Thursday, 1 March 2018

SREEDEVI ശ്രീദേവി യാത്രയായി മോഹങ്ങള്‍ ബാക്കി വച്ച്


എന്തു കൊണ്ടാണെന്നറിയില്ല, എന്തെന്നില്ലാത്ത ഭയം തോന്നുന്നു എന്ന അമിതാബ് ബച്ചന്റെ ട്വീറ്റ് വന്നതിന് തൊട്ടുപിന്നാലെയായിരുന്നു ശ്രീദേവിയുടെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്തകളും പുറത്തു വന്നത്. 
നിരവധി ചിത്രങ്ങളില്‍ ശ്രീദേവിക്കൊപ്പം അഭിനയിച്ച ബച്ചന്‍, 15 വര്‍ഷത്തെ ഇടവേളക്ക് ശേഷം ശ്രീദേവി സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലും അവര്‍ക്കൊപ്പം അഭിനയിച്ചിരുന്നു. 
രാഷ്ട്രപതി രാംനാഥ് കോവിന്ദ്- ലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയം തകര്‍ത്താണ്  അവര്‍ കടന്നു പോകുന്നത്. അവരുടെ പ്രകടനം മറ്റ് അഭിനേതാക്കള്‍ക്ക് പ്രചോദനമാകും. 
പ്രധാനമന്ത്രി നരേന്ദ്ര മോദി- ചലച്ചിത്ര രംഗത്തെ അനുഭവസമ്പന്നയായ കലാകാരിയായിരുന്ന അവരുടെ  ദൈര്‍ഘ്യമേറിയ സിനിമാ ജീവിതത്തില്‍ വ്യത്യസ്തവും അവിസ്മരണീയവുമായ നിരവധി കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നു. 
കമല്‍ ഹാസന്‍- കൗമാരക്കാരിയായ പെണ്‍കുട്ടിയില്‍ നിന്ന് മഹാത്തായ ഒരു സ്ത്രീയിലേക്കുള്ള ശ്രീദേവിയുടെ പരിവര്‍ത്തനത്തിന് താന്‍ സാക്ഷിയായിരുന്നു. അര്‍ഹതപ്പെട്ട താരപദവിയായിരുന്നു അവള്‍ക്ക് ലഭിച്ചത്. അവസാനവട്ടത്തെ കണ്ടുമുട്ടലുള്‍പ്പടെ അവരോടൊപ്പമുള്ള നിരവധി ആഹ്ലാദ പൂര്‍ണ്ണമായ നിമിഷങ്ങളാണ് മനസ്സിലൂടെ മിന്നി മറയുന്നത്. ശ്രീദേവിയുടെ അസ്സാന്നിധ്യം വേദനിപ്പിക്കും.
സേജല്‍ അലി-എന്റെ അമ്മയെ ഒരിക്കല്‍ കൂടി നഷ്ടമായി(മോം എന്ന ചിത്രത്തില്‍ ശ്രീദേവിയുടെ മകളുടെ വേഷം കൈകാര്യം ചെയ്ത നടി ) 
 ഋഷികപൂര്‍- മരണവാര്‍ത്ത കേട്ടാണ് ഉറക്കമുണര്‍ന്നത്, നടുങ്ങിപ്പോയി, ബോണിയോടും മക്കളോടും അനുശോചനം രേഖപ്പെടുത്തുന്നു. 
അമീര്‍ ഖാന്‍- അകാലത്തിലുള്ള ശ്രീദേവിജിയുടെ വിയോഗം ഏറെ ദുഖത്തിലാഴ്ത്തി, ഞാന്‍ എക്കാലത്തും അവരുടെ അഭിനയത്തിന്റെയും  സ്വാഭാവത്തിലെ സൗകുമാര്യതയുടേയും കുലീനത്വത്തിന്റെയും കടുത്ത ആരാധാകനായിരുന്നു. എല്ലാ കുടുംബാംഗങ്ങളെയും അനുശോചനം അറിയിക്കുന്നു. അവരുടെ ലക്ഷക്കണക്കിന് ആരാധകര്‍ക്കൊപ്പം ദു:ഖത്തില്‍ പങ്കു ചേരുന്നു.
 രാം ഗോപാല്‍ വര്‍മ്മ - എനിക്ക് മുന്‍പ് ശ്രീദേവിയെ തിരികെ വിളിച്ച ദൈവത്തെ ശപിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കെ എന്തിനാണ് ശ്രീദേവിയെ വിളിച്ചത്. എന്നെ വിളിച്ചുണര്‍ത്തൂ, ഇത് ദുസ്വപ്‌നം മാത്രമാണെന്ന് ആരെങ്കിലും പറയൂ.
എഴുപതുകളിലെ മലയാള സിനിമയില്‍ നായികമാരാകാന്‍ നടിമാര്‍ക്കു കുറവൊന്നുമില്ലായിരുന്നെങ്കിലും തമിഴ്‌നാട്ടുകാരിയായ ശ്രീദേവിയെ മലയാളം ഹൃദയം തുറന്നു സ്‌നേഹിച്ചു. ശ്രീദേവി അഭിനയിച്ച മലയാള സിനിമകള്‍ വന്‍ വിജയമായി. കമലഹാസന്‍-ശ്രീദേവി ജോഡി ഓരോ മലയാളിയും ഏറെ ഇഷ്ടപ്പെടുന്ന കൂട്ടുകെട്ടായി. സിനിമാ ആരാധകര്‍ എന്നും നെഞ്ചേറ്റുന്ന വേഷപ്പകര്‍ച്ചകളാണ് അവര്‍ സമ്മാനിച്ചത്. ഹിന്ദി സിനിമകളെ മലയാളികള്‍ക്കിടയില്‍ ഇത്രത്തോളം പ്രിയപ്പെട്ടതാക്കാന്‍ ശ്രീദേവിയുടെ സാന്നിധ്യം ചെറുതായൊന്നുമല്ല സഹായിച്ചത്. ശ്രീദേവിയുണ്ടെങ്കില്‍ ആ സിനിമ ഏതുഭാഷ സംസാരിച്ചാലും സ്വന്തം സിനിമയായി മലയാളി കൊണ്ടാടി. മിസ്റ്റര്‍ ഇന്ത്യയും സദ്മയും ഖുദാ ഗവായും ചാല്‍ബാസുമെല്ലാം മലയാളിക്ക് പ്രിയപ്പെട്ടതാകുന്നത് അങ്ങനെയാണ്.
മലയാള സിനിമയാണ് ശ്രീദേവിയെ ഇന്ത്യന്‍ സിനിമയുടെ താരറാണിയാക്കി വളര്‍ത്തിയത്. ഒരുപിടി മലയാള ചലച്ചിത്രങ്ങളിലെ മികച്ച പ്രകടനം ബോളിവുഡിലേക്കുള്ള ചവിട്ടുപടിയാകുകയായിരുന്നു. ശ്രീദേവിയുടെ ബോളിവുഡ് അരങ്ങേറ്റത്തില്‍ നേരിട്ടല്ലെങ്കിലും  മലയാളത്തിന് ചെറിയൊരു ബന്ധമുണ്ട്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചലച്ചിത്രം 'ചട്ടക്കാരി'യുടെ ഹിന്ദി റീമേക്കായ ജൂലിയിലൂടെയാണ് ശ്രീദേവി ബോളിവുഡില്‍ എത്തിയത്, 1975ല്‍. മലയാളത്തില്‍ ലക്ഷ്മി അവതരിപ്പിച്ച ജൂലിയുടെ അനിയത്തി ഐറീനായിട്ടായിരുന്നു അത്. ജൂലിയിലും നായിക ലക്ഷ്മി തന്നെയായിരുന്നു. ചട്ടക്കാരിയുടെ സംവിധായകന്‍ കെ.എസ്. സേതുമാധവനാണ് ജൂലിയും സംവിധാനം ചെയ്തത്. 
പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത 'കുമാരസംഭവം' മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലാണ്. നമ്മുടെ സിനിമാ ചരിത്രം ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ കുമാരസംഭവത്തെ മറന്നുകളയാന്‍ ആര്‍ക്കുമാകില്ല. പുരാണ കഥകള്‍ക്ക് ജനപ്രീതി ഏറെയുണ്ടായിരുന്ന കാലത്ത്, 1969ലെ സൂപ്പര്‍ ഹിറ്റ് ചലച്ചിത്രമായിരുന്നു 'കുമാരസംഭവം'. ശ്രീദേവിയുടെ മലയാളത്തിലെ അരങ്ങേറ്റം 'കുമാരസംഭവ'ത്തില്‍ സുബ്രഹ്മണ്യനായി അഭിനയിച്ചുകൊണ്ടാണ്. ആറാം വയസില്‍. 'ശബരിമല ശ്രീ ധര്‍മശാസ്താ'യിലും ബാലതാരമായി.
പിന്നീട് 71 ല്‍ കാരൂരിന്റെ കഥയെ ആസ്പദമാക്കി ബി.കെ. പൊറ്റക്കാട് സംവിധാനം ചെയ്ത പൂമ്പാറ്റ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന പുരസ്‌കാരവും കൊച്ചു ശ്രീദേവിയെ തേടിയെത്തി. ടി.ആര്‍. ഓമനയും രാഗിണിയും ശങ്കരാടിയും നെല്ലിക്കോട് ഭാസ്‌കരനുമെല്ലാം വേഷമിട്ട ചിത്രത്തില്‍ ശാരദയെന്ന പെണ്‍കുട്ടിയായാണ് ശ്രീദേവി എത്തിയത്. അതേ വര്‍ഷം തന്നെ പി.സുബ്രഹ്മണ്യത്തിന്റെ 'സ്വപ്‌നങ്ങളി'ലും ശ്രീദേവിക്ക് വേഷമുണ്ടായിരുന്നു. 
സിനിമാ താരമെന്ന നിലയില്‍ മലയാളത്തില്‍ ശ്രീദേവിക്ക് സ്ഥാനമുറപ്പിക്കാനായത് ഐ.വി.ശശിയുടെ ചിത്രത്തിലൂടെയാണ്. 1976ല്‍ പുറത്തിറങ്ങിയ ഐ.വി.ശശിയുടെ 'ആലിംഗനം' എന്ന ചിത്രം അക്കാലത്തെ സൂപ്പര്‍ ഹിറ്റായിരുന്നു. ശ്രീദേവിയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായി അത് മാറി. ചെറുപ്രായത്തില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന ബിന്ദു എന്ന പെണ്‍കുട്ടിയുടെ വേഷമായിരുന്നു ഈ ചിത്രത്തില്‍ ശ്രീദേവിക്ക്. ഉമ്മര്‍, വിന്‍സെന്റ്, റാണിചന്ദ്ര, കുതിരവട്ടം പപ്പു തുടങ്ങിയവരെല്ലാം വേഷമിട്ടു. ഇതേ ചിത്രം പിന്നീട് ഐ.വി. ശശി തമിഴില്‍ 'പകലില്‍ ഒരു ഇരവ്' എന്ന പേരില്‍ ഒരുക്കിയപ്പോഴും നായികയ്ക്ക് മാറ്റമുണ്ടായില്ല.
മലയാളത്തില്‍ ശ്രീദേവി ആദ്യമായി ഇരട്ട വേഷത്തിലെത്തിയതും  ഐ.വി.ശശിയുടെ സിനിമയിലാണ്. 1977ല്‍ അംഗീകാരം എന്ന ചിത്രത്തില്‍ സതി, വിജി എന്നീ പേരുകളില്‍ അമ്മയും മകളുമായി ശ്രീദേവിയെത്തി. സുകുമാരനും വിന്‍സെന്റും കെ.പി.ഉമ്മറും രവികുമാറുമെല്ലാം അഭിനയിച്ച ചിത്രത്തില്‍ ശ്രീദേവി തന്നെയായിരുന്നു കേന്ദ്ര കഥാപാത്രം. പതിനാറ് വയസ്സുള്ളപ്പോഴാണ് ശ്രീദേവി അമ്മയുടെയും മകളുടെയും വേഷത്തിലെത്തിയത്. മലയാളത്തില്‍ ഐ.വി.ശശിയാണ് ശ്രീദേവിയെന്ന പ്രതിഭയുടെ അഭിനയ പടയോട്ടത്തിന് ചുക്കാന്‍ പിടിച്ചത്.  അഭിനന്ദനം, അകലെ ആകാശം, അന്തര്‍ദാഹം, ആ നിമിഷം, ആശിര്‍വാദം, ഊഞ്ഞാല്‍, അംഗീകാരം തുടങ്ങി ശശിയുടെ പത്തിലേറെ ശ്രദ്ധേയമായ ചലച്ചിത്രങ്ങളില്‍ ശ്രീദേവിയായിരുന്നു നായിക.
ശശിയുടെ തമിഴ് ചിത്രമായ 'ഗുരു'വില്‍ കമല്‍ഹാസന്റെ നായികയായത് ശ്രീദേവിയാണ്. തുലാവര്‍ഷം, ആനവളര്‍ത്തിയ വാനമ്പാടിയുടെ മകന്‍, ഭാര്യയെ ആവശ്യമുണ്ട്, കുറ്റവും ശിക്ഷയും, സത്യവാന്‍ സാവിത്രി, നിറകുടം, ആദ്യപാഠം, അമ്മേ അനുപമേ, വേഴാമ്പല്‍, നാലുമണിപ്പൂക്കള്‍, പ്രേമാഭിഷേകം തുടങ്ങിയ ചിത്രങ്ങളിലാണ് ശ്രീദേവി മലയാളത്തില്‍ വേഷമിട്ടത്. പ്രേമാഭിഷേകത്തിലെ നീലവാനച്ചോലയില്‍ എന്ന ഗാനം  തലമുറകള്‍ കടന്നും മനസ്സുകളില്‍ ഒഴുകി നിറയുന്നു. 
1977ല്‍ പി.ജി.വിശ്വംഭരന്‍ ശ്രീദേവിയെയും കമലഹാസനെയും നായികാ നായകന്മാരാക്കി ഒരുക്കിയ 'സത്യവാന്‍ സാവിത്രി' മലയാളികള്‍ എന്നും ഓര്‍ക്കുന്ന മനോഹര സിനിമയായിരുന്നു. കമലിന്റെയും ശ്രീദേവിയുടെയും പ്രകടനം തന്നെയായിരുന്നു അതില്‍ പ്രധാനം. ഈ ചിത്രത്തിലെ നീലാംബുജങ്ങള്‍ വിടര്‍ന്നു, ആഷാഡം മയങ്ങി നിന്‍മുകില്‍ വേണിയില്‍ എന്നീ ഗാനങ്ങള്‍ ശ്രീദേവിയെ മലയാളത്തിന്റെ പ്രിയപ്പെട്ട പ്രണയനായികയാക്കി. 
1982ല്‍ തമിഴില്‍ നിന്ന് മൊഴിമാറ്റി മലയാളത്തില്‍ എത്തിയ പ്രേമാഭിഷകവും കേരളത്തില്‍ വലിയ തരംഗമായി. കമലഹാസന്‍-ശ്രീദേവി താരജോഡികളുടെ വിജയമായിരുന്നു ആ ചലച്ചിത്രവും. 1995ലാണ് മൊഴിമാറ്റിയെത്തിയ 'ഹേ സുന്ദരി' മലയാളത്തിലെത്തുന്നത്. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ 'ദേവരാഗ'മാണ് മലയാളത്തില്‍ അവര്‍ അഭിനയിച്ച അവസാനത്തെ ചിത്രം. ഭരതനായിരുന്നു ദേവരാഗത്തിന്റെ ശില്പി.
മലയാളികള്‍ എന്നും നെഞ്ചേറ്റുന്ന നിരവധി ഗാനരംഗങ്ങളിലും ശ്രീദേവി വേഷമിട്ടു. ആ ഗാനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന മലയാളി ശ്രീദേവിയെയും ഒരിക്കലും മറക്കില്ല. വയലാര്‍ എഴുതി സലില്‍ ചൗധരി ഈണമിട്ട് യേശുദാസ് പാടിയ 'തുലാവര്‍ഷ'ത്തിലെ കേളീ നളിനം വിടരുമോ ശിശിരം പൊതിയും കുളിരില്‍....എന്നഗാനമാണ് പ്രധാനം. യമുനേ നീ ഒഴുകൂ...., തുഷാര ബിന്ദുക്കളെ നിങ്ങള്‍...., ശിശിര
കാല മേഘമിഥുന രതിപരാഗമോ..., തുടങ്ങി എന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന നിരവധി ഗാനങ്ങള്‍ക്കൊപ്പം മലയാളിയുടെ മനസ്സില്‍ ശ്രീദേവിയുമുണ്ട്.
മലയാള സിനിമയില്‍ ശ്രീദേവി ഇല്ലാതിരുന്നപ്പോഴും അന്യഭാഷകളില്‍ നിന്ന് മൊഴിമാറ്റി മലയാളത്തിലെത്തുന്ന ശ്രീദേവി സിനിമകള്‍ക്ക് വലിയ സ്വീകരണമാണ് മലയാളികള്‍ നല്‍കിയത്. മലയാളത്തെ വളരെയേറെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തു അവര്‍. മികച്ചൊരു വേഷം ലഭിച്ചാല്‍ മലയാളത്തില്‍ വീണ്ടുമെത്തുമെന്ന് ശ്രീദേവി പറയുമായിരുന്നു. വിധി അതിനവസരം നല്‍കിയില്ല.
അവസാന ദിനം സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ചെലവഴിച്ച് ശ്രീദേവി. അനന്തരവന്‍ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ദുബായിയില്‍ എത്തിയ ശ്രീദേവി അവിടെവെച്ചാണ് മരിച്ചത്. 
ജാന്‍വിയുടെ ആദ്യ സിനിമ ധടക്കിന്റെ അണിയറ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ആയിരുന്നതിനാലാണ് മോഹിതിന്റെ വിവാഹത്തില്‍ പങ്കെടുക്കാതിരുന്നത്. മകളുടെ സിനിമാ അരങ്ങേറ്റത്തില്‍ ശ്രീദേവിയും ഏറെ ആകാംക്ഷയിലായിരുന്നു. 
ഭര്‍ത്താവ് ബോണി കപൂര്‍, ഇളയമകള്‍ ഖുഷി എന്നിവര്‍ക്കൊപ്പം മറ്റ് ബോളിവുഡ് താരങ്ങളായ സോനം കപൂര്‍, അനില്‍ കപൂര്‍, അര്‍ജുന്‍ കപൂര്‍, കരിഷ്മ കപൂര്‍, കരണ്‍ ജോഹര്‍, അഭിഷേക് ബച്ചന്‍ എന്നിവരും മോഹിതിന്റെ വിവാഹത്തിന് എത്തിയിരുന്നു. ബുധനാഴ്ചയായിരുന്നു വിവാഹമെങ്കിലും ദുബായിയില്‍ത്തന്നെ തുടരാന്‍ ശ്രീദേവി തീരുമാനിക്കുകയായിരുന്നു. 
വിവാഹ വേളയില്‍ നവദമ്പതികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കൊപ്പവുമെടുത്ത നിരവധി ചിത്രങ്ങളും ദൃശ്യങ്ങളും ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലുമായി ശ്രീദേവി പങ്കുവെച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചാരമാണ് ഈ ചിത്രങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത്. വിവാഹ ആഘോഷങ്ങളിലും അവര്‍ തന്നെയായിരുന്നു താരം. ആഘോഷത്തിനിടെയിലെ വീഡിയോകള്‍ക്കും വന്‍ പ്രചാരമാണ് ലഭിച്ചിരിക്കുന്നത്. 
അതിനിടെ ഇന്ത്യന്‍ മണ്ണിലെടുത്ത ശ്രീദേവിയുടെ അവസാന ചിത്രവും പുറത്തുവന്നിട്ടുണ്ട്. സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ വിരാല്‍ ഭയാനിയാണ് ഈ ചിത്രം പങ്കുവെച്ചത്. മോഹിതിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് ബോണി കപൂറിനും ഖുഷിക്കുക്കൊപ്പം മുംബൈ വിമാനത്താവളത്തില്‍ നിന്ന് യാത്ര തിരിക്കുന്നതിനിടെ എടുത്ത ചിത്രമാണ് ഇത്. 
ശ്രീദേവിയുടെ മരണം ഞെട്ടിക്കുന്നതാണെന്നും വിമാനത്താവളത്തില്‍ വെച്ച് എടുത്ത ചിത്രം ഇന്ത്യന്‍ മണ്ണില്‍ അവസാനത്തേതാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന അടിക്കുറിപ്പില്‍ വിരാല്‍ ഭയാനി ഈ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്
പ്രശസ്ത നടി ശ്രീദേവിക്ക് രാജ്യത്തിന്റെ വിട. സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലെ പൊതുദര്‍ശനം അവസാനിപ്പിച്ചു. ആയിരക്കണക്കിന് ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാനായി സ്ഥലത്തെത്തിയത്. സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഒരു ഗേറ്റിലൂടെ പ്രമുഖരെയും മറ്റൊരു ഗേറ്റിലൂടെ ആരാധകരെയും പ്രവേശിപ്പിച്ചു. പ്രമുഖ താരങ്ങളെല്ലാവരും തന്നെ ശ്രീദേവിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. 
പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.  എത്തിയവരില്‍ പലരുടെയും കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. പൊതുദര്‍ശനം അവസാനിപ്പിക്കുമ്‌ബോഴും ഗേറ്റിനു പുറത്ത് ആയിരങ്ങള്‍ കാത്തുന്നിന്നു. തങ്ങളുടെ പ്രിയ താരത്തോടുള്ള സ്‌നേഹം എത്രയെന്നു തെളിയിക്കുന്നതായിരുന്നു ജനപ്രവാഹം.
ചുമന്ന പട്ടുസാരി ഉടുപ്പിച്ച മൃതദേഹത്തില്‍ ആദരസൂചകമായി ത്രിവര്‍ണപതാക പുതപ്പിച്ചിട്ടുണ്ട്. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍, അദ്ദേഹത്തിന്റെ മകന്‍ അര്‍ജുന്‍ കപൂര്‍, അടുത്ത ബന്ധുക്കള്‍ തുടങ്ങിയവര്‍ മൃതദേഹത്തിനൊപ്പമുണ്ട്. വെളുത്ത പൂക്കള്‍ കൊണ്ട് അലങ്കരിച്ച പ്രത്യേക വാഹനത്തിലാണ് ശ്രീദേവിയുടെ മൃതദേഹം വിലാപയാത്രയായി ജുഹു പവന്‍ ഹന്‍സ് സമുച്ചയത്തിനു സമീപമുള്ള വിലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തിലേക്ക് കൊണ്ടു വരുന്നത്. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടക്കുക. 
ശനിയാഴ്ചയാണ് ദുബായിലെ ഹോട്ടലില്‍ വച്ച് ശ്രീദേവി മരണപ്പെടുന്നത്. ബാത്ത്ടബില്‍ യാദൃശ്ചികമായി മുങ്ങിമരിച്ചതാണെന്ന് ദുബായ് പോലീസ് കണ്ടെത്തി. മൂന്ന് ദിവസത്തെ അസന്ദിഗ്ദാവസ്ഥകള്‍ക്ക് ശേഷം ഇന്നലെ രാത്രി ഒമ്പതരയോടെയാണ് പ്രത്യേക വിമാനത്തില്‍ ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിച്ചത്.

No comments:

Post a Comment