ചാത്തന്നൂർ : ചാത്തന്നൂർ നിയോജകമണ്ഡലത്തിലെ ആറു കൃഷിഭവനുകളെ സ്‌മാർട്ട് കൃഷിഭവനാക്കാൻ സർക്കാർ ഫണ്ട് അനുവദിച്ചു.
സംസ്ഥാനത്തെ കൃഷിഭവനുകളെ ഘട്ടംഘട്ടമായി സ്മാർട്ട് കൃഷിഭവനുകളാക്കാനുള്ള സർക്കാർ നടപടിയുടെ ഭാഗമായിട്ടാണിത്. കൃഷിവകുപ്പിൽനിന്ന് സ്‌മാർട്ട് കൃഷിഭവനുകൾക്കുവേണ്ടി അനുവദിച്ച തുകയിൽനിന്ന് 1.57 കോടി രൂപയാണ് ചാത്തന്നൂർ നിയോജകമണ്ഡലത്തിലെ കൃഷിഭവനുകൾക്കായി വിനിയോഗിക്കാൻ കൃഷി ഡയറക്ടർക്ക് അനുമതി നൽകിയത്.ചാത്തന്നൂർ, ചിറക്കര, ആദിച്ചനല്ലൂർ, പൂതക്കുളം, കല്ലുവാതുക്കൽ പൂയപ്പള്ളി എന്നീ ആറു കൃഷിഭവനുകളാണ് സ്‌മാർട്ടാകുന്നത്. വിവരസാങ്കേതികവിദ്യയുടെ കൂടുതൽ സേവനങ്ങൾ കർഷകർക്ക് ഏറ്റവും വേഗത്തിൽ ലഭ്യമാക്കുക എന്നതാണ് സ്‌മാർട്ട് കൃഷിഭവനിലൂടെ ലക്ഷ്യമിടുന്നത്. ഇതോടെ കൃഷിഭവനുകൾ കടലാസ്‌രഹിത അത്യാധുനിക ഓഫീസുകളാകും. കാര്യക്ഷമമായും സുതാര്യമായും കർഷകരുടെ വിരൽത്തുമ്പിൽ വകുപ്പുസേവനങ്ങൾ എത്തിക്കുന്നതിനാണ് സ്‌മാർട്ട് കൃഷിഭവൻ പദ്ധതി വിഭാവനംചെയ്‌തിരിക്കുന്നത്. ആധുനിക സജ്ജീകരണങ്ങളോടെ ഫ്രണ്ട് ഓഫീസ്, ഇൻഫർമേഷൻ സെന്റർ എന്നിവ സ്ഥാപിക്കുക, കൃഷിഭവനുകളുടെ നവീകരണം, വിവിധ ഉത്പാദനോപാധികളുടെ ലഭ്യത ഉറപ്പാക്കുന്ന ഐ.ടി.സംവിധാനം, ഡിജിറ്റൽ മീഡിയ ലൈബ്രറി, ഓൺലൈൻ ഓഡിറ്റിങ് സംവിധാനം, ആധുനിക വിപണന-സംഭരണ സംവിധാനം, കാർഷിക കർമസേന/ അഗ്രോ സർവീസ് സെൻ്റർ എന്നിവയാണ് സ്‌മാർട്ട് കൃഷിഭവൻ പദ്ധതിയുടെ പ്രധാന ഘടകങ്ങൾ.
No comments:
Post a Comment