Wednesday, 2 October 2024

ബൊമ്മക്കൊലു.. ദേവീസങ്കൽപ്പവുമായി നവരാത്രി ദിനങ്ങൾക്ക് സുകൃതം പകർന്ന് ബൊമ്മക്കൊലു ഒരുക്കുന്നു.

ബൊമ്മക്കൊലു🙏
 ദേവീസങ്കൽപ്പവുമായി നവരാത്രി ദിനങ്ങൾക്ക് സുകൃതം പകർന്ന് ബൊമ്മക്കൊലു ഒരുക്കുന്നു. ‘സർവം ബ്രഹ്‌മമയം’ എന്ന ആശയത്തിന്റെ പൂർത്തീകരണമായി ഇതിനെ കണക്കാക്കുന്നു. ദേവീക്ഷേത്രങ്ങളിലും പ്രധാനക്ഷേത്രങ്ങളിലെ സരസ്വതീമണ്ഡപങ്ങളിലും നവരാത്രി സംഗീതോത്സവങ്ങൾ തുടങ്ങി. ക്ഷേത്രമണ്ഡപങ്ങളിൽ ദേവീഭാഗവതയജ്ഞങ്ങളും ദ്രവ്യകലശങ്ങളുമെല്ലാമായി പ്രത്യേക ചടങ്ങുകളുമുണ്ട്. 
അഗ്രഹാരങ്ങളിൽ കാലം മാറുന്തോറും തിളക്കമേറുന്ന ആചാരമായി ബൊമ്മക്കൊലു മാറിക്കഴിഞ്ഞു. പുതുതലമുറയും ആത്മാർപ്പണത്തോടെ കൊലു ഒരുക്കാനും പൂജകൾക്കും മുന്നിലുണ്ട്. ദേവീപ്രീതിക്കായി അലങ്കരിച്ച കലശം വച്ച് ചുറ്റിനും വിവിധ ബൊമ്മകൾ തട്ടുകളിൽ നിരത്തിവച്ച് ദേവീപൂജ നടത്തുന്ന ഒരു ആചാരമാണ് ബൊമ്മക്കൊലു. 
ബൊമ്മക്കൊലു എന്ന പദം 'പാവ' എന്നർത്ഥം വരുന്ന 'ബൊമ്മ' എന്നതും 'പടികൾ' എന്നർത്ഥം വരുന്ന 'കൊലു' എന്ന വാക്കും കൂടിച്ചേർന്നുണ്ടായതാണ്. 
ഗണപതി, കൃഷ്ണൻ, സരസ്വതി തുടങ്ങിയ ഈശ്വരരൂപങ്ങളും ഫലങ്ങളുടെ വിവിധ രൂപങ്ങളും വാദ്യോപകരണങ്ങളുമാണു ബൊമ്മക്കൊലു ഒരുക്കുന്നതിന് ഉപയോഗിക്കുന്നത്. പഞ്ചഭൂതങ്ങൾ ചേർത്താണു ബൊമ്മക്കൊലുക്കൾ രൂപപ്പെടുത്തുന്നത്. മണ്ണ് ജലത്തിൽ കുഴച്ച് അഗ്നിയിൽ വേവിച്ച് വായുവിൽ ഉണക്കിയെടുക്കുമ്പോൾ പഞ്ചഭൂത സങ്കൽപമാകും. 
ദുർഗാരൂപത്തിൽ മഹിഷാസുര നിഗ്രഹത്തിനായി അവതരിച്ച ദേവി, ദേവഗണങ്ങളെ വരുത്തി അവരെ സിംഹം, ആന, കടുവ തുടങ്ങിയ രൂപങ്ങളിലാക്കി അസുരനിഗ്രഹം നടത്തി. ദുർഗാഷ്‌ടമി നാളിൽ മഹിഷാസുര നിഗ്രഹത്തിനായി സേവനാർഥം ദേവിയെ സഹായിച്ച എല്ലാ ദേവീദേവന്മാരെയും അതേരൂപത്തിൽ ആരാധിച്ചാൽ മാത്രമേ പൂർണ അനുഗ്രഹം ലഭിക്കൂ എന്നാണു വിശ്വാസം. അസുര നിഗ്രഹാനന്തരം മഹാനവമി ദിനത്തിൽ ദേവി യോഗനിദ്രയിലായി. വിജയദശമി നാളിൽ യോഗനിദ്രയിൽനിന്ന് ഉണർന്ന ദേവി സരസ്വതി രൂപത്തിൽ അനുഗ്രഹം ചൊരിഞ്ഞതായാണ് ഐതീഹ്യം.

ഗണപതിപൂജയ്ക്കു ശേഷം കുടുംബത്തിലെ മുതിർന്ന ആൾ (ആൺ/പെൺ) സരസ്വതി, പാർവ്വതി, ലക്ഷ്മി എന്നീ ദേവിമാർക്കുവേണ്ടി കലശാവാഹനം പൂജവിധി നടത്തുന്നു. അതിനു ശേഷം മരത്തടികൾ കൊണ്ട് പടികൾ (കൊലു) ഉണ്ടാക്കുന്നു. ദേവീസങ്കൽപ്പവുമായി അഞ്ച്, ഏഴ്, ഒമ്പത്,പതിനൊന്ന് എന്നിങ്ങനെ ഒറ്റസംഖ്യവരുന്ന ക്രമത്തിൽ പ്രത്യേക മരപ്പടികൾ തീർത്താണ് ബൊമ്മക്കൊലു തീർക്കുക. പടികൾക്കു മുകളിൽ തുണി വിരിച്ചശേഷം ദേവീദേവൻമാരുടെ ബൊമ്മകൽ അവയുടെ വലിപ്പത്തിനും സ്ഥാനത്തിനു മനുസരിച്ച് അതിൽ നിരത്തി വെക്കുന്നു. മരം മണ്ണ്, പ്ലാസ്റ്റർ ഓഫ് പാരീസ് തുടങ്ങിയവകൊണ്ടുള്ള ബൊമ്മകളാണ് ഉപയോഗിക്കുക. പുരാണങ്ങളിലേയും ഇതിഹാസങ്ങളിലേയും അനശ്വര മുഹൂർത്തങ്ങളും അവതാരങ്ങളും പുണ്യപുരുഷന്മാരുമാണ് ബൊമ്മകളിൽ തെളിയുന്നത്. ദശാവതാരം, അഷ്ടലക്ഷ്മി, പട്ടാഭിഷേകം, ഗീതോപദേശം തുടങ്ങി വിവിധ സന്ദർഭങ്ങളെക്കുറിക്കുന്ന പാവകളൊരുക്കും. മരപ്പാവകൾക്കാണ് പ്രാധാന്യം മരപ്പാച്ചികൾ എന്നറിയപ്പെടുന്ന സ്ത്രീപുരുഷരൂപമുള്ള ബൊമ്മകൾ കൊലുവിൽ ഒഴിവാക്കാനാവില്ല. ഇതിനൊപ്പം ദേവീദേവന്മാരുടെ രൂപങ്ങളും കൊലുവിൽ സ്ഥാനംപിടിക്കും. ദിവസവും സന്ധ്യയ്ക്ക് കൊലുവിന് മുൻപിൽ സംഗീതാരാധനയും പ്രത്യേക നൈവേദ്യവുമുണ്ടാവും. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമാണ് കൊലു ആരാധനയുടെ ചുമതല. പെൺകുട്ടികളേയും സുമംഗലിമാരേയും ക്ഷണിച്ച് വെറ്റിലയും അടയ്ക്കയും പുഷ്പവുമുൾപ്പെടെ മംഗല്യദായകങ്ങളായ വസ്തുക്കൾ സമ്മാനിക്കും.

ദേവീവിഗ്രഹത്തിനു ചുറ്റും ബൊമ്മവച്ച് ആരാധിക്കുന്നത് ജീവിതദുഃഖ നിവാരണ മാർഗമായി കരുതുന്നു. സമസ്‌ത ഐശ്വര്യത്തിനായി ബൊമ്മക്കൊലു ഒരുക്കി ലളിതാ സഹസ്രനാമം ചൊല്ലി നവരാത്രി കാലത്തു നടത്തുന്ന ആരാധന ഏറെ വിശിഷ്‌ടമാണ്. മധു, മഹിഷാസുരൻ, നിശുംഭൻ, ധൂമ്രലോചൻ, രക്‌തബീജൻ, ശുംഭൻ, ചണ്ഡൻ, മുണ്ഡൻ, കൈടഭൻ എന്നീ ഒൻപത് അസുരന്മാരെ ദുർഗാദേവി നേരിട്ടപ്പോൾ ദേവീവിജയത്തിനായി സർവചരാചരങ്ങളും പ്രാർഥിച്ചതിന്റെ ഓർമ പുതുക്കലാണ് ബൊമ്മക്കൊലു എന്നൊരു വിശ്വാസവും ഉണ്ട്.
ബൊമ്മക്കൊലു ഒരു കുടുംബസംഗമത്തിനുള്ള വേദി കൂടിയാണ്. ബന്ധുക്കളും അയൽവീട്ടുകാരുമെല്ലാം ബൊമ്മക്കൊലു കാണാനെത്തും. വിജയദശമി ദിവസം സന്ധ്യക്ക്‌ ദീപാരാധന കഴിഞ്ഞ ഉടൻതന്നെ മരപ്പാവകളെ കിടത്തിവെക്കുന്ന ചടങ്ങാണ്. പിന്നീട് മംഗളംപാടി അവസാനിപ്പിക്കും. അടുത്ത ദിവസം പാവകളെയെല്ലാം പൊതിഞ്ഞ് സൂക്ഷിക്കും. ഓരോ വർഷവും കൂടുതൽ പാവകളെ ബൊമ്മക്കൊലുവിൽ ഉൾപ്പെടുത്തും. ബൊമ്മക്കൊലു പൂജയിലൂടെ ദേവീസാന്നിധ്യമുണ്ടാകുമെന്നും ഇത് ഐശ്വര്യം കൊണ്ടുവരുമെന്നുമാണ് വിശ്വാസം🙏

No comments:

Post a Comment