Monday, 5 November 2018

സർക്കാർ ആംബുലൻസുകൾ കട്ടപ്പുറത്ത്; സ്വകാര്യ ആംബുലൻസുകൾക്ക് ചാകര

കൊട്ടിയം : വിവിധ സർക്കാർവകുപ്പുകളിലെ ആംബുലൻസുകൾ കട്ടപ്പുറത്തായതോടെ സ്വകാര്യ ആംബുലൻസുകൾ നടത്തുന്നത് തീവെട്ടിക്കൊള്ള. അടിയന്തരഘട്ടങ്ങളിൽ രോഗികൾക്ക്‌ ആശ്രയമാകേണ്ട ആംബുലൻസുകളാണ് സന്ദർഭംമുതലാക്കി അമിത തുക ഈടാക്കുന്നത്.

ജില്ലയിൽ ആരോഗ്യവകുപ്പിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുമടക്കം 150 ഓളം ആംബുലൻസുകൾ സർക്കാർ ഉടമസ്ഥതയിലുണ്ടെന്നാണ് കണക്ക്. ഇതിൽ 90 ശതമാനവും കട്ടപ്പുറത്താക്കി ഉപേക്ഷിച്ചനിലയിലാണ്. അറ്റകുറ്റപ്പണികൾക്ക് കയറ്റുന്ന ആംബുലൻസുകൾ ഒന്നും പിന്നെ പുറംലോകം കാണുന്നില്ല. പണമനുവദിക്കുന്നതിനുള്ള നൂലാമാലകൾ കാരണം വർക്ക്ഷോപ്പുകളിൽനിന്ന്‌ ഇവയൊന്നും പുറത്തെടുക്കാൻ കഴിയുന്നില്ലെന്ന് ആംബുലൻസ് ഡ്രൈവർമാർതന്നെ പറയുന്നു.

പല വകുപ്പുകളിലും ഡ്രൈവർ തസ്തികയിൽ ഓടാത്ത ആംബുലൻസിന് ഡ്രൈവർമാർ ഉണ്ടെങ്കിലും അവർ ശമ്പളം പറ്റാൻ മറ്റ് ഓഫീസ് ജോലികൾ ചെയ്തുവരുന്നു. സുനാമി ദുരിതാശ്വാസ ഫണ്ടിൽനിന്ന്‌ തീരദേശ പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾക്ക് ലക്ഷങ്ങൾചെലവഴിച്ചുവാങ്ങിയ ആംബുലൻസുകളിൽ ഒന്നുപോലും ഓടുന്നില്ല.

സർക്കാർ ആംബുലൻസുകൾ നിരത്തൊഴിഞ്ഞതോടെ സ്വകാര്യമേഖലയുടെ കൈയിലായി ആംബുലൻസ് സേവനം. ഇവരാകട്ടെ ഒരുമാനദണ്ഡവുമില്ലാതെ പണംവാങ്ങുന്നതായി വ്യാപകമായ പരാതികളുമുണ്ട്. പല ആംബുലൻസുകളും സ്വകാര്യ ആശുപത്രികളുടെ ഏജൻറുമാരായാണ് ഓടുന്നതെന്ന ആക്ഷേപവുമുണ്ട്‌. പെരുമ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന്‌ അത്യാസന്നനിലയിലുള്ള രോഗിയെ കൊട്ടിയത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കാൻ നിർദേശിച്ചെങ്കിലും രോഗി എത്തിയത് ബൈപ്പാസിലെ സ്വകാര്യ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ. പെരുമ്പുഴയിൽനിന്ന്‌ കണ്ണനല്ലൂർ വഴി ഇവിടെയെത്തിയതിന് ആംബുലൻസ് ഈടാക്കിയത് 3800 രൂപ. രോഗി ഗുരുതരാവസ്ഥയിലായതിനാൽ പിന്നെ ഇവിടെ പ്രവേശിപ്പിക്കാനെ മാർഗമുള്ളൂ.

കവലകൾതോറും ടാക്സികളേക്കാൾ ആംബുലൻസുകൾ ഉണ്ടെന്നാണ് കണക്ക്. എന്നാൽ ഇവയ്ക്ക് തുക ഈടാക്കുന്നതിനുള്ള നിബന്ധനകൾ ഒന്നും സർക്കാർ നിശ്ചയിച്ചിട്ടില്ല.

No comments:

Post a Comment