പുകച്ചുരുളിൽ യൗവനം: പിടിമുറുക്കി കഞ്ചാവ് മാഫിയ
കൊല്ലം നഗരത്തിലും പരിസരപ്രദേശങ്ങളിലും കഞ്ചാവിന്റെയും മറ്റ് മാരക ലഹരിമരുന്നുകളുടെയും നിരോധിത പുകയില ഉത്പന്നങ്ങളുടെയും വിൽപ്പന പൊടിപൊടിക്കുന്നു.
എക്സൈസും സ്പെഷ്യൽ സ്ക്വാഡും പോലീസും ഉൾപ്പെടെയുള്ള അധികാരികളുടെ നടപടികളെ നിഷ്പ്രഭമാക്കിയാണ് ലഹരി മാഫിയ ജില്ലയിൽ തഴച്ചുവളരുന്നത്. ലഹരി ഉപയോഗിക്കുന്നതിലേറെയും യുവാക്കളും വിദ്യാർഥികളുമാണ്. ബൂർഫിനോൾഫിൻ ഇനത്തിൽപ്പെട്ട വേദനസംഹാരി ഗുളികയ്ക്കാണ് വിദ്യാർഥികൾക്കിടയിൽ ഏറെ പ്രിയം. വിലക്കുറവും എളുപ്പത്തിൽ പിടിക്കപ്പെടുകയില്ലെന്നതുമാണ് വിദ്യാർഥികളെ ഇതിലേക്ക് ആകർഷിക്കുന്നത്. ഡൽഹിയിലും തമിഴ്നാട്ടിൽ നാഗർകോവിലനടുത്തുനിന്നുമാണ് ഗുളികകൾ എത്തുന്നത്. മൂന്ന് ഡോക്ടർമാരടങ്ങിയ സംഘത്തിന്റെ കുറിപ്പടിയില്ലാതെ ഇത് നൽകാൻ പാടില്ലെന്നാണ് നിയമം. 14.95 രൂപ വിലയുള്ള ബൂർഫിനോൾഫിൻ അവിടെനിന്ന് വാങ്ങി 400 രൂപയ്ക്കാണ് ഇവിടെ വിൽക്കുന്നത്. നിരോധിക പുകയില ഉത്പന്നങ്ങളുടെ കച്ചവടവും പൊടിപൊടിക്കുന്നു.
യുവാക്കളും കുട്ടികളും ലഹരിക്ക് അടിമകളാകുന്നതിനൊപ്പം വിൽപ്പനയിലും ലഹരികടത്തിലും പങ്കാളികളാവുകയും ചെയ്യുന്നു. ലഹരിക്ക് അടിമകളാകുന്ന മധ്യവയസ്സിനുമുകളിലുള്ളവരുടെ എണ്ണവും ഭയാനകമായി വർധിക്കുന്നു. ആരോഗ്യം ക്ഷയിച്ച് കുടുംബത്തിനും നാട്ടുകാർക്കും ബാധ്യതയായി മാറുകയാണ് ഇക്കൂട്ടർ. ഇവരുടെ ചികിത്സയ്ക്കുംമറ്റുമായി വൻ തുക ചെലവഴിച്ച് വലിയ കടബാധ്യതയിലായ കുടുംബങ്ങളും ഏറെ. ലഹരിക്ക് അടിമകളാകുന്ന യുവാക്കളിലേറെയും ജോലിപോലും ഉപേക്ഷിച്ച് രാപകൽ ഇതിനായി സമയം ചെവഴിക്കുന്നു. ലഹരിക്കുള്ള പണം കണ്ടെത്തേണ്ടിവരുമ്പോൾ ഇത്തരം യുവാക്കളിൽ പലരും നിരവധി കുറ്റകൃത്യങ്ങളിലും പെടുന്നു.
യുവാക്കൾക്കിടയിൽ പിടിമുറുക്കിയ ലഹരി മാഫിയകളാണ് ജില്ലയിൽ ഗുണ്ടാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഇരവിപുരം, കൊട്ടിയം, ആശ്രാമം പുള്ളിക്കട, തങ്കശ്ശേരി, കാവനാട്, ശക്തികുളങ്ങര, ചകിരിക്കട, മൈലാപ്പൂര് ഭാഗങ്ങൾ കേന്ദ്രീകരിച്ച് ഇത്തരം നിരവധി സംഘങ്ങളാണ് പ്രവർത്തിക്കുന്നത്. ഇവർക്ക് രാഷ്ട്രീയ സംഘടനകൾ നൽകുന്ന പിന്തുണ കാരണം ആർക്കും ചോദ്യം ചെയ്യാനാവാത്ത അവസ്ഥയാണ്. എക്സൈസിനെയും പോലീസിനെയും വെല്ലുവിളിച്ചുകൊണ്ടാണ് പലപ്പോഴും ഇവരുടെ പ്രവർത്തനങ്ങൾ. ഇരവിപുരം അടക്കിവാഴുന്ന ഗുണ്ടാനേതാവ് പോലീസിനെവരെ ആക്രമിച്ചു. ഉന്നതങ്ങളിലെ ഇടപെടലുണ്ടാകുന്നതോടെ ഇവർക്കൊന്നും അർഹിക്കുന്ന ശിക്ഷ ലഭിക്കാറുമില്ല.
ലഹരി മാഫിയ നടത്തിയ നടുക്കുന്ന കൊലപാതകങ്ങൾ
കൊല്ലം നഗരത്തെ നടുക്കിയതായിരുന്നു രഞ്ജിത്ത് ജോൺസൻ കൊലക്കേസ്. കുപ്രസിദ്ധരായ ലഹരി മാഫിയ ആസൂത്രണംചെയ്ത് നടപ്പാക്കയതായിരുന്നു ആ കൊലപാതകം. ലഹരിയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ ചേർന്നാണ് കൊല നടത്തിയത്. രഞ്ജിത്ത് ജോൺസനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കാറിൽക്കയറ്റി കൊണ്ടുപോയവർ സംഘംചേർന്ന് മർദിച്ച് കൊലപ്പെടുത്തിയശേഷം തമിഴ്നാട്ടിലെത്തിച്ച് ക്വാറി വേസ്റ്റ് തള്ളുന്ന വിജനമായ സ്ഥലത്ത് കുഴിച്ചുമൂടുകയായിരുന്നു. കേസെടുത്ത കിളികൊല്ലൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലയാളികൾ കുടുങ്ങിയത്. കൊല്ലത്ത് ലഹരി മാഫിയയിലെ പ്രധാനിയുടെ നിർദേശപ്രകാരമായിരുന്നു സംഘംചേർന്ന് നടത്തിയ കൊലപാതകം.
കണ്ണനല്ലൂരിൽ ലഹരിക്കടിമയായ കാമുകന്റെ കത്തിക്കിരയായാണ് വീട്ടമ്മയായ യുവതി കൊല്ലപ്പെട്ടത്. പള്ളിമണിൽ യുവാവിന്റെ ദാരുണ മരണത്തിനുപിന്നിലും ലഹരിയുടെ കടുംകൈയായിരുന്നു.
കഞ്ചാവുപിടിത്തം തകൃതി; പക്ഷേ തുടരന്വേഷണമില്ല.
ജില്ലയിൽ ചെറുതും വലുതുമായ കഞ്ചാവുപിടിത്തം തകൃതിയായി നടക്കുന്നു. ആറുമാസത്തിനുള്ളിൽ കൊല്ലം, ചാത്തന്നൂർ എക്സൈസ് റേഞ്ചുകളുടെ പരിധിയിൽ നൂറോളം കഞ്ചാവുകേസുകൾ രജിസ്റ്റർ ചെയ്തു. ചില കേസുകളിൽ പ്രതികൾ അറസ്റ്റിലായെങ്കിലും തുടരന്വേഷണം നടക്കുന്നില്ലെന്നാണ് ആക്ഷേപം. അന്യസംസ്ഥാനങ്ങളിൽനിന്നാണ് കഞ്ചാവ് ഏറെയും എത്തുന്നത്. കഞ്ചാവ് മൊത്തമായി കടത്തുന്നവർമുതൽ ചെറുപൊതികളാക്കി കച്ചവടം നടത്തുന്നവർവരെ കണ്ണികളിലുണ്ട്. റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ, വാളത്തുംഗൽ, ചിറവയൽ, കൂനമ്പായിക്കുളം, മൈലാപ്പൂര്, മയ്യനാട്, അയത്തിൽ, ബൈപ്പാസ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന സജീവമാണ്.
ലഹരിവിപണനരംഗത്ത് പ്രവർത്തിക്കുന്നവരിലേറെയും കഞ്ചാവുകേസിൽ പിടിയിലായി ജാമ്യത്തിലിറങ്ങിയവരാണ്. പലരും ലഹരിക്കടിമകളുമാണ്. ഇത്തരക്കാരെ പിടികൂടുന്നതല്ലതെ കാര്യമായ തുടരന്വേഷണമുണ്ടാകാറില്ലെന്നാണ് ആക്ഷേപം. അന്യസംസ്ഥാനങ്ങളിൽ പോയി അന്വേഷണം നടത്തുന്നതിന് ഉന്നതങ്ങളിൽനിന്ന് അനുമതി ലഭിക്കാറില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പറയുന്നു.
പശമുതൽ ഹാഷിഷ്വരെ
ലഹരിയുടെ മത്തുപിടിക്കാൻ ടയറിന്റെ പങ്ചർ ഒട്ടിക്കാൻ ഉപയോഗിക്കുന്ന പശമുതൽ കഞ്ചാവ് വാറ്റിയെടുക്കുന്ന ഹാഷിഷ്വരെ ഉപയോഗിക്കുന്നതായി കണ്ടെത്തൽ. കഴിഞ്ഞയാഴ്ച കൊട്ടിയത്തുനിന്ന് ഹാഷിഷും ശക്തികുളങ്ങരയിൽനിന്ന് എം.ഡി.എം.എ. യിൽപ്പെടുന്ന മെത്താക്കിലോൺ എന്ന പൊടിരൂപത്തിലുള്ള ലഹരിമരുന്നും പിടികൂടിയതോടെ കൊല്ലവും വൻകിട ലഹരി മാഫിയയുടെ പിടിയിലായതായി വിലയിരുത്തുന്നു. ടയറിന്റെ പങ്ചർ ഒട്ടിക്കുന്ന പശ പ്ലാസ്റ്റിക് കവറിൽ ചൂടാക്കി മൂക്കിലൂടെ വലിച്ചുകയറ്റുന്നതും കുട്ടികൾക്കിടയിൽ വ്യാപകമാണ്. നൈട്രാസെപ്പാം ഗുളികകളും വിദ്യാർഥികൾക്കിടയിൽ വ്യാപകമായി. രണ്ടാഴ്ചമുൻപ് ഹാഷിഷ് ഓയിൽ കൊട്ടിയത്തുനിന്ന് പിടികൂടിയിരുന്നു.
വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഹാഷിഷ് പിടിച്ചെടുത്തതിനെത്തുടർന്ന് ഗൃഹനാഥനെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ പ്രധാന പ്രതിയായ ഇയാളുടെ മകൻ ഒളിവിലാണ്. എന്നാൽ പ്രതികളുടെ ഉന്നത രാഷ്ട്രീയബന്ധംകാരണം അന്വേഷണം നിലച്ചമട്ടാണെന്ന് നാട്ടുകാർ പറയുന്നു .ഇടവേളയ്ക്കുശേഷം നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപ്പനയും വൻതോതിൽ വർധിക്കുന്നതായാണ് കണ്ടെത്തൽ.
ആദ്യം കാതുകുത്തി കമ്മലിടും, ലഹരി നൽകി വാഹകരാക്കും ചൈൽഡ് ലൈനിന് പരാതി നൽകിയിട്ടും നടപടികളില്ല
കൊട്ടിയത്തിനു സമീപത്തെ യു.പി.സ്കൂൾ വിദ്യാർഥിയെ ലഹരി മാഫിയ വലയിലാക്കി ആദ്യം കാതുകുത്തി. പിന്നീട് തുടർച്ചയായി ലഹരിഗുളികകൾ നൽകി. സ്കൂളിലെ ഇടവേളസമയത്തെല്ലാം കുട്ടി ഓടി ഇവരുടെ അടുത്തെത്തി ഇടപഴകുന്നതുകണ്ട നാട്ടുകാർ വിവരം പഞ്ചായത്ത് അംഗത്തെ ധരിപ്പിച്ചതോടെയാണ് ലഹരി മാഫിയയുടെ ചെയ്തികൾ പുറംലോകമറിഞ്ഞത്. പഞ്ചായത്ത് അംഗം വിവരം സ്കൂൾ അധികൃതരെ അറിയിച്ചു. സ്കൂൾ പ്രഥമാധ്യാപകനടക്കം കുട്ടിയെ ചോദ്യംചെയ്തപ്പോഴാണ് കുട്ടി വിവരങ്ങൾ വെളിപ്പെടുത്തിയത്.
സംഭവം സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ റിപ്പോർട്ട് ചെയ്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റി സ്കൂളിലെത്തി കുട്ടിയുടെ വിശദമായ മൊഴിയെടുത്തു. പത്തുദിവസം കഴിഞ്ഞിട്ടും തുടർനടപടികളൊന്നുമുണ്ടായില്ല. ഗുരുതരമായ കുറ്റമായിട്ടും ഏറെ ഉത്തരവാദപ്പെട്ട ചൈൽഡ് ലൈൻ നടപടികളെടുക്കാത്തതിൽ ശക്തമായ പ്രതിഷേധം പ്രദേശത്ത് രൂപപ്പെടുകയാണ്.
മക്കൾ ലഹരിച്ചുഴിയിൽ വീഴുന്നു; നിസ്സഹായരായി രക്ഷിതാക്കൾ
നഗരപ്രദേശങ്ങളും ഗ്രാമവും ഒരുപോലെ ലഹരി മാഫിയകളുടെ കേന്ദ്രങ്ങളാകുന്നു. ലഹരി ഉപഭോക്താക്കളിൽ കൗമാരക്കാരുടെ എണ്ണം ഗണ്യമായി വർധിക്കുന്നതായാണ് കണക്കുകൾ. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾക്ക് കുട്ടികൾ അടിമപ്പെടുന്നത് രക്ഷിതാക്കളെ ആശങ്കയിലാഴ്ത്തുന്നു. കുട്ടികളുടെ ലഹരി ഉപയോഗം കണ്ടുപിടിക്കാനോ നിയന്ത്രിക്കാനോ ആകാതെ നിസ്സഹായാവസ്ഥയിലാണ് മിക്ക രക്ഷിതാക്കളും.
സ്കൂൾ, കോളേജ് വിദ്യാർഥികളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ ലഹരി മാഫിയ പ്രവർത്തിക്കുന്നത്. കഞ്ചാവുമുതൽ ഹെറോയിൻവരെ ഗ്രാമാന്തരങ്ങളിൽപ്പോലും സുലഭം. കൗമാരക്കാരായ സ്കൂൾ വിദ്യാർഥികളെയാണ് ലഹരി കടത്തുന്നതിനും കച്ചവടത്തിനും കൂടുതലും ഉപയോഗിക്കുന്നത്. പിടിക്കപ്പെട്ടാൽ മൈനർ എന്ന ആനുകൂല്യത്തിൽ ശിക്ഷയിൽ ലഭിക്കുന്ന ഇളവും തുടരന്വേഷണം നിലയ്ക്കുന്നതുമാണ് ഇതിനുപിന്നിൽ.
സ്കൂളുകൾ കേന്ദ്രീകരിച്ച് വലിയ സംഘങ്ങളാണ് ഇതിനായി പ്രവർത്തിക്കുന്നത്. വിൽപ്പനക്കാരിൽ സ്ത്രീകളടക്കമുള്ളതിനാൽ കൂടുതൽ ആളുകൾ ലഹരി ഉപയോഗിക്കുന്നതിൽ ആകൃഷ്ടരാകുന്നു. കൊട്ടിയം, മൈലാപ്പൂര്, കണ്ണനല്ലൂർ, മയ്യനാട് ഭാഗങ്ങൾ ലഹരി മാഫിയയുടെ വിഹാരകേന്ദ്രമായി. സന്ധ്യമയങ്ങിയാൽ ഇടറോഡുകളെല്ലാം ഇത്തരക്കാരുടെ ചെറുസംഘങ്ങൾ കൈയടക്കും. ആഡംബര ബൈക്കുകളിലാണ് കൗമാരം വിട്ടുമാറാത്തവർപോലും എത്തുന്നത്. ഇവരെ വലയിലാക്കാൻ പണവും ബൈക്കും കഞ്ചാവും ഒക്കെയാണ് നൽകുന്നത്. ഇവർക്ക് പലപ്പോഴും കായിക പിന്തുണയും സംഘം നൽകും. സഹപാഠികൾക്കിടയിൽ ഹീറോ ആയി വിലാസാനുള്ള സാഹചര്യം കിട്ടുന്നതോടെയാണ് പലരും ഇവരുടെ വലയിൽ കുടുങ്ങുന്നത്. ഏതെങ്കിലും ചെറിയ കേസിൽപ്പെട്ടാൽ പിന്നീടൊരിക്കലും രക്ഷപ്പെടാനാകാത്തവിധം സംഘം വല മുറുക്കും.
ആദ്യം സൗജന്യമായി ലഹരി നൽകിയാണ് കുട്ടികളെ വലയിലാക്കുന്നത്. ലഹരിക്കടിമപ്പെട്ടാൽ സഹപാഠികളെ കൂടെക്കൂട്ടി ഇവർ സംഘം വിപുലമാക്കും. ലഹരിക്കായി പണം കണ്ടെത്താൻ അന്യരുടെ മുൻപിൽ കൈനീട്ടാനും മടിക്കില്ല. ബസ് സ്റ്റാൻഡുകൾ, റെയിൽവേ ഗേറ്റുകൾ, പെട്രോൾ പമ്പുകൾ എന്നിവിടങ്ങളിലെല്ലാം ബസ് കൂലിക്കായും വണ്ടിക്ക് പെട്രോൾ അടിക്കാനെന്നപേരിലും പണം ആവശ്യപ്പെടുന്ന കുട്ടികളെ കാണാം.
മയ്യനാട്ട് പ്രശസ്തമായ സ്കൂളിലെ വിദ്യാർഥി ലഹരിക്കടിമപ്പെട്ട് തീവണ്ടിക്കുമുന്നിൽ ചാടി മരിച്ചത് നാട്ടുകാരെ ഞെട്ടിച്ചിരുന്നു. രക്ഷിതാക്കളുടെ ഏക മകനാണ് കഞ്ചാവിനടിമയായി ജീവനൊടുക്കിയത്.
കുട്ടികളെ കഞ്ചാവ് ഉപയോഗിക്കാനും വിതരണം ചെയ്യാനും പ്രേരിപ്പിക്കുന്നവരുടെ പേരിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാൻ എൻ.ഡി.പി.എസ്. ആക്ടിൽ വ്യവസ്ഥയുണ്ട്. ഇരകൾ കുട്ടികളാണങ്കിൽ ചെറിയ അളവിലുള്ള കഞ്ചാവാണ് പിടിച്ചെടുക്കുന്നതെങ്കിലും പ്രതികൾക്ക് കനത്തശിക്ഷ നൽകാനാകും.
മയ്യനാട് വെള്ളമണൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിനുസമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലെ കെട്ടിടം താവളമാക്കിയ സംഘത്തിൽനിന്ന് കഞ്ചാവുമായി ചിലരെ രണ്ടുമാസംമുൻപ് പിടികൂടിയിരുന്നു. എന്നാൽ രാഷ്ട്രീയ സമ്മർദത്തിനു വഴങ്ങി ഒരാൾക്കെതിരേ പേരിനൊരു കേസെടുത്തശേഷം മറ്റുള്ളവരെ വിട്ടയച്ചു. കൊട്ടിയം കേന്ദ്രമാക്കി നിരവധി ലഹരി മാഫിയകളാണുള്ളത്. അന്യസംസ്ഥാനങ്ങളിൽനിന്നടക്കം ലഹരിമരുന്നുകൾ കടത്തിക്കൊണ്ടുവന്ന് ചെറുകിട കച്ചവടം നടത്തുന്നവരും ഇക്കൂട്ടത്തിലുണ്ട്.
നാടാകെ കള്ളുഷാപ്പുകൾ ചെത്തുകാർ വിരലിലെണ്ണാവുന്നവർ മാത്രം
കൊല്ലം, ചാത്തന്നൂർ റേഞ്ചിൽ തുറന്നുപ്രവർത്തിക്കുന്നത് 22 കള്ളുഷാപ്പുകൾ. എന്നാൽ ചെത്തുകാർ വിരലിലെണ്ണാവുന്നവർ മാത്രം. ദിവസേന നൂറുകണക്കിന് ലിറ്റർ കള്ളാണ് ഇവിടങ്ങളിൽ വിൽക്കുന്നത്. എല്ലാം പാലക്കാട്ടുനിന്ന് എത്തുന്ന വ്യാജക്കള്ളും. ചിറ്റൂരിലും കൊഴിഞ്ഞാമ്പാറയിലുമുണ്ടാക്കുന്ന കള്ളാണ് കിലോമീറ്ററുകൾ താണ്ടി കൊല്ലത്തെ ഷാപ്പുകളിൽ നുരയുന്നത്.
കള്ളിലെ മായം കേട്ടാൽ കുടിയന്മാരും ഞെട്ടും. 18 ലിറ്ററിന്റെ കുടം നിറയെ വ്യാജക്കള്ളുണ്ടാക്കാൻ ഒന്നരലിറ്റർ ഒർജിനൽ തെങ്ങിൻ കള്ള് മതി. പിന്നെ വേണ്ടത് സോഡിയം ബൈകാർബണേറ്റ്, സോഡിയം ലോറൽ സൾഫേറ്റ്, സാക്കറിൻ, ടൈറ്റാനിയം ഡയോക്സൈഡ് എന്നീ രാസവസ്തുക്കൾ. കൂടെ അരക്കിലോഗ്രാം പഞ്ചസാര. ഇവയെല്ലാം കുടത്തിലിട്ട് കലക്കി തെളിച്ചെടുത്താൽ ഒർജിനലിനെ വെല്ലുന്ന വ്യാജനായി. ലിറ്ററിന് ചെലവ് 20 രൂപയിൽ താഴെ. വിപണിയിൽ വിൽക്കുന്നത് 250 രൂപയോളം വിലയ്ക്ക്.
വ്യാജക്കള്ളുണ്ടാക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളെല്ലാം മാരകവിഷമാണ്. സോഡിയം ലോറൽ സൾഫേറ്റ് അലക്കുപൊടിയിൽ പതയുണ്ടാക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ്. ശരീരത്തിന് ഏറെ ഹാനികരമാണിത്. ടൈറ്റാനിയം ഡയോക്സൈഡ് പെയിൻറ് നിർമാണത്തിൽ കളറിനായി ഉപയോഗിക്കുന്ന രാസവസ്തുവാണ്. ഇതിന്റെ ഉപയോഗം മാരകമായ അസുഖങ്ങൾക്ക് കരണമാകും. സോഡിയം ബൈകാർബണേറ്റ് എന്ന അപ്പക്കാരവും പഞ്ചസാരയുടെ 300 ഇരട്ടി മധുരം നൽകുന്ന സാക്കറിനും അമിതമായാൽ വലിയ പ്രശ്നങ്ങളുണ്ടാക്കുന്ന രാസവസ്തുക്കളാണ്. ഇവയെല്ലാം ചേർത്തുണ്ടാക്കുന്ന വ്യാജക്കള്ളിന് കൂടുതൽ ലഹരിയുണ്ടാകും. അധിക ലഹരിക്ക് സ്പിരിറ്റും ചേർക്കും.
ഇതിനായി വൻതോതിൽ സ്പിരിറ്റ് കടത്തുന്നതായാണ് വിവരം. 20 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 660 ലിറ്റർ സ്പിരിറ്റ് ഏതാനും ദിവസംമുൻപ് കരുനാഗപ്പള്ളി തഴവയിൽനിന്ന് പിടികൂടിയിരുന്നു.
No comments:
Post a Comment