Thursday, 22 November 2018

ജീവിതത്തെ വെല്ലുവിളിച്ചു ചെറുപുഷ്‌പത്തിന്റെ ജീവിതം.

കണ്ണിൽ വെളിച്ചത്തിന്റെ കണികയേ ഉള്ളൂവെങ്കിലും ആത്മവിശ്വാസമാണ് ചെറുപുഷ്‌പത്തിന്റെ ജീവിതം. തളരാത്ത മനസിലൂടെ കുണ്ടറ കൊടുവിള ചെറുപുഷ്‌പസദനത്തിൽ സെബാസ്റ്റ്യൻ - ജോസഫീന ദമ്പതികളുടെ ഇളയവളായ ചെറുപുഷ്‌പം ജന്മനാലുള്ള കാഴ്‌ച വെെകല്യത്തെ പൊരുതി തോല്പിച്ചു. ആ പോരാട്ടം തുടങ്ങിയിട്ട് 46 വർഷമായി.

മത്സ്യത്തൊഴിലാളിയായിരുന്ന സെബാസ്റ്റ്യന് ഏഴ് ആൺമക്കളും മൂന്ന് പെൺമക്കളുമാണ്. മൂന്ന് സഹോദരിമാർക്കും കാഴ്ചയുടെ ലോകം അന്യമായിരുന്നു. സഹോദരൻമാർ കുടുംബത്തോടൊപ്പം മാറിത്താമസിക്കാൻ തുടങ്ങിയതോടെ അച്ഛനും ചേച്ചിമാർക്കും തളർന്നു കിടക്കുന്ന അമ്മയ്‌ക്കുമൊപ്പം ചോർന്നൊലിക്കുന്ന വീട്ടിലാണ് ചെറുപുഷ്പം താമസിക്കുന്നത്. ഇപ്പോൾ കുടുംബത്തിന്റെ ഏകാശ്രയവും ചെറുപുഷ്പമാണ്.

വർക്കലയിലെ ബ്ലൈൻഡ് സ്‌കൂളിൽ നിന്ന് കസേര വരിയുന്നതിനടക്കം ലഭിച്ച പരിശീലനമാണ് ഇവർക്കിപ്പോൾ അന്നം നൽകുന്നത്. സർക്കാർ ഓഫീസുകളിലെ കേടായ കസേരകളും മറ്റും വരിഞ്ഞാണ് ജീവിക്കുന്നത്. തിരുവനന്തപുരം ഏജീസ് ഓഫീസിലായിരുന്നു തുടക്കം. പിന്നെ പോസ്റ്റ് ഓഫീസുകൾ, മൃഗാശുപത്രി എന്നിവിടങ്ങളിലുമെത്തി. കസേരകളും മറ്റും വരിഞ്ഞ് ഭംഗിയാക്കുന്ന ചെറുപുഷ്‌പത്തിന്റെ പേര് ഓഫീസ് മേലധികാരികൾ നിർദ്ദേശിക്കുന്നത് പതിവായി. നിരവധി സർക്കാ‌ർ ഓഫീസുകളിലെ ഫർണിച്ചറുകൾക്ക് ചെറുപുഷ്പം പുതുജീവനേകി.

മൂന്നുമാസമായി കൊല്ലം പി.ഡബ്ലിയു.ഡി ഓഫീസിലെ കസേരകൾ നന്നാക്കുന്ന തിരക്കിലാണ്. ഓഫീസിലെ ആളൊഴിഞ്ഞ കോണാണ് ജോലിസ്ഥലം. ഇവിടെ ഇതുവരെ 36 കസേരകൾ നന്നാക്കി. രാവിലെ 9.30ന് ജോലിക്കെത്തും. ബസിലാണ് യാത്ര. വൈകിട്ട് അഞ്ചിന് മടങ്ങും.

തിരുവനന്തപുരം വിമെൻസ് കോളേജിൽ നിന്ന് ബി.എ മലയാളം പാസായ ചെറുപുഷ്‌പത്തിന് ഓരോദിവസം കഴിയുന്തോറും കാഴ്‌ച കുറയുകയാണ്. ചികിത്സ നടത്തിയിട്ടും പ്രയോജനമുണ്ടായില്ല. നേരിയ കാഴ്‌ചയുണ്ടായിരുന്നപ്പോൾ വാഹനം ഓടിക്കാൻ പഠിച്ചു. ഇപ്പോൾ അതിനുമാകില്ല. ഫോൺ വാങ്ങാൻ പണമില്ലാത്തതിനാൽ ജോലിക്ക് ആരെങ്കിലും അന്വേഷിച്ചാൽ അറിയാനും വൈകും. പോസ്റ്റ് ഓഫീസിൽ മുമ്പ് ചെറിയ സമ്പാദ്യ ശീലമുണ്ടായിരുന്നു. എന്നാൽ ഇടയ്‌ക്ക് ജോലി ഇല്ലാതായപ്പോൾ ഇതെടുത്തു. എങ്കിലും പുഞ്ചിരിച്ച് കൊണ്ട് ചെറുപുഷ്‌പം പറയും 'ജീവിതം ഇങ്ങനൊക്കെ പോകുന്നു".

'ഓഫീസിലെ ഫർണിച്ചർ റിപ്പയറുമായി ബന്ധപ്പെട്ട് ഒരാളെ അന്വേഷിച്ചപ്പോഴാണ് ചെറുപുഷ്‌പത്തെക്കുറിച്ചറിഞ്ഞത്. ജോലി കൃത്യമാണ്. കേടായ കസേരകൾ സ്വയം തപ്പിത്തടഞ്ഞ് കണ്ടെത്തും".

No comments:

Post a Comment