്കും. കൂലി പറഞ്ഞുറപ്പിച്ചായിരിക്കും ‘നിയമനം’. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ജേതാവിന്‍െറ ഭാവത്തില്‍ ടെമ്പോയിലേക്കോ ബൈക്കിലേക്കോ ചാടിക്കയറും. തുടര്‍ന്ന് പണി സൈറ്റിലേക്ക്.
വഴിയറിയാതെയോ മറ്റോ അബദ്ധവശാല്‍ ഇവരുടെ മുന്നിലെങ്ങാനും ബൈക്ക് നിര്‍ത്തിപ്പോയാല്‍ പെട്ടു. നിമിഷനേരത്തിനുള്ളില്‍ വളഞ്ഞ് വിലപേശലും മേന്മ വിശദീകരിക്കലും ആരംഭിക്കും. തൊഴിലാളികളില്‍ കൂടുതലും ബംഗാളില്‍ നിന്നുള്ളവരാണ്. തെരഞ്ഞെടുപ്പിനെ ക്കുറിച്ച് ചോദിച്ചാല്‍ അധികം പേരും കൈമലര്‍ത്തും. പിന്നെ പെട്ടെന്ന് മാറിക്കളയാനാവും ശ്രമം. സ്വന്തം മണ്ഡലമേതെന്നോ അവിടെ ആരൊക്കെ മത്സരിക്കുന്നുവെന്നോ അധികംപേര്‍ക്കും അറിയില്ല.
ദിവസക്കൂലിക്ക് ചിലയിടങ്ങളില്‍ തെരഞ്ഞെടുപ്പ് പോസ്റ്ററൊട്ടിക്കല്‍, കൊടികെട്ടല്‍ തുടങ്ങിയ ചെറുപണികള്‍ തരപ്പെട്ടവരും ഇവരുടെ കൂട്ടത്തിലുണ്ട്. ഇത് മാത്രമാണ് ലോക്സഭാ തെരഞ്ഞെടുപ്പുമായി ഇവരുടെ ബന്ധം. പോസ്റ്ററുകള്‍ മലയാളത്തിലായതും ഒട്ടിക്കല്‍ രാത്രിയിലായതും മൂലം ‘തലതിരിയു’ മെന്നതിനാല്‍ പലരും ജോലിക്ക് വിളിക്കാന്‍ ധൈര്യം കാണിക്കുന്നില്ലത്രേ.
കൊല്‍ക്കത്ത ദഖിന്‍ ദിനജ് പൂര്‍ സ്വദേശിയായ ബിപൂല്‍ അലി പത്ത് വര്‍ഷമായി കൊല്ലത്തെത്തിയിട്ട്. 33കാരനായ ഇദ്ദേഹത്തിന് അവസാനമായി വോട്ട് ചെയ്തത് എന്നാണെന്നോ ആര്‍ക്കാണെന്നോ ഓര്‍മയില്ല.കോണ്‍ക്രീറ്റ് ജോലിക്കാരനാണ് ഇയാള്‍. സി.പി.എം അനുഭാവിയായിരുന്നു ആദ്യം. എന്നാല്‍ പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസിനോടായി താല്‍പര്യം ഇപ്പോൾ മോദിജിയെ അറിയാം ബിജെപിയെയും ബംഗാൾ മാറും ബിജെപി വരും എന്ന് പറയുമ്പോഴും വോട്ടിടാൻ പോകുന്നില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി 
മാള്‍ഡായിലെ നോര്‍ദാസ് സ്വദേശി മൈദൂര്‍ അലി കേരളത്തിലെത്തിയിട്ട് ആറ് ദിവസമേ ആയുള്ളൂ. മണ്ഡലത്തില്‍ ആരൊക്കെ നില്‍ക്കുന്നുവെന്ന് ചോദിച്ചപ്പോള്‍ ‘ആരൊക്കെയോ മത്സരിക്കുന്നു’വെന്നായിരുന്നു മറുപടി. സ്വന്തം ഗ്രാമത്തില്‍ തൃണമൂലും ആര്‍.എസ്.പിയുമാണ് തുല്യശക്തികള്‍ എന്നറിയാം. ചെറുപ്പത്തില്‍ ആര്‍ എസ് പിയില്‍ ഉണ്ടായിരുന്നു ഇപ്പോൾ ആ പാർട്ടി ഇല്ലാതായി എന്ന് പറഞ്ഞു 
പക്ഷേ കൊല്ലത്തെ ആര്‍.എസ്.പിയെയോ സ്ഥാനാര്‍ഥി പ്രേമചന്ദ്രനെയോ തീപാറുന്ന പോരാട്ടത്തെയോ കുറിച്ച് ഇദ്ദേഹത്തിന് ഒന്നുമറിയില്ല. കുടിയേറ്റക്കാര്‍ക്കിടയില്‍ ന്യൂനപക്ഷമാണെങ്കിലും ‘ന്യൂജനറേഷ’നാണ് അല്‍പമെങ്കിലും ഭേദം. ഫേസ്ബുക്കില്‍ സജീവമായി ഇടപെടുന്ന ഇവരില്‍ പലരും തെരഞ്ഞെടുപ്പിന് നാട്ടില്‍ പോകാനാവാത്തതില്‍ ദുoഖിതരാണ്.

No comments:

Post a Comment