ശബരിമല സ്ത്രീപ്രവേശന പ്രശ്നത്തിൽ സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന എൻ.എസ്.എസിനു സന്തോഷമായിക്കൊള്ളട്ടെ എന്നാവും ഓർക്കാപ്പുറത്ത് ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി ധൃതിപിടിച്ച് സർക്കാർ പുറപ്പെടുവിച്ച ദേവസ്വം ബോർഡ് നിയമനവുമായി ബന്ധപ്പെട്ട ഒരുത്തരവ്. എന്നാൽ സർക്കാർ നീട്ടിവലിച്ചിട്ട ചൂണ്ടയിൽ എൻ.എസ്.എസ് കൊത്തിയില്ല. മാത്രമല്ല ഇത്തരം വലയിൽ കുടുങ്ങാൻ തങ്ങളെ കിട്ടാൻ പോകുന്നില്ലെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ തുറന്നടിക്കുകയും ചെയ്തു. ദേവസ്വം നിയമനങ്ങളിൽ മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവർക്ക് പത്തുശതമാനം സംവരണം നൽകുന്നതിന് ഇടതുപക്ഷ സർക്കാർ തീരുമാനമെടുത്തിട്ട് മാസങ്ങൾ പലതുകഴിഞ്ഞു. ഇതിനായുള്ള ചട്ടങ്ങൾ ഇതുവരെ കൊണ്ടുവന്നിരുന്നില്ല. വ്യാഴാഴ്ച രാത്രി വൈകി അത് പുറത്തിറക്കുകയായിരുന്നു. ധൃതിപിടിച്ച് ഈ ഘട്ടത്തിൽ അതു കൊണ്ടുവന്നതിനു പിന്നിൽ നല്ല ഉദ്ദേശ്യമല്ല എൻ.എസ്.എസ് കാണുന്നത്. ദേവസ്വം നിയമനങ്ങളിലെ മുന്നാക്ക സംവരണത്തെക്കാൾ എൻ.എസ്.എസിനു പ്രധാനം ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ വിശ്വാസ സംരക്ഷണം തന്നെയാണെന്നാണ് ജനറൽ സെക്രട്ടറിയുടെ നിലപാട്. ഫലത്തിൽ നേരത്തെ തന്നെ ഈ വിഷയത്തിൽ സംവരണ സമുദായങ്ങളിൽ നിന്ന് രൂക്ഷമായ എതിർപ്പു ക്ഷണിച്ചു വരുത്തിയ സർക്കാർ ആർക്കുവേണ്ടിയാണോ നിയമവിരുദ്ധമായ നടപടിക്കൊരുങ്ങിയത് അവർ പോലും അതിനെ തള്ളിപ്പറയുന്ന സ്ഥിതിയാണിപ്പോൾ.
സാമ്പത്തികമായ പിന്നാക്ക നില അടിസ്ഥാനമാക്കി ഏതെങ്കിലും ഒരു സമുദായത്തിന് ഉദ്യോഗ നിയമനങ്ങളിൽ സംവരണം അനുവദിക്കാൻ നിലവിൽ നിയമമില്ല. ഇതിനെതിരെ ആരെങ്കിലും കോടതിയെ സമീപിച്ചാൽ തീർപ്പ് സർക്കാർ തീരുമാനത്തിനെതിരായിരിക്കുമെന്ന് നിയമ സാക്ഷരതയുള്ള ആർക്കും അറിയാം. മുന്നാക്ക വിഭാഗക്കാരുടെ ചിരകാല ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ഇതുമുന്നണി സർക്കാർ തുടക്കമെന്ന നിലയിൽ ദേവസ്വം ബോർഡിൽ മുന്നാക്ക സംവരണം പരീക്ഷിക്കാനൊരുങ്ങിയത്. തീരുമാനം പുറത്തുവന്ന ഘട്ടത്തിൽത്തന്നെ നിയമവിദഗ്ദ്ധർ അതിലെ അപകടം ചൂണ്ടിക്കാണിച്ചതാണ്. എന്നാൽ വിവാദ തീരുമാനവുമായി സർക്കാർ മുന്നോട്ടുപോയി. ദേവസ്വം ബോർഡ് നിയമനങ്ങൾ ഇപ്പോൾദേവസ്വം റിക്രൂട്ട്മെന്റ് ബോർഡാണു നടത്തുന്നത്. മുന്നാക്ക സംവരണത്തിനായി ദേവസ്വം ബോർഡുകൾ സ്പെഷ്യൽ റൂൾ ഉണ്ടാക്കിയത് സർക്കാർ നിർദ്ദേശ പ്രകാരമാണ്. ഇത് സർക്കാർ അംഗീകരിച്ചതോടെ ഇനിമുതൽ ദേവസ്വം നിയമനങ്ങളിൽ മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവർക്ക് പത്തുശതമാനം സംവരണം ലഭിക്കുമെന്നാണ് വയ്പ്. എന്നാൽ നിയമനം കോടതി കയറിയാൽ വലിയൊരു നിയമയുദ്ധമായി അതു മാറുകയും ചെയ്യും.
സംസ്ഥാനത്തെ നാല് ദേവസ്വം ബോർഡുകളിലും ഇപ്പോൾ ജോലി നോക്കുന്നവരുടെ പട്ടിക പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും. നാലിടത്തും ബഹുഭൂരിപക്ഷം ജീവനക്കാരും മേൽജാതികളിൽ പെട്ടവരാണ്. ഏറ്റവും കൂടുതൽ ജീവനക്കാരുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഇത് തൊണ്ണൂറു ശതമാനത്തോളമാണെന്നാണു വിവരം. നിയമനങ്ങൾ ബോർഡുകൾ നേരിട്ടു നടത്തിക്കൊണ്ടിരുന്നതിന്റെ ബാക്കിപത്രമാണിത്. ചാർച്ചക്കാർക്കും സേവകർക്കും കൈക്കൂലി നൽകാൻ ത്രാണിയുള്ളവർക്കുമൊക്കെയായി നിയമനങ്ങൾ വീതിച്ചു നൽകുന്ന ഏർപ്പാടാണ് പതിറ്റാണ്ടുകളായി നടന്നുവന്നത്. പിന്നാക്ക വിഭാഗങ്ങൾക്ക് ഇത്തരം നിയമനങ്ങളിൽ എത്തിനോക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ബഹുഭൂരിപക്ഷം തസ്തികകളിലും മുന്നാക്കക്കാർ വാഴുന്ന ദേവസ്വം ബോർഡുകളിൽ യഥാർത്ഥത്തിൽ ചെയ്യേണ്ടിയിരുന്നത് ഇക്കാലമത്രയും അവസരങ്ങൾ നിഷേധിക്കപ്പെട്ട സമുദായങ്ങൾക്കായി പ്രത്യേകം റിക്രൂട്ട്മെന്റ് നടത്തുകയെന്നതാണ്. തൊണ്ണൂറു ശതമാനം ജീവനക്കാരും മുന്നാക്ക വിഭാഗക്കാരായ ദേവസ്വം ബോർഡുകളിൽ സാമ്പത്തികാവശതയുടെ പേരിൽ പത്തു ശതമാനം സംവരണം കൂടി നൽകുന്നതിലെ സാമൂഹ്യനീതി മനസിലാക്കാൻ വിഷമമാണ്. ദേവസ്വം ബോർഡുകളിൽ മാത്രമല്ല എല്ലാ സർക്കാർ നിയമനങ്ങളിലേക്കും സാമ്പത്തിക സംവരണ നയം വ്യാപിപ്പിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായേ ഇതിനെ കാണാനാവൂ. സംവരണത്തിന്റെ അടിസ്ഥാന തത്വം തന്നെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന സമുദായങ്ങളിൽ നിന്നുള്ളവരെ കൈപിടിച്ചുയർത്തുക എന്നതാണ്.
സാമ്പത്തിക നില സംവരണം നൽകുന്നതിന് അടിസ്ഥാനമാകുന്നുമില്ല. ഭരണഘടനയ്ക്കും അത് എതിരാണെന്ന് പരമോന്നത കോടതി പലവുരു വ്യക്തമാക്കിയിട്ടുള്ളതുമാണ്. ദേവസ്വം ബോർഡുകളിൽ സാമ്പത്തിക സംവരണ വ്യവസ്ഥ കൊണ്ടുവരാനുള്ള നീക്കമുണ്ടായ ഘട്ടത്തിൽ നിയമ സെക്രട്ടറി തന്നെ അതിന്റെ ആശാസ്യതയിൽ സംശയം പ്രകടിപ്പിച്ചിരുന്നു. സംസ്ഥാന അഡ്വക്കേറ്റ് ജനറലും സർക്കാർ തീരുമാനം കോടതിയിൽ നിരാകരിക്കപ്പെടാനുള്ള സാദ്ധ്യത ചൂണ്ടിക്കാട്ടിയതാണ്. നിയമോപദേശങ്ങൾ എതിരായിട്ടും ദേവസ്വം ബോർഡുകളിൽ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള വ്യഗ്രതയിലാണ് സർക്കാർ. സ്പെഷ്യൽ റൂളും തയ്യാറാക്കി നിയമനത്തിന് ഒരുങ്ങുമ്പോൾ അതിന്റെ ഗുണഭോക്താകളാകേണ്ടവർ തന്നെ മുഖം തിരിഞ്ഞുനിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇപ്പോഴത്തെ സവിശേഷ സാഹചര്യത്തിൽ ധൃതിപിടിച്ച ഈ നീക്കം സർക്കാരിന്റെ ഉദ്ദേശ്യ ലക്ഷ്യത്തെ തോല്പിക്കുന്നതുമായി.
Sunday, 4 November 2018
പിണറായി സർക്കാരിന്റെ സാമ്പത്തിക സംവരണവും തിരിഞ്ഞു കൊത്തുന്നു
Subscribe to:
Post Comments (Atom)
No comments:
Post a Comment