ചാത്തന്നൂർ : പാരിപ്പള്ളി ജില്ലാ ഗവ. മെഡിക്കൽ കോളേജിലെ മലിനജല ശുദ്ധീകരണശാല പ്രവർത്തനക്ഷമമാക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് പരാതി. ആശുപത്രി പരിസരത്തെ കിണറുകളിലെ വെള്ളത്തിൽ നിറവ്യത്യാസവും ദുർഗന്ധവും രൂക്ഷമായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ വെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി.
കല്ലുവാതുക്കൽ ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ബൈജു ലക്ഷ്‌മണന് വീട്ടുടമകൾ ജലപരിശോധനാ റിപ്പോർട്ടും പരാതിയും കൈമാറി. പ്രാഥമികാരോഗ്യകേന്ദ്രത്തിൽനിന്ന് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാനെത്തിയ ഉദ്യോഗസ്ഥർ മെഡിക്കൽ ഓഫീസറെയും ജില്ലാ അധികാരികളെയും സംഭവത്തിന്റെ ഗൗരവം ധരിപ്പിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. രാജേന്ദ്രനെ ബന്ധപ്പെട്ട്, സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബൈജു ലക്ഷ്‌മണൻ അറിയിച്ചു.
കിണറുകളിലെ ജലം മലിനമായതോടെ കുടിവെള്ളം കാശുകൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണ് പൊതുജനങ്ങൾ
മെഡിക്കൽ കോളേജിലെ പ്ലാൻ്റിൽ കെട്ടിക്കിടക്കുന്ന മലിനജലത്തിൽ കൊതുകുശല്യം രൂക്ഷമാണെന്ന പരാതിയും നിലനിൽക്കുന്നു. മാലിന്യമുക്ത നവകേരളം എന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടും ഒരു നടപടികളും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
No comments:
Post a Comment