പരവൂർ : റോഡ് വശങ്ങളിലെ നടപ്പാതകൾ കൈയേറിയുള്ള കച്ചവടവും വാഹന നിരകളും മല്ലപ്പള്ളിയിലെത്തുന്നവരെ വലയ്ക്കുന്നു. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള വഴിയോരങ്ങൾ മുഴുവൻ ഇത്തരത്തിൽ ദുർവിനിയോഗം ചെയ്യുകയാണ്. മിക്ക റോഡുകൾക്കും വീതി കുറവാണ്. വശങ്ങളിലെ ഓടകളിൽ മാലിന്യം നിറഞ്ഞിരിക്കുന്നു. ഇതിനു മുകളിലെ കോൺക്രീറ്റ് സ്ലാബുകൾ ടൈലിട്ട് വെച്ചിരിക്കുന്നതിനാൽ ഇവ ഇളക്കി ചവറുകൾ നീക്കാനാവില്ല. നടന്നാൽ തെന്നിവീഴുന്നതരം ടൈലുകളാണ് പലയിടത്തും. ചില കടകൾക്ക് മുന്നിൽ വാഹനങ്ങൾ നിർത്തിയിടാനാണ് ഈ സ്ഥലം വിനിയോഗിക്കുന്നത്. വണ്ടികൾ നടപ്പാത നിറഞ്ഞതിനാൽ റോഡിലൂടെ നടക്കേണ്ട ഗതികേടാണ് യാത്രക്കാർക്ക്. തിരക്കേറിയ വഴിയിൽ അപകടങ്ങൾ പതിവാകാൻ ഇത് ഇടയാക്കുന്നു. താലൂക്ക് വികസനസമിതിയിലടക്കം ഇക്കാര്യം പലതവണ ചർച്ചാവിഷയമായിട്ടുണ്ട്. ഗതാഗതക്രമീകരണത്തിനായി കളക്ടറുടെ നിർദേശപ്രകാരം പ്രത്യേക സമിതിയെ തിരഞ്ഞെടുക്കുകയുമുണ്ടായി. എന്നിട്ടും ഇതുവരെ പരിഹാരമൊന്നുമില്ല.
ഇ-പോസ് യന്ത്രം; റേഷന്‍ കടകളില്‍ ജനം വലയുന്നു കാര്‍ഡുടമകള്‍ക്ക് മണിക്കൂറുകളുടെ കാത്തിരിപ്പ്
പരവൂർ: റേഷന്‍ കടകളില്‍ ഏര്‍പ്പെടുത്തിയ ഇ- പോസ് യന്ത്രം ജനങ്ങള്‍ക്ക് നല്‍കുന്നത് ദുരിതം മാത്രം. മിക്ക റേഷന്‍ കടകളിലും മണിക്കൂറുകളുടെ കാത്തിരിപ്പാണ് കാര്‍ഡുടമകള്‍ക്ക് വേണ്ടിവരുന്നത്. റേഷന്‍ കടയുടമകളും കാര്‍ഡുടമകളും തമ്മിലുള്ള തര്‍ക്കം മിക്കയിടത്തും പതിവായിട്ടുണ്ട്. പലരുടെയും വിരല്‍ യന്ത്രത്തില്‍ പതിപ്പിക്കുമ്പോള്‍ ശരിയാവാത്തതാണ് തര്‍ക്കങ്ങള്‍ക്ക് കാരണമാകുന്നത്. സിമന്റ് ഉപയോഗിച്ചുള്ള പണികളും മറ്റും ചെയ്യുന്നവരുടെ വിരലടയാളം പതിക്കുന്നത് ഈ യന്ത്രങ്ങളില്‍ ശരിയാവുന്നില്ല. ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തവര്‍ക്കും റേഷന്‍ ലഭിക്കുന്നില്ല. ഇ-പോസ് യന്ത്രത്തിന്റെ സംസ്ഥാനതല നെറ്റ് വര്‍ക്കും പലപ്പോഴും തകരാറിലാണ്. വൈദ്യുതി കുറഞ്ഞ് യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കാത്തതും പല കടകളിലും റേഷന്‍ വിതരണത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. മറ്റുള്ളവരെ ആശ്രയിച്ച് റേഷന്‍ സാധനങ്ങള്‍ വാങ്ങുന്ന വയോജനങ്ങള്‍ക്കും പുതിയ സംവിധാനം ദുരിതമാണ്. കാര്‍ഡില്‍ പേരുള്ളവര്‍ക്ക് മാത്രമേ ഇപ്പോഴത്തെ സംവിധാനം വഴി റേഷന്‍ ലഭിക്കുകയുള്ളൂ. റേഷന്‍ കടകളില്‍ നേരിട്ട് പോകാന്‍ കഴിയാത്ത വയോജനങ്ങള്‍ക്കും രോഗബാധിതര്‍ക്കും ഇപ്പോള്‍ റേഷന്‍ കിട്ടാത്ത സ്ഥിതിയുണ്ട്.
തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ കാപ്പിലിനു പറയാനുള്ളത് അവഗണനയുടെ കഥകളാണ്. കരാറടിസ്ഥാനത്തിലാണ് ഇവിടെ ടിക്കറ്റ് വില്പന നടത്തിയിരുന്നത്. എന്നാൽ ടിക്കറ്റ് നൽകാൻ ആളില്ലാത്തതു കാരണം കൗണ്ടർ അടച്ചുപൂട്ടുകയായിരുന്നു. കരാറുകാരൻ സുഖമില്ലാതെ കിടപ്പിലായതിനെ തുടർന്ന് ടിക്കറ്റ് കൗണ്ടർ തുറക്കാതായി, ഇതോടൊപ്പം കരാർ കാലാവധിയും അവസാനിച്ചിരുന്നു. എന്നാൽ പിന്നീട് കരാർ പുതുക്കിയതുമില്ല. റെയിൽവേസ്റ്റേഷനിലെ അടിസ്ഥന സൗകര്യങ്ങളുടെ കാര്യത്തിലും കാപ്പിൽ സ്റ്റേഷൻ അവഗണന നേരിടുകയാണ്. ടോയ്ലെറ്ര്, കുടിവെള്ളം, വെളിച്ചം എന്നിവയുടെ അപര്യാപ്തതയും പ്ലാറ്റ്ഫോമുകളുടെ ഉയരക്കുറവും വൃദ്ധർ ഉൾപ്പെടെയുള്ള യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നു. തിരുവനന്തപുരം കൊല്ലം ഭാഗങ്ങളിലേക്ക് മെമു ഉൾപ്പെടെ പാസഞ്ചർ ട്രെയിനുകൾക്കെല്ലാം ഇവിടെ സ്റ്റോപ്പുണ്ട്. ടിക്കറ്റ് കൊടുക്കാൻ ആളില്ലാതായതോടെ യാത്രക്കാർ ദുരിതത്തിലായി. ചിലർക്ക് ട്രെയിൻ യാത്ര ഉപേക്ഷിക്കേണ്ടതായും വന്നു. കഴിഞ്ഞ ദിവസം ടിക്കറ്റില്ലാതെ യാത്ര ചെയ്ത കാപ്പിൽ സ്വദേശികളെ ടിക്കറ്റ് എക്സാമിനർ പിടികൂടി പിഴ ഈടാക്കിയിരുന്നു. തുടർന്ന് ഇതേച്ചൊല്ലി ജീവനക്കാരുമായി വാക്കേറ്റവും നടന്നു. 2012 അസാനകാലം വരെ ബ്ലോക്ക് സ്റ്റേഷൻ പദവിയായിരുന്നു കാപ്പിൽ റെയിൽവേസ്റ്റേഷന്. അതിവേഗ ദീർഘദൂര ട്രെയിനുകൾ വർദ്ധിച്ചതോടെ ചെറിയ സ്റ്റേഷനുകളുടെ പ്രസക്തി നഷ്ടപ്പെടുകയും ജീവനക്കാരെ പിൻവലിക്കുകയുമായിരുന്നു. ട്രെയിൻ സമയങ്ങളിൽ ടിക്കറ്റ് വിതരണത്തിന് മാത്രം ഒരു കൊമേഴ്സ്യൽ ജീവനക്കാരനെ നിയമിച്ചു. പിന്നീട് കൊമേഴ്സ്യൽ ജീവനക്കാരനെ പിൻവലിച്ച് ടിക്കറ്റ് വിതരണം കരാറടിസ്ഥാനത്തിലാക്കി. തീരദേശ മേഖലകൂടിയായ ഈ പ്രദേശത്തെ വിദ്യാർത്ഥികളും കൂലിപ്പണിക്കാരും ഉദ്യാഗസ്ഥരും രോഗികളും ഉൾപ്പെടെ നല്ലൊരു ജനവിഭാഗം തിരുവനന്തപുരം, കൊല്ലം ഭാഗത്തേക്ക് പോകുന്നതിന് പാസഞ്ചർ ട്രെയിനുകളെയാണ് ആശ്രയിക്കുന്നത്. വിനോദസഞ്ചാരകേന്ദ്രം കൂടിയായ കാപ്പിലിൽ എത്തുന്ന സഞ്ചാരികൾക്കും ട്രെയിൻ ഒരു ആശ്രയമായിരുന്നു.
പൗണ്ടുകടവിന് സമീപം രാത്രിയിൽ വൻതോതിൽ കോഴിവേസ്റ്റ് ഉൾപ്പെടെയുള്ള മാലിന്യം നിക്ഷേപിക്കാൻ ശ്രമിച്ചത് നഗരസഭ ആരോഗ്യ വിഭാഗം സ്പെഷ്യൽ സ്ക്വോഡ് കൈയോടെ പിടികൂടി. സംഭവത്തിൽ മാലിന്യം കയറ്റിവന്ന വാഹനം കസ്റ്റഡിയിലെടുത്തെങ്കിലും വാഹനത്തിലുണ്ടായിരുന്ന ജീവനക്കാർ ഓടി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ 3ന് ആയിരുന്നു സംഭവം. പരാതികളെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ഈ ഭാഗത്ത് നഗരസഭ ആരോഗ്യ വിഭാഗം സ്ക്വാഡ് രാത്രികാലങ്ങളിൽ നിരീക്ഷണം നടത്തിയിരുന്നു.
രാത്രി 2ന് പൗണ്ടുകടവിനും സ്റ്റേഷൻകടവിനും ഇടയ്ക്കുള്ള റെയിൽവേ ട്രാക്കിൽ രണ്ട് ചാക്ക് നിറയെ കോഴിവേസ്റ്റ് തള്ളുന്നതായി കണ്ടെത്തി. തുടർന്ന് ഈ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കോഴിവേസ്റ്റുമായെത്തിയ വാഹനം പിടികൂടിയത്. ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് തുമ്പ പൊലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു. നേരം പുലർന്നതോടെ സ്റ്റേഷൻകടവ് - പൗണ്ടുകടവ് റോഡിന്റെ ഒന്നര കിലോമീറ്റർ ഭാഗത്ത് 16 ഇടങ്ങളിൽ വൻതോതിലുള്ള കോഴിവേസ്റ്റ് നിക്ഷേപം കണ്ടെത്തി. ഹെൽത്ത് ഇൻസ്പെക്ടർ നടത്തിയ അന്വേഷണത്തിൽ നിരവധി ഇറച്ചിക്കടകൾ നടത്തുന്ന ആലിഫ് എന്ന സ്ഥാപനത്തിൽ നിന്നുള്ളതാണ് ഇവയെന്ന് കണ്ടെത്തി. തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ സ്ഥാപനത്തിന് നോട്ടീസ് നൽകി. ഇവിടെനിന്ന് സ്ഥിരമായി വേസ്റ്റെടുത്തിരുന്നത് സ്വകാര്യ ഏജൻസിയാണ്. കഴിഞ്ഞ നാല് ദിവസമായി ഇവർ ശേഖരിക്കാൻ വരാത്തതിനാൽ കുന്നുകൂടിയ വേസ്റ്റ് പൊതുസ്ഥലത്ത് നിക്ഷേപിക്കുകയായിരുന്നുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ വേസ്റ്റ് കൊണ്ടുപോകുന്ന ഏജൻസി ദിവസങ്ങളായി എത്താത്തതിനാൽ സ്ഥാപനത്തിന് സമീപം വലിയ പ്ലാസ്റ്റിക് വീപ്പകളിൽ ശേഖരിച്ച് ടാർപ്പ കൊണ്ട് മൂടിയിട്ടിരുന്നു. സ്ഥാപനത്തെ തകർക്കാൻ ആരോ മനപൂർവം റെയിൽവേ ട്രാക്കിലും പൊതുനിരത്തിലും നിക്ഷേപിക്കുകയായിരുന്നെന്ന് സ്ഥാപന ഉടമ അനാമുദീൻ മുംതാസ് പറഞ്ഞു. തങ്ങളുടെ ഇറച്ചിക്കടയിൽ നിന്നുള്ള വേസ്റ്റുകൾ നഗരസഭ അംഗീകരിച്ച ഏജൻസികളാണ് കൊണ്ടുപോകുന്നത്. രണ്ടുദിവസത്തിനകം എത്തുമെന്നാണ് അവർ അറിയിച്ചിരുന്നതെന്നും ഇപ്പോൾ പിടികൂടിയ വാഹനം തങ്ങളുടേതല്ലെന്നും ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ഉടമ ആവശ്യപ്പെട്ടു.
No comments:
Post a Comment